ഹിലാല്‍ അഹമ്മദ്
നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.
ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത് മനുഷ്യന്റെ ഭവനയിലാണ്. ചരിത്രകാരൻ മനസ്സിൽ നടത്തുന്ന പുനർ നിർവഹണം വഴിയാണ് ചരിത്ര രചന നടക്കുന്നതെന്ന് കോളിംഗ്‌വുഡ് നിരീക്ഷിക്കുന്നു. ചരിത്രത്തിന്റെ പഠന വിഷയമായ ഭൂതകാലം മാറ്റമില്ലാതെ തുടരുമ്പോൾ ആ കാലത്തെ കുറിച്ചുള്ള അറിവ് നിരന്തരം പുതുക്കപ്പെടുന്നു.
വസ്തുതകൾ നിരത്തി വെച്ചാൽ ചരിത്രമാകുമോ? ഇല്ല എന്ന് പറയാം. അത് സംഭവങ്ങളെ കുറിച്ചുള്ള വിവരണം മാത്രമാണ്. ചരിത്രം വ്യാഖ്യാനത്തെ കൂടി ഉൾക്കൊള്ളുന്നുണ്ട്. ഇനി വസ്തുതകൾ മാത്രം അടുക്കി വെച്ചാൽ തന്നെ, ഏതെല്ലാം വസ്തുതകൾ നമ്മൾ സ്വീകരിക്കുന്നു, ഏതെല്ലാം വസ്തുതകൾ ഒഴിവാക്കുന്നു, ഏത് ക്രമത്തിൽ അവയെ അടുക്കുന്നു എന്നീ ചോദ്യങ്ങൾ ചരിത്രകാരൻ നേരിടേണ്ടതുണ്ട്. (റോമീല ഥാപ്പറുടെ സോമനാഥ എന്ന പുസ്തകം വസ്തുതകളുടെ ക്രമീകരണവും ഒഴിവാക്കലും ഹിന്ദുത്വ ദേശീയതയുടെ ആണിക്കല്ലായ ഒരു സംഭവത്തെ എപ്രകാരം സൃഷ്ടിക്കുന്നു എന്ന് വിവരിക്കുന്നുണ്ട് ) ചുരുക്കത്തിൽ നിക്ഷ്പക്ഷ ചരിത്രം എന്നൊന്ന് ഇല്ല എന്നും ചിത്രകാരന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉൾക്കൊള്ളാത്ത ചരിത്ര പാഠങ്ങൾ ഇല്ല എന്നും പറയാം.
കോഴിക്കോട് വച്ച് ഒരിക്കൽ റ്റി ഡി രമാകൃഷ്ണനോട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. എന്തുകൊണ്ട് കേരള ചരിത്രത്തെ ഉപജീവിച്ചുള്ള നോവലുകൾ എഴുതുന്നു എന്ന ചോദ്യത്തിന് അദ്ദേഹം ഉമ്പാർട്ടോ എക്കോയെ ഉദ്ധരിച്ചാണ് മറുപടി പറഞ്ഞത്: why write novels? To rewrite history. ടി ഡി രാമകൃഷ്ണന്റെ നോവലുകളിലെ ചരിത്രാഖ്യാനങ്ങൾ മുന്നോട്ടുവെക്കുന്ന ചരിത്രത്തിന്റെ സ്വഭാവം എന്താണ് എന്ന പരിശോധനയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
കേരളത്തിന്റെ ആധുനിക/അക്കാദമിക/ജനപ്രിയ ചരിത്ര രചന ദേശീയവാദ ചരിത്ര രചനയെ ആണ് പിന്തുടരുന്നത്. ഇളംകുളം കുഞ്ഞൻ പിള്ളയാണ് ഈ രീതിക്ക് തുടക്കമിട്ടത്. ഇതേ രീതിശാസ്ത്രം പിന്തുടർന്ന ശ്രീധരമേനോന്റെ പുസ്തകങ്ങളാണ് ബിരുദ തലത്തിൽ കേരളത്തിൽ പഠിപ്പിക്കപ്പെടുന്നത്. ഇളംകുളത്തിന്റെ രചനാ രീതിശാസ്ത്രത്തെ എം ഗംഗാധരൻ ഇങ്ങനെ വിലയിരുത്തുന്നു;
