വിഷുവിശേഷങ്ങൾ

0
484
sugathan velayi

അനുഭവക്കുറിപ്പ്

സുഗതൻ വേളായി

    ഓട്ടുരുളിയിൽ ഒരുക്കിവെച്ചിട്ടുള്ള കണിക്കാഴ്ച്ചയിലേക്ക് ഒരു വിഷു ദിനത്തിലും ഞാൻ കൺ തുറന്നിട്ടില്ല. രാവിലെ കുളിച്ചൊരുങ്ങി പുത്തനുടപ്പുണിഞ്ഞ് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ചന്ദനക്കുറി ചാർത്തിയിട്ടില്ല. അച്ഛന്റെ കൈയിൽ നിന്നോ മുതിർന്നവരിൽ നിന്നോ വിഷുക്കൈനീട്ടം കിട്ടിയിട്ടില്ല. ബോംബെയിൽ നിന്നും രണ്ടു മൂന്നു വർഷം കൂടുമ്പോൾ അവധിയെടുത്ത് വീട്ടിൽ വരാറുള്ള അച്ഛൻ വിഷുക്കാലത്തൊന്നും എത്തിപ്പെടാതിരിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു. അച്ഛൻ കൊണ്ടുവരാറുള്ള ഇംഗ്ലീഷ് പാഠാവലികളെ ഞാൻ പേടിച്ചിരുന്നു. കൂടാതെ ഞങ്ങളുടെ കളിതിമിർപ്പുകൾക്ക് അടി വീഴില്ലിങ്കിലും കടിഞ്ഞാൺ പിടുത്തം ഉണ്ടാവും എന്ന തോന്നലുണ്ടാകും.

നാട്ടിൽ ചുറ്റുവട്ടത്തൊന്നും അമ്പലമോ ആൽത്തറയോ ഉണ്ടായിരുന്നില്ല. ആണ്ടിൽ രണ്ടു ദിവസം തിറ നടക്കുന്ന മുത്തപ്പൻ മടപ്പുര ഉണ്ടായിരുന്നു. പിന്നെ ഉള്ളത് സ്കൂളിനടുത്തുള്ള ചാലിയത്തെരുവിൽ ഇടവഴിയോട് ചേർന്ന് മണ്ഡപം എന്നു വിളിക്കാറുള്ള ചെറിയ അമ്പലവും ചെമ്പകമരവും കുളവും. ഞങ്ങൾ കുട്ടികൾ കാഞ്ഞിരത്തിന്റെ ഇലയിൽ ചെറിയ ചരൽകല്ല് ചുററി ഭണ്ഢാരത്തിൽ ഇട്ട് പ്രാർത്ഥിക്കാറുണ്ട് ചിലപ്പോൾ. കല്യാണി ടീച്ചറുടെ അടി കിട്ടാതിരിക്കാനും പരീക്ഷയിൽ പാസ്സാവാനും വേണ്ടി മാത്രം. വലിയ നീലകൈകൾവിരിച്ച് ചുവന്നനാക്കുനീട്ടി കണ്ണുതുറിച്ച്‌ പേടിപ്പെടുത്തുന്ന ഒരു പെരുമാൾരൂപത്തെ ആ കൊച്ചു ക്ഷേത്രത്തിന്റെ തിരുനെറ്റിയിൽ ഭീമാകാരത്തിൽ പണിതു വെച്ചിരുന്നു. സ്കൂൾ വിട്ട് വരുന്ന വഴി ക്ഷേത്രകുളത്തിൽ അരയിൽ തോർത്തു ചുററിയും ചുററാതെയും കുളിച്ചാർമാദിക്കുന്ന പിള്ളേരേ കാണാം. പുഴയിൽ കളിച്ചും കുളിച്ചും വളർന്ന എനിക്ക് ഞാൻ തന്നെ കേമൻ എന്നു തോന്നും. ദൂരെ ഗണപതിക്കുന്നിൽ നിന്നും ഉറവയെടുത്ത കാട്ടാറ് പാറകൂട്ടങ്ങൾ താണ്ടി കൊച്ചരുവിയായ് ഒഴുകി കുളത്തിനരികേചേർന്ന് കൈത്തോടായ് പരിണമിച്ച് ആമോദത്തോടെ അമ്മപ്പുഴയിലേക്ക്…….. ങാ. പറഞ്ഞു വന്നതു വിഷുക്കാലത്തെ കുറിച്ചാണല്ലാ. ഓർമ്മകൾ വഴി തെറ്റിച്ച് എവിടെയൊക്കെയോ വട്ടംചുറ്റിക്കുന്നു. അല്ലെങ്കിൽ തന്നെ കുഴമറച്ചിലുകളുടെ ആക തുകയാണല്ലോ ഓർമ്മകൾ. എപ്പൊഴും ഉത്തരം തെറ്റി പോകാറുള്ള സൂത്രവാക്യങ്ങൾ നിറഞ്ഞ കണക്കുപോലെ…..

