കുഞ്ഞാറ്റക്കായൊരു കാത്തിരിപ്പുകാലം

1
430

കഥ

റൈഹാന വടക്കാഞ്ചേരി

“ന്റെ നുബൂ.. നീയൊന്ന് സൂക്ഷിച്ച് നടക്ക്.. ഉള്ളിലൊരാളുള്ളതല്ലേ..”
ഹോസ്പിറ്റൽ വരാന്തയിലൂടെ അതിവേഗത്തിൽ നടക്കുന്നതിനിടെ ഉമ്മയുടെ സ്നേഹത്തോടെയുള്ള ശകാരം കേട്ട് നടപ്പിന്റെ വേഗത കുറച്ചു കൊണ്ട് ഞാൻ പറഞ്ഞു :
“ന്റെ ഉമ്മാ, ഞാൻ സൂക്ഷിക്കുന്നൊക്കെയുണ്ട്.. നിക്കറിയാ ന്റെ ഉള്ളിലൊരു പൊന്നോമനയുണ്ടെന്ന്… ന്റെ കുഞ്ഞാറ്റ”

നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പടച്ചോന്റെ അനുഗ്രഹത്താൽ ഒൻപത് മാസമെടുത്ത് നിറഞ്ഞ ന്റെ വയറിൽ തലോടുന്നത് കണ്ട് ഉമ്മ പറഞ്ഞു.
“പടച്ചോനോട് നന്ദി പറഞ്ഞാൽ തീരൂല്ല… അത്രയും നമ്മളെ അനുഗ്രഹിച്ച്ക്ക്ണ്… ന്റെ രണ്ട് മക്കൾക്കും ഒരുമിച്ച് പള്ളയിൽ കൊടുത്തില്ലേ..”

ഉമ്മയുടെ സംസാരം കേട്ട് ഒരു ചെറു മന്ദഹാസത്തോടെ ഞാൻ പറഞ്ഞു:
“ഹാ.. ഉമ്മാ.. ന്റെയും വലിയ ആഗ്രഹമാ.. ഞങ്ങൾ രണ്ടുപേരുടെയും മക്കൾ ഒരുമിച്ച് വളരണമെന്ന്..”
ഇതുപറഞ്ഞ് ഞാൻ ഉമ്മയിലേക്ക് തിരിയും നേരം ലേബർ റൂമിനു മുന്നിൽ വന്ന് ഒരു സിസ്റ്റർ വെള്ള തുണിയിൽ പൊതിഞ്ഞൊരു പിഞ്ചു കുഞ്ഞിനെയെടുത്ത് ഉറക്കെ വിളിച്ചു പറഞ്ഞു :
“റാബിയയുടെ ആളുകളില്ലേ.. റാബിയയുടെ ആളുകളില്ലേ.. ”
“ഇവിടെയുണ്ട് സിസ്റ്റർ.. ഞങ്ങളാണ്..”

ഇതു പറഞ്ഞുകൊണ്ട് കുഞ്ഞിനെ കാണാനുള്ള ഉത്സാഹത്തിൽ സിസ്റ്ററുടെ അടുത്തേക്ക് ഞങ്ങൾ കുതിച്ചു.
“അതേയ്.. പെൺകുട്ടിയാണ്.. സുഖപ്രസവമായിരുന്നു.. ”
സൗമ്യതയോടെയുള്ള സിസ്റ്ററിന്റെ വാക്കുകൾ കേട്ട് ഞങ്ങൾ ഒരുമിച്ച് നാഥന് സ്തുതി പറഞ്ഞു.. “അൽഹംദുലില്ലാഹ്”
“കുട്ടിക്ക് പാൽ കൊടുത്തിട്ടുണ്ട്.. റാബിയ ഒരു ചെറിയ മയക്കത്തിലാണ്. ഉണർന്നാലുടൻ റൂമിൽ വിടാം..”
സിസ്റ്ററിതു പറയും നേരം കുഞ്ഞിനെ ഉമ്മ കയ്യിൽ വേടിച്ച് നെറ്റിയിൽ മുത്തങ്ങൾ കൊടുത്തു. ശേഷം റൂമിലേക്ക് നടന്നു.

