ജാതിഇന്ത്യയിലെ ക്രമപ്പെടുത്തലിന്റെ സ്വാതന്ത്ര്യം

1
156

(ലേഖനം)

മേഹന സാജന്‍

സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുകയാണ്. 76ആം വര്‍ഷം സ്വാതന്ത്ര്യദിനാഘോഷം ആചരിക്കുമ്പോള്‍ നമുക്ക് മുന്നില്‍ പ്രസക്തമായ കുറേ ചോദ്യങ്ങളുണ്ട്. ആരാണ് ആഘോഷിക്കുന്നത്? എങ്ങനെയാണ് ആഘോഷിക്കുന്നത്? ഇന്ത്യയെന്ന ബൃഹത്തായ ആശയം സ്വാതന്ത്ര്യത്തെ ‘ചിട്ട’പ്പെടുത്തിയിരിക്കുകയാണ്. സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായി ജനാധിപത്യാശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഇന്ത്യ, കഴിഞ്ഞ 10 വര്‍ഷമായി ചരിത്രപരമായി പിന്നോട്ടുനടക്കുന്ന അത്യസാധാരണമായ കാഴ്ചയാണ് കാണുന്നത്. ഇത്തരമൊരു അവസ്ഥ ഇവിടെ സംഭവിക്കുന്നില്ലായെന്ന സാധാരണത്വത്തെ സൃഷ്ടിച്ചുകൊണ്ട് തുടര്‍ന്നും ഭരണം കൈയാളുന്ന വര്‍ഗീയഹിന്ദുത്വഭരണകൂടം, പേടിപ്പിക്കുന്ന ഭാവികാലത്തെ മറച്ചുവച്ചുകൊണ്ട് തിരശീലയ്ക്ക് മുന്നില്‍ മാജിക് കാണിച്ചു ജനങ്ങളെ കബളിപ്പിക്കുന്നു.

കോര്‍പ്പറേറ്റ്-ഹിന്ദുത്വഭരണകൂടം വംശത്തിന്റെയും വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തെ ക്രമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ക്രമപ്പെടുത്തലുകള്‍ അടക്കിഭരിക്കാനുള്ള തന്ത്രം കൂടിയാകുന്നു. ക്രമീകരിക്കുന്നതിലൂടെ, ക്രമപ്പെടുന്നതിലൂടെ അവരുടെ ആശയങ്ങള്‍ ആജ്ഞകളായി മാറുന്നു. അവരെ സ്വമേധയാ ആളുകള്‍ അനുസരിക്കേണ്ടിവരുന്നു. അവിടെ അടിമ-ഉടമ ബന്ധം സ്ഥാപിക്കപ്പെടുന്നതായി ഭരണം മാറുന്നു. തല്‍ഫലമായി അധികാരകേന്ദ്രങ്ങള്‍ സ്വയംപ്രഖ്യാപിത ക്യാപ്പിറ്റലിസ്റ്റുകളായി രൂപാന്തരം പ്രാപിക്കുന്നു. ആര്, എവിടെ, എപ്പോള്‍, എങ്ങനെ, എന്ത് പ്രതികരിക്കണമെന്നുപോലും ഭരണകൂടം തീരുമാനിക്കുന്ന നിലയില്‍ നാം എത്തിച്ചേരുകയാണ്.

ആരുടെ സ്വാതന്ത്ര്യം?

എഴുപത്തിയാറാം വര്‍ഷം സ്വാതന്ത്ര്യമാഘോഷിക്കുന്ന ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് സ്വാതന്ത്ര്യം നേടിയത്? ആരാണ് അത് അനുഭവിക്കുന്നത്?
‘Anyone, anywhere, with any colour, language, gender, or religion should not be oppressed. Let us all enjoy our natural rights equally. This is my freedom’ എന്ന് സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇറാനി സംവിധായികയായ മഹ്നാസ് മുഹമ്മദി കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പറയുകയുണ്ടായി. അത്തരമൊരു സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാനോ അനുഭവിക്കാനോ സാധ്യമല്ലാത്ത അങ്ങേയറ്റം പ്രശ്‌നവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയ സാമൂഹികാന്തരീക്ഷത്തിലാണ് ഇന്ത്യ ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. പ്രത്യേകിച്ചും ഈ രാജ്യത്തിലെ കീഴ്ജാതിസമൂഹം. 1947 ആഗസ്റ്റ് 14 വെള്ളിയാഴ്ച ലഭിക്കേണ്ടിയിരുന്ന സ്വാതന്ത്ര്യം ‘വെള്ളി നല്ല ദിവസമല്ല’ എന്ന പുരോഹിതവര്‍ഗത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരില്‍ മൗണ്ട്ബാറ്റണ്‍ പ്രഭുവില്‍നിന്നും ഒരു ദിവസം വൈകി ചോദിച്ചു മേടിച്ചതാണ് നാമിന്നു ആഘോഷിക്കുന്ന സ്വാതന്ത്ര്യം. ദിവസത്തെയും സമയത്തെയും വരെ നല്ലതും ചീത്തയുമായി വിഭജിച്ച പോയകാലചരിത്രത്തില്‍നിന്നും ഇന്നവര്‍ നമ്മെ സാമൂഹികമായി വിഭജിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആരില്‍ നിന്നും ആരാണ് സ്വാതന്ത്ര്യം നേടിയത്? 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷ് കൊളോണിയലിസത്തില്‍നിന്നും തങ്ങള്‍ക്കാവശ്യമായ സ്വാതന്ത്ര്യം ഇന്ത്യയിലെ സവര്‍ണജനതയാണ് നേടിയത്. മതം, ജാതി, ഭാഷ, വര്‍ഗം, വര്‍ണം, ലിംഗം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ നിലനില്‍ക്കെ ഇന്ത്യയില്‍ ഇന്നും കൊളോണിയലിസം നിലനില്‍ക്കുന്നു. ജാതിഇന്ത്യയെ ഇങ്ങനെ നിരീക്ഷിക്കാന്‍ ഇവിടുത്തെ മുഖ്യധാരാ സ്ത്രീവാദികള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ- സാംസ്‌കാരിക ചിന്തകര്‍ പലപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നു എന്നത് മറ്റൊരു വസ്തുതകൂടിയാണ്.

