ഡോ.ജൂഡ് സ്റ്റീവൻസ്; നിത്യപ്രണയമാണ് നിങ്ങളോട്!

0
188

സ്മിത ഗിരീഷ്

ഏത് കാലത്തും ഏത് പ്രായത്തിലും വായിക്കാനിഷ്ടമുള്ള എഴുത്തുകാരനാണ് സിഡ്നി ഷെൽഡൺ. അദ്ദേഹത്തിന്റെ The Naked face എന്ന ക്രൈം ത്രില്ലർ, വാങ്ങിയത് മൈസൂരിലെ സിറ്റി ബസ്റ്റാന്റിന് അടുത്തുള്ള പഴയ സെക്കന്റ് ഹാന്റ് ബുക്കുകൾ കിട്ടുന്ന തെരുവിലെ ഒരു കടയിൽ നിന്ന് അവിടെ പഠിക്കുന്ന കാലത്ത് ആയിരുന്നു… ഇടയിൽ ഷെൽഡന്റെ dooms day conspiracy-യും The other side of midnight- ഉം അടക്കമുള്ള മറ്റു ചില പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഷെൽ ഡന്റെ എഴുത്ത് രീതിയും ഭാഷയും ഇഷ്ടമാണ്. അദ്ദേഹം റൊമാൻസ് എഴുതുമ്പോൾ ഫാന്റസി തോന്നാറുണ്ട്.

The Naked face ഇടയ്ക്കിടെ വായിക്കാൻ കാരണം, അതിലെ നായകൻ ഡോ.ജൂഡ് സ്റ്റീവൻസിനോട് തോന്നിയ ഒരിഷ്ടം തന്നെ…! 2007- ൽ, പിന്നീട് 2012- ൽ ഗർഭിണിയായിരുന്ന കാലത്ത്, ഒക്കെ ഈ പുസ്തകം വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട്. നീലക്കണ്ണുകളും, നീണ്ട വിരലുകളുമുള്ള ഒരാളായി ഞാൻ അദ്ദേഹത്തെ സങ്കൽപ്പിച്ചു കൂട്ടി. നിസഹായനായ ഡോ.ജൂഡിനോട് അന്നേ സ്നേഹം തോന്നിയിരുന്നു. കഥയിൽ സൈക്കോ അനലിസ്റ്റായ ഡോ.ജൂഡിന്റെ പേഷ്യന്റും, സഹയാത്രികരുമൊക്കെ കൊല്ലപ്പെടുന്നു. തന്റെ നിഴൽ പോലെ പിന്തുടരുന്ന കൊലയാളിയെത്തേടി ഡോ. ജൂഡ് നീതി കിട്ടാതെ അലയുന്നു. അദ്ദേഹത്തെ കൊലയാളിയാക്കാൻ ശ്രമിക്കുന്ന പോലീസ്! ഇതിനിടയിൽ തന്റെ പേഷ്യന്റായി വരുന്ന ആൻ ബ്ലേക്കിനോട് ഡോക്ടർക്ക് പറയാനാവാത്ത ഒരു സ്നേഹം തോന്നുന്നു….

2012- ൽ ഈ പുസ്തകം ഞാൻ വീണ്ടും വായിക്കുന്നത് വല്ലാത്ത ഗർഭച്ചൊരുക്കുകൾക്കും, മതിഭ്രമങ്ങൾക്കും മധ്യേയാണ്. ഡോ. ജൂഡിനെ വല്ലാതെ സ്നേഹിച്ചു പോയ കാലം.

എയർ പോർട്ടിനടുത്ത വീട്ടിലെ ബാൽക്കണിയിൽ ആകാശത്ത് നീന്തിയലയുന്ന വിമാനങ്ങളുടെ മത്സ്യ മുഖങ്ങളെ കണ്ട്, ഛർദിയൊതുക്കി, ചുറ്റുമുള്ള കുഞ്ഞുങ്ങളുടെ കലപിലകളിൽ വിഷമതകൾ മറന്നാലും, അറേബ്യൻ ഉഷ്ണകാലത്തിന്റെ വിരസതകൾക്ക് നടുവിൽ അനാരോഗ്യം മൂലം ഏകാകിയും, ചകിതയുമായി നാട്ടിലേക്ക് പോകാൻ നാളെണ്ണി കഴിഞ്ഞ കാലത്ത് കുറെ പലവക പുസ്തകങ്ങൾ അൻവറും, റോഷ്നാരയും തരും.