”പത്മനാഭ മേനോന്റെ ചരിത്ര രചനാ സംസ്കാരമല്ല ഈ നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ കേരള ചരിത്രം പാഠ്യവിഷയമായപ്പോൾ രചിക്കപ്പെട്ട ചരിത്ര പുസ്തകങ്ങളിൽ തെളിഞ്ഞത്. ചരിത്രത്തിൽ ആദ്യമായി കേരളമൊരു സംയോജിത രാഷ്ട്രീയ ഘടകമായി രൂപപ്പെട്ടത് ഈ ഘട്ടത്തിൽ ചരിത്ര രചനയെ സ്വാധീനിച്ചിരിക്കണം. പുതിയൊരു കേരള മാഹാത്മ്യം ആ കാലത്തിന്റെ ആവശ്യമായി തോന്നിയിരിക്കാം. ഏറെക്കുറെ വിശദമായ അന്വേഷണ പഠനങ്ങളിലൂടെ പ്രൊഫ.ഇളംകുളം കുഞ്ഞൻപിള്ള കണ്ടെത്തിയ കാര്യങ്ങൾ അന്ന് ഒരു കേരള ചരിത്രം രചിക്കാൻ സഹായമായിട്ടുണ്ട്. പക്ഷെ സൂക്ഷമമായ കണ്ടെത്തലുകൾ ചേർത്തുവച്ച് സ്ഥൂലമായ കേരളചരിത്രത്തിന് രൂപം നൽകാൻ കുറച്ചധികം മേക്കപ്പ് വേണ്ടിവന്നു. പ്രൊഫ. ഇളംകുളം തന്റെ കണ്ടെത്തലുകൾ അവതരിപ്പിച്ചത് തന്നെ ചില അത്യുക്തികളോട്കൂടിയാണ്. ചേര സാമ്രാജ്യം തുടങ്ങിയ പ്രയോഗങ്ങൾ ഉദാഹരണം. സങ്കല്പനപരമായ ചില അവ്യക്തതകളും അബദ്ധങ്ങളും ഇതിന് കാരണമായിട്ടുണ്ട്…………പ്രൊഫ. ഇളംകുളത്തിന്റെ അന്വേഷണ ഫലങ്ങൾ പ്രൊഫ. ശ്രീധരമേനോൻ സമഗ്രമായ കേരള ചരിത്രമായി രൂപപ്പെടുത്തിയപ്പോൾ നാടിൻറെ ഭൂതം മോഹിനി ചമഞ്ഞു നിൽക്കുകയായിരുന്നു എന്നു പറയാം.”(ജാതിവ്യവസ്ഥയും കേരള ചരിത്രവും-അമുഖപഠനം)
ഇളംകുളം പല രീതിയിൽ പലരാൽ തിരുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നൂറ്റാണ്ട് യുദ്ധം പോലുള്ള സങ്കല്പങ്ങൾ എം ജി എസ് തന്നെ തള്ളിക്കളയുന്നുണ്ട്. ഇളംകുളത്തിൽ ഉണ്ടായ ഏറ്റവും കടുത്ത വിമർശനം പി കെ ബാലകൃഷ്ണന്റേതാണ്. അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന പുസ്തകം ഇളംകുളത്തിന്റെ വാദങ്ങളെ നിശിതമായി പരിശോധിക്കുന്നുണ്ട്. ഇളംകുളത്തിന്റെ രണ്ടാം ചേര സാമ്രാജ്യവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളെ ബാലകൃഷ്ണൻ ഏതാണ്ട് മുഴുവനായി അഴിച്ചു പണിയുന്നുണ്ട്. അപകോളനീകരണ യുക്തിയിൽ ടി ഡി രാമകൃഷ്ണൻ ചേര സാമ്രാജ്യത്തെ കുറിച്ച് മുന്നോട്ടു വെക്കുന്ന വിവരങ്ങളെ ബാലകൃഷ്ണന്റെ നിരീക്ഷണങ്ങളുമായി ചേർത്തു വച്ച് വായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
നോവൽ രൂപവും ചരിത്രവും
സുഗന്ധി എന്ന അണ്ടാൾ ദേവനയാകി എന്ന നോവൽ രൂപാപരമായി ഒരു ചരിത്രാഖ്യാനം എന്ന നിലയിലാണ് പലപ്പോഴും മുന്നോട്ട് പോവുന്നത്. ആണ്ടാളുടെ കഥ പലപ്പോഴും ചരിത്ര രേഖകളെ ഉപാദാനമാക്കിയാണ് എഴുതിയത് എന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. ദേവനായകിയിൻ കതൈ രണ്ടാം ഭാഗത്തിന്റെ ആമുഖമായി മീനാക്ഷി രാജാരത്നം ഇങ്ങനെ പറയുന്നു:
സിഗിരിയിൽ നിന്നും കണ്ടെടുത്ത സുസാന സുപിന എന്ന ഗ്രന്ഥം വളരെ ബുദ്ധിമുട്ടിയാണ് മൂന്നു നാല് മാസംകൊണ്ടു വായിച്ചു മനസ്സിലാക്കിയത്. അവിടെ പോയി താമസിക്കേണ്ടി വന്നെങ്കിലും സിഗിരിയ ഹെറിറ്റേജ് ഫൗണ്ടേഷനിൽ പരിജയക്കാരിയായ ഒരു ഉദ്യോഗസ്ഥ ഉണ്ടായിരുന്നതിനാൽ സമാധാനമായി ഇരുന്ന് വായിക്കാനുള്ള സൗകര്യം ലഭിച്ചു. ശ്രീവല്ലഭ ബുദ്ധനാർ രചിച്ച ഈ കൃതി പൂർണ്ണമായി തമിഴിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് ഇനിയും കുറേ കാലം കൂടി വേണ്ടിവരും. തൽക്കാലം അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വച്ച് ദേവനായകിയിൻ കതൈ പൂർത്തിയാക്കാം എന്ന് കരുതുന്നു. (സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.പേജ് 118)
താൻ പറയാൻ പോവുന്ന കഥക്ക് ചരിത്ര രേഖയുടെ ബലം നൽകി ഉറപ്പിക്കുകയാണ് എഴുത്തുകാരൻ ഇവിടെ. ഇത്തരത്തിൽ ചരിത്രരേഖകൾ,സാഹിത്യ കൃതികൾ എന്നിവയിൽ നിന്നുള്ള ഉദ്ധരണികൾ പലയിടത്തും കണാം. കാന്തള്ളൂരിനെ വിവരികുമ്പോൾ പൊന്മണി പാണനാരുടെ കാന്തള്ളൂർ പാട്ടുകളെ പരാമർശിക്കുന്നതും കാന്തള്ളൂർ ശാലൈ കളമറുത്ത രാജ രാജ ചോളനെ കുറിച്ചുള്ള പരാമർശം കമന്റ് ആയി കൊണ്ടുവരുന്നതും ഉദാഹരണം.അണ്ടാളുടെ കഥയുടെ ഒന്നാം ഭാഗത്തിന് ശേഷം കമന്റുകളുടെ രൂപത്തിൽ കൊടുത്തിരിക്കുന്ന ചർച്ച ഈ കഥ കഥയോ ചരിത്രമോ എന്ന സന്ദേഹം മുന്നോട്ട് വെക്കുന്നു. കഥക്കും ചരിത്രത്തിനും ഇടയിലാണ് എഴുത്തുകാരൻ പ്രതിഷ്ഠിയ്ക്കുന്നത് എന്ന് തോന്നുന്നു.
നോവലിന്റെ ചരിത്ര ബോധം
പൊതുവെ അപകോളനീകരണ യുക്തിയിൽ ചരിത്രാഖ്യാനങ്ങളിൽ ഇടപെടുന്ന നോവലുകളാണ് ടി ഡി രാമകൃഷ്ണന്റേത്. എന്നാൽ അവ അവലംബിക്കുന്ന ചരിത്രവീക്ഷണവും വ്യാഖ്യാനവും ദേശീയവാദ ചരിത്രത്തിന്റേതാണ് എന്ന് കണാം. കുറഞ്ഞ പക്ഷം സുഗന്ധിയിൽ എങ്കിലും. ദേശീയവാദ വിമർശനം എന്ന രീതിയിൽ ചരിത്ര രചന നടത്തിയ പി കെ ബാലകൃഷ്ണന്റെ നിരീക്ഷണങ്ങളെ നോവലിലെ ചരിത്ര ഭവനയുമായി ചേർത്ത് വച്ചാൽ ഇത് തുറന്നുകാട്ടാം എന്ന് തോന്നുന്നു
കാന്തളൂർ ദേശത്തെ രാമകൃഷ്ണൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