ഞങ്ങളുടെ വിശാലമായ പുരയിടത്തിൽ കവി എഴുതിയ മാതിരി മാവും പിലാവും പുളിയും കരിമ്പും, തെങ്ങും ഫലം തിങ്ങുമിളംകവുങ്ങും, കൂടാതെ കടുക്ക, മരുത്, തേക്ക്, ഉപ്പില , കൂവളം,ആനകൈത, പാതിരി, പൂള, പാല, ചേര്, പേര, ആലം, ചവക്കായി, കശുമാവ്, ഞാവൽ, തുടങ്ങിയ മരങ്ങളും അത്തി, ആടലോടകം, കാശി തൂവ്വ, ചെറുപനച്ചിൽ, വെള്ളില, ചേമ്പ്, ചേന, കാത്ത്, മധുരക്കിഴങ്ങ്, മരച്ചീനി, കൈതച്ചക്ക, വാഴ, കാന്താരി, അപ്പച്ചപ്പ്, കീഴാർനെല്ലി, തവര, കൊടിച്ചിതൂവ്വ, കൂവ്വ, തുമ്പ, മഞ്ഞൾ, കനകാംബരം, മൈസൂർതെച്ചി, അശോകതെച്ചി, ലില്ലി, മുല്ല, തുളസി, നന്ത്യാർവട്ടം, പനിനീർ, വസിച്ചെടി തുടങ്ങി അനേകം സസ്യലതാതികളും പരിലസിച്ചിരുന്നു. ചെമ്പകവും ചിത്രകൂടക്കല്ലും, സന്ധ്യയ്ക്കു വിളക്കുതെളിക്കാറുള്ള ഗുളികൻ തറയും പറമ്പിൽ ഉണ്ടായിരുന്നു. ചെമ്പക മരത്തിന്റെ തായ്ത്തടിയിൽ തറച്ചുവെച്ച കാക്കവിളക്കിൽ തിരി തെളിയിച്ച് പ്രാർത്ഥിച്ചിരുന്ന നാളുകൾ…. അരുണശോണിമസന്ധ്യയിൽ അന്തിത്തിരി വെട്ടത്തിനൊപ്പം അന്തരീക്ഷത്തിൽ പരക്കുന്ന ചെമ്പകപൂക്കളുടെ മാദകന്ധം.

കാലാകാലങ്ങളായി അന്തിത്തിരി കത്തിയിരുന്നത് കാരണം ചെമ്പകത്തടിയിൽ കരിയും എണ്ണക്കറുപ്പും കലർന്ന് അമൂർത്തമായ (ശിവ) രൂപം തെളിഞ്ഞു കാണാമായിരുന്നു. ഒരു പക്ഷെ, എനിക്ക് മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള ആ രൂപത്തിൽ ഞാൻ എന്റെ ദൈവസങ്കൽപ്പങ്ങളെ കുടിയിരുത്തി. കാലിയായ വെളിച്ചെണ്ണ കുപ്പിയുമായി തിരികേ ഓടുമ്പോൾ ഉണ്ടാകുന്ന സീൽക്കാരം തെല്ലു പേടിപ്പെടുത്തും.

