ഭാഗ്യലക്ഷ്മി

0
839
athmaonline-arteria-bhagyalakshmi-fb

പ്രദീഷ് കുഞ്ചു

കുളിമുറി ഒഴിവാണ്.
അങ്ങനെ  ചിന്തിച്ച സമയത്താണ്  അതിലേക്ക് മകൾ ദീപ്തി  അടുക്കളവാതിലിലൂടെ ഇറങ്ങി, വരാന്തയിലൂടെ കുളിമുറിയിലേക്ക് ഓടിക്കേറിയത്.

അയയിൽ നിന്ന്  മേൽവസ്ത്രങ്ങളും അടിവസ്ത്രങ്ങളും  സ്ഥിരമുള്ള ധൃതിയിൽ വലിച്ചെടുക്കുന്ന ഭാഗ്യലക്ഷ്മി, ദീപ്തിയെ  കണ്ടതോടെ വേഗത മനഃപൂർവ്വം കുറച്ചു. 
പിന്നെ, കുളികഴിഞ്ഞേ ഇനി മുന്നോട്ട് ജീവിതമുള്ളൂ, എന്ന മട്ടിൽ  വരാന്തയുടെ വെളുപ്പാർന്ന ചുമരിൽ ചാരി കുളിമുറിയുടെ വളരെ അടുത്ത  ഒഴിവിനെ കാത്തുനിന്നു.

ധ്രുവപ്രദേശങ്ങളിലൊന്നിലെ ചെന്നായ ചുറ്റിലെ  തണുപ്പിനെ വകഞ്ഞുമാറ്റി  തനിക്കുവെച്ച കെണിയിലേക്ക് ശ്രദ്ധയോടെ നടന്നടുക്കുന്നു.

അഞ്ചുപേരുടെ ഞെരുക്കത്തിൽനിന്ന് രണ്ടുപേർ മാത്രം പങ്കിടുന്ന വിശാലമായ സമാധാനം. ഇന്നത്തെ ഇത്ര സമാധാനം ഈ കുളിമുറിക്ക് ഉണ്ടായിരുന്നില്ല. ഊട്ടിയിലുള്ള  ഭർത്താവ് സുരേഷ് ഇതിൽ അവകാശമേ  ഉന്നയിച്ചിട്ടില്ല എന്നതും സമാധാനത്തിന്റെ വ്യാപ്തി കൂട്ടുന്നു.

ഓടിക്കയറുമ്പോൾ ദീപ്തിയിട്ട ചെരുപ്പിലെ ചെളി, വെള്ളത്തോടൊപ്പം  വെളുത്ത ടൈലിട്ട നിലത്തിലൂടെ  ഏന്തിയൊഴുകുന്നത് കുളിമുറിയുടെ വൃത്തിയെ ഒന്നുകൂടി എടുത്തുകാട്ടുന്നു. ഇന്നവളുടെ നഴ്സിംഗ്  കോഴ്സിന്റെ അഡ്മിഷന് പോകാനുള്ളതാണ്. വെളുത്ത നിറത്തിൽ കൂട്ടുകാരികളോടൊപ്പം ചിരിതൂകി നടന്നുപോകുന്ന ദീപ്തിയെ ഭാഗ്യലക്ഷ്മി നിനവിൽ വരുത്തി.

ഇപ്പോൾ ദീപ്തി  കുളിമുറിയിൽ നിന്ന്  ഇറങ്ങിവന്നാൽ ഭാഗ്യലക്ഷ്മിയുടെ കണ്ണുകൾക്ക് അവളെ നേരിടാൻ കഴിയില്ല. തല താഴ്ത്തിയോ മുഖം തിരിച്ചോ ഒഴിഞ്ഞുമാറാൻ ഭാഗ്യലക്ഷ്മി ഒരുങ്ങിനിന്നു.

നാലു കൊല്ലം മുമ്പ്, ഒരുച്ചനേരത്താണ് സുരേഷ് ഊട്ടിയിൽനിന്ന് വീടെത്തിയത്. അന്ന് ഈ കുളിമുറിക്ക് ഈ ചുമര് അല്ലായിരുന്നു.  ദ്രവിച്ച നീല ടാർപോളിൻ, അതിനെ താങ്ങിനിർത്തുന്ന പൂപ്പൽ ബാധിച്ച മൂന്ന് മുളകൾ, പകുതിയോളം തുരുമ്പിച്ചുകഴിഞ്ഞ, കതക് എന്ന തകരഷീറ്റ്, അടർന്ന് പൊള്ളിത്തുടങ്ങിയ ചുമര്. അതെ, അന്ന്  ഇതേ കുളിമുറിക്ക് ഈ ചുമര് അല്ലായിരുന്നു.

വീട്ടിൽ കയറിവന്ന സുരേഷ് ഒരു വിളിപോലും തരാതെ നേരെ കേറിവന്നത് കുളിമുറിയിലേക്കാണ് . കതവ് തട്ടി. ബലമായി. പേടിച്ചു വിറച്ച എന്നെ, “ഞാനാടീ” എന്ന ധൃതിപൂണ്ട ദേഷ്യത്തിൽ വിളിച്ച് ആളെ അറിയിച്ചു . “ഇപ്പ കഴിയും” എന്ന തന്റെ മറുപടിയെ, ദേഷ്യം കൊണ്ട് അയാൾ അറുതിവരുത്തി, വാതിൽ തുറപ്പിച്ചു. സ്നേഹത്തോടുകൂടിയുള്ള നോട്ടം പോലും നൽകാതെ, കുളിപൂർത്തിയാവാത്ത തന്നോട് എന്തോ പൂർവ്വവൈരാഗ്യം കണക്കെ അയാൾ ഭോഗിക്കാൻ തുടങ്ങി. വാതിൽ അടക്കാൻ അയാൾ സമ്മതിച്ചില്ലെങ്കിലും   മൂന്നാമത്തെ  പരിശ്രമത്തിൽ താൻ അത് സാധിച്ചെടുത്തു. “ദീപ്തി ഇപ്പ വരും, പരീക്ഷ കഴിഞ്ഞ്” എന്ന്  ഭീതിപൂർവ്വം പറഞ്ഞെങ്കിലും അയാളുടെ വേഗം അത് മനസ്സുകൊണ്ടില്ല.

