നായ്ക്കൂട്

0
256
(കഥ)
അളകനന്ദ
“മൂത്രം മണക്കാത്ത ഏതേലും മൂല ണ്ടോ ഈ വീട്ടില്” അയാളലറി.നെറ്റിയിലൂടെ വിയർപ്പ് അണപൊട്ടി ഒഴുകി. വാക്കുകൾ പൊട്ടി പോകാതെ ,ശ്വാസമെടുക്കാൻ പണിപ്പെട്ട് അയാൾ അലറി. സോഫക്ക് മുകളിൽ കാല് കയറ്റിയിരുന്ന് ഞാൻ ചിരിയടക്കിപിടിച്ചു.ഞരമ്പ് പൊട്ടി എന്റെ കാൽകീഴിൽ വീഴുമോ എന്ന് ഞാൻ ഭയപ്പെട്ടു.
“ഒരു നൂറു തവണ പറഞ്ഞതല്ലേ തനൂ ഒരു നായിനേം കൂടി പോറ്റാൻ ആവൂല ന്ന്. ഉള്ളത്ങ്ങളെ നോക്കാൻ തന്നെ ആവ്ന്നില്ല.”
ഞാൻ പ്രതിമ കണക്കെ ഇരുന്നു. ഏതൊക്കെയോ വാക്കുകൾ എന്റെ തലക്കും ചെവിക്കും തട്ടി തെറിച്ചു കൊണ്ടേയിരുന്നു. മുന്നിലൊരാൾ ദേഷ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അയാളുടെ ചലനങ്ങളും ഭാവങ്ങളും ശ്രദ്ധിക്കാൻ ഒരു രസമുണ്ട്. മറുപടി പ്രതീക്ഷിച്ചു മടുത്തതിനാലാവണം, അരമണിക്കൂർ  നീണ്ട നാടകം അവസാനിപ്പിച്ച് ആ പാവം മനുഷ്യൻ വേദി വിട്ട് പിറുപിറുത്ത് എങ്ങോട്ടേക്കോ പോയി.
ശരിയാണ്. ഈ വീടാകെ നായ്ക്കൂട് പോലായി. രണ്ട് മനുഷ്യരും മൂന്നു നായകളും ഉള്ള വീട്. വീടിന്റെ പരമാധികാരം കൈക്കുള്ളിലാക്കിയ നായകൾ. ചെറിയ നീർച്ചാലുകളായി ഓരോ മുറിയിലും മൂത്രം ഒഴുകുന്നുണ്ട്. എല്ലാത്തിനും പറമ്പിലേക്ക് ഉന്തിതള്ളി വിട്ടാലും കണ്ണൊന്ന് തെറ്റിയാൽ മടിയന്മാർ വീടിനുള്ളിൽ കാര്യം സാധിക്കും. ഞങ്ങൾ രണ്ട് മനുഷ്യജീവികൾക്കും ഈ മണം പ്രശ്നമുള്ളതല്ല.എങ്കിലും അപ്രതീക്ഷിതമായി ഒരു അതിഥി വന്നാൽ ഞങ്ങളുടെ വൃത്തിബോധത്തെ  മോശമായ രീതിയിൽ വിലയിരുത്തും. അതുകൊണ്ടാണ് ഇടക്കെങ്കിലും ഉത്തരവാദിത്തമുള്ളവനെ പോലെ വിഷ്ണു അഭിനയിക്കുന്നത്. ഇടക്ക് അതിൽ ഒരു നടിയായി ഞാനും പങ്കെടുക്കാറുണ്ട്.

മിനിഞ്ഞാന്ന് കടയിൽ പോയി മടങ്ങുന്ന വഴിക്കാണ് അരിപ്പൂകാടിനുള്ളിൽ നിന്ന് ഒരു കരച്ചിൽ. ഞങ്ങൾ വണ്ടി ഒതുക്കി. കാടും മുള്ളും വകഞ്ഞുമാറ്റി നോക്കിയപ്പോൾ രണ്ടു കുഞ്ഞിക്കണ്ണുകൾ ഞങ്ങളെ നോക്കി പേടിച്ചു നിൽക്കുന്നു. ദേഹമാകെ കറുത്ത രോമങ്ങൾ നിറഞ്ഞ കുഞ്ഞൻപട്ടി. പെറ്റിട്ടിട്ട് ഏകദേശം രണ്ടുമാസമേ ആയിക്കാണുള്ളു. നാലുഭാഗവും നോക്കി അടുത്തെങ്ങും മറ്റ് പട്ടികൾ ഇല്ലെന്ന് ഉറപ്പുവരുത്തി.