പൊട്ടൻപ്ലാവിൽ പടർന്നു ചുററിയ വളളിപ്പടർപ്പിന്റെ കൊച്ചിലച്ചാർത്തുകളിൽ കിളികൾ ചിലച്ചു കൊണ്ടിരിക്കും. കാപ്പിക്കരുവിന്റെ രൂപത്തിലുള്ള കായ തിന്നാൻ വേണ്ടിയുള്ള ആക്രന്തനങ്ങൾ. ഈ പൊട്ടൻപ്ലാവിന്റെ കടയ്ക്കൽ ചിതൽപ്പുറ്റുണ്ടായിരിന്നു. നമുക്ക് ചക്കയൊന്നും തന്നില്ലെങ്കിലും അനേകം കിളികളെ അവൾ പരിപാലിച്ചിരുന്നു. പിന്നെ വീട്ടിലെ പൊട്ടിയ വിളക്കുക്കുപ്പികളും കോപ്പയും അരിഷ്ടത്തിന്റെ കുപ്പികളും വളപ്പൊട്ടുകളും പൊട്ടൻപിലാവിന്റെ ചോട്ടിലിടാറുണ്ട്. ഇരുനില ഓലപ്പുരയോട് ചേർന്ന വിശാലമായ ചുറ്റുമുറ്റവും പറമ്പും പറമ്പിനെ തഴുകി ഒഴുകുന്ന പുഴയും നമ്മുടെ കളി മൈതനമാണ്. വിഷുക്കാലം സ്കൂൾ വേനലവധിക്കാലവും കൂടിയാണല്ലോ. പിന്നെ കളിയുടെ പുരം പറയാനുണ്ടോ? അമ്മ തെങ്ങോല കൊണ്ട് മെടഞ്ഞുതരുന്ന ആട്ട (ഓലപ്പന്ത്) കൊണ്ടുള്ള കളി, ചക്കകൂഞ്ഞ് കൊണ്ട് ഉണ്ടാക്കുന്ന പന്ത് തലമക്കളി, കുട്ടിയുംകോലും, ഗോട്ടികളി, വലകെട്ടിക്കളി, സൊർക്ക കളി, ഡപ്പക്കളി തോണ്ടിക്കളി, കള്ളനും പോലീസും, പീടികകച്ചവടം, വീട്, മണ്ണപ്പം, ഊഞ്ഞാൽ, കണ്ണാരംപൊത്തിക്കളി, മീൻപിടുത്തം, കൊത്തംകല്ല്, അരിപ്പൂതിരിപ്പൂ, ഈർക്കിൽ കളി, തിരിപ്പുകളി, തീപ്പെട്ടികൂടു ചൊട്ടൽ, സിനിമാവേഡുകളി, കടംകഥ, അണ്ടിച്ചാട്ടം, അടക്കച്ചാട്ടം, പൈസച്ചാട്ടം ഈച്ചക്ക് വെക്കൽ, നാടകംകളി, അങ്ങിനെ ലാഭത്തിനും ചേദത്തിനും ആമോദത്തിനും വേണ്ടിയുള്ള അനേകം കളികൾ വളർച്ചയുടെ ഓരോ കാലഘട്ടങ്ങളിലും ഞങ്ങൾ അനുഭവിച്ചിരുന്നു. മാവിൻചോട്ടിൽ മാക്കൂൽ കണ്ടനെ ഇലയിൽ പൊതിഞ്ഞു മണ്ണിനടിയിൽ മൂടി കാററിനോട് പറയാറുണ്ട് ഒരു മാങ്ങയിട്ടു തരാൻ!