“അമ്മേ.. അമ്മേ” എന്ന വിളി പുറമേ നിന്ന് കേട്ട നേരം, അയാൾ തന്നെ ശരിക്കും വരിഞ്ഞുമുറുക്കുകയായിരുന്നു.
“അമ്മാ… ” ദീപ്തി കതകിൽ മുട്ടിവിളിച്ചതും, സുരേഷ് കതകിന്റെ കുറ്റി തട്ടിവിട്ടതും,
ഷോക്കേറ്റ ശരീരം ആവിപൊടിക്കുന്ന പോലെ കനമറിയാതെ വിയർത്തുപൊങ്ങിയതും, എല്ലാം ഒന്നിനൊന്ന്ചേർന്ന്,  തലയെന്നും താഴ്ത്തി വെക്കാൻ മാത്രമുള്ള  കനം നൽകി.  പൊള്ളുന്ന ശരീരം വെള്ളത്തിൽ ലയിക്കാതെയായി.

അന്നാണ് ദീപ്തിയുടെ കണ്ണുകളെ തന്റെ  കണ്ണുകൾ അവസാനമായി നേരെനിന്ന്  നോക്കിയത്.

അയാളുടെ ശുക്ലവും  ദീപ്തിക്ക് മുന്നിൽ അമ്മയെന്ന മാനവും കുളിമുറിക്കുള്ളിലെ മഞ്ഞവെളിച്ചത്തിൽ  വേഗമില്ലാതെ, മറയില്ലാത്ത ഓടയിലേക്ക്, അലിയാതെ ഒഴുകി.

പുറംരോമത്തിലെ  ചരൽമഞ്ഞുകൾ കുടഞ്ഞ്, തോളുകൾ  ഉയർത്തി നടന്നടുക്കുന്ന, രാജഭാവം കൈക്കൊണ്ട  ചെന്നായയുടെ നിറം, അടുത്ത് കാണും തോറും കറുപ്പിൽ നിന്നും വേറിട്ട, തവിട്ട് നിറം നിഴലിച്ചു.

കുളിമുറിയോട് എന്നും പരാതി മാത്രമേ ദീപ്തിക്കുണ്ടായിരുന്നുള്ളൂ. അനാമികയെ കുളിപ്പിച്ചിറക്കിയ ശേഷം  കുളിമുറിയുടെ നാറ്റത്തെക്കുറിച്ച്,  അന്ന് മുഴുവൻ അവൾ പ്രാകിക്കൊണ്ടിരിക്കും.  സത്യത്തിൽ അനാമികയെ  കുളിപ്പിക്കുകയല്ല, കഴുകി വെടിപ്പാക്കുകയായിരുന്നു. മൂത്തവൾ മയൂരിയും താനും ചേർന്ന് താങ്ങിയെടുത്ത്, കുളിമുറിവരെ എത്തിച്ചതിന് ശേഷം സോപ്പും ചകിരിയും ഉപയോഗിച്ചാണ് അവളെ കഴുകിയെടുക്കുക.
പലപ്പോഴും ഉണങ്ങിയൊട്ടിയ മലവും മൂത്രവുമടക്കം.
എത്ര കൊല്ലങ്ങൾ.  ജന്മം കൊണ്ടെങ്കിൽ പതിനേഴ് കൊല്ലം. ദുരിതങ്ങൾ കൊണ്ടെങ്കിൽ ഒരു നൂറുകൊല്ലം.   സന്തോഷം കൊണ്ടെങ്കിൽ അത് വെറും  മൂന്ന് കൊല്ലം. അത് വെറും എണ്ണത്തിന്‌ മാത്രം. മൂന്നുകൊല്ലം മുതൽ അങ്ങോട്ട്…

ലോകം മറച്ചുപിടിച്ച രോഗമൊന്നാണ് അനാമികയിൽ കനംവെച്ച് നടന്നത്. ഈ ഇടക്കാണ്‌ പത്രത്തിൽ അത്തരമൊരു രോഗത്തെക്കുറിച്ചുള്ള ലേഖനം വായിക്കാനിടയായത്. ജാൻസൻസ് ഡിസീസ് എന്ന അപൂർവ്വത്തെക്കുറിച്ച്. പക്ഷെ അവൾക്ക് വിറ്റാമിൻ സിയുടെ കുറവാണ്. അല്ല വിറ്റാമിൻ ഡി യുടെ എന്നതാണ് പത്രത്തിൽ വായിച്ചത്. അവളെ ഗർഭം ധരിച്ച നാൾ, ഓർമയിൽ വരുന്നത് ഈ കുളിമുറിയുടെ മഞ്ഞവെളിച്ചമാണ്.  ‘അയാളുടെ ശുക്ലവും  ദീപ്തിക്ക് മുന്നിൽ അമ്മയെന്ന മാനവും കുളിമുറിക്കുള്ളിലെ മഞ്ഞവെളിച്ചത്തിൽ  വേഗമില്ലാതെ, മറയില്ലാത്ത ഓടയിലേക്ക് അലിയാതെ ഒഴുകി.’