“വിഷ്ണോ, ഇതിനെ മ്മക്ക് എടുത്താലോ?”
“വേണ്ടാഡോ. എല്ലാത്തിനേം കൂടി നോക്കൽ റിസ്ക്കാവും”.

“എഡോ. പ്ലീസ്. ഇവടെ കെടന്നാ ഇത് ചാവത്തെയുള്ളൂ.”

അയാൾ അലിഞ്ഞു. സമ്മതം മൂളി… വീട്ടിൽ വന്നത് മുതൽ അത് ഞങ്ങളോട് പ്രതിഷേധത്തിൽ ആയിരുന്നു. യാതൊന്നും കഴിച്ചില്ല. മനുഷ്യരെ കണ്ടുകൂടാത്തതിനാൽ ആവുമെന്നുള്ള ധാരണയിൽ മുൻ താമസക്കാരായ നായകളെ പരിചയപ്പെടുത്തി. അവരോടും വിദ്വേഷം തന്നെ. ആദ്യമായി അമ്മയെ വിട്ട് ബന്ധുവീട്ടിൽ താമസിക്കാൻ പോയ കൊച്ചുകുഞ്ഞിനെ പോലെ അത് ശാഠ്യം പിടിച്ചു.ഞാനാണെങ്കിൽ കുറ്റബോധം കൊണ്ട് ശ്വാസം മുട്ടി. ഞാനെന്തിന് നിർബന്ധിച്ചു കൊണ്ടു വന്നു..? ഞാനൊരു ക്രൂരയാണെന്ന് ആ രാത്രി കൊണ്ടെനിക്ക് ബോധ്യപ്പെട്ടു. അതിന്റെ അമ്മ ഇപ്പോൾ കുഞ്ഞിനെ അന്വേഷിച്ചു നടക്കുകയാവണം. ‘വേർപെടൽ’ എല്ലാ ബന്ധങ്ങളിലും അനിവാര്യമാണെന്ന് പറഞ്ഞ് വിഷ്ണു എന്നെ ആശ്വസിപ്പിച്ചു. മൂന്ന് ദിവസം ആ പ്രതിഷേധസമരം തുടർന്നു. പതിയെ രാത്രികളിൽ, എനിക്കും വിഷ്ണുവിനും നടുവിൽ പുതപ്പിനുള്ളിൽ  അനക്കമുണ്ടാവാൻ തുടങ്ങി. മൂന്നുപേരും ഞങ്ങളോട് ചേർന്നു കിടക്കാൻ മത്സരിച്ചു… വാശിപിടിച്ചു. മൂന്ന് നായ്കുട്ടികളുടെ വാശികൾക്കിടയിൽ ഞങ്ങളിരുവരും നിസ്സഹായരായി. എന്റെ ഈ കടുത്ത നായപ്രേമത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും മൂക്കത്ത് വിരലുവെച്ചു. ഇടക്ക് ഞാനും അദ്‌ഭുതപ്പെട്ടു!മനുഷ്യരുടെ ഭാഷ പൂർണമായും ഞാൻ മറന്നിരിക്കുന്നു…
വിഷ്ണുവുമായി പ്രണയത്തിൽ ആയതിന് ശേഷം ആദ്യമായാണ് നീണ്ട നാളുകൾ ഞങ്ങൾ ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കുന്നത്. വയനാടുള്ള അയാളുടെ ഫാം ഹൗസിലേക്ക്  ഡിസംബറിൽ ഞാൻ പുറപ്പെട്ടു. ടൗണിൽ നിന്നും കുറെ ദൂരത്ത്, നടന്ന് മാത്രം എത്തിപ്പെടാവുന്ന സ്ഥലം.നടപാതയിലാകെ കടലാസ്പൂക്കളും അരിപൂക്കാടും നിറഞ്ഞ അദ്ഭുതപ്രപഞ്ചം! വിഷ്ണുവും ടെസ്സയെന്ന പോമറേനിയൻ പട്ടിയും മാത്രം. അയ്യോ! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പേടി ഇതാ തൊട്ട് മുന്നിൽ. ചെറുപ്പം മുതലേ മൃഗങ്ങളെയും പക്ഷികളെയും എനിക്ക് പേടിയാണ്. ചിലത് എന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്. അപ്പുറത്തെ പുഷ്പ്പേച്ചീടെ വീട്ടിലെ പൂവൻകോഴി പലവട്ടം പറന്നു വന്നെന്നെ കൊത്തിയിട്ടുണ്ട്. എന്റെ വലത്തേ തുടയിൽ വലിയ മുറിവ് ഉണ്ടായിരുന്നു. പിന്നീട് ഒരു വിഷുകാലത്ത് അതിന്റെ ഇറച്ചി തിന്നാനുള്ള യോഗം എനിക്ക് തന്നെ ഉണ്ടായി. മറ്റൊരു ദുഷ്ടജന്മം ആണ് പൂച്ച. ഒരു ചെമ്പൻ പൂച്ച ഒരു കാരണവും ഇല്ലാതെ എന്റെ കയ്യിൽ മാന്തിയിട്ടുണ്ട്. അതിന് ശേഷം എവിടെ പൂച്ചയെ കണ്ടാലും ഉരുളങ്കല്ലുകൾ പെറുക്കി കൃത്യം അതിന്റെ വയറിന് എറിഞ്ഞുകൊള്ളിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ സഹിക്കാം. ഇതിനും എത്രയോ മേലെയാണ് നായകളുടെ ക്രൂരത. എന്റെ സ്കൂളിലേക്കുള്ള വഴികളിൽ എത്ര വട്ടം എന്നെ പേടിപ്പിച് ഓടിച്ചിട്ടുണ്ട്!നായ കടിച്ച്, വായിലൂടെ നുരയും പതയും വന്ന് മരിക്കുന്നതും ആളുകൾ എന്നെ കല്ലെറിഞ്ഞു ഓടിക്കുന്നതും പല രാത്രികളിലും ഞാൻ സ്വപ്നം കണ്ടിരുന്നു. മൃഗയയും കരുമാടികുട്ടനും എന്നെ കരയിപ്പിച്ചു. എന്റെ ഓണക്കോടി ഒരിക്കലൊരു നായ കീറികളഞ്ഞിട്ടുണ്ട്. അപരിചതരായ അനേകം നായകൾ എന്നെ ആക്രമിക്കാൻ വന്നു.ഭാഗ്യം കൊണ്ട് ഓരോ തവണയും ഞാൻ രക്ഷപെട്ടു. ഡിഗ്രി പഠനകാലത്ത് ഈ നായപേടിയെ കുറിച്ചു എളുപ്പത്തിൽ  സംസാരിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടി. എന്റെ അതേ അനുഭവങ്ങളിലൂടെ കടന്നു വന്നതിനാൽ എനിക്ക് അവളെ പെട്ടെന്ന് മനസിലായി. പരസ്പരം ഞങ്ങൾ ആശ്വസിപ്പിച്ചു. നായകളില്ലാത്ത മനോഹരമായ ഒരു ലോകത്തിനായി ഞങ്ങൾ നിരന്തരം പ്രാർത്ഥിച്ചു. അങ്ങനെ ലോകത്തിലെ അറിയപ്പെടുന്ന നായവിദ്വേഷികളായി ഞങ്ങൾ ഇരുവരും അവരോധിക്കപ്പെട്ടു. കൂർത്ത മുഖവും തിളങ്ങുന്ന കണ്ണുകളും നീണ്ട ചെവികളുമായി ഒരേ രൂപഭാവങ്ങളോടെ എണ്ണമറ്റ്  പലദേശങ്ങളിൽ ആയി ഇവ ജന്മമെടുത്തത് എന്നെ പോലുള്ള പാവം മനുഷ്യരുടെ ജീവിതം അവതാളത്തിൽ ആക്കാൻ വേണ്ടി ആണെന്ന് ഞാൻ ഓർക്കാറുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും അവസാനം ഞാൻ എത്തിപ്പെട്ടത് ഒരു ഭീകരൻ നായയുടെ അടുത്താണ്. ടെസ്സയുടെ സാന്നിധ്യം ആ വീട്ടിലെ എന്റെ മുന്നോട്ടുള്ള ജീവിതത്തെ ആശങ്കയിലാഴ്ത്തി. അത് കൂട്ടിലാണ്. വല്ലപ്പോഴുമെ പുറത്തിറക്കാറുള്ളൂ. ഞാൻ ഉള്ളപ്പോൾ അതിനെ പുറത്തേക്ക് കൊണ്ടുവരില്ലായെന്ന് വിഷ്ണു ഉറപ്പ് തന്നു. സമാധാനം… മുൻപ് വിഷ്ണുവിന്റെ ഒരു