ഞാനും ഒരു ഷെർലോക്

0
958

കഥ

ജീവൻലാൽ

തലേദിവസം രാത്രിയാണ് ഫോൺ വന്നത്. “നാളെ നീ കൂടെ വരണം എന്റെ കൂടെ കണ്ണൂർക്ക്. ഒരു ക്യാമ്പസ് പ്രസംഗമുണ്ട്. വന്നാൽ ലൈഫ് കുറച്ചുനേരം കളർഫുൾ ആക്കാം. വിമൻസ് കോളേജ് ആണ്. ”
മറുതലക്കൽ ഒരു പ്രമുഖ സാഹിത്യ ഗഡി ആണ്. ഒരു ഒന്നൊന്നര മുതല്. എപ്പോഴും ശുണ്ഠി, ആരോടും തട്ടിക്കയറൽ, തറുതല പറച്ചിൽ, വഴക്കിടൽ , പിണങ്ങിപ്പോകൽ ഇതൊക്കെയാണ് ഹോബി. പക്ഷെ ഒരു ദിവസത്തിൽ കൂടുതൽ ഇതൊന്നും നിൽക്കില്ല. പിറ്റേന്ന് ഈ പിണങ്ങിയ എല്ലാവരും അതെ സദസ്സിൽ ഒത്തുകൂടി വീണ്ടും പിണങ്ങും.
ചിരിച്ചാലോ… പുള്ളി ലോകം പിളർത്തും പോലെ ചിരിച്ചു മരിക്കും. ചിരിച്ചു കണ്ണൊക്കെ നിറഞ്ഞു ഉമിനീർ വിക്കി ചുമച്ചു അവസാനിക്കുന്ന ചിരി.

പേർസണൽ കാര്യം ചോദിച്ചാൽ ഒന്നിനും കൃത്യമായ ഉത്തരം പറയില്ല മാത്രമല്ല വല്ല അൺ സാഹിത്യ ഭാഷയിൽ കലർന്ന മറുപടി ഉറപ്പ് . ആകെ ഒരു മിസ്ടറി ആണ്.
ഒരിക്കൽ അച്ഛനെക്കുറിച്ചു ചോദിച്ചു.
” അപ്പൻ ചത്തുപോയടാ ” ഒരു ടോട്ടൽ പുച്ഛരസ മിശ്രിത റിപ്ലൈ .
പിന്നെ എപ്പോഴോ ചോദിച്ചു
” അമ്മ എവിടെയാ?”
അതിനു കുറച്ചു സൗമ്യമായ മറുപടി വന്നു.
“അമ്മ എന്റെ കൂടെ ഇപ്പൊ ഇവിടെ… ഇടക്ക് തറവാട്ടിലും… വടകര ആണ് തറവാട് ”

ഇടക്ക് അമ്മയോടും വഴക്കിടും. അമ്മ കോഴിക്കോടിന്നു നേരെ വടകരക്കു വിടും. ഈ കാര്യങ്ങൾ ഒക്കെ എന്റെ ഉള്ളിലെ ഷെർലോക് ഹോംസ് മനസ്സിലാക്കി.
ഇടക്ക് തിന്നത് ഏഴാമത്തെ റിബ്‌സിൽ കുത്തിയപ്പോ എപ്പോഴോ ഞാൻ വീണ്ടും ചോദിച്ചു
” ഭാര്യാ …..?”
ഭീകര പുച്ഛ മുഖത്തോടെ റിപ്ലൈ വന്നു.
“ഏത് ഭാര്യ… ഓള് ചത്തുപോയടാ ”

ഫോൺ കട്ട് ചെയ്യും മുൻപ് പറഞ്ഞു ” നാളെ രാവിലെ ആറരക്ക് കാർ അയക്കാം. രണ്ടു മണിക്ക് പ്രോഗ്രാം. ആ കയ്യിലുള്ള സാധനം കൂടി എടുത്തോ. ബ്രേക്ഫാസ്റ്റ് അമ്മേടെ അടുത്തുന്നു തറവാട്ടിൽ ഇറങ്ങി കഴിക്കാം. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. ”