”കാന്തള്ളൂർ അതി മനോഹരമായ ഒരു തുറമുഖ നഗരമായിരുന്നു. യവനന്മാരുടെയും ചീനക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകൾ എപ്പോഴും നങ്കൂരമിട്ടുകിടക്കുന്ന കുലശേഖര സാമ്രാജ്യത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രം. ചീനപ്പട്ടും രത്നങ്ങളും സ്വർണ്ണവും വിൽക്കാനും കുരുമുളകും കരുവപ്പട്ടയും ചന്ദനവും അനക്കൊമ്പും ഇരുമ്പയുധങ്ങളും വാങ്ങാനുമെത്തുന്ന അറബികളും ചീനക്കാരും നിറഞ്ഞ തെരുവുകൾ. അവരോട് വിലപേശുന്ന ആറും ഏഴും ഭാഷകൾ സംസാരിക്കാൻ കഴിവുള്ള കച്ചവടക്കാർ. സൈനിക പരിശീലനത്തിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് യോദ്ധാക്കൾ. മനോഹരമായ അതിഥിമന്ദിരങ്ങളിൽ വിദേശികൾക്ക് താമസിക്കാനുള്ള എല്ലാ സൗകര്യവുമൊരുക്കി മാനിറച്ചിയും കാന്തയും വിളമ്പി സന്തോഷത്തോടെ ആദിത്യമരുളുന്ന ചന്ദന നിറമുള്ള സുന്ദരികളായ ഗണികകൾ. കച്ചവട ക്കാരിൽ നിന്ന് നൂറ്റുക്കൊരുപണമെന്ന വളരെ കുറഞ്ഞ നികുതി പിരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും സദാ ജഗരൂകരായി നിൽക്കുന്ന രാജസേവകന്മാർ. തെരുവുവീഥികളിലൂടെ അലങ്കരിച്ച കാളവണ്ടികളിലും കുതിരവണ്ടികളിലും പോകുന്ന പ്രഭുക്കന്മാരും പരിവാരങ്ങളും. ജനങ്ങൾക്ക് ആഘോഷിക്കാനും ഉല്ലസിക്കാനുമായി മദ്യശാലകളും നടകശാലകളും നൃത്തമണ്ഡപങ്ങളും. മദ്യവും മദിരാക്ഷിയും സുലഭമായ കാന്തള്ളൂരിൽ കപ്പൽ നങ്കൂരമിട്ടാൽ വിദേശ കച്ചവടക്കാർക്ക് പെട്ടെന്നൊന്നും തിരിച്ചുപോകാൻ മനസ്സുവരാറില്ല. അക്കാലത്ത് ലോകത്തിലെ ഏതൊരു പ്രധാന നഗരത്തിനോടും കിടപിടിക്കുന്ന സൗകര്യങ്ങളും സമ്പത്തും കാന്തള്ളൂർശാലക്കുണ്ടായിരുന്നു.
തുറമുഖത്തുനിന്ന് അധിക ദൂരെയല്ലാതെ കടലിന് അഭിമുഖമായി ഒരു ചെറിയ കുന്നിന്മുകളിലാണ് ചേരചക്രവർത്തി ഭാസ്ക്കര രവിവർമ്മൻ ഒന്നാമന്റെ സാമന്തനും കാന്തള്ളൂർ മഹാരാജാവുമായ മഹേന്ദ്രവർമ്മന്റെ കോട്ട. കോട്ടക്കകത്തെ പ്രധാന കൊട്ടാരത്തിന് ഇടത്തുവശതായിട്ടാണ് നൂറ്റിയിരുപതു കോൽ ഉയരമുള്ള വിളക്കുമാടവും തുറമുഖത്തേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനുള്ള പ്രത്യേക ഗോപുരവും.”
(സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, പേജ് 25)
കേരളത്തെ പരിഷ്കൃതമായ ഒരു സംസ്കൃതിയും കാന്തള്ളൂരിനെ വലിയൊരു തുറമുഖ നഗരവും രണ്ടാം ചേരസാമ്രാജ്യത്തെ വിശാലമായ ഒരു സാമ്രാജ്യവുമായാണ് ടി ഡി അവതരിപ്പിക്കുന്നത്. ഇവിടെ രണ്ട് ചേദ്യങ്ങളാണ് പ്രസക്തം. ഒന്ന് കാന്തളൂർ നോവലിൽ ചിത്രീകരിക്കുന്ന പോലെ ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നോ? രണ്ട്, കേരളത്തിലോ കാന്തള്ളൂരിലോ ‘ലോകത്തെ മറ്റേത് നഗരത്തോടും കിടപിടിക്കുന്ന ‘ ഒരു നഗരം/ സംസ്കാരം നിലനിന്നിരുന്നോ?
