ഇളവരശ്ശി

0
245

കഥ

നയന . ടി. പയ്യന്നൂർ

അനേകം രോഗികളാൽ ശ്വാസംമുട്ടി നിൽക്കുന്ന ആശുപത്രി വരാന്ത, എപ്പോഴൊക്കെയോ ആംബുലൻസുകളുടെ നിർത്താതെയുള്ള നിലവിളിക്ക് മുന്നിൽ കിതയ്ക്കുന്നുണ്ടായിരുന്നു. അസ്വസ്ഥത പടർത്തുന്ന ആ വരാന്തയുടെ ഇടനാഴിയിലേക്ക് ആദികേശവിനേയും തള്ളി കൊണ്ട് വീൽ ചെയർ കറങ്ങുന്നു. ജനറൽ ആശുപത്രിയിലെ ജീവനക്കാരൻ അവനെയും കൂട്ടി ഫാർമസിക്കരികിലേക്ക് ധൃതിയോടെ നടന്നു. അവർക്കൊപ്പം എത്താൻ ഞാനും സച്ചിയേട്ടനും വേഗത കൂട്ടി – ഫാർമസിക്കരികിൽ ആദിയേയും എന്നെയും നിർത്തി സച്ചിയേട്ടൻ ഡോക്ടറുടെ കുറിപ്പുമായി മുന്നിൽ കണ്ട നീണ്ട ക്യൂവിലേക്ക് കടന്നു. ഞാൻ അക്ഷമയോടെ തിരക്കുപിടിച്ച ആൾക്കൂട്ടങ്ങളിലേക്ക് കണ്ണോടിച്ചു. അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിലൂടെ രണ്ടു മുഖങ്ങൾ കടന്നുപോയത് എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. അൻപത് വയസ്സ് തോന്നിക്കുന്ന ഒരു പർദ്ദക്കാരി സ്ത്രീ ഒപ്പമുണ്ടായിരുന്ന യുവതിയേയും വിളിച്ച് തിരക്കിട്ട് ഒ.പി യിലേക്ക് നടന്നകലുന്നു. “എവിടെയോ കണ്ടു മറന്നപോലെ, എനിക്ക് അത്ഭുതം തോന്നി. എത്ര ഓർക്കാൻ ശ്രമിച്ചിട്ടും ആ മുഖങ്ങളുടെ മേൽവിലാസത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. ഒരുകൂട്ടം മനുഷ്യന്മാരെയും കടന്ന് അരമണിക്കൂർ നീണ്ട ക്യൂവിൽ നിന്ന് രക്ഷപ്പെട്ടെത്തിയ സച്ചിയേട്ടന്റെ കയ്യിൽ നിറയെ മരുന്ന് പാക്കറ്റുകൾ ഉണ്ടായിരുന്നു. ഏട്ടൻ ആദിയെ ഒന്ന് നോക്കി. ” ആദിക്കുട്ടാ,ഒരു മാസത്തേക്ക് തിന്നു തീർക്കാൻ മാത്രം ടാബ്ലെറ്റ് ഉണ്ട് കേട്ടോ. നന്നായി റസ്റ്റ് എടുത്താൽ നിനക്ക് കൊള്ളാം. കാല് ശരിയാവാൻ കുറച്ച് സമയം എടുക്കും. കാലിന് നല്ല ഫ്രാക്ചർ ഉണ്ട്. ഇനിയും സൈക്കിൾ കൊണ്ട് സാഹസം കാട്ടിയാല് നല്ല പണി കിട്ടുംട്ടോ”. ഉപദേശം കേട്ടപ്പോൾ പതിനേഴുകാരന്റെ അക്ഷമയെല്ലാം ആദിയുടെ മുഖത്ത് തെളിഞ്ഞു.

കാറിനടുത്തേക്ക് നടക്കുമ്പോഴും എൻ്റെ ഉള്ളിൽ ആ മുഖങ്ങൾ മാത്രമായിരുന്നു. ആശുപത്രി വരാന്തയിൽ മിന്നായം പോലെ തെളിഞ്ഞും മറഞ്ഞും പോയ മുഖങ്ങളെ മനസ്സിലിട്ട് ഞാൻ എഡിറ്റ് ചെയ്തുകൊണ്ടേയിരുന്നു. കാറിനുള്ളിൽ ഇരിക്കുമ്പോഴും സച്ചിയേട്ടന്റെ സംസാരത്തിനൊന്നും ശ്രദ്ധ കൊടുക്കാൻ തോന്നിയില്ല. അനൂ, ഞാനാ പളനിയമ്മാളിനെ വിളിച്ചിരുന്നു. ഒരു മാസത്തേക്ക് അവർ ഉണ്ടാകും കേട്ടോ നമ്മുടെ ആദിയുടെ കാര്യങ്ങള് നോക്കാൻ. മറുപടിയൊന്നും കേൾക്കാത്തതുകൊണ്ടാവണം കണ്ണാടിയിലൂടെ ഏട്ടൻ എത്തി നോക്കിയത്. എടോ, താനീ ലോകത്ത് തന്നെയല്ലേ ? എന്താടോ ഇത്ര നിഗൂഢമായ ചിന്ത? അയാളുടെ കനപ്പെട്ട ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. ഏട്ടൻ എന്തെങ്കിലും പറഞ്ഞോ ? ഞാനങ്ങ് സ്കൂളിലെ കാര്യങ്ങൾ ഓരോന്ന് ഓർത്ത് അങ്ങനെയിരുന്നതാണ്. സച്ചിയേട്ടൻ തിരിച്ച് ഒന്നു മൂളിയെതേ ഉള്ളൂ. ‘ ‘ഓഹ്! അമ്മാ നാളെ നമ്മുടെ പളനിയമ്മ വരുന്ന കാര്യമാ അച്ഛൻ പറഞ്ഞത്. അമ്മയ്ക്ക് ഇനി എന്നെ ഓർത്ത് ലീവ് എടുക്കേണ്ടി വരില്ലല്ലോ “ആദിയുടെ ശബ്ദത്തിലും ഗൗരവം നിറഞ്ഞിരുന്നു. ട്രാഫിക്കിനിടയിൽ കുടുങ്ങി അക്ഷമയോടെ ഇരിക്കുമ്പോഴാണ് സച്ചിയേട്ടന്റെ ഫോൺ റിംഗ് ചെയ്തത്. “ജയരാജ് സാറാണ്. താൻ ഒരു ദിവസം ഓഫീസിൽ നിന്നും മാറി നിന്നാൽ സാറിന് അവിടെ ടെൻഷനാണ്. പഞ്ചായത്ത് സെക്രട്ടറി ആയാലും സാറിന് സച്ചിൻദേവ് എന്ന സീനിയർ ക്ലർക്ക് ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്” സച്ചിയേട്ടൻ ഒറ്റയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്ന കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. പുറത്ത് കനത്ത മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. കാറിന്റെ സൈഡ് ഗ്ലാസിൽ മഴത്തുള്ളികൾ അങ്ങിങ്ങായി അള്ളി പിടിച്ചിട്ടുണ്ട്. അവയ്ക്കിടയിൽ ഞാൻ എന്തൊക്കെയോ കൈവിരൽ കൊണ്ട് എഴുതി ചേർത്തു. മഴയെ ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോഴും മനസ്സിൽ ആ മുഖങ്ങൾ പിന്നെയും തെളിഞ്ഞും മറഞ്ഞും എന്നെ അലോസരപ്പെടുത്തി. നഗരത്തിലെ ട്രാഫിക് കുരുക്കഴിച്ച് വീടെത്തുമ്പോഴേക്കും സന്ധ്യകഴിഞ്ഞിരുന്നു.