“അടുത്തത് ന്റെ നുബു മോളാ.. അനക്കും ഡേറ്റാവാറായില്ലേ.. പടച്ചോൻ ഖൈർ ആക്കട്ടെ.. ”
ന്റെ വയറിൽ കൈവെച്ച് കൊണ്ട് ഉമ്മ പറഞ്ഞു.
“അതൊക്കെ ഖൈറാകും ഉമ്മാ.. നാല് വർഷങ്ങളോളം പെറാൻ കഴിയാത്തവൾ എന്ന പരിഹാസങ്ങൾ കേൾക്കേണ്ടി വന്ന എനിക്ക് പടച്ചോൻ പള്ളയിൽ തന്നില്ലേ… പടച്ചോൻ നമ്മടെ കൂടെ ണ്ട്.. ”

എന്റെ മറുപടി കേട്ടതും ഉമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അതുകണ്ട് കിണുങ്ങികൊണ്ട് ഞാൻ പറഞ്ഞു:
“അയ്യേ.. ഈ ഉമ്മയിപ്പഴും കൊച്ചു കുട്ടികളെ പോലെയാ… ചെറിയ കാര്യണ്ടാകുമ്പോഴേക്കും കരയും..”
“ഇതു സന്തോഷകണ്ണീരാ നുബൂ… ന്റെ രണ്ടു മക്കളെയും പടച്ചോൻ അനുഗ്രഹിച്ചതിന്റെ സന്തോഷം”
എന്റെ കവിളിൽ സ്നേഹത്തോടെ പിച്ചിക്കൊണ്ടുമ്മ പറഞ്ഞു.



ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് റാബിയയെ കൊണ്ട് സിസ്റ്റർ റൂമിലേക്ക് വന്നത്. പ്രസവിച്ചതിന്റെ അവശതയും കുഞ്ഞിനെ കണ്ടതിന്റെ സന്തോഷവുമവളിൽ ഒരുമിച്ച് സമ്മേളിച്ചിരുന്നു.
അവളെ സുരക്ഷിതമായി ബെഡിൽ കിടത്തിയശേഷം അവളെയൊന്ന് പരിചരിക്കുമ്പോളാണെന്നോട് ഉമ്മ പറഞ്ഞത് :
” മോളെ.. ഇയ്യിനി വീട്ടിൽ പൊയ്ക്കോ.. ഈ വയറുമായിനിയിവിടെ നിന്ന് ഇടങ്ങേറാവണ്ട… അമ്മായി വരാമെന്ന് പറഞ്ഞിട്ടുണ്ട്… ഇവരെയിനി ഞങ്ങൾ നോക്കിക്കോളാം.. ”

ഉമ്മയെന്നെ അനിയന്റെ കൂടെ വീട്ടിലേക്ക് വിട്ടു. അവിടെയെത്തിയാൽ ഒതുങ്ങിയിരിക്കാൻ പ്രത്യേകം പറഞ്ഞാണ് ഉമ്മ വിട്ടെങ്കിലും റാബിയും കുഞ്ഞും വരുമ്പോഴേക്കും അവർക്കുള്ള റൂം ഒരുക്കാനുള്ള തിരക്കിലായിരുന്നു ഞാൻ.
ന്റെ ഉള്ളിലെ കുഞ്ഞാറ്റയ്ക്ക് ഇടങ്ങേറാവാത്ത നിലയിൽ കാര്യങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെ ചെയ്യുമ്പോഴാണ് ഞാനത് കണ്ടത്…
അതൊരു കുഞ്ഞുടുപ്പായിരുന്നു. മാലാഖമാരുടേതുപോലെ വെള്ള നിറത്തിലൊരു കുഞ്ഞുടുപ്പ്. എനിക്ക് വിശേഷമുണ്ടെന്നറിഞ്ഞപ്പോൾ ഇക്ക കുഞ്ഞാറ്റക്കായി വാങ്ങി വെച്ചത്.