മൂന്നാം വയസ്സിന്റെ തുടക്കത്തിൽ ഇടത് കാലും, പിന്നീട് ആറുമാസം കഴിഞ്ഞപ്പോൾ വലതുകാലും വളഞ്ഞുതുടങ്ങി. പിന്നെ വളഞ്ഞവ വളരാതെയായി. പതിനേഴ് വയസ്സിനുള്ളിൽ നെഞ്ചും, വയറും, തലയും മാത്രം വളർന്നു. രണ്ടുകൈകളും ഉള്ളിലേക്ക് തിരിഞ്ഞ് ചുരുങ്ങി.  ‘വിറ്റാമിൻ സി യുടെ കുറവെന്നാണ് മനസ്സിൽ കേറിവരുന്നത്. വിറ്റാമിൻ ഡി യുടെ കുറവെന്നാണ് പത്രത്തിൽ വായിച്ചത്’. അന്ന് ഡോക്ടർമാർ എല്ലിന്റെ ബലക്കുറവ്, വളർച്ചാകുറവ് എന്നൊക്കെ പറഞ്ഞ് മരുന്നുകൾ തന്നു. നാല് കൊല്ലം ഓടിയോടി കാര്യമായി ചികിത്സതേടി. പിന്നെ മരുന്നുകൾ വാങ്ങി. പിന്നെ മരുന്നുകൾ, വാങ്ങി-വാങ്ങീല്ല. ബേക്കറിപ്പണിക്കാരനായ സുരേഷിന്റെ വരുമാനം, ചികിത്സയുടേയും മരുന്നിന്റേയും  ചിലവുകളുടെ
പരിധിയിൽ അളവിനൊത്ത് ചേരാൻ സാധിക്കാത്തത് പോലെ.

മൂത്തവൾ മയൂരിക്ക് ഇരുപത് വയസ്സായി. പത്തുകഴിഞ്ഞ ശേഷം അവൾ സ്കൂളിൽ പോയിട്ടില്ല. പഠിക്കാൻ കാണിച്ച മിടുക്കും, ചിട്ടയും അവൾ ജീവിതത്തിലും പുലർത്തി. പുറംപണിക്ക് പോയിത്തുടങ്ങിയ തനിക്ക് , അനാമികകൂടി  ഉൾപ്പെട്ട വീട് നോക്കേണ്ട ഉത്തരവാദിത്വം അവളിലേക്ക് ഏല്പിച്ചുകൊടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. തികഞ്ഞ പക്വതയോടെ അവൾ വീട് നോക്കി. ‘ഒരു കൊല്ലം കഴിഞ്ഞ്’ പഠിക്കാൻ വിടാം എന്ന് പറഞ്ഞാണ് അവളെ ആദ്യം വീട്ടിലിരുത്തിയത്. ‘ഒരു കൊല്ലം കഴിഞ്ഞാൽ’ എന്നുള്ള പ്രതീക്ഷ അവളുടെ കണ്ണുകളിൽ ജ്വലിക്കുന്നത്, പിന്നെ തളരുന്നത്, പിന്നെ കെട്ടടങ്ങിയത് ഒക്കെ ഞാൻ അളന്നെടുത്തതാണ്. പിന്നെ പിന്നെ നിലനിൽപ്പില്ലാത്ത സ്വപ്നങ്ങളെ അളക്കാനോ കാവലിരിക്കാനോ അവൾ നിന്നില്ല. സുരേഷിന്റെ നിസ്സംഗതയും നിസ്സഹരണവും  മയൂരിക്ക്  പഠിത്തപ്രായം കഴിഞ്ഞുവെന്ന്  അവളെ പ്രത്യേകം അറിയിക്കേണ്ടതില്ലായിരുന്നു. ആ മാനസിക വളർച്ച അവൾക്ക് മുന്നേ തനിക്കും വന്ന് ചേർന്നിരുന്നു. സുരേഷ് ആ കാലങ്ങളിൽ വീട്ടിലേക്കുള്ള വരവൊക്കെ വളരെ കുറച്ചു.

നാലുപെണ്ണുങ്ങളെന്ന കൂരയിൽ അവർ മങ്ങി തുടങ്ങിയിരുന്നു.

തങ്ങളുടെ ജീവന് ഭീഷണിയായുള്ള ചെന്നായയെ വകവരുത്താൻ, അവർ  ഒരു ചെമ്മരിയാടിന്റെ കരൾ, ഇരുതലമൂർച്ചയുള്ള കത്തിയിൽ കോർത്ത്, വഴിയിൽ, ചെന്നായ കാണുമാറ്, മഞ്ഞു കട്ടകൾക്കിടയിലായി   ഒരുക്കിവെച്ചു. തുടുത്തുതിളങ്ങുന്ന മാംസക്കെണി.  തിളക്കം പുറത്തും മൂർച്ച അകത്തും.

ഇടക്കിടെ അനാമികക്ക് വരാറുള്ള പനി. അതിന് ഓടാൻ പിന്നെ-പിന്നെ  മയൂരി മാത്രമായി. ‘ധർമ്മാശുപത്രി വരെ പോകുക’ അത്രയേ ഉള്ളൂ. കൊല്ലങ്ങളായുള്ള ഡോക്ടറെ കാണാനുള്ള ഒട്ടമാണ് ‘ധർമ്മാശുപത്രിക്കുള്ള പോക്കാ’യി ലോപിച്ചത്. അനാമികക്ക് പനിയാണെന്ന് അറിഞ്ഞുള്ള സുരേഷിന്റെ വരവിന്റെ ചൂടൊക്കെ  ആറിത്തണുത്ത ഓർമ്മമാത്രമായി.

അന്നാണ് അവൾക്ക് അവസാനമായി പനിവന്നത്. ഒന്നാം ദിവസം തണുത്തതുണി നെറ്റിത്തടത്തിലിട്ടു. രണ്ടുദിവസം കഴിഞ്ഞപ്പോൾ മയൂരി ധർമ്മാശുപത്രിക്ക് കൊണ്ടുപോയി. പനി മാറുന്നില്ല. സുരേഷിനെ അറിയിച്ചു.   പനിയെന്ന്  കേട്ടയുടനെ ഏറെ അകലെയായ അപ്പുറത്തെ മറുപടി, ഒന്ന് രണ്ട് വാക്കുകളിൽ, നിർവികാരതയോടെ  മുറിഞ്ഞു.
പിന്നീട് തിരിച്ചുവിളിച്ചു.
വരാമെന്ന് പറഞ്ഞു.
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ.
‘പിന്നീട് തിരിച്ചുവിളിച്ചു.
വരാമെന്ന് പറഞ്ഞു’.