ഒന്നാമത്തെ ചോദ്യം പരിഗണിച്ചാൽ, രണ്ടാം ചേരസാമ്രാജ്യത്തെ കുറിച്ചു പി കെ ബാലകൃഷ്ണൻ തരുന്നത് വത്യസ്തമായ ചിത്രമാണ്. രണ്ടാം ചേരസാമ്രാജ്യം-അന്തസ്സാര ശൂന്യമായ ഭാവനാ വ്യായാമം എന്ന അധ്യായം ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു:
“പ്രൊഫ. ഇളംകുളത്തിന്റെ ഈ ശാസനാഭ്യാസ പ്രകടനം അതേപടി വിഴുങ്ങിയാൽ കിട്ടുന്ന വസ്തുതകൾ ഇത്ര മാത്രമാണ്. രാജാക്കന്മാരെന്നു കരുതാവുന്ന 11 പേരുകാർ, വിസ്തൃതി എത്രയെന്നു നിശ്ചയമില്ലാത്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നിരിക്കണം. വട്ടെഴുത്തുലിപിയുടെ അക്ഷരവടിവുനോക്കി ശാസനകാലം നിർണ്ണയിക്കുന്ന വിലക്ഷണ രീതി അംഗീകരിച്ചാൽ ഈ പേരുകൾ എ ഡി 825നും 1102നും ഇടക്കുള്ള കാലത്താണ് ജീവിച്ചിരുന്നത്. ഇവർ ചേരരാജാക്കന്മാരാണെന്ന് പ്രകൃത ശാസനങ്ങൾ പറയുന്നില്ലെന്നുതന്നെയല്ല, രാജ്യപ്പേരിന്റെ നിലയിലോ, രാജവംശപ്പേ രിന്റെ നിലയിലോ ചേര എന്ന സംജ്ഞ, ശാസനങ്ങൾക്ക് അജ്ഞാതമാണെന്ന് നാം കണ്ടുകഴിഞ്ഞു.”
(ജാതിവ്യവസ്ഥയും കേരള ചരിത്രവും പേജ് 66)
ഇങ്ങനെ സ്ഥാപിക്കപ്പെടുന്ന ചേര സാമ്രാജ്യവും രാജാക്കന്മാരും ഭാവനാസൃഷ്ട്ടിയാണെന്നും ചേര ചക്രവർത്തിമാരിൽ പലരും കേവലം വേണാട് രാജാക്കന്മാരും ചോള സമന്തരുമാണെന്നും പി കെ ബാലകൃഷ്ണൻ സ്ഥാപിക്കുന്നു.
കാന്തള്ളൂർ എന്ന കഥ നടക്കുന്ന രാജ്യത്തെ വിഴിഞ്ഞതിനും തിരുവനന്തപുരത്തിനും ഇടയിലായാണ് ടി ഡി രാമകൃഷ്ണൻ പ്രതിഷ്ഠിക്കുന്നത്. എന്നാൽ പി കെ ബാലകൃഷ്ണൻ ഈ പ്രദേശം പരമ്പരാഗത കേരളത്തിന്റെ ഭാഗമായല്ല, ആദ്യം ആയ് രാജ്യം എന്നും പിന്നീട് വേണാടെന്നും അറിയപ്പെട്ട ചോള/ പാണ്ഡ്യ സാമന്ത രാജ്യമായാണ് കാണുന്നത്. സാംസ്കാരികമായും രാഷ്ട്രീയപരമായും ഇവർ ഏതെങ്കിലും കാലത്ത് മഹോദയപുരം കേന്ദ്രമാക്കിയുള്ള ഭരണത്തിനു കീഴിലായിട്ടില്ലെന്നും പകരം ചോളരുടേയും പാണ്ഡ്യരുടേയും സാമന്തരും അവരുമായി നിരന്തരം വൈവാഹിക ബന്ധങ്ങളിൽ ഏർപ്പെട്ടവരും ആയിരുന്നു എന്നും അദ്ദേഹം വാദിക്കുന്നു. ചില സമയങ്ങളിൽ സ്വതന്ത്ര നില കൈവരിച്ചിരുന്ന ഇവർ പതിമൂന്നാം നൂറ്റാണ്ടിൽ രവി വർമ്മ സംഗ്രാമ ധീരന്റെ നേതൃത്വത്തിൽ കാഞ്ചീപുരംവരെ ജൈത്രയാത്ര നടത്തി.
(ജാതി വ്യവസ്ഥയും കേരള ചരിത്രവും പേജ് 46 )
ഇത്തരത്തിൽ രണ്ടാം ചേരസാമ്രാജ്യം നിലനിന്നില്ല എന്നും കാന്തളൂർ അതിനാൽ തന്നെ ചേരസാമ്രാജ്യത്തിന്റെ ഭാഗമല്ല എന്നുമാണ് പി കെ ബാലകൃഷ്ണൻ വാദിക്കുന്നത്.
തുടരും….