സുപ്രീം കോമഡി

0
233
iqbal-durani-supreme-comedy-athmaonline

മിണ്ടാതിരിക്ക്
അനങ്ങാതിരിക്ക്
കരയരുത്
കൂറ്റ് പുറത്ത് കേക്കരുത്
എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന്
പണ്ട് കുഞ്ഞായിരിക്കുമ്പോൾ
ഉമ്മ പയറ്റുന്ന നമ്പറുകള്.

ഞാൻ

മിണ്ടാതിരിക്കും
അനങ്ങാതിരിക്കും
കരയാതിരിക്കും
കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും.
ഈ ത്യാഗങ്ങളൊക്കെ ചെയ്താൽ

കല്യാണത്തിന് കൂട്ടോ
നമ്മള് വിചാരിക്കും കൂട്ടുന്ന്
ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല്
പോയിക്കുണ്ടാകും.

പിന്നെയിതു വരെ

മിണ്ടാതിരിക്കൂല
അനങ്ങാതിരിക്കൂല
കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കൂറ്റ് വെച്ച് വെച്ച് ചന്തപരുവം
പൊരയാക്കും.

അതാ എന്നേം കൂട്ട്ന്ന്
കുളിപ്പിക്ക്ന്ന്
മാറ്റിക്ക്ന്ന്
പൗഡറിടീക്ക്ന്ന്
അത്തറ് പുരട്ട്ന്ന്
ഷൂസ് ഇടീക്ക്ന്ന്
ഞാനതാ മുന്നില് നടക്ക്ന്ന്.

നമ്മളോടാണ്

മിണ്ടാതിരുന്നാൽ നോക്കാന്ന്
സുപ്രീം കോമഡി
ഇനിയല്ലേ നമ്മള്
ഒച്ച കൂട്ടാൻ പോകുന്നേ !

ജയ് ഹിന്ദ്

ഇഖ്ബാൽ ദുറാനി


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

LEAVE A REPLY

Please enter your comment!
Please enter your name here