ആ  ചെറിയ വീട്ടിലെ  മുഷിഞ്ഞ മുറികളിൽ ഒന്ന് അനാമികയും താനും ചേർന്ന്  സ്വന്തമാക്കിയപോലെയാണ് പിന്നീടുള്ള ദിവസങ്ങളിൽ ദീപ്തി പ്രാകികൊണ്ടിരുന്നത്.
ഒഴിയാബാധപോലെ അനാമിക വീടിനെ ഇരുളിലേക്ക് തള്ളിവിടുന്നുവെന്ന തോന്നൽ ദീപ്തിയുടെ വാക്കുകളിൽ മുഴങ്ങിനിന്നു. ആ മുഴക്കത്തിന്റെ  പ്രതിധ്വനിയിൽ ‘അയാളുടെ ശുക്ലം കുളിമുറിക്കുള്ളിലെ മഞ്ഞവെളിച്ചത്തിൽ നിന്ന് കൂടുതൽ ഇരുണ്ട്,  മറയില്ലാത്ത ഓടയിലേക്ക് ഒഴുകിയൊളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

വിളിച്ചതിന്റെ രണ്ടാം ദിനം സുരേഷ് വന്നു. വല്ലാത്ത ഒതുക്കം സുരേഷിന്റെ വാക്കിലും സമീപനത്തിലും ഉണ്ടായിരുന്നു. പിറ്റേ ദിവസം ആശുപത്രിയിലേക്ക് ഓട്ടോയിലാണ് പോയത്. ദൂരേക്കാണ് പോയത്. ടൗണിലെ ആശൂപത്രിയിലേക്ക് എന്ന് പറഞ്ഞാണ് പോയത്. പോയവഴിയിൽ സുരേഷ്‌ എന്തൊക്കെയാണ് പറഞ്ഞത്? ജീവിതം അനാമികയുടെ പനിക്ക് മുന്നും പിന്നും എന്ന നിലയിൽ ഞാൻ  ക്ഷതമേറ്റ ചിതൽപുറ്റ്പോലെ, സുരേഷിന്റെ വാക്കുകളിൽ ഉടഞ്ഞില്ലാതായി.
എന്നോട് അതൊക്കെയും പറഞ്ഞു ധരിപ്പിക്കാൻ വേണ്ടി ആയിരുന്നു പോയതൊക്കെയും.
പിന്നെയും  മൂന്നുതവണ പോയി.
മൂന്ന് തവണയും  ആശുപത്രിയിൽ പോയി.
മൂന്ന് തവണയും ഡോക്ടറെ കാണിച്ചതേ ഇല്ല.
മൂന്ന് തവണയും നാട്ടുകാരെ ബോധിപ്പിക്കാൻ ആയിരുന്നു പോയത്.
മൂന്ന് തവണയും എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ആയിരുന്നു പോയത്.
പനി കൂടിവന്നു.
പനി മാറിയെന്ന് പറഞ്ഞ് അനാമികയെ കുളിമുറിയിലെത്തിച്ച് കുളിപ്പിച്ചു.
അല്ല, തല നനപ്പിച്ചു. രാത്രികളിൽ അത് ആവർത്തിച്ചു.
മരുന്നുകൾ വാങ്ങി.
മരുന്നുകൾ കുറയാൻ തുടങ്ങി.
അവൾക്ക് വിറയൽ തുടങ്ങി.
മയൂരിക്ക് മുഖം നൽകാതെ നിഴൽകൊണ്ടു ഞാൻ മുഖംമൂടികൾ മാറി മാറി അണിയാൻ തുടങ്ങി.
ദീപ്തി അശ്രദ്ധമായി അവളുടെ  ജീവിതം തിരക്കില്ലാതെ  നയിച്ചുകൊണ്ടിരുന്നു.

മുറിക്ക് പുറത്തെ ലോകം. അത്, വീടിനെ ഇരുട്ട് കൊണ്ട് മുറുകെപ്പൊതിഞ്ഞു വളരുന്നതായി  തോന്നി.   ഒറ്റപ്പെടുന്നതും  ഒറ്റപ്പെടുത്തുന്നതും ആരാണ്?
കാറ്റിൽ കുളിമുറിയുടെ കതക് അടക്കലിനും തുറക്കലിനും മദ്ധ്യേ, കാറ്റിലാടി നിലയില്ലാത്ത നിലകൊണ്ടു.

കെണിയാണെന്നറിഞ്ഞിട്ടും  ചെന്നായ ആ ചുവപ്പണിഞ്ഞ  പ്രലോഭനത്തിലേക്ക്  വിറയോളം എത്തിയ വിശപ്പോടെ ഓടിയടുത്തു.

അത്രദിവസത്തെ ക്ഷീണം ഞാൻ മരണവീട്ടിലെ അമ്മക്ക് കിട്ടുന്ന പ്രത്യേക ഔദാര്യത്തിൽ തളർന്ന് കിടന്ന് ആശ്വാസം കണ്ടു. ‘മൂന്ന് പെണ്മക്കളും പിന്നെ ദാരിദ്ര്യവും’ എന്ന ആനുകൂല്യത്തിൽ ആളുകൾ വീട്ടിൽ തിങ്ങിനിറഞ്ഞു. വീടിന്റെ ശോചനീയാവസ്ഥ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരിക്കണം. സുരേഷിനോട് പലരും മാറിമാറി സംസാരിക്കുന്നുണ്ടായിരുന്നു. ‘ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിക്കാം’ എന്നതും നാട്ടുകാരുടെ സംഭാവന ആയിരുന്നു. സുരേഷ് വളരെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ പലരേയും കേൾക്കുന്നുണ്ടായിരുന്നു.

എന്റെ നോട്ടം സ്വീകരിക്കാൻ സുരേഷിന് ധൈര്യമില്ലാത്തതുപോലെ. മയൂരി അനാമികയെ മാത്രമേ നോക്കുന്നുള്ളൂ. ചുറ്റിലുമുള്ളവരെല്ലാം അവൾക്ക് എന്നേ അപരിചിതരായിരുന്നു.
അങ്ങനെ സുരേഷും താനും മാത്രം അറിഞ്ഞ,  ലോകം അതുവരെ തിരിച്ചറിയാതിരുന്ന അനാമിക,  വീടിന് കുറേക്കൂടി ആയാസം നൽകി ഒഴിഞ്ഞിറങ്ങി.

