അനുസ്മരണം
സുഗതൻ വേളായി
കാലം 2002.
ബംഗളുരുവിലെ കലാസിപ്പാളയം ബസ്സ്റ്റാന്റിൽ.
രാവിലെ ഒൻപതു മണിയായിക്കാണും. പതിവു തിരക്കും ബഹളവും. തിടമ്പേറ്റിയ കൊമ്പന്മാരെപ്പോലെ
അണിനിരന്ന ആഢംബര ബസ്സുകളുടെ നിര.
ഹമാലികൾ(കൂലികൾ) ബസിന്റെ മുകളിൽ പാർസലുകൾ കയറ്റി അടുക്കിവെക്കുന്ന തൊഴിലിൽ
ഏർപ്പെട്ടിരിക്കുന്നു.
നാട്ടിലേക്കുള്ള തുണിത്തരങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, സ്റ്റേഷനറി ഐറ്റംസ്, മറ്റു ലൊട്ടുലൊടുക്ക്
സാധനങ്ങൾ, പച്ചക്കറികൾ മുതലായവയെല്ലാം കയറ്റി അയക്കുന്ന ചരക്കു വാഹനവും ഇപ്പോൾ ഇതുതന്നെ.
ചിലർ സൈക്കിളും ബൈക്കും താഴത്തെ അറയിൽ കയറ്റിവിടുന്നു. സിലണ്ടർ കുറ്റികൾപോലും കേറ്റി
വിടാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
നക്കാപ്പിച്ചയ്ക്കായ് ആശിച്ച് നഗ്നമായ നിയമലംഘനങ്ങൾക്കുനേരെ കണ്ണടക്കുന്ന നിയമപാലകർ.
ടി.പി.കെ ട്രാവൽസിൽ പകുതി സീറ്റുകളും കാലിയായിരുന്നു.
ഭാര്യയെയും മകളെയും ബസ്സിനകത്തിരുത്തി.
ബസ് പുറപ്പെടാൻ ഇനിയും സമയമുണ്ട്. ഞാൻ പുറത്തിറങ്ങവേ ഭാര്യ പറഞ്ഞു,
‘എനിക്കൊരു ചായ…പിന്നെ മോക്കൊരു നാരങ്ങ’.
കൂടെ കൂട്ടാനായി അമ്മു കിണുങ്ങാൻ തുടങ്ങി.
“ങ്ങ്ള കുഞ്ഞബ്ദുള്ളയല്ലേ അദ് ”
പത്തു മിനുട്ടിനകം തിരികെ വന്നപ്പോൾ ആശ്ചര്യത്തോടെ ഭാര്യ അടക്കം പറഞ്ഞു.
അവളുടെ കൺകോണിലൂടെ ഞാൻ എന്റെ കുഞ്ഞിക്കയെ കണ്ടു.
സ്വർണ്ണ ഫ്രെയിമുള്ള കണ്ണട ധരിച്ച് കുഞ്ഞുങ്ങളുടെ കുസൃതിയോടെ, കിളിച്ചുണ്ടൻ ചുണ്ടിൽ വിടരാൻ കൊതിക്കുന്ന ചിരിയോടെ…..പുനത്തിൽ കുഞ്ഞബ്ദുള്ള !!
ആരോഗ്യ മാസികയിലെ ‘മരുന്നും മന്ത്രവും, വായിച്ച് ഭാര്യയും അദ്ദേഹത്തിന്റെ ആരാധികയായി തീർന്നിരുന്നു. മദനന്റെ കാരിക്കേച്ചറും അവൾക്ക് ഏറെ ബോധിച്ചിരുന്നു. ‘സ്മാരകശിലകളും’ ‘പുനത്തിലിന്റെ കഥകളും ‘കഥാദ്വൈവാരിക”യിലെ ‘ഡോക്ടർ അകത്തുണ്ട്’ എന്ന ആത്മകഥാരൂപമായ കുറിപ്പും ‘ഭാഷാപോഷിണി’യിലെ ‘എഴുത്തുകാരന്റെ ദേശവും’ ‘നഷ്ട ജാതകവും’ വായിച്ച് ഞാൻ പുനത്തിലിന്റെ അയൽക്കാരനായി എന്നെ മാറിയിരുന്നു. ഒരു പക്ഷേ, കുഞ്ഞിക്കയെ എന്റെ നാട്ടുകാരനായ കുഞ്ഞാലിക്കയായി തോന്നിച്ചിരുന്നു. തീർച്ചയായും ഒരു
പച്ചമനുഷ്യൻ.
