കാത്തിരിപ്പ്

0
272

(കഥ)

ചെറിയാന്‍ കെ ജോസഫ്

പുല്‍ക്കൊടിത്തുമ്പില്‍ ഇളവെയിലില്‍ തിളങ്ങിയ തുഷാര ബിന്ദുവിനു ചുറ്റും തുമ്പി പാറി. അവനതില്‍ മൂക്കു മുട്ടിച്ചു കുടിക്കുമോ? ജ്വാല നോക്കിനിന്നു. വേലിക്കരുകില്‍ നിരത്തില്‍ കാണുമെന്നല്ലേ അവന്‍ പറഞ്ഞത്. ആരേയും കാണുന്നില്ലാലോ. ഇനി വരാതിരിക്കുമോ? മലമുകളില്‍ നിന്നും വീശിയ കുളിര്‍ കാറ്റില്‍ അവന്റെ സുഗന്ധം. തെങ്ങോലകളില്‍ കലപില ചിലച്ച കുഞ്ഞിക്കിളികളില്‍ അവന്റെ ശബ്ദം. കാറ്റില്‍ കൂറ്റന്‍ പുളിമരത്തില്‍ നിന്നു ദേഹത്തും മുടിയിഴകളിലും പൊഴിഞ്ഞ ഇലകളില്‍ അവന്റെ തലോടലിന്റെ നിര്‍വൃതി.

‘എടി ജ്വാലേ, എടിയേ’ അമ്മ വിളിക്കുന്നു. ഓടി ചെന്നു.

‘നീയാ പ്രവീണയുടെ അടുത്തുനിന്നു കുറച്ചു ചായപ്പൊടി വാങ്ങി വാ’. അച്ഛനു ചായ എടുക്കാന്‍ നേരത്താ ഓര്‍ത്തത്. ഇന്നലെ മാളില്‍ നിന്നു എടുക്കാന്‍ വിട്ടു. പ്രവീണേടത്തിയുടെ വീട്ടില്‍ പോകുമ്പോഴും അവനെ നോക്കി. ഇല്ലാ , നിരത്തില്‍ കുറേ ഇളവെയില്‍ തുണ്ടുകള്‍ മാത്രം!

അച്ഛന്‍ ഓഫീസിലേക്കു ഇറങ്ങിയപ്പോള്‍ തന്നെ സ്‌കൂട്ടറിലേറി. അവന്‍ ചിലപ്പോള്‍ കോളേജ് ഗേറ്റില്‍ കാത്തുനില്‍പ്പുണ്ടാവാം. പപ്പേട്ടന്റെ മാടപ്പീടികയ്ക്കു മുന്‍പില്‍ വണ്ടി നിര്‍ത്തി. ഇന്നു നിരത്തില്‍ നിന്നു മെയിന്‍ റോഡില്‍ കടക്കാന്‍ ആവുന്നില്ല. നല്ല തിരക്കു തന്നെ. പപ്പേട്ടന്റെ ആര്‍ത്തിപ്പിടിച്ച കണ്ണുകള്‍ ശരീരത്തില്‍ ചുറ്റിവരിയുന്നത് അറിഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിപൊട്ടി. പാവം കിഴവന്‍!

‘മോളിന്നു നേരത്തേയാണല്ലോ’
അയാളുടെ ലോഹ്യത്തിനു മറുപടി പറയാന്‍ സമയമില്ല. വണ്ടി മെയിന്‍ റോഡ് പിടിക്കാന്‍ സാവകാശം കിട്ടിയപ്പോളൊരു ലോഹ്യം!

കോളേജുഗേറ്റ് കടന്നപ്പോഴും അറിയാതെ മിഴികള്‍ പരതിക്കൊണ്ടേയിരുന്നു. എവിടെയുമില്ലാലോ. സ്‌കൂട്ടര്‍ സ്റ്റാന്‍ഡില്‍ വെച്ചു നടന്നപ്പോള്‍ പൂവാക തണലില്‍ ലതികയും ഇരുന്നു ഉള്ളംകയ്യിലിട്ടു കഞ്ചാബ് തിരുമ്മതു കണ്ടു.

‘എവിടേക്കാടീ, ഇന്നു സമരമാ. ക്ലാസ്സില്‍ കയറേണ്ട. ഇവിടെ ഇരിക്ക്. പുകയടിച്ചു മൂടാവാം. പിന്നെ ഇവരുടെ കമ്പി കഥയും കേള്‍ക്കാം’

ആണ്‍കുട്ടികളുടെ ആര്‍ത്തുചിരിക്കിടെ അവള്‍ പറഞ്ഞൂ . വ്യാജ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടിയ വിപ്ലവ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കിയനെതിരെ സമരം!

