‘തളിർമിഴി’ – സംസ്ഥാനതല ഉദ്ഘാടനം നാളെ

0
231

കേരളത്തിലെ ഗോത്ര കലാസമൂഹത്തിന് ഉണർവ്വേകുവാൻ ഗോത്രകലകളിലെ ആയിരം പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട്, കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കുന്ന തളിർമിഴി എർത്ത് ലോർ 2023 അഞ്ച് ജില്ലകളിലായി ഒരുങ്ങുന്നു. അന്യം നിന്ന് പോകുന്ന ഗോത്രകലാരൂപങ്ങളെ പുതുതലമുറയിലെ വിദ്യാർത്ഥി സമൂഹത്തിനായി പരിചയപ്പെടുത്തുവാനും ഗോത്രകലാരൂപങ്ങൾ ആർക്കൈവ് ചെയ്യുവാനും ഈ സാംസ്‌കാരിക ദൗത്യം ലക്ഷ്യമിടുന്നു. തളിർമിഴിയുടെ ഭാഗമായി ഗോത്രവിഭാഗത്തിലെ അഞ്ച് ശ്രദ്ധേയരായ പുരുഷ വ്യക്തിത്വങ്ങളെയും സമം പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയരായ അഞ്ച് ഗോത്ര വനിതകളെയും ഓരോ ഇടത്തും ഗോത്രയാത്രയിൽ ആദരിക്കും. പാലക്കാടാണ് തളിർമിഴിയുടെ ആദ്യവേദി.

2023 ഫെബ്രുവരി 26 ന് വൈകുന്നേരം 5 മണിക്ക് പാലക്കാട് അട്ടപ്പാടിയിലെ ചെമ്മണ്ണൂരിൽ (ഗോത്ര ക്ഷേത്ര മൈതാനം) തളിർമിഴി Earth Lore 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവ്വഹിക്കും. ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സ്വാഗതവും തളിർമഴി Earth Lore പദ്ധതിയുടെ വിശദീകരണവും നിർവ്വഹിക്കും. ശ്രീ.എൻ.ഷംസുദീൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ, വി.കെ.ശ്രീകണ്ഠൻ എം.പി, എ.കെ.ബാലൻ, ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, പാലക്കാട് ജില്ലാ കലക്ടർ ഡോ.ചിത്ര ഐ.എ.എസ്, സബ് കളക്ടർ ഡി.ധർമ്മലശ്രീ ഐ.എ.എസ്, ഭാരത് , ഐ.റ്റി.ഡി.പി ഓഫീസർ സുരേഷ് കുമാർ, ഒ.വി വിജയൻ സ്മാരക സമിതി സെക്രട്ടറി ടി. ആർ അജയൻ, അഗളി ബ്ലോക്ക് പ്രസിഡന്റ് മാരുതി മുരുകൻ, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, ചെമ്മണ്ണൂർ വാർഡ് മെമ്പർ ജോസ് പനയ്ക്കാമറ്റം, ഭാരത് ഭവൻ ഭരണ സമിതി അംഗം റോബിൻ സേവ്യർ എന്നിവരും പങ്കെടുക്കും.

അവതരണം നടക്കുന്ന ഇടങ്ങളിലെ വിദ്യാർത്ഥികൾക്കായി ഗോത്രഗാനാലാപനം,ചിത്ര രചന, ഹാൻഡി ക്രാഫ്റ്റ്, മൺപാട്ടുകൾ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 2023 മാർച്ച് 11,12 തീയതികളിൽ വയനാട്, മാർച്ച് 14,15 കാസർഗോഡ്, മാർച്ച് 18,19 ഇടുക്കി, മാർച്ച് 24,25 കുളത്തുപ്പുഴ എന്നിവിടങ്ങളിൽ ആണ് തളിർമിഴിയുടെ തുടർ അവതരണങ്ങൾ. ഫെബ്രുവരി 25 ന് തളിർമിഴിയുടെ സമാപന സമ്മേളന ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. മന്നാൻകൂത്ത്, ഇരുളനൃത്തം, പളിയനൃത്തം, എരുതുകളി,മലപുലയാട്ടം, മറയൂരാട്ടം, രാമർകൂത്ത്, ഊരാളികൂത്ത്, കൊക്കരചാറ്റ്, ചോണ കളി (കാണി), മുളംചെണ്ട, അട്ടപ്പാടി ഗോത്രകലകൾ, തുടികൊട്ടുപാട്ട്, ഗദ്ദിക, കമ്പളനാട്ടി, വേടൻപാട്ട്, വിളക്ക്കെട്ട്കളി, പൂപ്പടയാട്ടം, കാട്ട്പാട്ട്, ചാറ്റ്പാട്ടുകൾ, ആദിവാസിപാട്ട്, മംഗലംകളി, ഇരുളനൃത്തവും പാട്ടും, ലക്കുടിയ നൃത്തം, കൊറഗ നൃത്തം, തോട്ടിയാട്ടം, കൂനാട്ട്, കോൽക്കളി, കസ്യാട്ട , വട്ടക്കളി, ദവിലാട്ടം , തുടിതാളം നാടൻപാട്ട്,ഹരിചന്ദ്രകൂത്ത്, മെലയാട്ട്, ഊടാട്ട്, മധുരവീരൻ കൂത്ത്, റുഡുഗ നൃത്തം, കൂത്ത്, കുമ്മിയടി, കമ്പാട്ടം, തുമ്പികളി, മാവിലരുടെ വംശീയപാട്ടുകൾ, മറമൂടാൻ കളി, കൂന്തൽകളി, കാട്ട് നായ്ക്കൾ നൃത്തം, മൃദ്ദ്ഗ നൃത്തം, കുറുമ്പ നൃത്തം, കാടർ നൃത്തം, സൊല്ലേലം കളി, മുറം കിലുക്കി പാട്ട്, മുതുവാൾ ആട്ടം, കമ്പ് കളി, ചവിട്ട് കളി, മുടിയാട്ടം, ചോനൻ കളി, കൊരമ്പ നൃത്തം,ചോണൻ കളി, കുളിയാട്ടം, മാൻ പാട്ട്പളിയ നൃത്തം, മുഡുക നൃത്തം, വടി നൃത്തം, മറയൂരാട്ടം, മലങ്കുത്ത്, കമ്പടി കളി എന്നീ തനത് ഗോത്ര കലാരൂപങ്ങൾ ആണ് എർത്ത് ലോറിൽ അവതരിപ്പിക്കപ്പെടുന്നത്. തളിർമിഴി Earth Lore 2023 ന്റെ എല്ലാ വേദികളിലും സമത്തിന്റ സന്ദേശ പ്രചരണാർത്ഥം കടമ്മനിട്ടയുടെ വിഖ്യാത കവിതയായ കുറത്തിയുടെ നൃത്താവിഷ്ക്കാരവും അരങ്ങേറും. ഓഫ്‌ലൈനായും ഓൺലൈനായും ഒരുക്കുന്ന ഈ സാംസ്‌കാരിക വിരുന്ന് ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും, ഭാരത് ഭവന്റെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും ഔദ്യോഗിക ഫേസ് ബുക്ക് പേജുകൾ വഴി ലോക മലയാളികൾക്കായി സംപ്രേക്ഷണം ചെയ്യും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here