ഒഴിഞ്ഞ മുറി ദീപ്തി അടിച്ചു തുടച്ചു വൃത്തിയാക്കി. രണ്ടാഴ്ച അവൾ അതിൽ അവളുടെ വീട് പണിതപോലെ കഴിഞ്ഞു.  രണ്ടാഴ്ച്ച കഴിഞ്ഞ്  സുരേഷിനോടൊപ്പം മൂന്ന് ചെറുപ്പക്കാർ വന്നു. വീടിന്റെ മേൽക്കൂര എന്ന ഷീറ്റ് മാറ്റി, കമ്പിയിട്ട് ഓടുമേയാൻ വന്നവരാണ്. ഒരാഴ്ച്ച കൊണ്ട് പണി തീർന്നു. അത് കഴിഞ്ഞ ഉടനെ  അടുക്കളയടക്കം ആകെ മൂന്ന് മുറികളുള്ള ആ വീടിന്റെ മൺ ചുമര് ചെത്തിയെടുത്ത് സിമന്റ് പൊതിയാൻ വേറെ ആളുകൾ വന്നു.  ആ സമയം വീട്ടിലെ  മൂന്ന് പെണ്ണുങ്ങൾ കുറച്ചു ദിവസം കുളിമുറിയോട് ചേർന്ന്  ഒരു ചായ്പ്പ് കെട്ടി അങ്ങോട്ട് താമസം മാറി.

പത്ത്‌ ദിവസത്തോളം മാത്രം. വീട് പുത്തനായതുപോലെ.
പിന്നെ രണ്ടു ദിവസം കൊണ്ട് വീടിനേക്കാൾ പുത്തനായി  കുളിമുറി മാറി. വീടിനകം ഇരുണ്ട ടൈലാണ് പാകിയതെങ്കിൽ കുളിമുറി നന്നേ വെളുത്ത ടൈലിൽ വെളിച്ചം കണ്ടു.

ദീപ്തി ഇനിയും കുളിമുറിയിൽ നിന്ന് ഇറങ്ങിയിട്ടില്ല. ടാപ്പ് തുറന്ന് വെച്ചിരിക്കുകയാണ്. അതിന്റെ ശബ്ദത്തിൽ വ്യത്യാസം വരുന്നില്ല.  ബക്കറ്റിൽ നിന്നും വെള്ളം നിറഞ്ഞുകവിയുമ്പോഴുള്ള ശബ്ദക്കുറവ് അടുത്തേക്ക് നിറഞ്ഞുവരുംപോലെ.

പിന്നെ  രണ്ടാഴ്ച കഴിഞ്ഞ്, നാല്പത്തിനോടടുത്ത് പ്രായം തോന്നുന്ന ഒരു തമിഴനും അവരുടെ അമ്മയെന്ന് തോന്നിക്കുന്ന  സ്ത്രീയും പിന്നെ വേറെ രണ്ടു ആണുങ്ങളും വീട് കേറി വന്നു.  ഇരുണ്ടനിറത്തിലുള്ള ആ നാല്പതുകാരന്റെ വയറ്, വീടുപണിയുടെ ബാക്കിയായ ചെങ്കല്ലുകൾ ചാടികടന്ന വേളയിൽ റബ്ബറ്പോലെ ചാടിയിളകി. കൂടെ വന്ന രണ്ട് ആണുങ്ങൾ കാറിനടുത്ത് തന്നെ നിന്നു.

രാവിലെ തന്നെ കുളിച്ച്, വെള്ളമുണ്ടുടുത്ത സുരേഷ് അവരെ പ്രതീക്ഷിച്ചിരുന്നതായി അപ്പോഴാണ് എനിക്ക് മനസ്സിലായത്. വലിയൊരു തട്ട് നിറയെ പഴങ്ങൾ നിരത്തി, മുല്ലപ്പൂവിന്റെ വാസനയോടുകൂടി ആ സ്ത്രീ എന്റെ കയ്യിലേക്ക് അത് ഏൽപ്പിച്ചു. ആ നേരത്ത് ചുവന്ന സാരിയുടുത്ത അവർക്ക്,  വെളുത്ത പെയിന്റ് അടിച്ച മുറിയിൽ  പ്രത്യേക തിളക്കം കിട്ടിയിരുന്നു.

“വീട് എല്ലാം സുത്തമാ മാറിപോയിട്ടയേ,
എല്ലാമേ നീങ്കളെ നിനച്ചു താ”

വീടിനെ കണ്ണുകൊണ്ട് കറക്കി തിരിച്ചു നിരീക്ഷണം നടത്തിയതിന്  ശേഷമുള്ള ആ സ്ത്രീയുടെ സംസാരത്തിന്റെ അർത്ഥം അപ്പോഴാണ് തനിക്ക് പിടികിട്ടിയത്.  ഇതൊക്കെ ചെയ്യിച്ചത് ഇവരായിരുന്നു.
“അപ്പൊ വറും വെള്ളിക്കെളമൈ നാങ്ക പത്തുപേർ വരുവോം , ബാക്കിയെല്ലാമേ നീങ്കതാ പാത്തുക്കണം. സുരേഷ്കിട്ടെ എല്ലാമേ സൊള്ളിയിരുക്ക്. ഇനി പൊണ്ണെ തങ്കമാ പാത്ത്ക്കറുത് എങ്ക പൊറ്പ്പ്.”