സംഭ്രമവും അശ്ചര്യവും കൊണ്ട് ഞാൻ വിറപൂണ്ടു. ചുടുചായ വീണ് ഭാര്യയുടെ കൈ പൊള്ളി. മധുരനാരങ്ങ കൊച്ചു കൈകളിൽ കൂട്ടി പിടിച്ച് എന്റെ അമ്മു പാൽ പുഞ്ചിരി പൊഴിച്ചതുംകണ്ടില്ല. ആരെങ്കിലും അദ്ദേഹത്തിനരികിൽ ഇരിക്കുന്നതിനു മുന്നേ എന്റെ നാട്ടുകാരനരികിലേക്ക് ഞാൻ കിതച്ചെത്തി.
അദ്ദേഹം എനിക്കുവേണ്ടി ഒന്ന് ഒതുങ്ങിയിരുന്നു. എന്റെ വെപ്രാളം കണ്ടോ എന്തോ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്താനൊന്നും പോയില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. തന്റെ മടിയിൽ കിടന്നിരുന്ന സന്തതസഹചാരിയായ V. I. P സ്യൂട്ട്കെയ്സ് മുകളിലെ റേക്കിലേക്ക് മാറ്റി വെച്ചു.
ചതുരകള്ളികളുള്ള പുതുപുത്തൻ ഷർട്ടിൽ നിന്നും കൊളോങ്ങിന്റെ സുഖദായകമായ പരിമളം പാലസിച്ചു. ബസ് പുറപ്പെടാൻ തുടങ്ങുമ്പോഴെക്കും കൊച്ചുവർത്തമാനങ്ങളിലൂടെ ഞാൻ കുഞ്ഞിക്കയുടെ വിശാലമായ
മനസിലേക്ക് ഇരിപ്പുറപ്പിച്ചു. ബംഗളുരുവിൽ BDS ന് പഠിക്കുന്ന മകന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് നാട്ടിലേക്ക്തിരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തമുള്ള ഉപ്പ!. ആറാം മാസക്കാരിയായ ഭാര്യയെ വീട്ടിൽ കൊണ്ടുവിടാനായി ഞാനും. എന്റെ കൊച്ചു കൊച്ചു ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വളരെ നർമ്മ മധുരമായി ഉത്തരങ്ങൾ നൽകി.
ചിലപ്പോൾ കുലുങ്ങി ചിരിച്ചു. തലക്കനമില്ലാത്ത അകലം പാലിക്കാത്ത സാധാരണക്കാരിൽ അസാധാരണക്കാരനായ കുഞ്ഞബ്ദുള്ള ഒരദ്ഭുതമായിരുന്നു. എഴുത്തിന്റെ പാരമ്പര്യവഴികളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു: എന്റെ പൂർവ്വികർ പഠാണിമാരാണെന്നും ഉറുദുവിൽ നല്ല അറിവുണ്ടായിരുന്നെന്നും ഒരാൾ കവിയായിരുന്നു
എന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ, ആ ജീൻ എന്നിലും കാണുമായിരിക്കാം.
തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിവാദവും പരാജയവും സംഭവിച്ചതിനെപ്പറ്റിയും അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. “സി.കെ.പദ്മനാഭൻ നല്ല സുഹൃത്തായിരുന്നു. അവൻ ആദ്യം വിളിച്ചു. മത്സരിക്കണമെന്നു നിർബന്ധിച്ചു. സുഹൃത്തുക്കളോട് നോ പറഞ്ഞ് ശീലമില്ലായിരുന്നു. അങ്ങനെ ബി.ജെ.പി.സ്ഥാനാർഥിയായി. സി.പി.എമ്മുകാർ വിളിച്ചിരുന്നെങ്കിൽ അവരുടെ കൂടെ പോയേനേ. പിന്നെ ചുളുവിൽ കുറെ തെരെഞ്ഞെടുപ്പനുഭവവും കിട്ടുമല്ലോ എന്നു കരുതി”. രാഷ്ട്രീയക്കാർ നല്ല സ്നേഹമുള്ള വർഗ്ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇടയ്ക്ക് എന്റെ വായനയുടെ ഓള പരപ്പിലേക്ക് അദ്ദേഹം ചൂണ്ടയെറിഞ്ഞു. ‘ഞാനും എന്നുടെ നിലയ്ക്ക് ഒരു ചെറു കർഷകനത്രെ’ എന്നു പറയാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. പറയാതിരിക്കാനുള്ള അറിവ് ഉണ്ടായിരുന്നു. ബഷീറിനെയും എംടിയെയും മുകുന്ദനെയും ചുള്ളിക്കാടിനെയും മനസ്സിൽ ധ്യാനിച്ചു. എൺപത്തിയാറു – തൊണ്ണൂറുകളിൽ ‘കഥാ ദ്വൈവാരിക’ വാങ്ങാൻ വേണ്ടി ആറു കിലോമീററർ നടന്നതും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവ കുറിപ്പുകൾ അച്ചടിച്ചുവന്ന ‘സമകാലിക മലയാളം’ വാരികയ്ക്കായി ഇരുപതു കിലോമീറ്ററിലധികം സഞ്ചരിച്ചതും പിന്നീട് “ബാലൻ” എന്ന കൈയൊപ്പോടുകൂടി ‘ചിദംബരസ്മരണ’ സ്വന്തമാക്കിയതും പറഞ്ഞില്ല. ആക്രിക്കടയിൽ നിന്നും മാതൃഭൂമിയുടെ പഴയ ലക്കങ്ങൾ വിലപേശി വാങ്ങി അക്ഷരപ്പശി ശമിപ്പിച്ച കാലങ്ങളെ കുറിച്ചും പറഞ്ഞില്ല. ഭാഷാപോഷിണി ഉൾപ്പെടെയുള്ള ആനുകാലികങ്ങൾ തപാലിൽ വരുത്തുന്നതിനെ കുറിച്ച് പറഞ്ഞു. ഭാഷാപോഷിണിയിലെ ജയമോഹന്റെ ‘നോട്ടങ്ങൾ’ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞപ്പോൾ ജയമോഹന്റെ കൂടെ നടത്തിയ യാത്രകളെ പറ്റിയും അയാൾ ഒരു കിറുക്കനാണെന്നും ചിലപ്പോൾ ആളൊരു സന്യാസിയാകാറുണ്ടെന്നും തമാശയായി അദ്ദേഹം പറഞ്ഞു. ബംഗളുരുവിലെ എന്റെ ജോലിയെയും ജീവിതത്തെയും പറ്റി അദ്ദേഹം ചോദിച്ചു. ബംഗളൂരുവിൽ നഗരത്തിനു വെളിയിൽ ഗ്രാമത്തിന്റെ എല്ലാ നന്മകളുമുള്ള സ്ഥലത്ത് ഒരു വാടക വീട് ഏർപ്പാടാക്കാൻ ചട്ടം കെട്ടി. ഭാര്യയും മകളും തനിച്ചാണെന്ന ചിന്ത പോലുമില്ലാതെ കുറെ നേരം കുഞ്ഞിക്കയെ ബോറടിപ്പിച്ചെന്ന ചിന്തയാൽ മാറിയിരിക്കാൻ തീരുമാനിച്ചു. ഒരിക്കൽപ്പോലും അസ്വസ്ഥനാകുകയോ വാച്ചിൽ നോക്കുകയോ ചെയ്യാതെ സ്വന്തം നാട്ടുകാരനോടെന്നപോലെ സ്നേഹസമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. “സ്വർഗ്ഗം കിട്ടിയപോലുണ്ടല്ലോ … എന്തൊക്കെ കുളുവാ പറഞ്ഞത്.” ഭാര്യ സ്നേഹപൂർവ്വം തിരക്കി. സർഗ്ഗസപര്യയുടെ തമ്പുരാനുമൊത്ത് സംസാരിച്ചിരുന്ന അസുലഭ നിമിഷങ്ങളെ കുറിച്ച് ഇവൾക്കെന്തറിയാം?!
