വിശ്വമാനവികതയ്ക്ക് ഇന്ത്യ നൽകിയ മഹോത ജീവിതസാക്ഷ്യമാണ് രബീന്ദ്രനാഥ ടാഗോർ എന്ന് പ്രമോദ് പയ്യന്നൂർ പറഞ്ഞു. രബീന്ദ്രനാഥ ടാഗോറിന്റെ 78-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനും, ഭാഷ സംഗമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ടാഗോർ സ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖ പ്രതിഭയായ ടാഗോറിന്റെ ഗീതാഞ്ജലിയുടെ നൂറ്റിപ്പത്താം വർഷം രാജ്യം ആഘോഷിക്കുന്ന വേളയിൽ പ്രകൃതിയിൽ അധിഷ്ഠിതമായ ആദ്ധ്യാത്മികബോധമാണ് ടാഗോർ മുന്നോട്ടു വച്ചതെന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്. രബീന്ദ്രനാഥ ടാഗോറിന്റെ പ്രപഞ്ച ആദ്ധ്യാത്മികത ഒരു മത വിഭാഗത്തിന്റെയും മുദ്രയോ വിഗ്രഹങ്ങളോ ആയിരുന്നില്ല. പ്രകൃതി സ്‌നേഹം, സമഭാവന എന്നിവ ഉയർത്തിപ്പിടിച്ച് അതിരുകളെ മായ്ച്ചുകളയുവാൻ അക്ഷീണം പ്രവർത്തിച്ച ടാഗോർ അത് നിരന്തരം എഴുതുകയും പറയുകയും ചെയ്തു. പുതിയ ഇന്ത്യൻ സാഹചര്യങ്ങളിൽ ധ്രുവീകരണ ശക്തികൾ അഴിഞ്ഞാടുന്ന ഈ കാലത്ത് ടാഗോർ ചിന്തകൾക്ക് ഏറെ പ്രാധാന്യമുണ്ട്. 1905-ൽ ബംഗാൾ വിഭജനം നടപ്പോൾ ഹിന്ദു-മുസ്ലിം സഹോദരങ്ങളെ ഒന്നിപ്പിച്ചു നിർത്തുവാൻ രക്ഷാബന്ധന്റെ മതപരമായ ചടങ്ങുകളുടെ ശൈലി മാറ്റിയിരുന്നു ടാഗോർ എന്നത് ഇന്ത്യൻ ബഹുസ്വരതയും മതനിരപേക്ഷതയെയും ടാഗോർ എന്നും നെഞ്ചേറ്റി ഇരുന്നു എന്നതിൻറെ തെളിവാണ്. ഇന്ന് വർഗ്ഗീയ മുതലെടുപ്പ് നടത്തുന്ന വികല ദേശീയവാദികൾക്കുള്ള ബദൽ വെളിച്ചമാണ് ടാഗോർ. ടാഗോർ കേരളം സന്ദർശിച്ചതിന്റെ 100-ാം വാർഷികം അദ്ദേഹം സന്ദർശിച്ച പാലക്കാട്, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ഇന്ത്യൻ ജനകീയ സാംസ്‌കാരികോത്സവമായി ഈ മാസാവസാനം ഭാരത് ഭവന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുമെന്നും പ്രമോദ് പയ്യന്നൂർ കൂട്ടിച്ചേർത്തു.