ഉച്ചക്ക് സ്കൂളിൽ നിന്നിറങ്ങിയതാണ് താൻ. ആദിക്കിന്ന് അവധിയായിരുന്നുസൈക്കിൾ എടുത്ത് മലയൻകുന്നിലേക്ക് സാഹസം കാണിക്കാൻ ഇറങ്ങിയതാണ് അവനും കൂട്ടുകാരും. വഴിയിൽ വെച്ച് ഒരു കല്ലിൽ തട്ടി അവൻ നിലതെറ്റി താഴെ വീണു. കൂടെയുണ്ടായിരുന്ന അരവിന്ദനും ശങ്കുവും ചേർന്നാണ് ഒരു വിധത്തിൽ ആശുപത്രിയിൽ എത്തിച്ചത്. സച്ചിയേട്ടനെയും വിളിച്ച് താൻ എത്തുമ്പോഴേക്കും കാലിൽ വലിയ ബാൻഡേജും ഇട്ട് പൊതിഞ്ഞു വേദനയോടെ ഇരിക്കുന്നു ആദി. അവനെ തങ്ങളെ ഏൽപ്പിച്ചു ചേട്ടന്റെ വായിൽ ഉള്ളത് മുഴുവൻ കേട്ടിരിക്കാൻ മാത്രം ചങ്കുറപ്പ് ഇല്ലാത്തതുകൊണ്ട് അരവിയും ശങ്കുവും പെട്ടെന്ന് തന്നെ മുങ്ങി കളഞ്ഞു. രാത്രി അത്താഴം കഴിഞ്ഞ ശേഷം ആദിക്ക് ടാബ്ലറ്റുകൾ എടുത്തുകൊടുക്കുമ്പോഴാണ് അവരെ താൻ വീണ്ടും ഓർത്തെടുത്തത്. ആശുപത്രിയിൽ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരു മിന്നായം പോലെ കണ്ട മുഖങ്ങൾ എവിടെയാണാവോ കണ്ടുമറന്നത്. ഉറങ്ങാൻ കിടന്നപ്പോഴും ചിന്തകൾ വിട്ടു മാറിയില്ല . സച്ചിയേട്ടന്റെ കൂർക്കം വലിയും ഭാരിച്ച ചിന്തകളും എന്റെ ഉറക്കത്തെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. വെളുപ്പിന് അടുക്കളയിൽ പാത്രങ്ങളോട് കലഹിക്കുമ്പോഴാണ് താൻ ഇന്ന് നേരത്തെ ഇറങ്ങുന്നുവെന്ന അറിയിപ്പുമായി സച്ചിയേട്ടൻ എത്തിയത്. അനൂ, താൻ പളനിയമ്മാൾ എത്തിക്കഴിഞ്ഞിട്ട് ഇറങ്ങിയാൽ മതീട്ടോ. ഇന്ന് താൻ ബസിനു പൊക്കോ. എനിക്ക് ഓഫീസിൽ ചില തിരക്കുകൾ ഉണ്ട്. ഗ്യാസ് സ്റ്റൗവിൽ തിളച്ചു മറിയുന്ന കടലക്കറിയിലേക്ക് നോക്കിയൊന്ന് ഞാൻ നെടുവീർപ്പെട്ടു. രാവിലെ ഉണ്ടാക്കിവെച്ച പലഹാരം കഴിക്കാൻ പോലും സമയമില്ലാത്ത ഏട്ടനോട് അല്പം നീരസം തോന്നി. പളനിയമ്മ എത്താൻ അല്പം വൈകിയിരുന്നു. ആദിയുടെ മരുന്നും കാര്യങ്ങളും അവരെ ഏൽപ്പിച്ചു. ആദീ, ടാബിന്റെ മുന്നിൽ അധികം ഇരിക്കാതെ എന്തെങ്കിലും വായിക്കണംട്ടോ. അമ്മയുടെ പതിവ് ഉപദേശങ്ങൾക്ക് ചെവി നൽകാതെ ആദി ടാബിലേക്ക് തന്നെ നോക്കിയിരുന്നു. പളനിയമ്മാ… ഞാൻ എത്താൻ വൈകും.. വൈകുന്നേരം സച്ചിയേട്ടൻ എത്തിക്കഴിഞ്ഞാൽ നിങ്ങള് ഇറങ്ങിക്കോളൂ. അവരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴേക്കും സമയം വൈകിയിരുന്നു.