മാമ്പഴക്കാലവും ചക്കക്കാലവും കശുവണ്ടിക്കാലവും വെള്ളരിക്കാകാലവും വിഷുക്കാലവും കുട്ടികൾക്കൊരുത്സവക്കാലം. വിഷുക്കാലം പടക്കക്കാലം കൂടിയാണല്ലോ – ചെറിയ ചെപ്പിൽ ചൊട്ടപോലുള്ള കുത്തിപ്പൊട്ടാസ്. ഇതൊന്നു പൊട്ടി കിട്ടാൻ മൂന്നു വട്ടമെങ്കിലും കല്ലുകൊണ്ട് കുത്തേണ്ടി വരും. കാന്താരി, ആനപ്പൊട്ടാസ്, ഏറുണ്ട, ബോംബ്, ഓലപ്പടക്കം, സർപ്പഗുളിക, നിലാത്തിരി, കമ്പിത്തിരി ,പൂത്തിരി(പൂക്കുറ്റി), നിലച്ചക്രം, നൂലിൻമേൽ പായുന്ന തീവണ്ടി, നാട, പെൻസിൽ, കുരുവിപ്പൊട്ടാസ്, കോയപ്പൊട്ടാസ്, എലിവാണം ( റോക്കറ്റ് ) എന്നിങ്ങനെ പേരും പടക്കവും ഒരുപാട് കാണും. പൊട്ടാസ് പൊട്ടിക്കുന്നത് എപ്പൊഴും ഇടവഴിയിൽ നിന്നും വീട്ടിലേക്ക് കയറിവരാനുള്ള കോണിച്ചുവട്ടിലാണ്‌. കാരണം, പൊട്ടാസിന്റെ പൊട്ടിച്ചിതറിയ പേപ്പറുകളും ചവറുകളും വഴിപോക്കരും കൂട്ടുകാരും കാണണം. ഇവന്മാർ ഇത്രയും പൊട്ടാസ് പൊട്ടിച്ച് വിഷു കെങ്കേമമാക്കിയെന്ന് അവർ കരുതുമെന്നാണ് നമ്മുടെ വിചാരം. വിഷുക്കാലത്ത് എന്റെ പ്രധാന പരിപാടി പൊട്ടാസ് കച്ചവടമായിരുന്നു. കമ്പുനാട്ടി ഓലകൊണ്ട് മറച്ച് ഒരു കൊച്ചുപന്തൽ പണിയും. വീട്ടിലെ ഒരു കാലുപോയ പഴയ ബെഞ്ചും അച്ഛന്റെ പഴയ പണപ്പെട്ടിയും അമ്മയെ സോപ്പിട്ട് തരപ്പെടുത്തും. അമ്മ തന്നെ മുടക്കുന്ന കുറച്ചു കാശാണ് മൂലധനം. പല തരത്തിലുള്ള പടക്കങ്ങൾ നിരത്തി വെക്കും. കത്തുന്നവയും പൊട്ടുന്നവയും ഉണ്ടാകും.,കൂടാതെ പൂഴിയിൽ വറുത്തെടുത്ത തോടുള്ള നിലക്കടലയും പ്രൈസ് ബോർഡും കച്ചവടം പൊലിപ്പിക്കാൻ വേണ്ടി വെക്കും. പ്രൈസ് ബോർഡിലെ 50, 20 രൂപാ നോട്ടുകളുടെ നമ്പർ മുൻകൂട്ടി പറഞ്ഞുതന്ന് അവർ തന്നെ അടിച്ചു മാറ്റിത്തരാറുണ്ട്.!. ലാഭം ഉണ്ടാക്കാനുള്ള ഓരോ വഴിയേ! കാശു കൊടുത്തു സംഘടിപ്പിക്കുന്ന ഒരു വീഞ്ഞപ്പെട്ടിയാണ് കടയിലെ താരം. പടക്കം സൂക്ഷിക്കാനും ഭാഗ്യപരീക്ഷണത്തിനം ഉത്തമം. വീഞ്ഞപ്പെട്ടി കമിഴ്ത്തിവെച്ച് അതിൻമേൽ  ഒത്ത മദ്ധ്യത്തിൽ നിന്നും വശങ്ങളിലേക്ക് വരയ്ക്കുന്ന പല വലിപ്പങ്ങളിലുള്ള കള്ളികൾ. നടുവിൽ ആണിയടിച്ച് ഉറപ്പിച്ച ഘടികാരസൂചിയെപ്പോലെ പരുവപ്പെടുത്തിയ മരസ്കെയിലുണ്ടാകും .ചെറിയകളങ്ങളിൽ വിലകൂടിയ പടക്കവും വലിയ കള്ളിയിൽ വില കുറഞ്ഞ കത്തിപ്പൊട്ടാസോ ഒറ്റ കമ്പിത്തിരിയോ പോലുള്ളവയും വെയ്ക്കും. ഒരു വട്ടം സൂചി ചൂണ്ടുവിരൽ കൊണ്ട് കറക്കുന്നതിന് 25 പൈസ തരണം. ഒരു ചെറിയ ചൂതാട്ടം. മിക്കപ്പോഴും സൂചി ചെന്നു നിൽക്കുക വലിയ കള്ളികളിലാണ്.