എന്റെയുള്ളിലെ ഹോംസ് ഉണർന്നപ്പോ അളകാപുരിയിലെ (hotel) സ്ഥിരം പ്രേക്ഷകനോട് അന്വേഷിച്ചപ്പോൾ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും എന്നും അടിനാശം വെള്ളപ്പൊക്കം ആണെന്നും ബിബിസി റിപ്പോർട്ടർ പറഞ്ഞു. പക്ഷെ അച്ഛന്റെ കാര്യം റിപോർട്ടർക്കു വ്യക്തമല്ല. എന്റെ ഉള്ളിലെ ഹോംസ് ഉറപ്പിച്ചു , അപ്പോൾ അച്ഛനും ജീവിച്ചിരിപ്പൂണ്ട് . സാഹിത്യന് വേണ്ടാത്തതും ദേഷ്യമുള്ളവരും പുള്ളിടെ സംസാര ഭാഷയിൽ ” ചത്തുപോയടാ ” എന്ന റീസൈക്കിൾ ബിന്നിലോട്ടു വലിച്ചിടും. സംഗതി ഉറപ്പിച്ചു.

രാവിലെ കുളികഴിഞ്ഞു വന്നപ്പോഴേ ഫോൺ അടിക്കുന്നു. റിസപ്ഷൻ ആണ് ലൈനിൽ.
” സർ കാർ വന്നിട്ടുണ്ട് ”
ഡ്രൈവറും ഞാനും അണ്ടിയാപ്പീസിലെ സയറൺ പോലെ കൃത്യം ആറരക്ക് റെഡി. മഴ ചിനുമിനാ പെയ്യുന്നു. വണ്ടി നമ്മളെയും കൊണ്ട് വടക്കോട്ടു പാഞ്ഞു. സാഹിത്യൻ പ്രസംഗിക്കാനുള്ള സബ്ജക്ട് ഏതോ ബുക്കിൽ പരതി. ഞാൻ മഴയിൽ ലയിച്ചു. ഒരുമണിക്കൂറോളം യാത്ര നടത്തി ഒരു ചെറിയ കവലയിൽ വണ്ടി എത്തി.
സാഹിത്യൻ എന്നെ രഹസ്യമായി തോണ്ടി

” മറ്റത് എവിടെ ?”
“ഈ കൊച്ചു വെളുപ്പാൻ കാലത്തോ ? വേണോ ?”
” വേണം ..മഴയല്ലേടാ..”
“ടച്ചിങ്‌സ്നു ഉപ്പു വേണം .. ടെക്വില ആണ് ”
“ഷക്കീല എങ്കിൽ ഷക്കീല.. അടുത്ത കടയിൽ നിർത്തെടാ വണ്ടി .. ”



ഡ്രൈവർ ഇറങ്ങി കടയിൽ കയറി ഒരു പാക്കറ്റ് ഉപ്പുമായി വന്നു. ഒരു അരകിലോയുടെ ഉപ്പു പാക്കറ്റ് !!!!
എന്റെ കിളി പറന്നു ഉപ്പു കണ്ട്.
വണ്ടി കൊളാവിപാലം കടൽ തീരത്തു നിർത്തി. ആമകളെയും മയ്യഴി പുഴയുടെ വെള്ളിയാൻ കല്ലും സാക്ഷിനിർത്തി എണ്ണിപറഞ്ഞു അഞ്ചെണ്ണം തൊണ്ട പിളർത്തി കടന്നു പോക്കി.
വെള്ളിയാങ്കല്ലിലെ തുമ്പികൾ മുഴുവനും നമ്മുടെ തലക്കു ചുറ്റും മൂളി പറന്നു ( കൊളാവിപാലം ആണ് നമ്മുടെ ഒരേ ഒരു കടലാമ സംരക്ഷണ കേന്ദ്രം. പി എസ് സി ഇനിയും എഴുതുന്നവർക്കു ഡെഡിക്കേറ്റിങ്…)

(എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലെ വെള്ളിയാങ്കല്ലു ഇവിടെ നിന്ന് നോക്കിയാൽ കടലിൽ അങ്ങ് ദൂരെ കാണാം )
വണ്ടി വീണ്ടും ഓടി എവിടെയോ എത്തി. സാഹിത്യൻ ഡ്രൈവറോട് ആക്രോശിച്ചു. (വേറെ മലയാള വാക്കു കിട്ടുന്നില്ല. )
“ഡാ … വലത്തോട്ട് …” അയാൾ അനുസരണയോടെ വലത്തോട്ട്.
കുറച്ചു പോയപ്പോ വീണ്ടും അതേ ശൈലിയിൽ
“ഛെ !! തിരിച്ചു പോ …. വഴി തെറ്റി …”
ഡ്രൈവർ വണ്ടി തിരിച്ചു.
തറവാടി ബ്രേക്ഫാസ്റ്റ് ഓർത്തു വയർ കുറച്ചുകൂടി വിശന്നു. എന്നാലും വായിൽ ഇരുന്ന ഒരു ഡൈമൺ ഒൻപതു ഞാനിറക്കി.
” കള്ളും കുടിച്ചിട്ട് സ്വന്തം വീട്ടിലേക്കുള്ള വഴിയും മറന്നോ മാഷെ ?”
ഒൻപതിനെ വെട്ടിക്കൊണ്ടു റിപ്ലൈ വന്നു.
” നീ ചെലയ്ക്കാണ്ട് മിണ്ടാതെ അവിടെ ഇരുന്നോ…”
തിരിച്ചുവിട്ടവണ്ടി അടുത്ത ഒരു ‘വലത്തോട്ട് ‘ശബ്ദം കേട്ട് ഇൻഡിക്കേറ്റർ ഇട്ടു തിരിഞ്ഞു.