ആ ദിനം ഓർമ്മകളിലിന്നും തങ്ങിനിൽക്കുന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്. പുറത്തേക്കൊന്ന് പോയി വരാമെന്ന് കരുതി ഞങ്ങൾ ബൈക്കിൽ തിരിച്ചതാണ്. അങ്ങാടിക്കടുത്തുള്ള മേൽപ്പാലത്തിലെത്തിയപ്പോൾ എനിക്ക് പെട്ടെന്നൊരു തലകറക്കം. ഞാൻ പോലും പ്രതീക്ഷിച്ചില്ല.. പിന്നെയെനിക്ക് ബോധം തെളിയുമ്പോൾ ചുറ്റും ഇക്കയും നഴ്സുമാരുമൊക്കെയാണ്.. അവരെന്തൊക്കെയോ ടെസ്റ്റ് ചെയ്യുന്നു.. അങ്ങനെ ഒരൽപനേരം വിശ്രമിച്ചൊരാശ്വാസം കിട്ടി തുടങ്ങിയപ്പോഴാണ് ടെസ്റ്റുകളുടെ റിസൾട്ടുമായി ഒരു നേഴ്സ് വന്ന് പറഞ്ഞത് :
“ഡോക്ടർ വന്നിട്ടുണ്ട്. റിസൾട്ടുമായി ചെന്നോളൂ..”
റിസൾട്ട് വാങ്ങി ഞങ്ങൾ അവിടേക്ക് പോയി. ചെറുപ്പക്കാരിയായ ഒരു ലേഡി ഡോക്ടറായിരുന്നു അത്. ടെസ്റ്റുകളുടെ റിസൾട്ട് ഒരൽപ്പനേരം നോക്കിക്കൊണ്ട് ഞങ്ങൾക്ക് നേരെ മുഖം തിരിച്ചു കൊണ്ടവർ പറഞ്ഞു :
“കൺഗ്രാജുലേഷൻസ് ഡിയേർസ്… നിങ്ങൾ മാതാപിതാക്കളാകാൻ പോകുന്നു”



സന്തോഷത്തിന് അതിർവരമ്പുകളില്ലാത്ത നിമിഷങ്ങളായിരുന്നു അത്. നാലു വർഷത്തിനന്റെ കാത്തുനിൽപ്പിനിടയിൽ പല ചികിത്സകൾക്കും പടച്ചോനോടുള്ള തേട്ടത്തിന്റെയുമൊക്കെ റിസൾട്ട്‌ കൂടിയായിരുന്നു അത്..
ഇക്കയുടെ കണ്ണുകൾ നിറയുന്നത് അന്നേരമാണ് ആദ്യമായി ഞാൻ കണ്ടത്. ‘കുട്ടികളുണ്ടാവില്ല’ എന്ന നിരാശയ്ക്കൊരറുതി കണ്ടതിനാലാവണം ഈ സന്തോഷക്കണ്ണുനീർ..!!

“ആണുങ്ങൾ കരയേ?” എന്നെന്റെ കളിയാക്കലുകളിൽ നിന്നും രക്ഷപ്പെടാൻ കൃത്രിമമായൊരു ഗൗരവഭാവം കൊണ്ടുവരാൻ കഷ്ടപ്പെടുന്ന ഇക്കയെ കണ്ടെനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി. പിന്നെ, എന്നെ വീട്ടിൽ കൊണ്ടു വിട്ട് ഇക്ക പുറത്തുപോയി. എനിക്കിഷ്ടപ്പെട്ട മധുര പലഹാരങ്ങളും ഈ കുഞ്ഞുടുപ്പും കൂടിയൊരു പൊതിയുമായി തിരിച്ചുവന്നു. അന്ന് അതെനിക്ക് തന്നു കൊണ്ട് ഇക്ക പറഞ്ഞിരുന്നു :
“ന്റെ മനസ്സ് പറയുന്നുണ്ട്. ഇതൊരു പെൺകുട്ടിയാകുമെന്ന്… നമ്മുടെ കുഞ്ഞാറ്റ.”
അങ്ങനെയാണ് കുഞ്ഞാറ്റയെന്ന് ആദ്യമായി വിളിച്ചത്. പിന്നെ ആ വിളി ഞാനും സ്നേഹത്തോടെ ഏറ്റെടുത്തു.