എന്റെ കൈയ്യിൽ ചില പുസ്തകങ്ങൾക്കൊപ്പം ഈ പുസ്തകവുമുണ്ട്. ക്വിസൈസിലുള്ള മലയാളി ഡോക്ടറായിരുന്നു ഗൈനക്കോളജിസ്റ്റ്. അഞ്ചാം മാസത്തെ സ്കാനിങ്ങ് ദുബായ് ഇന്റർനാഷണൽ സിറ്റി യിലുള്ള ഒരു ആശുപത്രിയിൽ വേണം എന്ന് അദ്ദേഹം പറഞ്ഞു.
ഇൻറർനാഷണൽ സിറ്റിയിലെ സുഗന്ധം പ്രസരിക്കുന്ന, പതുപതുപ്പും തണുവും ശാന്തതയും കിനിയുന്ന ക്ലിനിക്കിൽ ഞാനങ്ങനെ, ഡോക്ടർ റൂമിൽ സ്കാൻ മിഷ്യനു താഴെ കിടക്കുകയാണ്… അടുത്ത് ഗിരീഷ് ആകാംക്ഷയോടെ നിൽക്കുന്നുണ്ട്. എന്റെ മനസിൽ അത്രമേൽ അത്ഭുതം തോന്നിപ്പോകാൻ ഒരു കാരണമുണ്ടായി. അത് മറ്റൊന്നുമല്ല! എല്ലാ അവശതകളും മറന്ന് ഞാൻ എന്നെ കരുണയോടെ, വാത്സല്യത്തോടെ സ്കാൻ ചെയ്തിരിക്കുന്ന, സുന്ദരനായ ജർമ്മൻ ഡോക്ടറെ അദ്ദേഹം കാണാത്ത വിധത്തിൽ ശ്രദ്ധയോടെ വീണ്ടും വീണ്ടും നോക്കി…! അദ്ദേഹത്തിന് ഞാൻ The naked face വായിച്ച്, സങ്കൽപ്പിച്ചു കൂട്ടിയ ഡോ.ജൂഡിന്റെ അതേ രൂപഭാവാദികളായിരുന്നു… അല്ല, അദ്ദേഹം ചിരകാലങ്ങളായി ഞാൻ സ്വപ്നം കണ്ടിരുന്ന എന്റെ ജൂഡ് തന്നെയായിരുന്നു!

” Hi, mum…look your baby …! It’s here!
ഡോക്ടർ പറഞ്ഞു.

“look, your pretty son daad…. ”

മുറി ഇംഗ്ലീഷിൽ അദ്ദേഹം ഗിരീഷിനെ നോക്കിയും കൺനിറയെ ചിരിച്ചു.

തിരകൾ പോലെ ഇളകി ഒരു കുഞ്ഞു രൂപം സ്ക്രീനിൽ മാറി മറയുന്നത് ഞങ്ങൾ നോക്കിക്കണ്ടു…! ഞങ്ങളുടെ കുഞ്ഞ്! കാത്തിരുന്നു കിട്ടിയ നിധി… ജീവ സമ്പാദ്യം…!

“not moving….you cough
you cough ”
എന്നോട് ചുമയ്ക്കാൻ പറയുകയാണ് ഡോക്ടർ
ഞാൻ ബദ്ധപ്പെട്ട് ചുമച്ചു…

“Not moving….it’s sleep..it’s sleep sound sleep ”
ഡോക്ടർ വീണ്ടും ചിരിച്ചു…!

വയറ്റിലെ കുഞ്ഞു കുംഭകർണ്ണൻ രാവിലെ ഉറങ്ങുന്നത് കൊണ്ട് ശല്യം ചെയ്യാത്ത രഹസ്യം എനിക്ക് മനസിലായി. ഉച്ചതിരിയുമ്പോഴാണ് ഉള്ളിൽ തട്ടും മുട്ടും ചാട്ടവും ഛർദ്ദിയും കൂടുക.!
എന്റെ മനസ്സിൽ കുഞ്ഞിനെ കണ്ടത്ര തന്നെ അത്ഭുതമായിരുന്നു, സ്നേഹമായിരുന്നു, ഞാൻ വീണ്ടും വീണ്ടും മനസിൽ കൊണ്ടു നടക്കുന്ന കഥാപാത്രമായ ഡോ.ജൂഡിനെപ്പോലൊരു ഡോക്ടറെ നേരിൽക്കണ്ടതിൽ!

ഇടയ്ക്ക് എന്റെ കൈയ്യിൽ പിടിച്ച് ഡോക്ടർ ആശ്വസിപ്പിച്ച് ഗിരീഷിനോട് പറയുന്നുണ്ട്
“she tensed…! relax” എന്നൊക്കെ….!