സുരേഷ് എന്തെന്നില്ലാത്ത സന്തോഷത്തിൽ ചിരിച്ച മുഖത്തിന്റെ അവസാനഭാഗം എനിക്ക്നേരെ നീട്ടി. അൽപസമയം കഴിഞ്ഞ് അവർ ഇറങ്ങി. ആ ചെങ്കല്ലുകൾ താണ്ടി അയാൾ വെച്ച കാൽചുവടിൽ വെളുത്ത മുണ്ടിനകത്തെ അതിലും വെളുത്ത അടിവസ്ത്രം തെളിഞ്ഞു കാണപ്പെട്ടു. അവർ പോയതിന് ശേഷം അവരോട് ഒന്നും കാര്യമായി പറയാൻ കഴിയാത്തതുപോലെതന്നെ സുരേഷിനോടും എനിക്ക് വാക്കുകൾ കിട്ടിയില്ല. അത് മനസ്സിലാക്കിയെന്നോണം സുരേഷ് അവർ പോയതിന് പുറകിൽ വെളുത്തമുണ്ടുമുടുത്തുതന്നെ വീടിന് പുറത്തേക്കിറങ്ങിനടന്നു.

ഒരാഴ്ച്ച കഴിഞ്ഞ് എല്ലാം തയ്യാറായി. വീടിന്റെ ചെറുമുറ്റം നിറഞ്ഞൊതുങ്ങിയ ലളിതമായൊരു ഓലപന്തൽ. സുരേഷ് കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് വലിയ തിരക്കില്ലാതെ, ഓടിനടന്ന് വിളിച്ച, കുറച്ച് അയൽവാസികളടക്കം  അറുപത് പേരടങ്ങുന്ന ഒരാൾക്കൂട്ടം. കല്യാണവീടിന്റെ നിറവും, ഒച്ചയും, മണവും നിറഞ്ഞപോലെ.
ഉടുത്തൊരുങ്ങി വന്നപ്പോൾ മയൂരി ഒത്ത കല്യാണപെണ്ണുതന്നെയായി. ചിരിക്കാതെയും, കരയാതെയും അവൾ അർഹതയില്ലാത്ത ഞങ്ങൾക്കുവേണ്ടി, അറിവില്ലാതെ  അരങ്ങുവാണു.‌ ഉച്ചയോടുകൂടി എല്ലാ ചടങ്ങുകളും തീർന്നു. ആ പ്രദേശത്തു കിട്ടുന്നതിൽവെച്ച് ഏറ്റവും നല്ല ഭക്ഷണവും കഴിച്ച് അയൽവാസികളും പിരിഞ്ഞുപോയി. അന്ന് ഏറ്റവും
ഉത്സാഹവതിയായി കാണപ്പെട്ടത്  ദീപ്തിയായിരുന്നു. എല്ലാം സമയവും ദീപ്തി ചില സന്തോഷങ്ങളുടെ ഒരുക്കലുകളിൽ വ്യാപൃതയായിരുന്നു.  എല്ലാവരോടും  യാത്ര പറഞ്ഞ്  കാറിൽ കേറും മുൻപ്  കരയാനോ കരയിക്കാനോ അവകാശമില്ലാത്തപോലെ മയൂരി എന്നെ നോക്കി. വാക്കുകൾ ഉടഞ്ഞുമുറിഞ്ഞെങ്കിലും കണ്ണീര് ഉറവ പൊട്ടിയൊഴുകി.  അവളെ  ചേർത്തു പിടിച്ചു.

അടുത്തല്ല അവൾ എന്ന തോന്നൽ അപ്പഴും  മുഴച്ചുനിന്നു. സുരേഷ്, വരനെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു എല്ലാ സമയത്തും.
മൂന്ന് മണി വല്ലാതെ ഇരുട്ടിയ പോലെ, പുറകോട്ട്  പുകമേഘം തള്ളിവിട്ട് ആ വെളുത്തകാർ തനിക്കറിയാത്ത വഴിയിലേക്ക് മറഞ്ഞു.

ചുറ്റിലും ആരും കാണുന്നില്ല എന്ന മട്ടിൽ കണ്ണിനെ മയക്കുന്ന ചുവപ്പിന്റെ മറവിൽ ചെന്നായ, മാംസക്കഷണത്തിന്റെ സ്വാദ് നക്കിയെടുക്കാൻ തുടങ്ങി.

വീട് മുഴുവൻ നിറഞ്ഞ മയൂരി, അന്ന് ഇറങ്ങിയതോടെ വീട്ടിലെ  ഒഴിവിന്റെ വ്യാപ്തി കൂടിവന്നു. അവൾ പറഞ്ഞതിനേക്കാൾ കൂടുതൽ പറയാതെ ഇറങ്ങിപ്പോയപ്പോലെ.  ദീപ്തി വീടിനകത്തെ ഒരു  മുറിയിലായി. ഞാൻ വീടിനകത്ത്  അവളിൽ നിന്ന് പുറത്തായി. പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് കിട്ടി അവൾ പഠനം തുടങ്ങി. അന്ന് മുതൽ അവൾ എന്നും തിരക്കുള്ളവളായി.  വീട്ടിലെ  അവളുടെ മുറിയിലെ ലൈറ്റ് എരിയുന്ന സമയം കൂടിവന്നു.
അതോടൊപ്പം എന്റെ മനസ്സിലെ ഇരുട്ടും ആധിയോടൊപ്പം ഏറിനിന്നു.

bhagyalakshmi-prajeesh-kunju-subesh-padmanabhan
ചിത്രീകരണം : സുബേഷ് പത്മനാഭൻ

സുരേഷിന്റെ  ഭൗതികമായ ചുറ്റുപാടുകൾ മാറുന്നുണ്ടായിരുന്നു. ബേക്കറി പണിക്കാരനിൽനിന്നും ബേക്കറി ഉടമയായി സുരേഷ് മാറി. വീട്ടിലെ ആരെയും തൊടാതെ പോകുക എന്ന മാരക പാപത്തിലൂടെ  കടന്ന് പോകാൻ സുരേഷിന് എങ്ങനെ   കഴിയുന്നു? ദീപ്തിയെന്ന വലിയ ഭാരം,  ചുമക്കാൻ കഴിയാത്തവിധം എന്റെ ഹൃദയം വീടിന്റെ വലിപ്പത്തിൽ ഒതുങ്ങാൻ പാടുപെട്ടു.