വലിയ ഒരു തറവാട്ട് മുറ്റത്ത് വണ്ടി നിന്നു. പഴയ പ്രതാപകാലം വിളിച്ചു പറയുന്ന ഒരു കൂറ്റൻ രണ്ടു നില ഓട് മേഞ്ഞ കെട്ടിടം. നീളത്തിൽ ഉള്ള വരാന്ത ..
മനസ്സിൽ പറയാതെ പറഞ്ഞു .. സാഹിത്യൻ പഴയ തറവാടി തന്നെയാണ്.



നമ്മൾ ചെന്നപാടെ കാണുന്നത് ഒരു തൊണ്ണൂറു വയസ്സെങ്കിലും വരുന്ന അപ്പൂപ്പനെ രണ്ടുപേർ ചേർന്ന് പിടിച്ചു കൊണ്ടുവന്നു പതുക്കെ ഒരു ചാരുകസേരയിൽ ഇരുത്തുന്നു.
സാഹിത്യനെ ഞാൻ തോണ്ടി. ചെവി കടിച്ചുകൊണ്ട് ചോദിച്ചു.
“അച്ഛനാണ് അല്ലെ ? മരിച്ചുപോയെന്നു കള്ളം പറഞ്ഞതാ അല്ലെ.?”
കീഴ്ച്ചുണ്ടു മേൽപ്പല്ലുവെച്ചു കടിച്ചുകൊണ്ട് ഞാൻ സാഹിത്യനെ നോക്കി.
സാഹിത്യൻ ഗണപതി ലോകം ചുറ്റാൻ എടുത്ത ഷോർട്ട്കട്ട് പോലെ വലതു ചെവിയിൽ നിന്നും ഇടതു ചെവി ലക്ഷ്യമാക്കി വന്നു അച്ചടി ഭാഷയിൽ ഇല്ലാത്ത എന്തോ ഒന്ന് പറഞ്ഞു എന്നെ നിശ്ശബ്ദനാക്കി.
നിശബ്ദൻ ആക്കുന്തോറും എന്റെ ഷെർലോക് ഉണരാൻ തുടങ്ങും. അവിടെ ഒരു വേലക്കാരി ഒഴിച്ച് ഒരു സ്ത്രീയെയും കാണാൻ ഇല്ല.
അടുത്ത ക്ലാവർ പത്തു ഞാൻ ഇറക്കി.
” അച്ഛനും അമ്മയും സെപ്പറേറ്റ് ആണല്ലേ? ”
കീഴ്ച്ചുണ്ടു മേൽപല്ലു കൊണ്ട് വീണ്ടും ഞാൻ കടിച്ചു ചിരിച്ചു സാഹിത്യനെ നോക്കി. സാഹിത്യൻ ചിരി പിടിച്ചു നിർത്താൻ പാടുപെട്ടു വീണ്ടും എന്റെ ഇടതു ചെവിയിൽ ഷോർട്ട് ഹാൻഡ് ൽ പോലും എഴുതാൻ പറ്റാത്ത ഷോർട്ട് ആയ എന്തോ പറഞ്ഞു. ക്ലാവർ പത്തും വെട്ടി.

