വുഹാൻ

0
287
swaraj-m-kundamkuzhi

കവിത

സ്വരാജ് എം കുണ്ടംകുഴി

‘വുഹാൻ! ഞാൻ നിന്നെ ഓർക്കുന്നു,
‘വുഹാൻ! നിൻറെ രക്തത്തിലേക്കു
കറുത്ത രക്തം ഒഴുകുന്നു.
നിൻറെ മടിത്തട്ടിൽ നിന്നു കിനിയുന്ന ദുർഗന്ധം
കാറ്റിന്റെ വേഗത്തിൽ പടരുന്നു.

ലോകത്തിന്റെ തുരുമ്പു മുഴുവൻ
നീ ഉരച്ചുകളയുന്നു,
റോമിലെ കറുത്തപുക നിലക്കുന്നു.
ആൾക്കൂട്ടം മക്കയെ മറക്കുന്നു.
ശാസ്ത്രം ദൈവ ത്തോട്
മുറിയുടെ വാതിലടയ്ക്കാൻ
പറയുന്നു.

നിന്റെയും എന്റെയും കരങ്ങൾ,
പരസ്പരം കൂട്ടിമുട്ടാത്ത
പാലം പണിയുന്നു.
പക്ഷികൾ പാറി തുടങ്ങുന്നു.
മീനുകൾ ആകാശത്തേക്ക്
നോക്കുമ്പോൾ,
മഴക്കാറു ഭൂമിയെത്തേടിയെത്തുന്നു

മലീമസമല്ലാത്ത തെരുവുകൾ
നിന്നെ
എഴുതിത്തുടങ്ങുന്നു,
പ്രാചീനമായ ആ ലോകം
മനുഷ്യമതം വീണ്ടെടുക്കുന്നതിനെ
പറ്റിയും.

സുഗന്ധം വഹിക്കുന്ന മുറിക്കകത്ത്
ചിന്തകൾ
തെളിനീരായ് ഒഴുകിത്തുടങ്ങുമ്പോൾ
നിനക്ക് നിശബ്ദമായി മടങ്ങാം,
ഇടയ്ക്ക് കണ്ണുതുറന്നാൽ മതി
പരസ്പരം ബന്ധിപ്പിക്കുന്ന
മഴവില്ലു കാണാം.

ചെവികൾക്ക് മീതെ ചെവികൾ
നഷ്ട്ടപ്പെട്ട
ദൈവത്തിനും നേരെ
വൈറസുകൊണ്ട്
സ്വർഗവും ഭൂമിയും സൃഷ്ടിച്ച നിനക്ക്,
ഒടുവിൽ
സുദീർഘമായി ഉറങ്ങാം.

‘വുഹാൻ!
ഞാൻ നിന്നെകുറിച്ചോർക്കുന്നു.
‘വുഹാൻ! നിൻറെ രക്തത്തിലേക്കു
വീണ്ടും
കറുത്ത രക്തം
ഒഴുകിക്കൊണ്ടിരിക്കുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here