അന്ന് ഇന്നത്തെപ്പോലെ കുട്ടികൾ വീടിന്റെ ഉള്ളറകളിൽ തളക്കപ്പെട്ടിരുന്നില്ല. ടെലിവിഷനോ ടേപ്പ് റിക്കാർഡറോ ഉണ്ടായിരുന്നില്ല. റേഡിയോ പോലും ചില വീടുകളിൽ മാത്രം. ഗ്രാമത്തിൽ ഭൂരിഭാഗം വീടുകളിലും വൈദ്യുതി ഇല്ലായിരുന്നു. നമ്മുടെ കാഴ്ചകളും സ്വപ്നങ്ങളും അനുഭവങ്ങളും പ്രകൃതിയായിരുന്നു.

വിഷു വരുന്നുന്നെന്ന് പറഞ്ഞു വിഷുപ്പക്ഷി പാടും. വിത്തും കൈക്കോട്ടുമായി വയലുകളിലേക്ക് പോകുന്ന കർഷകർ. വെള്ളരിയുടെ വിളവെടുപ്പ് വിഷുദിനത്തിലായിരിക്കും. കാലത്ത് തന്നെ വയലുകളിൽ ഉത്സവ പ്രതീതിയാണ്. നമ്മൾ നനച്ചു വളർത്തിയ പൊൻവെള്ളരി കാണാൻ കുട്ടിക്കൂട്ടങ്ങളും ഉണ്ടാകും. ഇളം മിടികൾ (കരുന്നു വെള്ളരിക്ക) തിന്നാനുള്ള അവസരമാണ് ഞങ്ങൾക്ക്. പച്ചചേലയ്ക്കുള്ളിൽ പ്രകൃതി ഒളിപ്പിച്ചു വെച്ച പൊൻകുടങ്ങൾ. വെള്ളരിപ്പടർപ്പിന്റെ പച്ചപ്പ് പുഴുങ്ങിയ വാടയും പിഴുതുവന്ന മണ്ണിന്റെ മണവും മത്തുപിടിപ്പിക്കും. അമ്മയുടെ കണ്ണുകളിൽ തിളക്കവും ചുണ്ടിൽ വിയർപ്പുകണങ്ങളും ഉരുണ്ടുകൂടും. അധ്വാനത്തിന്റെ ഫലം ലഭിച്ച സംതൃപ്തി അമ്മയുടെ നിഗൂഢ മന്ദസ്മിതത്തിൽ നിന്നും എനിക്ക് വായിക്കാമായിരുന്നു. കുട്ടയിൽ നിറച്ച് പടലുകൾ പൊതിഞ്ഞ വെള്ളരികൾ ഓരോരോ പുരകളിലേക്ക് തല ചുമടുകളായ്….. ഇനി വർഷം മുഴുക്കെ വെള്ളരി കൊണ്ടുള്ള പലതരം കറികൾ. തേങ്ങ വറുത്തരച്ച, വെള്ളരി കൊണ്ടുള്ള സാമ്പാർ (തീയൽ ) പരിപ്പും വെള്ളരിയും, ഓലൻ, പച്ചടി, ചക്കക്കുരു-പരിപ്പ്-വെള്ളരി കറി, തുടങ്ങി ഒരുപാടു കറികൾ…… ചില വീടുകളിൽ പശുവിന് അട നേദിക്കുന്ന പതിവുണ്ട്. ചിലർ പാടത്തും നേദിക്കാറുണ്ട്.

