40 വർഷങ്ങൾക്കു മുൻപ് കുറ്റിപ്പുറം തിരുനാവായയിൽ നിന്ന് ചിത്രീകരിച്ച ജി. അരവിന്ദന്‍റെ ‘തമ്പ്’ന്‍റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണൻ, ‘തമ്പിൽ’ അഭിനയിച്ച ആർടിസ്റ്റ് നമ്പൂരി, നെടുമുടി വേണു, ജയരാജ് വാര്യർ,നടി ജലജ,അരവിന്ദൻ സാറിൻറെ പത്നി ലീല, മകൻ രാമു,ആലങ്കോട് ലീലികൃഷ്ണൻ, ഞെരളത്ത് ഹരിഗോവിന്ദന്‍, വി.കെ ശ്രീരാമന്‍, അക്കിത്തം നാരായണൻ, ഹാബിറ്റാറ്റ് ശങ്കർ, നവീന സുഭാഷ്,സത്യൻ അന്തിക്കാട്,ഫോട്ടോഗ്രാഫർ ജ്യോതി,ആർടിസ്റ്റ് കലാധരൻ, റഫീഖ് അഹമദ്, ഡോ.പി.വി.കൃഷ്ണൻ നായർ തുടങ്ങി കലാസാംസ്‌കാരിക മേഖലയിലെ നിരവധി വ്യക്തിതങ്ങള്‍ പങ്കെടുത്തു.
ഞെരളത്ത് ഹരിഗോവിന്ദന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്:
പറഞ്ഞാൽ തീരാത്തത്ര പേർ കേട്ടറിഞ്ഞു തമ്പടിക്കുന്ന ഓർമയായി ആ ഋഷീ തേജസിൻറെ പവിത്രാത്മ സാന്നിധ്യം പുഴയിൽ ദീപ്തിയായെത്തുകയായിരുന്നു….
ശ്രീരാമേട്ടൻ ആമുഖം പറഞ്ഞു… യാതൊരു കാപട്യങ്ങളുമില്ലാതെത്തിയ ശ്രീരാമകൃഷ്ണൻ ആദ്യം സംസാരിച്ചു… തുടർന്ന് വേണുവേട്ടൻറെ വാക്കുകള്‍…. പിന്നെ ഞാനും വേണുവേട്ടനും കാവാലം ശ്രുയേട്ടനും ചേർന്ന് ശ്രീ പാൽക്കടലിൽ ..എന്നഗാനം കൊട്ടിപ്പാടി…. അതേ..തിരുനാവാ ആൽത്തറയിൽ വെച്ച് ചിത്രീകരിക്കുമ്പോൾ അച്ഛൻ കൊട്ടിപ്പാടി നെടുമുടി ഏറ്റു ചൊല്ലുന്നതായ ഗാനരംഗം….
ദേവദാസ് എന്ന സൌണ്ട് റെക്കോഡിസ്റ്റ് സ്റ്റുഡിയോവിലല്ലാതെ പകർത്തിയ പാട്ട്…!!!മണൽത്തരികളിൽ ഓർമപ്പച്ചക്കു തീപിടിച്ചു…പാട്ടിനൊപ്പം ലീലേട്ത്തി വിളക്കു തെളിയിച്ചു… സൂരിയത്തേവർക്കു ത്യാണീ…എന്നു വേണുവേട്ടൻ നീട്ടിപ്പാടുമ്പോൾ അകലെ ചെന്നിണസ്സൂര്യൻ പുഴയെ പുൽകിത്തുടങ്ങി….
വീട്ടും ശ്രീയേട്ടനോരു പാട്ട് പാടി..