ഗുജറാത്തിനും മണിപ്പൂരിനുമിടയില്‍

ഒരുകൂട്ടം സമൂഹത്തെ ഉപദ്രവിച്ചുകൊണ്ട് ഒരാള്‍ക്കൂട്ടം തെരുവിലിറങ്ങുന്നു. അവര്‍ ആക്രോശിക്കുന്നു. അവരുടെ അജണ്ടകള്‍ പിന്നീട് ‘അപലപനീയ’മായി മാറുന്നു. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ മുഖ്യമന്ത്രി ആയിരുന്ന അതേ ആള്‍ പിന്നീട് മണിപ്പൂരിലെ സ്ത്രീകള്‍ അതിക്രൂരമായി റേപ്പ് ചെയ്യപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയായി ഇരുന്നുകൊണ്ട് അവര്‍ക്കുവേണ്ടി സഹതപിക്കുന്നു. നാടകത്തിന്റെ തിരക്കഥ കഴിഞ്ഞ പത്തു വര്‍ഷത്തിനു മേലെയായി കിറുകൃത്യം! സമാധാനമാഗ്രഹിക്കുന്ന, സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നു നിരന്തരം ‘ആവശ്യപ്പെടുന്നു’വെന്നു ആരോപിക്കുന്ന ബി.ജെ.പി ഭരിക്കുന്ന ഈ രാജ്യത്താണ് മണിപ്പൂരില്‍ ഈ ക്രൂരത അരങ്ങേറിയത്. അതും കുകി ജാതിയിലെ രണ്ടു സ്ത്രീകളെ തിരഞ്ഞെടുത്തു കൃത്യം നിര്‍വഹിച്ചതിലൂടെ ജനാധിപത്യ ഇന്ത്യയ്ക്ക് ഒപ്പീസ് ചൊല്ലി മരണമണി മുഴക്കുകയാണവര്‍. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയ സര്‍ക്കാര്‍ ഇത്രയും വലിയ ക്രൂരതയ്ക്ക് കൂട്ടുനിന്നില്ലെന്നോ കാരണക്കാരല്ലെന്നോ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത്ര ദാരുണമായ സംഭവം നടന്നു മൂന്നു മാസത്തിനു ശേഷം ഈ രാജ്യം ‘സ്വാതന്ത്ര്യം’ ആഘോഷിക്കുന്നു.

മണിപ്പൂര്‍ ഇന്ത്യയില്‍ ആദ്യമല്ല. ആദ്യമാകുന്നത് ഗുജറാത്തിനെ നിങ്ങള്‍ മറക്കുമ്പോഴാണ്. ബാബു ബജ്രംഗിയെപ്പോലെയുള്ള ഹിന്ദുത്വ ഭീകരവാദികള്‍ ആഘോഷിച്ച ‘വീരകഥ’കളില്‍ ഗുജറാത്തു കലാപത്തിന്റെ വിറങ്ങലിക്കുന്ന ദൃശ്യങ്ങളാണുള്ളത്. അന്ന് സംഘപരിവാര്‍ നിരവധി മുസ്ലിം സ്ത്രീകളെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയ ഗുജറാത്ത് കലാപത്തെ എത്ര പെട്ടെന്നാണ് ഇന്ത്യ മറന്നത്? ഇന്ത്യ അത്തരത്തില്‍ ചുരുങ്ങുകയാണ്.