സ്കൂളിൽ എത്തുമ്പോഴേക്കും ഫസ്റ്റ് ബെല്ലടിച്ചിരുന്നു. വൈകി എത്തിയതിന്റെ മുഷിപ്പ് ജോസഫ് സാറിന്റെ മുഖത്ത് കാണാം. അനൂജ ടീച്ചറെ , മോന് എങ്ങനെയുണ്ട് ? ഒപ്പിടുന്നതിനിടയിലാണ് ലാബ് അസിസ്റ്റൻറ് രവിയേട്ടന്റെ ചോദ്യം. അതിൽ അല്പം സമാധാനം തോന്നി. “കാലിന്റെ എല്ല് ഒടിഞ്ഞിട്ടുണ്ട് .ഒന്നര മാസത്തെ റസ്റ്റ് എങ്കിലും വേണ്ടിവരും രവിയേട്ടാ.” ജോസഫ് സാർ കൂടി കേൾക്കാൻ പാകത്തിന് ഉറക്കെ മറുപടി പറഞ്ഞാണ് ഞാൻ ഓഫീസ് വിട്ടത്. സ്റ്റാഫ് റൂമിൽ എത്തുമ്പോൾ പലരും ക്ലാസ്സിലേക്ക് പോയിരുന്നു. രണ്ടാം പിരീഡ് ലാംഗ്വേജ് ക്ലാസ് ആണ്. ഇന്നലത്തെ തിരക്കുകൾക്കിടയിൽ പോർഷൻ ഒന്നും നോക്കാൻ പറ്റിയിട്ടില്ല. പ്ലസ് വൺ ക്ലാസിലെ മലയാളം ടെക്സ്റ്റ് എടുത്തൊന്ന് കണ്ണോടിച്ചു. കുറ്റൂർകോട് സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫർ വിളിച്ചപ്പോൾ യാത്രാസൗകര്യം നോക്കി ചാടി പോന്നതാണ് ഇങ്ങോട്ടേക്ക്. കുട്ടികളെയൊക്കെ പരിചയപ്പെടുന്നതേയുള്ളൂ. കുട്ടികൾക്കിടയിൽ ഇറങ്ങി അവരെ പഠിച്ചെടുക്കാനുള്ള സമയം കിട്ടിയിട്ടില്ല. സുഗതകുമാരി ടീച്ചറിന്റെ കവിതയിലൂടെ ആയിരുന്നു അവർക്കൊപ്പം യാത്ര തുടങ്ങിയത്. ഭാഷാ പഠനത്തോട് വല്ലാത്തൊരു ഇഷ്ടം കാണിക്കുന്ന ഫർഹാൻ മുഹമ്മദ്. പ്ലസ് വൺ ക്ലാസിലെ അവന്റെ മുഖം മാത്രമാണ് ഓർമ്മയിൽ തങ്ങി നിൽക്കുന്നത്. പലപ്പോഴും അവനെ നോക്കിയാണ് എന്റെ ക്ലാസുകൾ മുന്നോട്ട് പോകാറുള്ളത്. രാത്രിമഴയെ നെഞ്ചോട് ചേർത്ത് അവനുറക്കെ ചൊല്ലുമ്പോൾ എവിടെയോ ഒരു നോവ് തൊട്ടറിയുമായിരുന്നു .അതിന്റെ ബാക്കിപത്രം അവന്റെ കണ്ണുകളിൽ തെളിയുന്നത് കാണാം.

പുതിയൊരു ഭാഗം തുടങ്ങുമ്പോഴാണ് തന്റെ കണ്ണുകൾ സെക്കൻഡ് ബെഞ്ചിലേക്ക് എത്തിനോക്കിയതും ഫർഹാന്റെ അസാനിധ്യം ശ്രദ്ധിച്ചതും . അടുത്തിരിക്കുന്ന അനന്തുവിനെ ഒന്ന് നോക്കി. പാച്ചു ഒരാഴ്ചയായി ടീച്ചറെ ക്ലാസിൽ എത്തിയിട്ട്. താൻ ചോദിക്കും മുൻപെ അനന്തു പറഞ്ഞു. ഒരാഴ്ചത്തെ ലീവ് കഴിഞ്ഞ് ഞാൻ ഇന്നലെയാണ് സ്കൂളിൽ എത്തിയത്. ഇന്നലെ ആദിയുടെ പ്രശ്നങ്ങൾക്കിടയിൽപ്പെട്ടത് കൊണ്ട് ഉച്ചയ്ക്ക് സ്കൂളിൽ നിന്നും ഇറങ്ങിയിരുന്നു. ലാസ്റ്റ് പിരീഡാണ് പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിന് ക്ലാസെടുക്കേണ്ടത്. ഫർഹാനെ കുറിച്ച് ആരും പറഞ്ഞതുമില്ല. ബെല്ലടിച്ചപ്പോൾ അനന്തു ഓടി വന്ന് പാച്ചുന്റെ നമ്പർ കുറിച്ചിട്ട ഹിസ്റ്ററി നോട്ട് പുസ്തകത്തിന്റെ പുറംചട്ട എന്റെ നേർക്ക് നീട്ടി. 810606 നമ്പറിൽ അവസാനിക്കുന്ന ലാൻഡ് ലൈൻ നമ്പർ ശ്രദ്ധയോടെ ഡയറിയിൽ എഴുതി ചേർക്കുമ്പോൾ എവിടെയോ പതിഞ്ഞ പോലൊരു ഓർമ്മ എന്നിൽ തികട്ടി വന്നു. ആ നമ്പർ എത്രയോ തവണ ഡയൽ ചെയ്ത പോലൊരു തോന്നൽ. എത്ര ശ്രമിച്ചിട്ടും ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. വൈകുന്നേരം സച്ചിയേട്ടൻ നേരത്തെ എത്തിയിരുന്നു. ആദി ടിവിക്ക് മുന്നിലാണ്. സച്ചിയേട്ടൻ ഫോണിൽ ആരോടോ സംസാരിക്കുന്നു. അവർക്കിടയിലൂടെ അടുക്കളയിലേക്ക് കയറി. ഒരു കട്ടൻ ചായ തിളപ്പിച്ച് കുടിച്ച ശേഷം മുറിയിലേക്ക് ഓടി. നല്ല തലവേദനയുണ്ട്. അൽപനേരമൊന്ന് കിടന്നു. തലേദിവസത്തെ ഉറക്കക്ഷീണം ആവാം അല്പസമയം താൻ ഉറങ്ങിപ്പോയത്. സച്ചിയേട്ടന്റെ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്.

