പ്രവീൺ പി.സി
അയാളുടെ നീട്ടിപ്പിടിച്ച തോക്കിനു മുന്നിൽ നിരായുധമാക്കപ്പെട്ട കൈകളുമായി നിന്നു. രണ്ടുതരം വെറികളാണ് അപ്പോൾ ശൂന്യതയുടെ പകർപ്പിൽ തളം കെട്ടി നിന്നത്. അയാൾക്ക് എന്നെ കൊല്ലാനും എനിക്ക് ജീവിക്കാനും. കൊല്ലുക എന്നത് എന്റെ വംശീയതക്ക് മേൽ അയാളേൽപ്പിക്കുന്ന ആധിപത്യമാണ്, തിരിച്ചുള്ളത് എന്റെ നിലനിൽപ്പ്. അനന്തകോടി ജീവജാലങ്ങളിൽ കൂടിയും കുറഞ്ഞുമല്ലാത്ത ഒന്നല്ലോ ഞാനും! കറൻസികളുടെ ഭ്രമത്തിൽ തന്നെ ഒറ്റുകൊടുത്ത ചങ്ങാതിയെ പറ്റി അയാൾ പരിഹസിച്ചു. വെള്ളിക്കാശിന് വേണ്ടി യൂദാസിനെപോലെ….
പരാജയം, നിസ്സഹായത.. എല്ലാഭാരവും ശിരസ്സിലേക്കടിച്ച് ഒരു നിമിഷം അയാളിലേക്കത് അടിയറവ് പറഞ്ഞു.
അയാളുടെ തോക്ക് പതിയെ പിൻവാങ്ങി. മുടിയിൽ കുത്തിപ്പിടിച്ച് മുഖാമുഖം നോക്കികൊണ്ട് പറഞ്ഞു ” നിന്നെ കൊല്ലുന്നതിൽ എനിക്ക് യാതൊരു ധാർമികതയും ഇല്ല ഇവിടെ നിന്ന് 73 കിലോമീറ്റർ നടന്നാൽ നിനക്ക് രക്ഷപെടാം”.
പതനത്തിന്റെ പടുകുഴിയിലേക്ക് പുച്ഛത്തോടെ നോക്കി അയാൾ നടന്നു പോയി.
കൊല്ലാൻ വരുന്നവൻ പിൻവാങ്ങുന്ന രംഗം പലപ്പോഴും പരാജിതന്റെ മരണം ഉറപ്പുള്ളത് കൊണ്ടാണ് അല്ലെങ്കിൽ ഇന്നേക്ക് വരെ വെളിവാക്കപ്പെട്ടിട്ടില്ലാത്ത അദൃശ്യബോധത്തിന്റെ രഹസ്യം. ജലവും ഭക്ഷണവും കിട്ടാത്ത മരുഭൂമിയിലൂടെ രക്തം വാർന്ന കാലുകളുമായി നടക്കുമ്പോൾ ഓർത്തു ആ ദയയിൽ അയാൾക്കുറപ്പുണ്ടായിരുന്നു എന്റെ മരണം.
അപ്പോഴും നന്ദി പറഞ്ഞത് കൂടെ നിന്നും ചതിച്ച സുഹൃത്തിനോടാണ് അവൻ പഠിപ്പിച്ച പാഠം വലുതാണ്. ഇനിയൊരിക്കലും പിഴയ്ക്കാതെ മുന്നോട്ട് പോകാൻ അടയ്ക്കപ്പെടേണ്ട വാതിലുകൾ കാണിച്ചു തന്ന പ്രിയപ്പെട്ട ഒറ്റുകാരൻ.
ചുട്ടുപഴുത്ത മരുഭൂമിയിൽ ലക്ഷ്യങ്ങളുടെ അവകാശങ്ങൾക്കായ് അലയുമ്പോൾ പ്രത്യാശകിരണമുള്ള എന്തോ ഒന്നുണ്ടായിരുന്നു എന്റെ ഉള്ളിൽ.. ഞാൻ തീർക്കാൻ ബാക്കി വച്ച ഒന്ന് ഒന്ന് മാത്രം…….