ഒരു വൈകുന്നേരം, ഒരിക്കൽക്കൂടി,  കുളിമുറിയുടെ അടച്ചിട്ട കനം, ചോദ്യം ചെയ്യപ്പെടാൻ കെൽപ്പില്ലാത്ത ഉത്തരങ്ങൾ കൊണ്ടെന്നെ  ഇരുട്ടിലോട്ടിട്ടു.  അന്നത്തെ  പണികഴിഞ്ഞു വീട്ടിലേക്ക് കയറി വന്നപ്പോഴായിരുന്നു അത്. വീടിന് പുറത്തൊരു ബൈക്ക്. സുരേഷ്  തന്റെ  ഏതേലും സുഹൃത്തുക്കൾക്കൊപ്പം വന്നതാവാം എന്ന് കരുതി ഞാൻ വീട്ടിനകത്തേക്ക് കയറി. അവളുടെ മുറിയിൽ ലൈറ്റ് എരിയുന്നുണ്ട്. ഞാൻ അടുക്കളവഴിയേ  പുറത്തെ വരാന്തയിലേക്ക് നടന്ന്, കുളിമുറിയിലേക്ക് കയറാൻ നോക്കുമ്പോൾ കതക് അടഞ്ഞു കിടക്കുന്നു. അപ്പോൾ ‘അവൾ’? ‘അല്ല, ഇവിടെ’? ഒരു നിമിഷത്തെ ചിന്തയുടെ ഇടവേളയിൽ കതക് തുറന്നു. ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. നനഞ്ഞ ചെരുപ്പ്, കാലിൽ നിൽക്കാത്തവിധം, അത് ഇടാൻ ശ്രമിച്ചുകൊണ്ട് ഒരു പരിചയഭാവവും കാണിക്കാതെ ഇറങ്ങിപ്പോയി. പുറത്തെ ബൈക്ക്,  ശബ്ദം കുരച്ച്, പുക കാറിതുപ്പി തന്റെ മനസ്സിന്റെ  വെറുപ്പോടുകൂടി അകന്ന് പോയി. ദീപ്തി അവളുടെ മുറിയിൽ നിന്ന് പുറത്തുവന്നു.  കുളികഴിഞ്ഞുമാറിയ തുണികൾ അവൾ വരാന്തയിലെ അയയിൽ ഉണങ്ങാനിടാൻ തുടങ്ങി.  ചോദ്യങ്ങളുടെ ചിന്താഭാരം കൊണ്ടെന്റെ തല തളർന്നെങ്കിലും, ഉത്തരങ്ങൾ തരാൻ തയ്യാറാകാത്ത അവളോ,  ഒരിഞ്ചുപോലും താണു കണ്ടില്ല. കാറ്റത്ത് കുളിമുറിയുടെ വാതിൽ ശക്തമായി അടഞ്ഞു. ചുമര് എനിക്കുവേണ്ടി ആ അടി ഏറ്റുവാങ്ങി.  അനക്കമില്ലാത്ത മാലിന്യത്തിന്റെ അടിവാരത്തിലേക്ക് വീണ്ടും താൻ  ഒതുങ്ങിയെന്ന തോന്നലിന് ഒരു കനത്ത കൊളുത്തുകൂടി ഇട്ടു.

മയൂരി അകലങ്ങളിൽ കുറവ് വരാതെ നിലകൊണ്ടു. ‘ അമ്മേ’ എന്ന ഒരു വിളി അവളിൽ നിന്ന് കൊതിച്ചിരുന്നു. ഇനി തരില്ല. ഒരുപാട് കിട്ടിയതാണ് അവളിൽ നിന്ന്. അവളിൽ നിന്ന് മാത്രം.

“നിങ്ങൾക്ക് കാശ് വല്ലതും വേണോ?
ഇപ്പ നല്ല വരവാണ്”

കത്തികൊണ്ട് ശരീരം മുഴുക്കെ കുത്തിവരഞ്ഞ് ചോര കിനിയുന്ന തോന്നലാണ് അവളാ ചോദ്യം ചോദിക്കുമ്പോൾ.
കല്യാണം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞാണ് അവളൊന്നു വിളിച്ചത്.

“എന്നെക്കുറിച്ചുള്ള നിങ്ങടെ കണക്കൊക്കെ കൃത്യമായിരുന്നൂ അല്ലേ എല്ലാ കാലത്തും?
എത്ര ലാഭം കിട്ടി ഈ കച്ചവടത്തില്? നിങ്ങടെ കെട്ട്യോൻ ശരിക്കും എന്റെ അപ്പനാണോ? നിങ്ങള് കൂടി അറിഞ്ഞോണ്ടായതുകൊണ്ട് തെറ്റാതെ കിട്ടിക്കാണും എല്ലാം, ല്ലേ?”

ചുവപ്പും മഞ്ഞയും സ്വർണനിറവും വിളക്കും ആളുകളും ആരവവും കലങ്ങിക്കുഴഞ്ഞ് കണ്ണിനും തലക്കും പിടിതരാതെ ശരീരംവിട്ട് ഏതോ നക്ഷത്രചൂടിൽ എന്നെ മയക്കികിടത്തി.

വിളികളും, അവളും, ഞാനും അന്യോന്യം പറഞ്ഞുവെച്ച മുഖം മൂടികളണിഞ്ഞ് അറിയാത്ത ഭാവം നടിച്ചു. വീണ്ടും  ഒരുകൊല്ലം കഴിഞ്ഞു. ഒരു അർധരാത്രി അവൾ വിളിച്ചു. അന്നേരം അവൾ  വേദനയില്ലാതെ പറഞ്ഞു.

“അയാൾ പോയി”.

ഒരു സാധാരണ കൊല. സാധാരണ മരണം. പലിശക്ക് പണം വാങ്ങിച്ച ചിലർ ചെയ്തതാണ്.

“എനിക്ക് ദുഃഖമില്ല. ദുഃഖം തോന്നാൻ മാത്രം അയാൾ എനിക്ക് സന്തോഷം തന്നിട്ടുമില്ല. നിങ്ങളും അങ്ങനെ അത്രമാത്രമേയുള്ളൂ എനിക്കിപ്പോൾ”.