സന്ധ്യ കഴിഞ്ഞിരുന്നു .രാത്രി ഭക്ഷണത്തിനുള്ള ചപ്പാത്തി ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറി . അടുക്കളയിൽ ചിതറിക്കിടക്കുന്നതൊക്കെ ഒതുക്കി വെച്ച ശേഷമാണ് കുളിക്കാനുള്ള സമയം കിട്ടിയത്. എല്ലാ തിരക്കുകളും കഴിഞ്ഞ് നാളത്തെ ക്ലാസിനുള്ള നോട്ട് തയ്യാറാക്കാനുള്ള ശ്രമത്തിനിടയിലാണ് രാവിലെ ഡയറിയിൽ കുത്തിക്കുറിച്ചിട്ട ഫോൺ നമ്പർ കണ്ണിൽ പെട്ടത്. സ്കൂളിലെ തിരക്കിനിടയിൽ മൊബൈലിൽ നമ്പർ സേവ് ചെയ്യാൻ മറന്നിരുന്നു. ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു സ്ത്രീയാണ് അറ്റൻഡ് ചെയ്തത്. ഫർഹാൻ ഇവിടെ ഇല്ല ടീച്ചറെ ഞാനവന്റെ ഉമ്മൂമ്മയാണ്. അവൻ ശെൽവന്റെ തട്ടുകടയിൽ സഹായിക്കാൻ പോയിരിക്കുകയാണ്. എന്റെ കുട്ടിക്ക് പഠിക്കണം. അവനിവിടുന്ന് കഷ്ടപ്പെടുകയാണ് ടീച്ചറെ. ഒരു ഫുൾസ്റ്റോപ്പും ഇല്ലാതെ അവർ എന്തൊക്കെയോ സംസാരിക്കുകയാണ്. അതിനിടയിലും നേർത്ത കരച്ചിൽ കേൾക്കാം. തനിക്ക് ഇതൊക്കെ കേട്ട് വാക്കുകൾ പുറത്തു വരാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ. ഒടുവിൽ ഞാനൊരു ദിവസം അങ്ങോട്ട് വരാം എന്ന് പറഞ്ഞൊപ്പിച്ച് ഫോൺ കട്ട് ചെയ്തു. രാത്രി മുഴുവൻ പാച്ചുവിന്റെ മുഖം ആയിരുന്നു മനസ്സില്. നാളെ എന്തായാലും അവിടെ വരെ ഒന്ന് പോകണം എന്ന് തീരുമാനിച്ചാണ് ഉറങ്ങാൻ കിടന്നത്. സ്കൂളിൽ മൂന്നുമണിക്ക് തുടങ്ങിയ സ്റ്റാഫ് മീറ്റിംഗ് ആണ്. ഗോപൻ മാഷ് അജണ്ടകളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു. ഞാൻ സമയം നോക്കി. ഏതാണ്ട് ഒന്നരമണിക്കൂറോളം ആയി ചർച്ചകളും തീരുമാനങ്ങളും ഒക്കെ ഒന്ന് കരയ്ക്കടുപ്പിക്കാൻ. സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. ധൃതിയോടെ ഇറങ്ങുമ്പോഴാണ് സച്ചിയേട്ടന്റെ വിളി വന്നത് . “പ്ലസ് വൺ പഠിക്കുന്ന ഫർഹാന്റെ വീട് വരെ ഒന്ന് പോകണം. ഞാൻ എത്താൻ വൈകും.”ഫോൺ കട്ട് ചെയ്ത് ഫർഹാന്റെ വീട് ലക്ഷ്യമിട്ട് ഞാൻ നടന്നു.

രാഹുൽ മാഷ്‌ പറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോയി. ദൂരെ നിന്ന് ആ പഴയ കെട്ടിടം കാണാം. ശക്തമായ മഴ പെയ്യാൻ തുടങ്ങിയിരുന്നു. മുന്നിൽ കണ്ട ഇടവഴിയിൽ ആകെ മഴവെള്ളം നിറഞ്ഞൊഴുകുന്നു. ഗൃഹാതുരത്വം നിറഞ്ഞ പഴയ ഓടിട്ട വീട്. മുറ്റം നിറയെ പച്ചപ്പായൽ കെട്ടി എപ്പോൾ വേണമെങ്കിലും തെന്നി വീണേക്കാം. അതിനിടയിൽ അങ്ങിങ്ങായി ഓലക്കഷ്ണങ്ങൾ വിരിച്ചിട്ടുണ്ട്. അതിലേക്ക് ശ്രദ്ധയോടെ ചവിട്ടി . നടക്കല്ലിൽ കുട മടക്കി ചാരിവച്ച ശേഷം ഒറ്റ വരിയിട്ട കുട്ടിച്ചേതിയിലേക്ക് കയറുമ്പോൾ ഉമ്മറത്ത് ഇരുത്തിയിൽ മരത്തൂണും കൈകോർത്ത് കെട്ടിപ്പിടിച്ച് മഴയെ നോക്കി നെടുവീർപ്പെടുന്ന ഫർഹാനെയാണ് ആദ്യം കണ്ടത്. എന്താടോ രാത്രിമഴേ താനീ മഴക്കാലം മുഴുവൻ കരാർ എടുത്തുള്ള ഇരിപ്പാണോ ? ഫർഹാന്റെ മുഖത്ത് അത്ഭുതം തോന്നി. ടീച്ചർ എങ്ങനെ ഇവിടെ ? കുറെ ചോദ്യങ്ങളുമായി അവന്റെ കുഞ്ഞുകണ്ണുകൾ തന്നെ നോക്കി. നട്ടുച്ച നേരങ്ങളിൽ എന്തെങ്കിലും കുത്തിക്കുറിച്ച് എത്തുന്ന പാച്ചുവിനെയാണ് എനിക്ക് ഓർമ്മവന്നത്. ഈ മഴാന്ന് പറഞ്ഞാല് എനിക്കൊരു ആവേശമാണ്. എന്റെ ജീവിതം മുഴുവൻ ഈ മഴ പെയ്ത്തിലുണ്ട് ടീച്ചറെ…അവനത് മുഴുമിപ്പിക്കാതെ കണ്ണും നിറച്ച് ഒരു ഓട്ടം ഉണ്ട് . അപ്പോഴൊക്കെ തിരക്കുകളിൽപ്പെട്ട് അവന്റെ പുറകെ ഓടാൻ ഞാൻ ശ്രമിച്ചിട്ടേ ഇല്ലായിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് പോയി. തലയിൽ ഒന്ന് വെറുതെ തലോടി. തന്നെ സ്കൂളിൽ കാണാതായപ്പോൾ തേടിയിറങ്ങിയതാ പാച്ചു. താൻ സ്കൂൾ ഒക്കെ മറന്നു അല്ലേ ? അതല്ല ടീച്ചറേ, എന്റെ ഉമ്മാക്ക് വയ്യ ,ഉമ്മ എന്നെ എങ്ങോട്ടും വിടുന്നില്ല. എന്നെയും ചേർത്ത് പിടിച്ച് ഇങ്ങനെ ഇരിക്കും. സ്കൂളിൽ വന്നാല് ആരെങ്കിലും കൊണ്ടുപോകുമോ എന്നൊരു ഭയമാണ് ഉമ്മക്ക്. ക്ഷീണത്തിൽ ഉമ്മ ഉറങ്ങുന്ന ഒരു നേരണ്ട്. അപ്പോഴാണ് ഞാൻ ശെൽവണ്ണന്റെ തട്ടുകടയിലേക്ക് ഓടുന്നത്. അവിടെ ഇരുന്നാൽ എന്തെങ്കിലുമൊക്കെ സഹായിക്കും. അണ്ണൻ എന്തെങ്കിലുമൊക്കെ തരും. ഒറ്റ നിൽപ്പിൽ അവൻ്റെ സങ്കടങ്ങളുടെ കെട്ടഴിക്കുമ്പോഴാണ് പുറത്തെ ബഹളം കേട്ട് അവന്റെ ഉമ്മൂമ്മ പുറത്തേക്ക് എത്തിനോക്കിയത്. അവരുടെ പുറകിലായി വെളുത്തു മെലിഞ്ഞ് അലക്ഷ്യമായ കണ്ണുകളുമായി ക്ഷീണിച്ച ഒരു യുവതിയും എത്തി. ആ രണ്ടു മുഖങ്ങളിലേക്കും മാറി മാറി നോക്കിയ താൻ ഞെട്ടിത്തരിച്ചു പോയി.