ജാതിഇന്ത്യയിലെ സ്ത്രീ

Rape is a political tool (റേപ്പ് ഒരു രാഷ്ട്രീയ ആയുധമാണ്)
– സവര്‍ക്കര്‍

ഏതൊരു യുദ്ധവും വംശഹത്യയും പരിശോധിക്കുക. അവിടെയെല്ലാം അതിക്രൂരമായി ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ്. ഫിക്ഷനിലും നോണ്‍ ഫിക്ഷനിലും ആള്‍ക്കൂട്ടത്തെ ആഹ്ലാദിപ്പിക്കുവാന്‍ തിരഞ്ഞെടുക്കുന്ന കാലഭേദമന്യേയുള്ള മനുഷ്യത്വവിരുദ്ധ യുദ്ധതന്ത്രവുമാണത്. സ്ത്രീകളെ ശാരീരികവും ലൈംഗികവുമായി ആക്രമിക്കുമ്പോള്‍ അവരെ ചുറ്റിനില്‍ക്കുന്ന ഒരു വിഭാഗം കൂട്ടങ്ങളും മാനസികമായി ദുര്‍ബലമായിത്തീരുന്നു. ഇങ്ങനെ ഭീതി ജനിപ്പിച്ചു അധികാരപ്രയോഗത്തിന്റെ ആദ്യപടി അവര്‍ വിജയാരവങ്ങളോടെ ചവിട്ടിക്കയറുകയാണ് ഇന്ത്യയില്‍ ചെയ്യുന്നത്. അവിടെ ‘പുരുഷാധിപത്യം’ എന്ന ഒറ്റവാക്കിലല്ല വര്‍ഗീയഹിന്ദുത്വരാഷ്ട്ര പ്രത്യയശാസ്ത്ര അജണ്ടയെ വിശദീകരിക്കേണ്ടത്. അത് കൃത്യമായും ‘മേല്‍ജാതി പുരുഷാധിപത്യം’ എന്ന് നിര്‍വചിക്കേണ്ടതായുണ്ട്. ഇവിടെയാണ് സ്വാതന്ത്ര്യം ആര്‍ക്ക് ലഭിച്ചു, ആര് ആഘോഷിക്കുന്നു എന്നത് വര്‍ത്തമാനകാല ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍നിന്നുകൊണ്ട് വിശദീകരിക്കേണ്ടത്.

സ്ത്രീയെ ഭാരതാംബയായി കാണപ്പെടുന്ന ഈ രാജ്യത്തിലെ എല്ലാ സ്ത്രീകളും സുരക്ഷിതരാണോ? ഇവിടെ സ്വാതന്ത്ര്യവും സുരക്ഷയും ഒരു പ്രത്യേക ജനവിഭാഗത്തിനു മാത്രമുള്ള റിസേര്‍വ്ഡ് വിഭവമായി മാറുന്ന ജനാധിപത്യവിരുദ്ധ നയങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സ്ത്രീകളെ ശാരീരികവും ലൈംഗികമായും ഉപദ്രവിക്കുന്ന പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ തന്നെ പിന്തുണ നല്‍കുന്ന കാഴ്ച കാശ്മീരിലും ഹത്രാസിലും ശബരിമലയിലും മണിപ്പൂരിലും നമ്മള്‍ കണ്ടതാണ്. ഈ വൈരുദ്ധ്യം ഇന്നത്തെ ജാതിഇന്ത്യയെ കൂടുതല്‍ കലുഷിതമാക്കുകയാണ് ചെയ്യുന്നത്. ഒരേ ലിംഗപദവി അനുഭവിക്കുന്ന സ്ത്രീകളില്‍ ഈ ഭിന്നത സൃഷ്ടിക്കുന്ന ഏക ഘടകമാണ് ജാതി. ഒരേ സമൂഹത്തിലെ സ്ത്രീകളില്‍ അവര്‍ ജാതിയും മതവും വേര്‍തിരിച്ചു ആക്രമിക്കുന്നു.

ഇത്തരം ക്രമപ്പെടുത്തലുകളല്ല ജനാധിപത്യ ഇന്ത്യയ്ക്ക് ആവശ്യം. നമ്മളിന്നും ഈ സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യത്തിനായി സംസാരിച്ചുകൊണ്ടേ ഇരിക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാഖകളില്‍ പതാക ഉയര്‍ത്തി വിജയാഘോഷം നടത്തുന്നു. നമ്മുടെ മുന്‍പില്‍ അവര്‍ മണിപ്പൂരിനെ കത്തിക്കുന്നു. കൊലവിളികള്‍ മുഴക്കുന്നു. അവര്‍ മിണ്ടിയില്ലെങ്കിലും പേടിയുണ്ടാക്കുന്നുവെങ്കില്‍ ചരിത്രം ഒരുപാട് പഴക്കമുള്ളതല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here