അവളും ഞാനും തമ്മിലും ഇപ്പോൾ ഒന്നുമില്ലാതായിരിക്കുന്നു.  അവളുടെ വാക്കുകൾക്കിടയിൽ, നനവുള്ള ഒന്നും ഇല്ലാതായിരിക്കുന്നു.  ജീവിതത്തിനും.
അനുവാദമില്ലാതെ കുത്തിയൊഴുകാൻ മാത്രം എന്നിലേക്കൊരു മഴവഴിയില്ലിപ്പോൾ. ഞാനെത്ര വലിയ മരുഭൂമിയാണ്?

നക്കുന്തോറും  ഊറിവരുന്ന  പുളിപ്പ് രസത്തിൽ മതിമറന്ന് ചെന്നായ  തന്നെത്തന്നെ രുചിക്കാൻ തുടങ്ങി. തണുപ്പിലും പിന്നെ പുളിപ്പിലും മരവിച്ച നാക്ക് പക്ഷെ,  കത്തിയാൽ കീറിയാണ് ചോരയൊലിക്കുന്നതെന്നോ,  തന്റെതന്നെ  രക്തമാണ്  ഊറ്റിയിറക്കുന്നതെന്നോ ചെന്നായക്ക് ഒരറിയിപ്പും നൽകിയില്ല. അവസാന തുള്ളി രക്തം വരെയും.

ഒറ്റമുറിയിൽനിന്ന്  വെളിച്ചം മാത്രമല്ല, ശബ്ദവും പ്രകടമായ വെളിപ്പെടുത്തലുകളുമായി, വീട് വിട്ട് പരക്കാൻ തുടങ്ങി. ദീപ്തി എന്നെ തൊടാതെ, എനിക്ക് ദീപ്തിയെ തൊടാനാവാതെയായി. ദീപ്തി സ്വന്തമായ, സ്വതന്ത്രമായ മറ്റ് ചിറകുകളോടൊപ്പം ചേരുവാൻ തുടങ്ങിയതുപോലെ.

ബൈക്കുകളുടെ ശബ്ദങ്ങളെ വീടിന് തടയിടാൻ കഴിയാതെയായി. എങ്കിലും വിട്ടുപോകാത്ത ഏതോ നൂലിൽ എല്ലാം ഭദ്രമെന്നത്പോലെ ചില തോന്നലുകൾ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. ഇടക്ക് കാര്യങ്ങൾ ശാന്തമായതുപോലെ ദീപ്തി മുറിവിട്ട് വീട്ടിലേക്കിറങ്ങി. എന്നിലേക്ക് ചേരാൻ തുടങ്ങിയതുപോലെ. വീണ്ടും അന്യഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ വന്നതുപോലെ. പിടിവാശികളെല്ലാം അവസാനിച്ചത്പോലെയായിരുന്നു ദീപ്തി കഴിഞ്ഞ ആഴ്ച മുഴുവനും.

പണ്ടെത്തേക്കാൾ അധികമായ, ഒരു വെള്ള വെളിച്ചത്തിലൂടെ വീട് ഒഴുക്കാരംഭിച്ചപോലെ. വീട്, അത്  രണ്ടുപേരുടേതെങ്കിലും, അതിന്റെ സ്വന്തമായ സ്വച്ഛതയിലേക്ക് ഒതുങ്ങിക്കൂടി. മയൂരി ഇടക്ക് വിളിച്ചിരുന്നു. അവൾ അനിയത്തിയെ അന്വേഷിച്ചു. പറയാൻ ദീപ്തിയുടെ സ്വഭാവമാറ്റവും പിന്നെ  അഡ്മിഷൻകാര്യവും  ഉള്ളതിനാൽ എന്തോ കാര്യമായി പറഞ്ഞതുപോലെ.

കുളിമുറിയിൽനിന്ന് ശബ്ദം തിരികെ വന്നു. ടാപ്പിൽ നിന്നും വെള്ളം ബക്കറ്റിലേക്ക്.  ബക്കറ്റിൽ നിന്നും നിലത്തോട്ട് വീഴുന്നതിന്റെ ശബ്ദത്തിന് മാറ്റം വരുന്നില്ലല്ലോ? വെള്ളം മഞ്ഞ കലർന്ന്  എപ്പോൾ മുതലാണ്  പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്?

വെള്ളം അണപൊട്ടി കുളിമുറിയുടെ ചുമരുകൾ തകർത്ത്  അതിന്റെ നിറമില്ലായ്മയും, ഇളം മഞ്ഞനിറവും, കടും ചുവപ്പ് നിറങ്ങളുമായി ഒഴുക്കാരംഭിച്ചു.  തേഞ്ഞുകിടന്ന ചകിരിയും, ചകിരിപ്പൊടി ഒട്ടിയ സോപ്പും, ഇനിയും അലിഞ്ഞുചേരാത്ത ശുക്ലവും, കുളിമുറിയുടെ തീരെ ചെറിയ ഓവിലൂടെ ഒഴുകിയോടാൻ ശ്രമിച്ചു. പിന്നെ അടഞ്ഞ്,  ഭാഗ്യലക്ഷ്മിയുടെ ശിരസ്സിൽ കെട്ടികിടന്നു.

തളർന്ന് വീഴാറായ ചെന്നായ, ചുമരുചാരി കുന്തിച്ചിരുന്ന, ഭാഗ്യലക്ഷ്മിയുടെ കാൽപ്പാദത്തോളം ഒഴുകിയെത്തിയ രക്തം, ഒരു തുള്ളിപോലും ബാക്കിവെക്കാതെ നക്കി നക്കി മുന്നോട്ട് നീങ്ങി. കുളിമുറിയുടെ ഇനിയൊരിക്കലും  തുറക്കാത്ത കതകിന്റെ മുന്നിൽ  കമഴ്ന്നടിച്ച്,  വീണ് മരിച്ചു.

athmaonline-the-artaria-prajeesh-kunchu

പ്രദീഷ് കുഞ്ചു
കണ്ണാടി
പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here