നാദിറ ഐഷ ഫാത്തിമ, നഫീസുമ്മ. ആ പേരുകൾ അറിയാതെ നാവിൻ തുമ്പിലേക്ക് വന്നു. ഈശ്വരാ ! ഈ രണ്ടുമുഖങ്ങൾ അല്ലേ കഴിഞ്ഞ കുറച്ചു ദിവസമായിട്ട് എൻ്റെ ഉറക്കം കെടുത്തിയത്. ആശുപത്രി വരാന്തയിൽ അന്ന് കണ്ടു മറന്ന മുഖങ്ങളെ വീണ്ടും ഓർത്തെടുത്തു. അനൂജ മോളല്ലേ ? നഫീസുമ്മയുടെ തൊണ്ടയിടറി . അവർ അടുത്തേക്ക് വന്ന് എന്റെ കവിളുകൾ വലിച്ചു നോക്കി ചേർത്തു പിടിച്ചു. ഒന്നും മനസിലാവാതെ പാച്ചു മിഴിച്ചു നിന്നു. ഇടത്താവളങ്ങളിൽ ചേക്കേറിയ രണ്ടു ജീവിതങ്ങൾ വഴിമാറി അകന്നിട്ട് വർഷങ്ങൾ എത്രയായിരിക്കുന്നു. ഓർമ്മകൾക്ക് എപ്പോഴോ വിടവ് വന്നു പോയി. മാറ്റങ്ങൾ ജീവിതത്തെ എവിടെയൊക്കെയോ വലിച്ചു നീട്ടി കൊണ്ടുപോയിരിക്കുന്നു. നാദീ, നീയെന്താ മിഴിച്ചു നിൽക്കണത് എന്നെ മനസ്സിലായില്ലേ. വിങ്ങലോടെയാണ് നാദിയുടെ അടുത്ത് എത്തിയത്. അവളുടെ കണ്ണുകൾക്ക് എന്തെന്നില്ലാത്ത തിളക്കം. എന്തോ ഓർത്തെടുത്ത പോലെ ഒരു ചിരി കാണാം. അനൂജ…. അവളെന്റെ പേര് പറയുന്നത് കേട്ടപ്പോൾ എൻ്റെ ഉള്ള് പിടഞ്ഞു. വർഷങ്ങൾ ഒരുപാട് പുറകിലേക്ക് ഓടി.