ഇതിനു ശേഷമാണ് രാവിലത്തെ കുളിയും പുത്തനുടുപ്പണിയലും ചായകുടിയും. പിന്നീട് പടക്കംപൊട്ടിക്കലും ആർപ്പുവിളിയും ആമോദവും. ഉച്ചയ്ക്ക് വാഴയിലയിൽ അമ്മ വിളമ്പി തരാറുള്ള വിഭവസമൃദ്ധമായ സദ്യ. പ്രഥമൻ പ്രധാനം. നല്ല മുഴുത്ത വരിക്കച്ചക്കച്ചുള കൊണ്ടുള്ള പ്രഥമന്റെ രുചിപ്പെരുമ! കടലപ്പരിപ്പും അരിപ്പൊടിയും ശർക്കരപ്പാവും (വെല്ലം ഉരുക്കിയത് ) ചേർത്ത്  ഉണ്ടാക്കുന്ന കടല പ്രഥമൻ. ചെറുപയർ പാകത്തിന് വറുത്ത്, പരിപ്പ് വേർപെടുത്തി കഷ്ടപ്പെട്ടുണ്ടാക്കുന്ന പരിപ്പ് പ്രഥമൻ. പക്ഷെ, ഇതൊക്കെയും ഊൺ കഴിച്ചതിന് ശേഷം അവസാനമേ വിളമ്പൂ. എന്നാലല്ലേ ചോറു മുഴുവനും കഴിക്കൂ! അന്നൊക്കെ അങ്ങനെ കരുതാനുള്ള വിവരമേ ഉണ്ടായിരുന്നുള്ളൂ. ഇനി നാനാതരം കളികളിലേക്ക്. ഒടുക്കം പുഴയുടെ മടിത്തട്ടിലേക്കുള്ള കുത്തി മറിയൽ. ദിവസം മുഴുവനും ഇടതടവില്ലാതെ പൊട്ടിക്കൊണ്ടിരിക്കുന്ന പടക്കങ്ങളുടെ കാതടപ്പിക്കുന്ന ഒച്ച കേൾക്കാം. ആകാശത്ത് വർണ്ണ വിസ്‌മയം തീർക്കാറുള്ള റോക്കറ്റുകൾ. രാത്രിയാണ് കത്തുന്ന പടക്കങ്ങളുടെ പൂരകാഴ്ച്ചകൾ! . ഇതൊക്കെ കാണാനെ അമ്മയും അമ്മൂമ്മയും കോലായിലേക്കു വരൂ. പാറു അമ്മൂമ്മയുടെ ‘എടാ മാരികുരിപ്പേ’ എന്ന ശകാരം കൂടുതലും കേൾക്കേണ്ടി വരിക ചേട്ടനാണ്.

ഓർക്കുമ്പോൾ ഇതൊക്കെയായിരുന്നു വിഷു ആഘോഷത്തിന്റെ ഒരു രസം. അയൽ വീടുകളിലെ നമ്മുടെ കളികൂട്ടുകാർ പരസ്പരം ഓരോ വീടുകളിലും പോയി പടക്കം പൊട്ടിക്കുകയും ആനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വിഷുക്കാലമായിരുന്നു അന്നൊക്കെ. ‘എടാ നമ്മുടെ പായസം കുടിച്ചു നോക്കെന്നു’ സ്നേഹമസൃണരായി നിർബന്ധിച്ച് അയൽവിട്ടിലെ അമ്മമാർ അവരുടെ കൈപ്പുണ്യവും ആഘോഷിച്ചിരുന്നു.