ഞാൻ ടെൻഷനിലല്ല.. ഡോക്ടർ, എനിക്ക് സന്തോഷമാണ്… നിങ്ങളെ കണ്ടതിൽ… ഞാൻ ആകാശത്ത് ഒഴുകി നടക്കുകയാണ്. ഇത്രമേൽ ശാന്തത എനിക്ക് ഒരിക്കലും തോന്നിയിട്ടേയില്ല… സത്യത്തിൽ എനിക്ക് നിങ്ങളോട് ഇഷ്ടം തോന്നുന്നു… ഇവിടുന്ന് പോകാനേ തോന്നുന്നില്ല.. അഗാധമായ ഒരു സ്നേഹത്തിൽ, സുരക്ഷിതത്വത്തിൽ നിങ്ങളുടെയടുത്ത് ഞാനിങ്ങനെ കുറേ നേരം കിടക്കട്ടെ ഡോക്ടർ?…..! ഡോ.ജൂഡ്….! നിങ്ങളെ എനിക്കറിയാമല്ലോ എത്രയോ, എത്രയോ വർഷങ്ങളായി…!

ഇതൊക്കെ അദ്ദേഹത്തോട് പറയാൻ തോന്നിപ്പോയി… ചെറുപ്പക്കാരനും സുന്ദര കുലീനനുമായ ആ ഡോക്ടർ ഷെൽഡന്റെ ‘ദി നേക്കഡ് ഫെയ്സ്’ വായിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ലല്ലോ… ഞാൻ ചിന്തിക്കുന്നതൊന്നും അദ്ദേഹത്തിന് മനസിലാവില്ലല്ലോ… ആൻ ബ്ലേക്കിനെ ആദ്യം കാണുമ്പോൾ തന്നെ, അവൾ വിവാഹിതയെങ്കിലും ഡോക്ടർ ജൂഡിന് ഒരു അബോധാകർഷണം അവളോട് തോന്നുന്നുണ്ട്… താൻ വർഷങ്ങളായി തേടി നടന്ന ഒരാൾ മുന്നിൽ വന്നിരിക്കുകയാണ്. ഒരു ഡോക്ടർക്കും, തന്നെ കാണാൻ വരുന്ന ഒരു രോഗിയോടും തോന്നാൻ അരുതാത്ത പ്രേമ വികാരത്തിൽ നല്ലവനും മിടുക്കനുമായ ആ ഡോക്ടർ നിസ്സഹായനാവുന്നുണ്ട്. തന്നെ വേട്ടയാടുന്ന എല്ലാ ദുരന്തങ്ങളെപ്പറ്റിയും അവളോട് തുറന്നു പറയാൻ അദ്ദേഹത്തിന് ഒരു ഡോക്ടർക്ക് ചേരാത്ത ത്വര തോന്നുന്നുണ്ട്…!

അവൾ പോവുമ്പോൾ അതാണ് അദ്ദേഹം ഇങ്ങനെ ചിന്തിക്കുന്നത്

“Because I can’t bear to let you go soon… because I will never meet anyone like you again..I wish I had met you first because I love you……!”

ഈ വാക്കുകൾ ഞാൻ എന്തിനോ വേണ്ടി എത്രയോ കാലം ഡയറികളിൽ എഴുതി വെച്ചിരുന്നു…
സ്കാൻ ജെൽ വയറിൽ നിന്നും തുടച്ച്, ഇന്റർനാഷണൽ സിറ്റിയിലെ ക്ലിനിക്കിലെ സുമുഖനായ ജെർമ്മൻ ഗൈനക്കോളജിസ്റ്റ്, എന്റെ കുഞ്ഞിനെപ്പറ്റി എനിക്ക് ചിത്രശലഭമുണ്ടാകുന്ന വിധം പോലെ മനോഹരമായി, മുറിഞ്ഞ ഇംഗ്ലീഷിൽ പറഞ്ഞു തരികയാണ്.. ഞാനത് കേൾക്കുന്നുണ്ട്. പക്ഷേ എനിക്കദ്ദേഹത്തോട് ഇഷ്ടമാണല്ലോ..! എന്റെ ചിരപരിചിത സങ്കൽപ്പ രൂപമാണ് മുന്നിൽ…! കേൾക്കുന്നതിലും, ഞാനദ്ദേഹത്തെ, ഡോ.ജൂഡിനെ കാണുകയാണല്ലോ… ഇനി അദ്ദേഹത്തെ ഞാൻ എന്നെങ്കിലും കാണുമോ? ഗർഭിണിയുടെ കറുത്ത കഴുത്തും, രൂപഗുണ രാഹിത്യ മൂക്കുമുള്ള അമ്മയാകാൻ പോകുന്ന ഭർതൃസമേതയായ ഈ ഇന്ത്യൻ സ്ത്രീയോട് അദ്ദേഹത്തിന് ഒരു പ്രേമവും തിരിച്ച് ഉണ്ടാകാൻ സാധ്യതയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്തിനോ സങ്കടം വന്നു. തൊണ്ട തികട്ടി കണ്ണ് നിറഞ്ഞു…..!

