സുധാകർ മംഗളോദയത്തിന് ആദരാഞ്ജലി നേരുന്നു

0
340
sudhakar-mangaloayam-wp

രമേഷ് പെരുമ്പിലാവ്

എന്നെയൊരു വായനക്കാരനാക്കിയതിൽ കഥകളും നോവലുകളും ഇഷ്ടപ്പെടാൻ കാരണക്കാരനാക്കിയതിൽ വലിയ പങ്കു വഹിച്ച എഴുത്തുകാരൻ. പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ മംഗളത്തിലും മനോരമയിലും തുടരൻ നോവലുകൾ വായിച്ച് ശീലിക്കാൻ കാരണം സുധാകർ മംഗളോദയം, മാത്യു മറ്റം, ജോയ്സി, കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ് തുടങ്ങിയവരുടെ എഴുത്തുകളായിരുന്നു.

പി. പത്മരാജൻ‎ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കരിയിലക്കാറ്റുപോലെ. സുധാകർ മംഗളോദയത്തിന്റെ ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചിത്രം, ഒരു പ്രസിദ്ധ ചലച്ചിത്രസംവിധായകന്റെ മരണവും അതിന്റെ അന്വേഷണവും പ്രമേയമാക്കുന്നു.

ramesh-perumpilavu
രമേശ് പെരുമ്പിലാവ്

പ്രസിദ്ധ സിനിമാ സംവിധായകനായ ഹരികൃഷ്ണൻ (മമ്മൂട്ടി) തന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഡി വൈ എസ്ഇ പി അച്യുതൻകുട്ടിയെ (മോഹൻലാൽ) എത്തിക്കുന്നു. ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും (ജലജ), അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും അച്യുതൻകുട്ടി ചോദ്യം ചെയ്യുന്നു. പക്ഷേ അവരിൽ നിന്നും പ്രത്യേകിച്ച് തുമ്പൊന്നും കിട്ടുന്നില്ല. ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും ഒരു പഴയ ഫോട്ടോയും അച്യുതൻകുട്ടിക്കു ലഭിക്കുന്നു. അവ മുൻനിർത്തി നടത്തുന്ന അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവ്വതിയിലേക്ക് (ഉണ്ണിമേരി) സംശയം നീളുന്നു. പാർവതി ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ നടക്കുന്നു. അച്യുതൻകുട്ടിയുടെ സഹോദരനായ അനിൽ കുമാറിന്റെ (റഹ്‌മാൻ) കാമുകിയായ ശില്പയും (കാർത്തിക), അവരുടെ അമ്മയായ തുളസിയും (ശ്രീപ്രിയ) ഈ കേസുമായി ബന്ധപ്പെടുന്നു. ഒടുവിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുമ്പോൾ അതിന് അച്യുതൻകുട്ടി കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.

പൈങ്കിളി നോവലുകൾ എന്ന ലേബലിനപ്പുറം കാമ്പുള്ള കഥകളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച കലാകാരൻ.


ഷിജു. ആർ

കൗമാരത്തിന്റെ കാമനയ്ക്കും ഭാവനയ്ക്കും നിറം നൽകിയ പേരുകളായിരുന്നു മംഗളവും മനോരമയും. ‘മ’ വാരികകൾ കത്തിച്ച സാംസ്കാരിക പ്രവർത്തനത്തിന്റെ പശ്ചാത്തലമുള്ള വീട്ടിൽ പുതുതായി വന്ന ഇളയമ്മയ്ക്കൊപ്പം വലതുകാൽ വച്ച് കയറിയവർ. ശരീരഘടനയുടെ  അനുപാതമൊത്ത, വസ്ത്രധാരണത്തിൽ സവിശേഷ ആകർഷകത്വമുള്ള പെൺകുട്ടികളെക്കുറിച്ച് ‘മനോരമയിലെ ചിത്രം പോലുള്ള ‘ എന്നൊരു പ്രയോഗം നടത്തിയത് പ്രീഡിഗ്രിക്കാലത്തെ കൂട്ടുകാരി തന്നെയാണ് :) അന്നു പരിചയിച്ച പേരുകളിൽ പ്രധാനമാണ് സുധാകർ മംഗളോദയം.

shiju-r

അക്കാലത്തിന്റെ ഭാവുകത്വലോകങ്ങൾ പരിണമിച്ചു. ആഴ്ചയറുതികൾ ഹൃദയമിടിപ്പോടെ എണ്ണിപ്പിന്നിട്ട അക്കാലമിന്നും പക്ഷേ ഓർമ്മയിലുണ്ട്. അതൊരു ഗൃഹാതുരത്വം മാത്രമല്ല, ഹരിതാഭവും പ്രണയാർദ്രവുമായ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതിന്റെ കടപ്പാട് കൂടിയാണ്.

സുധാകർ മംഗളോദയത്തിന്റെ ഒട്ടേറെ നോവലുകൾ വായിച്ചിട്ടുണ്ട്. മനസ്സിലിപ്പോഴുമുള്ളത് ‘ഒറ്റക്കൊലുസ് ‘ എന്ന നോവലാണ്. അതിലെ ഒരു കാലിൽ മാത്രം കൊലുസിട്ട കാവേരിയെന്ന പെൺകുട്ടിയും. പേരോർമ്മയില്ലാത്ത ഒരു ക്ഷേത്ര പരിസരത്താണവളുടെ ജീവിതം. ജീവിതദുരിതങ്ങളും മാറാവ്യാധികളുമുള്ളവർ അന്തേവാസികളായി നടപാർക്കുന്നൊരമ്പലം.  ഊമയായൊരു ചെറുപ്പക്കാരനും വാഗ്ദേവതയുടെ കടാക്ഷം കാത്ത് അവിടെയെത്തുന്നു. ദാവണി ചുറ്റി കനകാംബരപ്പൂക്കൾ ചൂടി , കുപ്പിവളകൾ പോലെ പൊട്ടിച്ചിരിക്കുന്ന കാവേരിയുമായി അയാളുടെ മൗനം പ്രണയത്തിലാവുന്നു.

നോവലവസാനമാണ് കാവേരി ആ കൊലുസിൽ കുടിപാർക്കുന്നൊരാത്മാവാണെന്നും ആ ശരീരം മറ്റൊരു പെൺകുട്ടിയാണെന്നും മനസ്സിലാവുന്നത്. കാവേരിയുടെ സ്നേഹവും ദൈവത്തിൻ്റെ കൃപയും വാക്കുകൾ തിരികെ നൽകിയ യുവാവും അമ്പല നടയിലെ അന്തേവാസികളും നോക്കിനിൽക്കേ, ആ അന്തരീക്ഷമേ ഓർമ്മയിൽ നിന്നു മാഞ്ഞു പോയ പെൺകുട്ടി അച്ഛനമ്മമാർക്കും മുറച്ചെറുക്കനുമൊപ്പം കാറിൽ കയറിപ്പോവുന്നു. അവൾ വലിച്ചെറിഞ്ഞ, അമ്പലമുറ്റത്തെ മണ്ണിൽ പുതഞ്ഞ,  ഒറ്റക്കൊലുസിൽ കാവേരിയും.

കാവേരിക്കും ആ ചെറുപ്പക്കാരനും വേണ്ടി കരഞ്ഞ കുട്ടീ… നിന്റെ എഴുത്തുകാരനും ഇനിയില്ല. അയാളും യാത്രയായിരിക്കുന്നു.

വിട..

LEAVE A REPLY

Please enter your comment!
Please enter your name here