ഹോംസിനെ ഞാൻ ഉറയിൽ ഇട്ടു. എന്ത് കുന്തമെങ്കിലും ആവട്ടെ ! ‘ഷക്കീല ‘ഡാൻസ് തുടങ്ങിയിട്ട് സ്റ്റേജ് താങ്ങുന്നില്ല . ‘ ബ്രേക്ക് ഫാസ്റ്റ് ആണ് വയറിന്റെ ഐശ്വര്യം ‘എന്ന ബോർഡ് തൂക്കി അപ്പൂപ്പന്റെ സൈഡിൽ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. അപ്പൂപ്പൻ ഇരുന്ന നടുത്തളം ചുറ്റിനും മരം കൊണ്ട് ഉണ്ടാക്കിയ അലമാരകൾ. അത് നിറച്ചും പൊടി പിടിച്ചതും പിടിക്കാത്തതും തിളക്കമുള്ളതും ഇല്ലാത്തതും ആയ ട്രോഫികളും ഫലഹങ്ങളും. ചുവര് കാണാത്ത വിധം ഇവ കൊണ്ട് വലിയ ആ മുറി നിറച്ചിരിക്കുന്നു.
ക്ലാവർ ജാക്ക് എടുക്കാൻ ഞാൻ വെമ്പി… പക്ഷെ എടുത്തില്ല. ഹോംസ് എന്നാലും മനസ്സിൽ പറഞ്ഞു.
‘അപ്പൊ അച്ഛൻ സ്പോർട്സ് താരമാണ്. ‘
എന്നാലും നിങൾ ഈ മനുഷ്യനാണോ ചത്തുപോയി എന്ന് പറഞ്ഞത് ? കഷ്ട്ടം !!’
‘എന്നാലും എന്തായിരിക്കും ഐറ്റം ? മനസ്സിൽ പോൾവാൾട്ടും ഹുസൈൻ ബോൾട്ടും എല്ലാം മിന്നി മറഞ്ഞു.
ഓ ചിലപ്പോ പുള്ളിക്ക് ട്രോഫി വിൽക്കുന്ന ഷോപ്… യെസ്… കുറച്ചു കഴിഞ്ഞു വീണ്ടും ഒരു നോ … ഷെർലോക് ഒരു തീരുമാനത്തിൽ എത്തുന്നില്ല.
ഇത്രയും ട്രോഫി വാങ്ങിച്ച ഞാൻ അറിയാത്ത ഒരു സ്പോർട്സ് താരമോ ?!!!!



എന്റെ സീറ്റിനു അടുത്തുള്ള അലമാര ഞാൻ ഭൂതക്കണ്ണാടി വെച്ച് അടുത്ത് ചെന്ന് നോക്കി.

നീലക്കുയിൽ 100 ആം ദിവസം 1954
കൃഷ്ണകുചേല 100 ആം ദിവസം 1961
കള്ളിച്ചെല്ലമ്മ 100 ആം ദിവസം 1969
കടത്തനാടൻ ആമ്പാടി 100 ആം ദിവസം 1990
ഇമ്മാതിരി ഒരു ആയിരം എണ്ണം.
ഇപ്പൊ ക്ലാവർ ജാക് ഇറക്കിയില്ലെങ്കിൽ…
ഞാൻ സടകുടഞ്ഞു ഇരുന്നിടത്തു തന്നെ ഇരുന്നു.
അപ്പൂപ്പൻ വേറെ ആരോടോ സംസാരിക്കുന്നതിനിടയിൽ സാഹിത്യനെ ഞാൻ വലിച്ചടുപ്പിച്ചു
ക്ലാവർ ജാക്ക് മലർത്തി അടിച്ചു.
” അച്ഛൻ സിനിമ സംവിധായകൻ ആണല്ലേ ?
കീഴ്ച്ചുണ്ടു വീണ്ടും ഞാൻ…

കഥ ബാക്കി എഴുതാൻ മനസ്സും ശരീരവും അനുവദിക്കുന്നില്ല ..

(കണ്ണൂർക്ക് പോകുന്ന വഴി അമ്മയെ കാണാൻ തറവാട്ടിൽ ഇറങ്ങുന്നതിനു മുൻപ് സാഹിത്യനു ഒരു ഉൾവിളി ഉണ്ടായി ..
തലേ ദിവസം പദ്മശ്രീ കിട്ടിയ കെ. രാഘവൻ മാഷിനെ ഒന്ന് കേറി കണ്ടിട്ട് പോകാം എന്ന് .
എനിക്കാണെങ്കിൽ പുള്ളിയെ നേരിട്ട് കണ്ടുള്ള പരിചയമില്ലല്ലോ. പോരാത്തതിന് ടീവി യിൽ കാണുമ്പോ നല്ല കറുത്ത വെപ്പ് മുടി വെച്ച മാഷല്ലേ.
അതുകൊണ്ടാ ഷെർലോക്കിനു മനസിലാകാത്തെ… ക്ഷമിക്കൂ…)



LEAVE A REPLY

Please enter your comment!
Please enter your name here