ആ കെട്ടിടത്തിലെ 402 ആം വാർഡിലേക്കാണ് ഓടി കിതച്ചെത്തിയത്. അവിടെ താനും നാദിറയും ഒരുമിച്ച് തീർത്ത വേദനകൾ. കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ദിവസങ്ങൾ നിഷേധിക്കപ്പെട്ട കാലം. വിഷാദരോഗം, ചിത്തഭ്രമം അതിനുമപ്പുറം ഭ്രാന്ത് എന്ന് ഉറക്കെ പറഞ്ഞു സമൂഹം കല്ലെറിഞ്ഞ ജീവിതമായിരുന്നു തങ്ങളുടെത്. അവിടെയാണ് രണ്ടു വൈരുദ്ധ്യങ്ങൾക്കിടയിൽ നിന്ന് ഒരേ അനുഭവത്തിന്റെ തീഷ്ണതയിലേക്ക് എത്തിപ്പെട്ടത്. അനൂജ എട്ടാം ക്ലാസിലേക്ക് കടന്നതേയുള്ളൂ. അപ്രതീക്ഷിതമായാണ് കളിക്കൂട്ടുകാരി ആമിന മരണത്തിലേക്ക് വിളിക്കപ്പെട്ടത്. ഒരു വെളുപ്പാൻ കാലത്ത് പനിച്ചുവിറച്ച് ആശുപത്രിയിൽ എത്തിച്ചതാണ് ആമിയെ. അത് യാത്ര പോലും പറയാത്ത ഒരു മടക്കമാണ് എന്നറിഞ്ഞിരുന്നില്ല. ഒന്നും പറയാതെ ആമി പോയപ്പോൾ ആ ശൂന്യത അനൂജയെ വല്ലാതെ തളർത്തി. അസാധാരണമായ സ്വഭാവം. ഉറക്കം നഷ്ടപ്പെട്ട രാത്രികൾ അവളെ ഭയപ്പെടുത്തി തുടങ്ങി. അവളുടെ ഉറക്കം കിട്ടാത്ത രാത്രി ജീവിതത്തോട് അമ്മ ഇളവരശ്ശിയും അച്ഛൻ ഗോപാൽ നായക്കും പൊരുതാൻ തുടങ്ങി. എന്റെ കൊച്ചിന് ഇത് എന്തുപറ്റി ദൈവമേ !. തകർന്നുപോയ മകളെയും കൊണ്ട് അവർ മന്ത്രവാദങ്ങളുടെയും പൂജകളുടെയും പിന്നാലെ ഓടിക്കിതച്ചു. അമുതയും അൻപും ചേച്ചിയെ സങ്കടത്തോടെ നോക്കും. ഇന്നലെ വരെ തങ്ങളോടൊപ്പം കളിച്ചു നടന്ന ചേച്ചിക്കുട്ടിക്ക് എന്തു പറ്റി എന്നറിയാതെ രണ്ടുപേരും മിഴിച്ചു നിൽക്കും .ഉറങ്ങാത്ത രാത്രികൾ അനുജയെ നോക്കി കളിയാക്കി ചിരിക്കുന്നു. ആറുമാസകാലമായി ഇതാണ് പതിവ്. ഇടയ്ക്ക് ശരിയാവുമ്പോൾ അനിയന്റെ കൂടെ പുതിയ സ്കൂളിലെത്തും. ടീച്ചർമാർ അവളെ ചേർത്തു പിടിക്കും ഒരുപാട് സമയം കൂടെയിരിക്കും. എങ്കിലും ക്ലാസ് മുറികൾ അവൾക്ക് ഭയമായിരുന്നു. ആരോടും സംസാരിക്കാതെ ഒരു മൂലയിൽ ഒതുങ്ങിയിരിക്കും. ചിലപ്പോഴൊക്കെ വെറുതെ ചിരിക്കും. എവിടെയെങ്കിലും തളർന്നുവീഴും. അപ്പോഴൊക്കെ ആധിപിടിച്ച് ഇളവരശ്ശി ഓടിയെത്തും. മകളെ ചേർത്തുപിടിച്ച് ഓട്ടോയിൽ കയറുമ്പോൾ അവരുടെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ടാവും. അമ്മയുടെ കരച്ചിൽ കാണുമ്പോൾ പൊട്ടിച്ചിരിക്കും. ”എഴുതാനും വായിക്കാനും പഠിച്ചില്ലേ ഇളവരശ്ശി, ഇനി അതിനെ പഠിക്കാൻ വിടണ്ട”. അയൽ വീട്ടുകാർ അമ്മയെ ഉപദേശിക്കുന്നത് കേട്ടപ്പോൾ അൻപിനും അമുതയ്ക്കും സഹിച്ചില്ല. വീട്ടിൽ അടങ്ങി നിൽക്കാത്ത മകൾ എല്ലാവർക്കും ശല്യമായി തുടങ്ങിയെന്ന് ഇളവരശ്ശിക്കറിയാം. അതിനെ വീടിനുള്ളിൽ അടച്ചിടണം. എന്റെ മക്കൾക്ക് പേടിയാണ് ഒരുമിച്ച് കളിക്കാനും കൂട്ടുകൂടാനും. ഇന്നലെ വരെ ഒരുമിച്ച് കളിച്ചു നടന്നവരൊക്കെ പിന്മാറുന്നു .ഒരു വൈകുന്നേരം അമ്മയെ കാണാതെ പുറത്തിറങ്ങിയ അവളെ കണ്ട് ഒരു പൊടിച്ചെക്കൻ ഉറക്കെ ചോദിച്ചു. അനു ചേച്ചിക്ക് ഭ്രാന്താണ് അല്ലേ ?എൻറെ അമ്മ പറഞ്ഞു ചേച്ചിയോട് കൂട്ടുകൂടണ്ടാന്ന്. അത് കേട്ടവൾ ദേഷ്യത്തോടെ അവനെ പിടിച്ചു വലിച്ചു. അവൻ ഉറക്കെ കരയാൻ തുടങ്ങി. ആ ബഹളത്തിനിടയിലേക്ക് ഇളവരശ്ശി ഓടിയെത്തി. അവളെ കയ്യിൽ കിട്ടിയ വടിയെടുത്ത് പൊതിരെ തല്ലാൻ തുടങ്ങി. അവളെയും വലിച്ച് വീട്ടിലെത്തിച്ച് ഒറ്റ മുറിയിൽ തള്ളി വാതിൽ അടച്ചു. ആ മുറിക്കുള്ളിൽ അവൾ ഉറക്കെ കരയാൻ തുടങ്ങി. ഓരോ ദിവസവും അനുജ ആകെ മാറി. ഗോപാൽ പണിയൊന്നുമില്ലാതെ നെട്ടോട്ടം ഓടുകയാണ്. കടം വാങ്ങിയും മറ്റും ജീവിതത്തെ മുന്നോട്ടു നയിക്കാൻ അവർ പാടുപെടുന്നുണ്ട്. അനുവിന്റെ നില വഷളായി തുടങ്ങി. ഒരിക്കൽ അവളിൽ ഒരു ചെറിയ മാറ്റം കണ്ടപ്പോൾ സ്കൂളിലേക്ക് കൊണ്ടുപോയി. തിരിച്ചുവരുമ്പോൾ വഴികരിയിൽ വെച്ചവൾ മൂത്രമൊഴിക്കാൻ ഇരുന്നു. കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനും മായയും അവൾക്ക് പുതിയ പേരിട്ടു.നമ്പർവൺ Y2K. അവർ ഇടയ്ക്കിടെ അത് പറഞ്ഞു ചിരിക്കും. അന്ന് അനു എടുത്ത ബാഗിന്റെ പേരായിരുന്നു Y2K . അതും ചേർത്ത് തന്റെ ചേച്ചിയെ കളിയാക്കിയതാണെന്ന് പിന്നീടാണ് അൻപിനു മനസ്സിലായത്.

ആറുമാസം കഴിഞ്ഞിട്ടും വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കാത്തപ്പോൾ ഇളവരശ്ശിയുടെ ആങ്ങളയുടെ നിർബന്ധത്തിലാണ് മെഡിക്കൽ കോളേജിലെ പ്രഗൽഭനായ സൈക്കോളജിസ്റ്റ് മോഹൻചന്ദിന്റെ അടുക്കലേക്ക് ഇളവരശ്ശിയും ഗോപാലും എത്തിയത്. ഡോക്ടർ അവളുടെ പ്രശ്നങ്ങളൊക്കെ ശ്രദ്ധയോടെ കേട്ടിരുന്നു. അവളെ സൂക്ഷിച്ചു നോക്കി. ഇളവരശ്ശിയുടെ ദയനീയമായ കണ്ണുകൾ നോക്കി ഡോക്ടർ പറഞ്ഞു ഒത്തിരി വൈകി പോയല്ലോ അമ്മേ ..എന്നാലും തിരിച്ചു പിടിക്കാം നമുക്ക് . മകളെ ഒരു മാസം ഇവിടെ നിർത്താം. ആ കെട്ടിടത്തിലെ 402ആം വാർഡിലേക്ക് മകളെ മാറ്റുമ്പോൾ ഇളവരശ്ശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മാനസികരോഗ വിഭാഗം എന്നെഴുതിയ ബോർഡിലേക്ക് നോക്കിയപ്പോൾ അമ്മയ്ക്ക് മകളുടെ അവസ്ഥയെ ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. അവരുടെ ചങ്ക് പിടഞ്ഞു. വാർഡിനുള്ളിൽ പലതും അവരെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഇളവരശ്ശി മകൾക്ക് ഒപ്പം ഉറക്കമിളച്ച് കൂട്ടു നിന്നു. ഗോപാൽ ഇടക്ക് ഭക്ഷണവും ആവശ്യസാധനങ്ങളും ഒക്കെ എത്തിച്ചുകൊടുക്കും. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് നഫീസുമ്മയും മകളും ആ വാർഡിനുള്ളിലേക്ക് എത്തുന്നത്. അനുവിന്റെ പ്രായത്തിലുള്ള മകളെയും കൂട്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന നഫീസയുടെ അടുത്തേക്ക് ഇളവരശ്ശി ചെന്നു. പരസ്പരം ഷെയർ ചെയ്യാൻ വിധം ബന്ധം മുറുകിയപ്പോൾ മകൾ നാദിയെ കുറിച്ചവർ പറഞ്ഞു തുടങ്ങി. നഫീസയുടെ ഏക മകളാണ് നാദിറ ഐഷ ഫാതിമ.