ഒന്നും ഉരിയാടാതെ ഞാൻ അമ്മുവിനെ എടുത്ത് മടിയിലിരുത്തി മൂർദ്ധാവിൽ ഉമ്മ വീഴ്ത്തി. ഉച്ചഭക്ഷണത്തിനായ് അത്രയൊന്നും തിരക്കില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്ത് ഇടത്തരം ഹോട്ടലിനു മുന്നിൽ ബസ് നിർത്തി. ഭാര്യയെ പരിചയപ്പെടുത്തുന്നതിനു മുന്നേ അദ്ദേഹം അവളോട് കുശലം പറയുകയും മകളുടെ കവിളിൽ
സ്നേഹപൂർവ്വം പതുക്കെ തലോടുകയും ചെയ്തു. ഞങ്ങളെ നിർബന്ധപൂർവം ഭക്ഷണം കഴിപ്പിക്കുകയും ഈ സമയത്ത് ഒരാൾക്കല്ല, രണ്ടു പേർക്കുവേണ്ട ഭക്ഷണം കഴിക്കണമെന്ന് ഭാര്യയെ ഓർമിപ്പിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം കണിശക്കാരനായ ഡോക്ടറായിരുന്നു. ചിലർ അദ്ദേഹത്തെ അതിശയത്തോടെയും ആദരവോടെയും നോക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിനു ശേഷം അടുത്തുള്ള പെട്ടിക്കടയിൽ നിന്നും റോമ്പസ്റ്റ വാങ്ങി നൽകി. “അയ്യോ; തണുപ്പു പിടിക്കും”
അമ്മുവിന് പഴം കൊടുക്കാൻ നേരം ഭാര്യ നിഷ്കളങ്കയായി വിലക്കി. “ആരു പറഞ്ഞു; നല്ല തമാശ. ഓരോ നാട്ടിലും അവര് കഴിക്കുന്നതാണ് നമ്മൾ കഴിക്കേണ്ടത്. അവിടുത്തെ കാലാവസ്ഥയ്ക്ക് അത് അനുയോജ്യമായിരിക്കും.”കുഞ്ഞിക്ക കലക്കി!.
ആ നിർദ്ദേശത്തിൽ അവൾ സംതൃപ്തയായി. പഴം മുറിച്ച് മകൾക്ക് നുണയാൻ കൊടുത്തു. കുഞ്ഞ് കുഞ്ഞിക്കയ്ക്കു നേരെ നൊണ്ണുകാട്ടി ചിരിച്ചു. കുഞ്ഞബ്ദുള്ളയും കുഞ്ഞായി. “സർ ങ്ങ്ള ഒര് ഫോൺ നമ്പർ …” ഞാൻ വിനയനായി.
“ങാ…. ഞാനത് മറന്നു.” അദ്ദേഹം കീശ തപ്പി.
പിന്നീട് സ്യൂട്ട്കെയിസ് തുറന്നു. ഒരു കാർഡ് എടുത്ത് നീട്ടി. യാതൊരു അലങ്കാരവുമില്ലാത്ത വെളുത്ത ഒരു കാർഡ്!. കുഞ്ഞിക്കയുടെ മനസ്സ് പോലെ പരിശുദ്ധം.
Writer,
PunathilKunjabdulla,
Panamaram,Wayanad.
അതെ, പ്രിയപ്പെട്ട കുഞ്ഞബ്ദുള്ള താങ്കൾ എഴുതാനായി ജനിച്ചവനാണ്. എഴുത്തുകാരൻ ചില്ലുമേടയിൽ ജീവിക്കേണ്ടവനല്ലെന്ന് തിരിച്ചറിഞ്ഞവനായിരുന്നു; താങ്കൾ. എഴുത്തുകാരനും ജനങ്ങൾക്കുമിടയിൽ അതിർവരമ്പില്ലാതെ ജീവിച്ചവൻ. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വന്ന രാഷ്ടീയക്കാരനല്ലാത്ത എഴുത്തുകാരനായിരുന്നു; താങ്കൾ. മലയാള സാഹിത്യത്തിൽ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരാളെ ഉള്ളൂ. അത് പുനത്തിൽ കുഞ്ഞബ്ദുള്ളയല്ലാതെ മറ്റാരുമല്ല.