ക്ലിനിക്കിൽ നിന്നിറങ്ങി, പുറത്തെ വെയിലിലൂടെ നടക്കുമ്പോൾ ഞാൻ ഗിരീഷിന്റെ തോളിൽ ചാഞ്ഞ് കൈപിടിച്ച് പറഞ്ഞു…

– എന്തൊരു നല്ല ഡോക്ടർ.. എനിക്കയാളോട് ഇത്തിരി പ്രേമമായി പോയി… ഇനീം കാണണം എനിക്കയാളെ.. കൊണ്ടോകുമോ നിങ്ങൾ ?

-എന്ത് ഭംഗിയാല്ലേ.. ഈ ജർമ്മൻകാരൊക്കെ അങ്ങനാ.. ക്വിസൈസിന്ന് ഇനി എങ്ങനാ ഡോക്ടറെ മാറ്റുക? നല്ല ദൂരമല്ലേ ഇങ്ങട്ട്! എന്ത് രസത്തിനാ അങ്ങോര് സംസാരിച്ചതല്ലേ… എനിക്കും നല്ല ഇഷ്ടായി അയാളെ.!

ഗിരീഷ് എന്റെ തോളത്ത് പിടിച്ചു. ഞങ്ങൾ റോഡ് മുറിച്ചു കടന്നു

“മനുഷ്യാ, ഭംഗിയല്ല, ഞാൻ വായിച്ച പുസ്തകത്തിലെ ഒരു കഥാപാത്രമാണ് അത്… ആ ഡോക്ടർ. ചെറുപ്രായത്തിലെ ഞാൻ സ്വപ്നം കണ്ടയാൾ….”

അതാണ് ആ ഇഷ്ടം എന്നൊക്കെ പറയണമെന്ന് തോന്നി.. എങ്കിലും പറഞ്ഞില്ല…! ഇന്റർനാഷണൽ സിറ്റിയുടെ തെരുവുകളിലൂടെ, ആ സെപ്തംറ്റബർ ചൂടിൽ ഒരു സ്വപ്നം പോലെ ഞാൻ വയറും താങ്ങി ഗിരീഷിനൊപ്പം പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് നടന്നു. അശോകേട്ടൻ കാറുമായി കാത്തു കിടക്കുന്നുണ്ട്. !

അതിന് ശേഷം വർഷങ്ങൾ എത്രയോ കഴിയുന്നു…. The naked face എന്ന പുസ്തകം കഴിഞ്ഞ ദിവസം വീണ്ടും കണ്ടെടുത്തു.. പേജുകൾ മഞ്ഞച്ചും, കവർ കീറിയും പുസ്തക അലമാരയുടെ കോണിൽ പൊടിപിടിച്ചത് ഒറ്റയ്ക്ക്, ഇടതിങ്ങി ഇരിപ്പുണ്ടായിരുന്നു….! ആർത്തിയോടെ എടുത്തു. പേജുകൾ വീണ്ടും മറിച്ചു നോക്കി.. മനസിലേയ്ക്ക് ഡോ.ജൂഡ് സ്റ്റീവൻസിന്റെ നീലക്കണ്ണുകളുമായി ആ ജർമ്മൻ ഡോക്ടർ എത്തി നോക്കി മൃദുവായി ചിരിച്ചു. വയറ്റിൽ കിടന്നുറങ്ങിയ അന്നത്തെ കുഞ്ഞുവാവ, ഇര കിട്ടിയ സന്തോഷത്തോടെ, ഓടി വന്ന് പുസ്തകം കീറുന്നതിന് വേണ്ടി കൈയ്യിൽ നിന്നും തട്ടിപ്പറിച്ചെടുക്കാൻ ശ്രമിച്ചു….!
വായിച്ച കഥാപാത്രങ്ങൾക്ക് നമ്മൾ സങ്കൽപ്പിക്കുന്ന ചില രൂപങ്ങളുണ്ട്. അത്തരം ചില ആളുകളെ ജീവിതത്തിൽ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന അത്ഭുതം പറയാവതല്ല! ആരോട് പറയും.? കേൾക്കുന്നവർ അതേ സമതുലനത്തോടെ നമ്മുടെ വികാരം മനസിലാക്കണമെന്നില്ലല്ലോ? കഥയിൽ വന്ന് ഭ്രമിപ്പിച്ചവർ നമ്മുടെ സ്വന്തമെന്ന് നമ്മളങ്ങ് കരുതും. അപാരമായ ഇഷ്ടം വെറുതെ അവരോട് തോന്നിപ്പോകും….! ഈ ജന്മത്തിൽ അവരത് അറിയണമെന്നേയില്ല! അറിഞ്ഞാലും ഒരിക്കലും മനസിലാക്കണമെന്നും…..!

LEAVE A REPLY

Please enter your comment!
Please enter your name here