എനിക്ക് ആറു മാസം ആയപ്പോഴേക്കും ലീവ് തീർന്നതിനാൽ തിരികെ ഗൾഫിലേക്ക് പോകും നേരം ഇക്ക പറഞ്ഞിരുന്നു :
“നുബൂ.. നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ വളരെ സൂക്ഷ്മത വേണം ട്ടോ.. പിന്നെ ഭക്ഷണമൊക്കെ നന്നായി കഴിക്കണം.. നമ്മുടെ കുഞ്ഞാറ്റയ്ക്ക് പറ്റാത്തതൊന്നും ചെയ്യരുതേ.. ”
പിന്നീടുള്ള നാളുകളെല്ലാം ഞങ്ങളുടെ കുഞ്ഞാറ്റയ്ക്ക് വേണ്ടിയായിരുന്നു. ഇഷ്ടമുള്ള പലതും ഉപേക്ഷിച്ചതും.. ഇഷ്ടമില്ലാത്ത പല ശീലങ്ങളും സ്നേഹത്തോടെ സ്വീകരിച്ചതും.. പൈനാപ്പിളും പപ്പായയും പോലത്തെ എന്റെ നാവിന് കൊതിതോന്നുന്ന പല ഭക്ഷണങ്ങൾ വേണ്ടെന്ന് വെച്ച് മണം പോലും പിടിക്കാത്ത പലതും കഷ്ടപ്പെട്ട് കഴിക്കുന്നതും.. വർഷങ്ങളായി കമിഴ്ന്നാണ് കിടന്ന് ശീലമെങ്കിലും മാസങ്ങളായിട് ഒരിക്കൽപോലും കമിഴാതെ മലർന്നു കിടക്കുന്നതുമെല്ലാം..!!

എന്തൊക്കെയായാലും കുഞ്ഞാറ്റ നല്ല കുറുമ്പിയാണ്… ഇടയ്ക്ക് എന്നെ നല്ലവണ്ണം ചവിട്ടും… എന്ത് വേദനയാണെന്നോ… ചിലപ്പോൾ സഹിക്കാൻ കഴിയാറില്ല.. എന്നാലുമെന്റെ കുഞ്ഞാറ്റയോട് നിക്ക് യാതൊരു ദേഷ്യവുമില്ലാട്ടോ.. സ്നേഹം മാത്രം.. ഇടയ്ക്ക് വയറിൽ കൈവെച്ചു കൊണ്ട് ഞാൻ ചുറ്റും കാണുന്നതും കേൾക്കുന്നതുമെല്ലാം കുഞ്ഞാറ്റയ്ക്ക് പറഞ്ഞു കൊടുക്കും.. അതുകൊണ്ടുതന്നെ അവൾക്കിപ്പോൾ തന്നെ എല്ലാമറിയാം.. എന്തിനു പോലും, ഇക്കയാണ് ഫോൺ വിളിക്കുന്നതെങ്കിൽ ഉള്ളിലിരുന്നവൾ തുള്ളിച്ചാടാറുണ്ട്.. അറബി കടലുകൾക്കപ്പുറമാണെങ്കിലും അവൾക്കറിയാം അതവളുടെ ഉപ്പയാണെന്ന്..



ഓരോന്ന് ആലോചിച്ച് സമയം പോയതറിഞ്ഞില്ല!!
ആറാം മാസമായപ്പോഴേക്കും നീര് വെച്ച് തുടങ്ങിയ കാലുകളിപ്പോൾ മന്ത് പിടിച്ചതുപോലെയായതുകൊണ്ട് അധികനേരം നിൽക്കാൻ കഴിയില്ല. കുറച്ചുനേരം വിശ്രമിക്കാമെന്ന് കരുതി ബെഡിൽ ഇരുന്നപ്പോഴാണ് വയറിലൊരാളിക്കത്തൽ !! എന്തുചെയ്യണമെന്നറിയാതെ പരിഭ്രമത്താൽ ഞാൻ ചുറ്റുമൊന്ന് പരതി.. പിന്നെ, വേഗം ഉമ്മയെ വിളിച്ചു പറഞ്ഞു. വേദന ഇരട്ടിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലെത്താനുള്ള ഏർപ്പാടുകൾ ചെയ്തു തന്നു.

അങ്ങനെ ഹോസ്പിറ്റലിലെത്തി. അവിടെ ഉമ്മയെന്നേക്കാൾ പരിഭ്രാന്തമായിരിക്കുന്നത് കണ്ട് വേദന കടിച്ചമർത്തിക്കൊണ്ടു ഞാൻ പറഞ്ഞു :

“ഉമ്മാ.. ഇത് പ്രസവവേദനയൊന്നുമല്ല.. ഡേറ്റാകാൻ ഇനിയും പത്തു ദിവസമുണ്ടെല്ലോ..”
“അതൊന്നും പറഞ്ഞാൽ ശരിയാവൂല്ല.. വേഗം ഡോക്ടറുടെ അടുത്തേക്ക് പോകാം..”
ഇതുപറഞ്ഞ് ഉമ്മയെന്നെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി..