രണ്ടാനച്ഛന്റെ കാമം മൂത്ത കണ്ണുകളെയാണ് അവൾ ഭയന്നത്. പത്തു വയസ്സുകാരി നാദിറയുടെ കയ്യും പിടിച്ച് അയാളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ, ആദ്യവർഷങ്ങൾ സ്നേഹത്തിന്റെ കടലൊഴുക്കി തന്നെയും മകളെയും നന്നായി നോക്കിയിരുന്നു. സമയം ഒത്തു വന്നപ്പോൾ നാദിയെ അയാൾ മറ്റൊരു കണ്ണാലെ കണ്ടുതുടങ്ങി. അവളെ ഉപദ്രവിക്കാൻ തുടങ്ങി. അവളെ തൊട്ടുരുമ്മിയും ഉമ്മവെച്ചും അവളിൽ വളർന്നുവരുന്ന മാറിടത്തിൽ തലോടിയും അയാൾ ആസ്വദിച്ചു തുടങ്ങി. പതിവ് സംസാരവും കളിയും ചിരിയും ഒക്കെ മകളിൽ നിന്ന് കാണാതായപ്പോഴാണ് നഫീസ എല്ലാം മനസ്സിലാക്കിയത്. അന്നിറങ്ങിപ്പോന്നതാണ് ഞാനും മകളും അയാളുടെ ജീവിതത്തിൽ നിന്ന്. നഫീസ തേങ്ങലോടെ പറഞ്ഞു. മരുന്നിൻറെ ആലസ്യത്തിൽ നിന്നുണർന്ന അനുജ തൻ്റെ ബെഡിന് അരികിൽ ഇരുന്ന് ചിരിക്കുന്ന നാദിറയെ കണ്ട് ചാടി എഴുന്നേറ്റു. “ആമീ …..എന്ന് ഉറക്കെ വിളിച്ചവൾ നാദിയെ പിടിച്ചുവലിച്ചു. തന്നിൽ നിന്ന് അടർന്നുപോയ കളിച്ചങ്ങാതി ആമിനയാണെന്ന തോന്നലിൽ അവളെല്ലാം മറന്ന് ആക്രമിക്കാൻ തുടങ്ങുമ്പോഴേക്കും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ഓടിയെത്തി. അനുജയെ ബെഡിനോട് ചേർത്ത് കെട്ടിയിട്ടു. അവൾ എന്തൊക്കെയോ പിറുപിറുക്കുന്നത് കേൾക്കാം. അവൾ ഒന്ന് ശാന്തമാകാൻ ഒരു ഇഞ്ചക്ഷൻ കൂടി നൽകി. മകളുടെ ഈ അവസ്ഥ കാണാൻ ആരും സന്ദർശകരായി എത്തല്ലേ എന്ന് ഇളവരശ്ശി ഉള്ളാലെ ആഗ്രഹിച്ചു. ആദ്യ ദിവസങ്ങളിലെ അസ്വസ്ഥതയൊന്നും അനൂജയ്ക്ക് പിന്നീട് ഉണ്ടായില്ല. ഇടയ്ക്ക് എപ്പോഴോ നാദിറയും അവളും ചങ്ങാതിമാരായി മാറി. നാദി അനൂജയോട് നന്നായി സംസാരിക്കാൻ തുടങ്ങി. കിലുകിലെയുള്ള നാദിയുടെ ചിരി കാണാൻ നല്ല രസമാണ് . വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി, വയലറ്റ് നിറമുള്ള നെറ്റ് ഉടുപ്പിട്ട്, അതിനൊരു തട്ടവുമിട്ട് ആ വാർഡിൽ നിറയെ അനൂജയുടെ കൈയും പിടിച്ച് ഓടി നടക്കുന്ന കാഴ്ച ആ വാർഡിലെ മറ്റു രോഗികൾക്കെല്ലാം ആശ്വാസമായിരുന്നു. രണ്ടു ദേശത്തുനിന്ന് എത്തിയ ആ രണ്ടു പെൺകുട്ടികൾ, മാനസികമായി ഒരേ പ്രശ്നത്തിലൂടെ കടന്നുപോയി വിഷാദത്തോട് കലഹിക്കുന്ന ആ കുട്ടികൾ, വാർഡിനുള്ളിൽ ഒച്ചപ്പാട് ഉണ്ടാക്കി ഒപ്പമുള്ള അനേകം രോഗികളെ ഉണർത്തി. നാദിയുടെ ഉപ്പൂപ്പ കൊണ്ടുവരുന്ന നെയ്‌ച്ചോറും കോഴിക്കറിയും പാതി നൽകി നഫീസുമ്മ അനുവിനെയും ഊട്ടി. ഒരു കുടുംബത്തെ പോലെ അവർ അനേക ദിവസങ്ങൾ വാർഡിനുള്ളിൽ ജീവിച്ചു. ഡോക്ടർ മോഹൻചന്ദിന്റെ പ്രിയപ്പെട്ടവരായി മാറിയിരുന്നു ആ കുട്ടികൾ. ഒരിക്കൽ ഡോക്ടർ റൗണ്ട്സിനെത്തിയപ്പോൾ അനു ഉറക്കെ ചോദിച്ചു. എന്താ ഡോക്ടറെ SSLC യുടെ ഫുൾഫോം ? വേഗം പറഞ്ഞോ. തെല്ല് ഗൗരവത്തോടെയാണ് അനൂജയുടെ ചോദ്യം. സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ്.. നാളെ എത്തിയാൽ ഡോക്ടറങ്കിളിനോട് വീണ്ടും ചോദിക്കും ട്ടോ. മോഹൻ സാർ ചിരിയോടെ അവളുടെ പുറത്ത് ഒന്ന് തട്ടി. കേട്ടോ അമ്മാ, മോള് തിരിച്ചു വരും. അവളു മിടുക്കി കുട്ടിയാണ്. വലിയ ആളാവും. അവൾ നോർമലായി തുടങ്ങിയിരിക്കുന്നു. ഡോക്ടർ കടന്നു പോയപ്പോൾ ഇളവരശ്ശിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. മകളുടെ മാറ്റത്തിൽ അവർ ആശ്വസിച്ചു.