പിന്നീട് എന്നിലെ കവിയങ്കുരത്തെയൊക്കെപ്പരിചയപ്പെടുത്തുന്ന സ്നേഹമൊഴിയിലൂടെ വേണുവേട്ടൻ വീണ്ടും എന്നെ പാടാൻ ക്ഷണിച്ചു..ഞാൻ തനച്ചു വന്ദേ നിളാ നദീ ..കൊട്ടിപ്പാടി… പിന്നെ ജലജം എന്ന വാക്കിനെയോർമിപ്പിക്കുന്ന അരവിന്ദ സ്മൃതി ജ്വാലയാർന്ന ദീപങ്ങൾ പുഴയിലൊഴുക്കാൻ മുഴുവൻ പേരും നിരന്നു നിന്നു. .അവ സഞ്ചരിക്കുന്ന താമരകളായി കലാപൂർണം ഒഴുകിയകലുമ്പോൾ പുഴയോളങ്ങൾ കുമ്മാട്ടി എന്ന അതുല്യചിത്രം കൂടി ചെയ്തിട്ടുള്ള ജി.അരവിന്ദനെന്ന മഹാ ചലച്ചിത്രകാരനെ ആ ചന്ദ്രതാര കാലത്തേക്ക് ചേർത്തു വെച്ചു….
പുഴയിൽ ജനവും സ്നേഹ സ്മരണകളാകുന്ന ജലവും പെരുകി…
പിരിഞ്ഞു പോകാനാവാത്ത വിധം വിളിച്ചു ചേർക്കാതെത്തിയ അന്നാട്ടുകാരും പരദേശികളും ഉള്ളിൽ പറയുന്നുണ്ടായിരുന്നു….ഇനി തിരുവനന്തപുരത്തു നിന്നു വേണുവേട്ടനും..കുന്നംകുളത്തുനിന്നു ശ്രീരാമേട്ടനും അങ്ങാടിപ്പുറത്തു നിന്നു ഹരിഗോവിന്ദനുമൊന്നും വന്നില്ലെങ്കിലും പുഴ കാക്കാൻ ഈ അരവിന്ദ സ്മൃതികൂടി ഞങ്ങൾ മാർഗമാക്കും…..
അതാണ് ബാക്കി വെക്കുന്ന ”തമ്പി”ലെ കാതൽ….ചടങ്ങിൽ പുരഏറ്റുവാങ്ങിയ ഹരീഷ് വാസുദേവൻ പറഞ്ഞ പോലെ വിലാപങ്ങൾക്കും വെറും വാക്കുകൾക്കുമപ്പുറം പുഴ കാക്കാൻ മലയും മരങ്ങളും കാക്കുന്ന ശീലമുണ്ടാവണം….
അങ്ങനെ നീരോട്ടത്തിൻറെ കാവലാളുകൾ തമ്പടിക്കുന്ന അരവിന്ദ സന്ധ്യകൾക്കാണ് അർഥമുണ്ടാവുക..
അനിയൻറെ സ്കൂട്ടറില്‍ അങ്ങാടിപ്പുറത്തേക്കു മടങ്ങുമ്പോൾ ഞാൻ ശ്രീരാമേട്ടനൊരു മെസേജിട്ടു…
”ശ്രീരാമേട്ടാ ഋഷിമാഹാത്മ്യമാർന്ന അരവിന്ദ സ്മൃതി സന്ധ്യയിൽ…. തങ്ങളുടെ പൂർവകാല തിരശീലച്ചിത്രം കാണാനെത്തിയ തിരുനാവായിലെ അവശേഷ കഥാപാത്രങ്ങളും അവരുടെ പിൻമുറയും ചേർന്ന മണൽ നിളയിൽ…
ലീലേട്ത്തിയുടെ നിർമല മാനസം കൊളുത്തിയ ദീപശോഭയിൽ…
മെലിഞ്ഞ ഒഴുക്കിലും ഉജ്വല ദീപങ്ങളേറ്റി നിർവൃതിയാർന്ന ജന ജലാരവത്തിൽ..
അച്ഛൻറെ പേരിൽ എന്നെക്കൂടിച്ചേർക്കാൻ ഹൃദയം കാത്ത വേണുവേട്ടൻറെ രസ സന്നിധിയിൽ…
ഹാാ…ആത്മ പ്രണാമങ്ങളോടെ സായൂജ്യമറിയിക്കുന്നു…
തമ്പിൻറെ അമ്പതിലും അങ്ങ് സാരഥ്യമേകുമാറാവട്ടെ….