ബസ് കാടിനെ പിളർന്ന് ചുരം റോഡിലുടെ കേരളത്തിലേക്ക് അടുത്തു കൊണ്ടിരുന്നു. സൂര്യന്റെ പൊൻകിരണങ്ങൾ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ ഭൂമിയിൽ പതിച്ചു കൊണ്ടിരുന്നു. ഇറങ്ങാൻ വേണ്ടിയുള്ള തിടുക്കത്തിനടയിൽ കുഞ്ഞബ്ദുള്ളയ്ക്കു നേരെ കൈ വീശാൻ തുനിഞ്ഞു. പുറകിലോട്ട് പിണച്ചുവെച്ച കൈകൾക്കുമുകളിൽ തലചായ്ച്ച് ചെറുപുഞ്ചിരിയുമായി താങ്കൾ മയക്കത്തിലായിരുന്നു. ഒരു പക്ഷേ, സ്വർഗ്ഗത്തെയും നരകത്തെയും ജിന്നുകളെയും മലക്കുകളെയും ശൈത്താന്മാരെയും സ്വപ്നം കണ്ട് അങ്ങനെ…. ഞങ്ങൾ കൂത്തുപറമ്പിൽ കാലുകുത്തുമ്പോൾ അടുത്തുള്ള പള്ളിയിൽ നിന്നും ഇശ്അ നിസ്കാരത്തിന്റെ ബാങ്ക്
വിളി ഉയർന്നു.“അള്ളാഹു അക്ബർ. …അള്ളാഹു അക്ബർ…..”
(ദൈവം ഏറ്റവും മഹാൻ)’…….മുക്രിയുടെ ശബ്ദം പള്ളിക്കടന്ന് ആകാശങ്ങളിലൂടെ പറന്നു….’ ഞാൻ ‘സ്മാരകശിലക’ളിൽ തട്ടി തടഞ്ഞു കൊണ്ട് നടക്കവെ, മുക്രി എറമുള്ളനെ സ്മരിച്ചു. മയക്കത്തിലായിരുന്ന മകൾ പെട്ടെന്ന് ഞെട്ടിയുണർന്നു. എറമുള്ളനെ അനശ്വരനാക്കിയ താങ്കളും ഒരുവേള ഉണർന്നിരിക്കാം. ബംഗളുരുവിൽ തിരിച്ചെത്തി വാടക വീട് കണ്ടെത്തിയതിനുശേഷം താങ്കൾക്ക് എഴുതിയ കത്തിന്റെ തുടക്കം ‘എത്രയും പ്രിയപ്പെട്ട കുഞ്ഞിക്കാ, എന്നായിരുന്നു. താങ്കളുടെ സ്നേഹവാത്സല്യങ്ങളനുഭവിച്ചവർക്ക് മറ്റൊരു പേര് കണ്ടെത്തുക സാധ്യമല്ല. കുഞ്ഞിക്കയെന്നത് സ്നേഹത്തിന്റെ മറ്റൊരു പര്യായപദമായിരുന്നു. വർഷങ്ങൾക്കിപ്പുറം 2017 ഒക്ടോബർ 27ന് കഥകളുറങ്ങുന്ന കാരക്കാട് പള്ളിപ്പറമ്പിലെ ഖബർസ്ഥാനിൽ അങ്ങ് കഥാവശേഷനായി. ജിന്നുകളും മലക്കുകളും വിഹരിക്കുന്ന താങ്കളുടെ ‘സ്മാരകശിലകളിലെ’ കഥാപാത്രങ്ങൾ അന്തിയുറങ്ങുന്ന
അതേ പള്ളിപറമ്പിൽ. എങ്കിലും ഒരു മൗനനിദ്രയിൽ കുഞ്ഞ് മന്ദസ്മിതത്തോടെ യാത്ര ചെയ്യുന്ന കുഞ്ഞിക്ക അഥവാ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന ‘വലിയ’ അബ്ദുള്ളയുടെ ഓർമ്മ ചിത്രം മനസ്സിന്റെ മച്ചകത്ത് എക്കാലത്തും മങ്ങാതെ മായാതെ നിലനില്ക്കും, ഓർമ്മയിൽ പൂത്തുലഞ്ഞ കൊന്നമരം പോലെ…..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.