നാദിയും അനൂജയും ഒരുപാട് മാറിയിരിക്കുന്നു. ദിവസവും ഒരുപാട് മരുന്നുകൾ തിന്നു തീർക്കുന്നുണ്ടെങ്കിലും അതിന്റെ ആലസ്യം മാത്രമേ ഇപ്പോൾ ഉള്ളൂ. പഴയ പോലെ ആലോചന ഇല്ല , ഉറക്കക്കുറവില്ല അക്രമവാസന ഇല്ല എല്ലാവരെയും തിരിച്ചറിയുന്നുണ്ട്. ഒന്നരമാസത്തെ ആശുപത്രി വാസത്തിനുശേഷം നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് അറിയിപ്പുമായി ഷെല്ലി സിസ്റ്റർ വന്നപ്പോൾ ഇളവരശ്ശിക്ക് വല്ലാത്തൊരു സമാധാനം തോന്നി. വീട്ടിൽ അച്ഛനും മക്കളും തനിച്ചാണല്ലോ. അൻപിനേയും അമുതയേയും പൂർണമായും മറന്ന പോലെയാണ്. ഇനി അവരെ ശ്രദ്ധിക്കാമല്ലോ. അവർ ആശ്വസിച്ചു. എവിടെ നിന്നൊക്കെയോ കടം വാങ്ങി ഒപ്പിച്ചാണ് ഗോപാൽ നായക്ക് ബില്ല് അടക്കാൻ ഓടിയെത്തിയത്. ഡിസ്ചാർജ് ഷീറ്റുമായി വാർഡിൽ എത്തുമ്പോൾ അനുവും നാദിയും കരച്ചിൽ തുടങ്ങിയിരുന്നു. എപ്പോഴെങ്കിലും വീണ്ടും കാണാമെന്നു പറഞ്ഞ് ഇളവരശ്ശിയും കുടുംബവും നഫീസുമ്മയോടും നാദിയോടും യാത്ര പറഞ്ഞിറങ്ങി. നാദിയോട് കൈവീശി കാണിച്ച് അനൂജ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് മുന്നോട്ട് നടന്നു. അവൾ നടന്നകലുന്നതും നോക്കി വാർഡിന് പുറത്ത് കണ്ണും നിറച്ച് നാദിയും ഉമ്മയും നിൽക്കുന്ന കാഴ്ച എല്ലാവരെയും സങ്കടപ്പെടുത്തി.

പിന്നെയും വർഷങ്ങളോളം മരുന്നുകൾക്കൊപ്പം ആയിരുന്നു അനുജ. മരുന്നുകളുടെ ആലസ്യവും പേറി ഓരോ വിദ്യാഭ്യാസഘട്ടവും അവൾ പൂർത്തിയാക്കി. ഒടുവിൽ മരുന്നുകളുടെ ആവശ്യമില്ലെന്ന് ഡോക്ടർ മോഹൻചന്ദ് ഉറപ്പ് നൽകിയതോടെ ആശുപത്രി വരാന്തകൾ തേടിയുള്ള യാത്ര അവസാനിപ്പിച്ചു. ഇപ്പോഴും അവൾ ആ വഴിയിലൂടെ പോകുമ്പോൾ ഒന്ന് എത്തി നോക്കും. ആകാശംമുട്ടെ വളർന്നുനിൽക്കുന്ന ആശുപത്രി കെട്ടിടത്തിലെ 402ആം നമ്പർ വാർഡിലേക്ക്… വഴിയാത്രകളിൽ അവൾ കണ്ടുവെച്ച മരത്തൈയ്കളൊക്കെ വളർന്നു വലുതായി കഴിഞ്ഞിരുന്നു. അവളുടെ വിഷാദപ്പെരുമഴയുടെ വയസ്സ് ഉണ്ടതിനെന്ന് ഉള്ളാലെ പറഞ്ഞു നെടുവീർപ്പിടും. അനുമോളെ ,സുഖല്ലേ എൻ്റെ കുട്ടിക്ക് ? നഫീസുമ്മയുടെ ചോദ്യങ്ങളിലാണ് താൻ ഉണർന്നത്. ആഹ്!ഉമ്മാ എന്റെ മനസ്സിപ്പോൾ ആ പഴയ 402 ആം വാർഡിനുള്ളിൽ തങ്ങി നിൽക്കുകയായിരുന്നു. ഞാനൊരു നെടുവീർപ്പോടെ പറഞ്ഞു. എന്റെ നാദിയെ കണ്ടോ, അവൾ സുഖമായി വന്നതാ മോളെ. പക്ഷേ കഴിഞ്ഞവർഷം പാച്ചുന്റെ ഉപ്പയെ പടച്ചോൻ കൊണ്ട് പോയി. അങ്ങ് ദുബായിൽ ഓൻ ഒരു കാർ അപകടത്തിൽപ്പെട്ടതാ. അതിൽ പിന്നെ എൻ്റെ മോള് …..നഫീസുമ്മയുടെ തൊണ്ടയിടറി. വാക്കുകൾ പുറത്തെത്തിയില്ല. എന്ത് പറയണമെന്നറിയാതെ ഞാൻ നാദിയുടെ കൈകളിൽ അള്ളിപ്പിടിച്ചു. വല്ലാത്തൊരു ആത്മസംഘർഷം. മനസ്സ് പിടിവിട്ട പോലെ വർഷങ്ങൾക്കിപ്പുറം താൻ തേടിപ്പിടിച്ച നാദിറ ഐഷ ഫാതിമ, അവളുടെ ഇപ്പോഴത്തെ നിലയോർത്ത് ഹൃദയം നോവുന്നു. വീണ്ടും വരാം എന്നറിയിച്ച് അവരെ തനിച്ചാക്കി പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ മനസ്സ് കലങ്ങിയിരുന്നു. ഇടവഴിയിൽ ഒഴുകുന്ന മഴ വെള്ളത്തിൽ തന്റെ കണ്ണീരും കിനിഞ്ഞിറങ്ങി. തിരിച്ചു പറക്കണം വീണ്ടും ഇവിടെ. നാദിറയുടെ കൈവിട്ടുപോയ മനസ്സിനെ തിരിച്ചുപിടിക്കണം. പാച്ചുവിനെ വീണ്ടും സ്കൂളിലേക്ക് എത്തിക്കണം . പലതും ചിന്തിച്ച് മുന്നോട്ട് നടന്ന ഞാൻ ആ പെരുമഴയത്ത് എത്രയും വേഗത്തിൽ വീടണയാൻ കൊതിച്ചു. വർഷങ്ങൾക്കിപ്പുറത്ത് പലതും ഓർമ്മപ്പെടുത്തുന്നു. വിഷാദത്തിന്റെ മഴപ്പെയ്ത്തിൽ നനഞ്ഞുകുതിർന്ന്, കടലോളം ക്ഷമ കാട്ടി, തന്നെ താൻ ആക്കി മാറ്റിയ ഇളവരശ്ശി എന്ന അമ്മപ്പുതപ്പിനെ വാരിപ്പുണരാൻ കൊതിച്ചുകൊണ്ട് ഞാനാ മഴയത്ത് ധൃതിയോടെ നടന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here