പ്രകൃതിയുടെ ചൂഷണത്തിനെതിരെ പ്രതികരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് വിഷു ആഘോഷിക്കാൻ തയാറെടുക്കുന്നത്. വറ്റിവരണ്ട് വിരൂപയായ പുഴകൾ. ചില പുഴകളിൽ മലിനജലവും മാലിന്യ കൂമ്പാരവും. കുന്നിടിച്ചു നിരത്തിയ മണ്ണുകൊണ്ട് പാടങ്ങൾ നികത്തുകയും നികത്തിയ പാടത്ത് വീടുപണിയുകയും ചെയ്യുന്നു. ഒട്ടു മിക്കവയലുകളും കരനിലങ്ങളായി മാറിക്കഴിഞ്ഞു. മരങ്ങൾ വെട്ടിയും പാറപൊട്ടിച്ചും കാടുകൾ വെട്ടിപ്പിടിക്കുന്നു. പക്ഷെ, ഇതിനെതിരെ പ്രതികരിക്കുന്നതും കൊടിപിടിക്കുന്നതും ഏതാനും ചില പരിസ്ഥിതിവാദികൾ മാത്രം. നമ്മൾ പ്രകൃതിയെ നശിപ്പിച്ചതിന്റെ ഫലമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനം ഒരു വശത്ത്. കൊടിയ വരൾച്ചയുടെ ദിനങ്ങളാണ് വരാൻ പോകുന്നത്. ദാഹമകറ്റാൻ ഇററുവെള്ളമില്ലാതെ ജീവജാലങ്ങളെല്ലാം വലയുകയാണ്. വനപാലകർ വന്യജീവികൾക്കു വേണ്ടി ദാഹജലം എത്തിച്ചു കൊടുക്കേണ്ടി വരുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. നേരവും കാലവും ഇല്ലാത്ത മഴ. കാലം തെറ്റി പൂക്കുന്ന കൊന്നമരങ്ങൾ. മഞ്ഞപ്പട്ടണിഞ്ഞ് പൂത്തുലഞ്ഞ കൊന്നമരങ്ങൾ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് കൊന്നപ്പൂക്കളും തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന കണിവെള്ളരിയും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന അരിയും വിഷം കലർന്ന പച്ചക്കറികളും മററു ഭക്ഷ്യ വസ്തുക്കളും വാങ്ങി നാം വീണ്ടും വിഷുവും മററ് ആഘോഷങ്ങളും പൊടിപൊടിക്കും. ശിവകാശിയിൽ നിന്നും വരുന്ന പടക്കവും കൂടിയാകുമ്പോൾ വിഷു ആഘോഷം പ്രഘോഷമാവും. സഫലമീയാത്രയിൽ കവി എൻ എൻ കക്കാട് കാലത്തിന്റെ കടന്നു പോക്കിനെ ഇങ്ങനെ കാണുന്നു. “കാലമിനിയുമുരുളും വിഷുവരും വർഷംവരും തിരുവോണം വരും പിന്നെയോരോയിതളിനും പൂവരും കായ് വരും അപ്പോളാരെന്നുമെന്തെന്നു മാർക്കറിയാം?” മറുനാടൻമലയാളിയായി മാറിയതിൽപ്പിന്നെ എല്ലാ വിഷുക്കാലത്തും വൈലോപ്പിള്ളിയുടെ ഗൃഹാതുരതയുണർത്തുന്ന വരികൾ മനസ്സിലേക്കോടിയെത്താറുണ്ട്. “ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻവെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും”. ഞാൻ ഇത്തിരി നേരം ഈ വിഷുക്കാലത്തും എന്റെ ഓർമ്മകളിലെ വിഷുക്കാല ഗന്ധങ്ങളെയും ശബ്ദങ്ങളേയും മനസ്സിലേക്ക് ആവാഹിക്കട്ടെ …

എന്റെ ഈ വിഷുദിനവും കണികണ്ടുണരാതെ കടന്നു പോകും. എങ്കിലും ഏവർക്കും പുതുപ്രതീക്ഷയുടെ സമ്പൽസമൃദ്ധിയുടെ വിഷു ആശംസകൾ നേർന്നുകൊള്ളുന്നു…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here