“നുബുലാ, ഇപ്പോഴെന്തു തോന്നുന്നു? വേദന കുറവുണ്ടോ? ”
പരിശോധിക്കുന്നതിനിടയിൽ ഡോക്ടർ ചോദിച്ചു. കുറവില്ലെന്ന് തല കൊണ്ട് ഞാൻ ആംഗ്യം കാണിച്ചു. അന്നേരം ഡോക്ടർ നേഴ്‌സുമാരെ വിളിച്ച് പറഞ്ഞു:

“ഇവരെ വേഗം ലേബർ റൂമിലേക്കെടുക്കു.. ഇനി സമയമൊട്ടും കളയാനില്ല!!”

മനസ്സിലൊരു ഇടി വെട്ടിയ അനുഭൂതി. പ്രസവത്തിന്റെ സമയമടുത്തിരിക്കുന്നു. ഇരുപതെല്ലുകൾ ഒരുമിച്ചൊടിയുന്ന വേദനയാണ് പ്രസവത്തിനെന്ന് ആരോ പറഞ്ഞത് ഓർമ വരുന്നു.. ആകെ പേടി തോന്നിയ ആ നിമിഷങ്ങളിൽ അടുത്തിരിക്കുന്ന ഉമ്മയെ ഞാൻ കെട്ടിപ്പിടിച്ചു.. ഉമ്മയെന്നെ പ്രസവിക്കാൻ പോകുമ്പോൾ എത്ര മാത്രം പരിഭ്രമിച്ചിരുന്നു എന്ന തിരിച്ചറിവോടെയുള്ള ഒരു കെട്ടിപിടുത്തം!..



വൈകാതെ തന്നെയെന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോയി.. ലേബർ റൂം.. അതൊരു ലോകം തന്നെയാണ് !! നഴ്സുമാരും ഡോക്ടർമാരും മാലാഖകമാരായി അനുഭവപ്പെടുന്ന ലോകം !!

വേദന കൂടുതൽ ശക്തിപ്പെട്ടു കൊണ്ടിരുന്നു.. പക്ഷെ, എനിക്ക് പ്രസവത്തിനായി കഴിയുന്നുണ്ടായിരുന്നില്ല. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് എന്തോ ഒരു പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. അതെന്താണെന്ന് തിരിച്ചു ചോദിച്ചപ്പോൾ ഓപ്പറേഷനുവേണ്ടിയുളള സമ്മതപത്രമാണെന്ന് അവർ പറഞ്ഞു..

ഓപ്പറേഷൻ എന്ന് കേട്ടാൽ തന്നെ ഭയപ്പാടാണ് എനിക്ക് !!
എങ്കിലും, എന്റെ കുഞ്ഞാറ്റയുടെ ജീവൻ ഓർത്തു കൊണ്ടു മാത്രം അതിനു സമ്മതിച്ചു.
പിന്നെ, ധരിച്ച വസ്ത്രവും ആഭരണങ്ങളും മാറ്റി ഒരു പച്ച വസ്ത്രമണിഞ്ഞു.. അതിനു ശേഷം ഒരിൻജെക്ഷനും..
സാധാരണ ഇൻജെക്ഷനെടുത്താൽ അത് ശരീരത്തിലിറങ്ങാൻ അര മണിക്കൂറെടുക്കും.. പക്ഷെ, ഈ സാഹചര്യത്തിൽ അരമണിക്കൂർ കാത്തുനിൽക്കുന്നത് അപകടമാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ ഓപ്പറേഷൻ തുടങ്ങി..

ശരീരം കീറിമുറിക്കുന്നത് പച്ചയായിയെനിക്ക് കാണുന്നുണ്ടായിരുന്നു.. സഹിക്കാനാകാത്ത വേദന.. എല്ലാമെന്റെ കുഞ്ഞാറ്റയ്ക്ക് വേണ്ടിയാണെന്നാലോചിക്കുമ്പോൾ ആ വേദനയിലുമൊരു സുഖവുമുണ്ട്..
ഓപ്പറേഷൻ കഴിഞ്ഞു തുടങ്ങി.. മരുന്നിന്റെ തരിപ്പിൽ പതിയെ ഞാൻ മയങ്ങിപ്പോയി..
ഒരൽപ്പം കഴിഞ്ഞപ്പോൾ ബോധം വന്നു.. “ന്റെ കുഞ്ഞാറ്റ” യെന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഞാൻ അവിടെ നിന്ന് എഴുന്നേൽക്കാൻ നോക്കി. ശരീരത്തിലെ അസഹ്യമായ വേദനയാൽ ഞാനവിടെ തന്നെ തളർന്നു വീണു..