വെറുതെ ക്ലാസ്സ്മുറിയിലേക്കു നടന്നു. ഒരു കാലത്തു കേരളത്തിലെ തൊഴിലാളിയുടേയും പാവപ്പെട്ടവന്റെയും ശബ്ദമായിരുന്നു പാര്‍ട്ടി. തല കുമ്പിട്ടു കൈനീട്ടി നടുകുനിച്ചു നിന്നവനു നട്ടെല്ലു നിവര്‍ത്തി മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിക്കാന്‍ കരുത്തു നല്‍കിയ പാര്‍ട്ടി. ഇന്നാ പാര്‍ട്ടി പിന്തിരിപ്പന്മാരും മുതലാളിമാരും കൈയടക്കിയിരിക്കുന്നു. അധികാരത്തില്‍ എത്തിയ നേതാക്കന്മാര്‍ കുടുംബത്തിനു വേണ്ടി എല്ലായിടത്തും കട്ടു മുടിക്കുന്നു. ഉന്നത പദവികള്‍ സ്വന്തക്കാര്‍ക്കായി വീതിച്ചെടുക്കുന്നു. അതു കണ്ടുപഠിച്ച വിദ്യാര്‍ത്ഥി നേതാക്കളും മാര്‍ക്ക് തിരുത്തലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി വിലസുന്നു. പിടിച്ചാല്‍ സമരവും!

ക്ലാസ്സ് മുറിയില്‍ ആരുമില്ല. തിരികെ സ്റ്റെയര്‍ കേസിലേക്ക് നടന്നു. ബോട്ടണി ലാബിനപ്പുറം ഉള്ളിലേക്കു കയറി ശ്രദ്ധിക്കപ്പെടാത്ത മൂലയില്‍ നിന്നും റിയ ആലസ്യത്തോടെ സിഗരറ്റ് വലിച്ചു കടന്നു വന്നു. കാട്ടി അജിയാണ് കൂടെ. അവളെ കണ്ടപ്പോള്‍ റിയയുടെ ചുണ്ടില്‍ ഊറിയ പുഞ്ചിരി വിടര്‍ന്നു. കഴിഞ്ഞ ആഴ്ച ഇവിടെ തന്നെ അവളെ അഫ്‌സലിന്റെ കൂടെ കണ്ടിരുന്നു. ജീവിതം പരമാവധി ആസ്വദിക്കണം എന്നതാണു അവളുടെ മതം. പിജി കഴിഞ്ഞാലുടന്‍ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച അവളുടെ കല്യാണമാണു പോലും. പിന്നെയെന്താവുമോ?

വിശ്വസിക്കാനാവുന്നില്ല. ഗേറ്റുകടന്നു കൊടുംങ്കാറ്റു പോലെ അവന്‍ വരുന്നു! വഴിക്കരുകില്‍ കഞ്ചാവ് വലിച്ചു രസിക്കുന്നവരുടെ അടുത്തേക്കു അവന്‍ പാഞ്ഞടുത്തു. അവരുടെ ചുണ്ടില്‍നിന്നുപോലും ബീഡി വലിച്ചെടുത്തു അവന്‍ ഞെരിച്ചെറിഞ്ഞു. അവള്‍ ആവേശത്തോടെ നടകള്‍ ചാടിയിറങ്ങി. ഓഫീസിനു മുന്‍പില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കിടയില്‍ അവന്‍ ഓടിക്കയറി അവരെ തല്ലി ഓടിച്ചു. തിരികെ നടക്കുമ്പോള്‍ അവന്‍ അവളെ കണ്ടുവോ? അനുരാഗം വിടരുന്ന അലിവാര്‍ന്നൊരു പുഞ്ചിരി ആ ചുണ്ടുകളില്‍, കണ്ണുകളില്‍ വിരിഞ്ഞുവോ? പിറകേ എത്തിയ റിയയെ രൂക്ഷമായി നോക്കി അവന്‍ നടന്നു. ബലിഷ്ടമായ കാലുകള്‍ മണ്ണിലമര്‍ത്തി അവന്‍ നടക്കുമ്പോള്‍ ഏതോ ഒരു നിര്‍വൃതി മനസ്സില്‍ പൂത്തുലഞ്ഞു. ചീകിയൊതുക്കാത്ത മുടി, അലസമായി ധരിച്ച ഷര്‍ട്ടും മുണ്ടും, പ്രപഞ്ചത്തെ വെല്ലുവിളിച്ചു, കാറ്റു പിളര്‍ത്തി കൈകള്‍ വീശി വീശി അവനേതോ മിന്നല്‍ക്കൊടി പോലെ. ഉള്ളില്‍ എന്നും നിറഞ്ഞു കത്തിയ മോഹന രൂപം!

ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ചിത്രീകരണം: സുബേഷ് പത്മനാഭന്‍

തിരികെ സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുമ്പോള്‍ ചുറ്റും കോടമഞ്ഞു നിറഞ്ഞ പോലെ. ഒന്നും കാണുന്നില്ലാലോ. ചാറ്റല്‍ മഴ പെയ്തു തുടങ്ങി. ഇവിടെ ഒരിക്കലും കോടമഞ്ഞു വരാറില്ലലോ. പിന്നെയെന്താണിങ്ങനെ? ഏതോ വിഭ്രമ ലോകത്തു അകപ്പെട്ടപ്പോലെ. അവന്‍ വന്നതും പോയതും മായയായിരുന്നോ? എത്രയെത്ര കൊതിച്ചതായിരുന്നു. ഓടി ചെന്നു അവന്റെ കൈകളില്‍ തൂങ്ങാമായിരുന്നു. അവന്റെ കൂടെ എവിടെയെങ്കിലും കറങ്ങാമായിരുന്നു. ബീച്ചിലോ തീയേറ്ററിലോ കുന്നിന്‍ചെരിവിലെ പാര്‍ക്കിലോ, എവിടെയെങ്കിലും.

ഇപ്പോഴേ വീട്ടില്‍ പോയിട്ടു എന്തു ചെയ്യാന്‍? പപ്പേട്ടന്റെ മാടപ്പീടികക്കു സൈഡിലൂടെ കായല്‍ക്കരയിലേക്കു തിരിച്ചു. ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന പഴയ സിമെന്റ് ബെഞ്ചില്‍ ആരോ മൂടിപ്പുതച്ചിരിക്കുന്നു.

‘കുഞ്ഞേ , കുഞ്ഞെന്താ മഴയും പിടിച്ചിവിടെ?’

മുഖത്തെ കീറപ്പുതപ്പ് മാറ്റി അയാള്‍ ചോദിച്ചു.

ഹോ, നീലാണ്ടന്‍! മെലിഞ്ഞു പോയ നീലാച്ചനെ മനസ്സിലാക്കാന്‍ സമയമെടുത്തു. പണ്ടു മുത്തശ്ശനുണ്ടായിരുന്നപ്പോള്‍ തറവാട്ടില്‍ നീലാണ്ടന്‍ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു. അന്നു വരുമ്പോഴേ അന്യം നിന്നുതുടങ്ങിയ നാരങ്ങാമുട്ടായി പത്രക്കടലാസ്സില്‍ പൊതിഞ്ഞു നീലാണ്ടന്‍ നീട്ടി വിളിക്കാറുണ്ടായിരുന്നു.

‘കുഞ്ഞേ, കുഞ്ഞാറ്റേ, കിങ്കിണി ചെപ്പു കിലുക്കി കിലുക്കി, മുത്തുമണി ചിലങ്ക കെട്ടി, ഓടി ഓടി വായോ’

ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ കേട്ട നീലാണ്ടന്റെ പാട്ട് മനസ്സിലിപ്പോഴും അനുഭൂതിയുടെ തേന്‍കണമായി നുകരുന്നു.

മുത്തശ്ശന്‍ പാടത്തു പോകുമ്പോഴും, പശുക്കള്‍ക്ക് വൈക്കോല്‍ ഇട്ടു കൊടുക്കുമ്പോഴും, നെല്‍ക്കതിര്‍ മെതിക്കുന്ന പെണ്ണുങ്ങളുടെയടുത്തു നില്‍ക്കുമ്പോഴും നീലാണ്ടനും ഉണ്ടാവും. അവരുടെ നിഴലായി താനും.

‘വെയിലും മഴയും. കുറുക്കന്റെ കല്യാണമാ.’

നീലാണ്ടന്‍ പറഞ്ഞതു ശരിയായിരുന്നു.

വെള്ളി പുരണ്ട മഴത്തുള്ളികള്‍ കായലോളങ്ങളുടെ മിന്നുന്ന വെള്ളിത്തളികളില്‍ പെയ്തുനിറയുന്നു.

‘അല്ലാ കുഞ്ഞേ, നിന്റെ ലൗവര്‍ ഇന്നിവിടെ വരുമോ?’കുസൃതിച്ചിരിയോടെ നീലാണ്ടന്‍ ചോദിച്ചു.

കണ്ണുത്തള്ളിപ്പോയി. നീലാച്ചന്‍ എങ്ങിനെയറിഞ്ഞു?

മുഹമ്മക്കുള്ള ബോട്ട് കായലോളങ്ങള്‍ മുറിച്ചു അകന്നകന്നു പോയി. അവനിവിടെ വരുമോ?നീലാച്ചന്റെ വാക്കുകള്‍ മധുരിക്കുന്ന ലഹരിയായി നുരയിട്ടു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here