ഒരൽപ്പം കഴിഞ്ഞപ്പോൾ എന്നെ റൂമിലേക്ക് മാറ്റി. എന്റെ അരികിലേക്ക് വന്നുകൊണ്ടുമ്മ ചെവിയിൽ പറഞ്ഞു :
“ന്റെ മോൾക്ക് നല്ല വേദനിച്ചുവെല്ലേ..”
അന്നേരം കണ്ണുനീരെല്ലാതെ മറ്റൊരു മറുപടിയും എനിക്ക് നൽകാൻ കഴിഞ്ഞില്ല… പിന്നെ, കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ.
അപ്പോഴേക്കും മധ്യവയസ്കയായൊരു നേഴ്‌സ് റൂമിലേക്ക് വന്നു. കയ്യിൽ കുഞ്ഞുണ്ടായിരുന്നില്ല. അവർ പറഞ്ഞു തുടങ്ങി :

“മോളെ, യൂട്രസിൽ ചെറിയൊരു പ്രോബ്ലം ഉണ്ടായിരുന്നു.. കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു.. പക്ഷേ, കഴിഞ്ഞില്ല..”
അത്രനേരം ശരീരം മാത്രമേ വേദനിച്ചിരുന്നു.. ഇപ്പോൾ മനസ്സും തളർന്നിരിക്കുന്നു.. കണ്ണിലാകെ ഇരുട്ട് നിറഞ്ഞു.. എന്റെ ബോധം നഷ്ട്ടമായി.. കുറച്ചു കഴിഞ്ഞപ്പോൾ പരിസരബോധം വന്നു.. ചുറ്റുമൊന്ന് നിരീക്ഷിച്ചപ്പോൾ എല്ലാവരുടെയും കണ്ണുകളിൽ മഴപെയ്യുന്നതായി കണ്ടു.. എനിക്കാണെങ്കിലാകെ ഭ്രാന്തമായ അവസ്ഥ..

വേദനയുള്ളിൽ കുതിർത്തി നിർത്തിക്കൊണ്ടുമ്മ പറഞ്ഞു :
“മോളെ, പടച്ചോന്റെ പരീക്ഷണല്ലേ.. ക്ഷമിക്ക്.. എല്ലാം ഖൈറാകും..”
എനിക്ക് മറുപടിയൊന്നും കൊടുക്കാൻ കഴിഞ്ഞില്ല. ഉമ്മ പിന്നെയും തുടർന്നു :

“ജനിച്ചയുടനെ മരണപ്പെട്ട കുട്ടികൾ നാളെ പരലോകത്ത് സ്വർഗ്ഗ വാതിൽക്കൽ മാതാപിതാക്കളേയും കാത്തുനിൽക്കും.. ശുപാർശ ചെയ്തു കൊണ്ടുപോകാൻ..”
ഇത്രയും വലിയ പ്രതിഫലത്തിനായി ദുനിയാവിൽ സഹിക്കേണ്ടി വന്ന ത്യാഗത്തിന്റെ വ്യാപ്‌തി തിരിച്ചറിഞ്ഞുകൊണ്ടെന്റെ കണ്ണുകൾ കവിഞ്ഞൊഴുകിക്കൊണ്ടിരുന്നു..

സമയം കടന്നു പോയി.. റാബിയുടെ കുഞ്ഞിനെ ശുശ്രൂഷിക്കുന്ന ഉമ്മയോട് ഞാൻ അടുത്ത് വരുമോ എന്ന് ചോദിച്ചു.
ഉമ്മ കുഞ്ഞിനെ കൊണ്ടടുത്തു വന്നു. ഇനിയൊരിക്കലും എനിക്ക് സ്വന്തമായൊരു കുഞ്ഞുണ്ടാകില്ലെന്ന തിരിച്ചറിവിൽ റാബിയുടെ കുഞ്ഞിന്റെ കവിളിൽ തലോടികൊണ്ട് ഞാൻ വാത്സല്യത്തോടെ വിളിച്ചു :

“കുഞ്ഞാറ്റേ..”

ശുഭം!!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.



1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here