സുഹൃത്തും കാമുകിയും വന്ന സമയത്ത് അവരുടെ കൂടെ നാട് കാണാൻ പുറപ്പെട്ടതാണ് ഓമനമൃഗം. അഞ്ച് വർഷമായി അവർ ടെസ്സയെ താഴത്തും തലയിലും വെക്കാതെ വളർത്താൻ തുടങ്ങിയിട്ട്. നാടായ നാട് മുഴുവൻ താണ്ടി കാട്ടിലെത്തി. അവരുടെ ജോലി തിരക്ക് കാരണം നായയെ നോക്കാൻ ആവുന്നില്ലെന്നും ആർക്കേലും കൊടുക്കണമെന്നും അവർ വ്യഗ്രതപ്പെട്ടു. സന്തോഷത്തോടെ വിഷ്ണു ഏറ്റെടുത്തു. ടെസ്സയോട്  വീണ്ടും കാണാമെന്ന് പോലും പറയാതെ യജമാനന്മാർ തിരികെപോയി. പെട്ടെന്ന് ഒരു ദിവസം പ്രിയ്യപ്പെട്ടവരാൽ ഉപേക്ഷിക്കപെട്ടതിന്റെ സകല ദുഃഖങ്ങളും ആ പാവം ജീവി അനുഭവിക്കുന്നുണ്ട്. മനുഷ്യരോട് ഉള്ള  വിശ്വാസം മുഴുവൻ അതിന് നഷ്ടപ്പെട്ടു. ആരോടും അത് അമിത സ്നേഹം കാണിച്ചില്ല. എപ്പോഴും ഉദാസീനനായി കാണപ്പെട്ടു. വിഷ്ണുവിനോട് മാത്രമേ അത് എന്തെങ്കിലും തരത്തിലുള്ള വികാരം പ്രകടിപ്പിക്കാറുള്ളൂ. അയാളെ നക്കുകയും ദേഹത്ത് തലയിട്ട് ഉരസുകയും ചെയ്യാറുണ്ട്. റോഡിലൂടെ ഏതൊരു മനുഷ്യൻ പോയാലും ഉറക്കെ കുരക്കും. ആര്, എത്ര സ്നേഹത്തോടെ അടുത്തുപോയാലും  പല്ലുകൾ പുറത്തിട്ടു അമറുകയും കടിക്കാൻ ആയുകയും ചെയ്യും. നാട്ടുകാരും കൂട്ടുകാരും എല്ലാം ടെസയെ പേടിച്ചു. വിഷ്ണു പറഞ്ഞ് കഥകൾ മുഴുവൻ എനിക്കറിയാം. ഞാൻ കൂടിന്റെ പരിസരത്തേക്ക് പോവുകയോ അതിന്റെ കണ്ണുകളിലേക്ക് നോക്കുകയോ ചെയ്യുമായിരുന്നില്ല. ഒരേ വീട്ടിലെങ്കിലും ഞങ്ങൾ അപരിചിതരായി ജീവിക്കാൻ തീരുമാനിച്ചു.
“തനൂ ഒരു കാര്യം ചോയിക്കട്ടെ?” രാത്രിയിൽ അയാളുടെ നെഞ്ചിലെ ശബ്ദവ്യത്യാസങ്ങൾ  മാത്രം കേട്ട് ഉറങ്ങാൻ തുടങ്ങുമ്പോൾ ഒരു ചോദ്യം.  ഞാൻ തലയുയർത്തി.
ചിത്രീകരണം: മിഥുന്‍ കെ.കെ.
“ഒരു നായകുട്ടീനെ കൊണ്ടൊന്നാലോ?”
എന്റെ നെഞ്ചിനുള്ളിൽ ഇടി വെട്ടി.കൈകാലുകൾ വിറച്ചു.
“എഡോ തനിക്കെന്തിന്റെ കേടാ.ഇപ്പ തന്നെ ടെസ്സനെ  പേടിച്ചിട്ടാ ഞാനിവിടെ കൂടുന്നെ.ന്തിനാ ഒന്നിനേം കൂടി?” അയാൾ നിശ്ശബ്ധനായി. ഞാൻ കണ്ണുകളടച്ചു.കാറ്റും ഹൃദയവും നേർത്ത ഒച്ചകളുണ്ടാക്കി.
“ടെസ്സടെ ഒറ്റപ്പെടൽ മാറും ലോ ന്ന് ഓർത്തിട്ടാ. കുഞ്ഞു പട്ടിയാവുമ്പോ തന്റെ പേടി മ്മക്ക് പതുക്കെ മാറ്റികൊണ്ടൊരാ.” അയാളെന്റെ കഴുത്തിലേക്ക് മുഖം അമർത്തി. താടി എന്റെ കഴുത്തിൽ ഇക്കിളിയുണ്ടാക്കി. “ഉം…പക്ഷെ ഇനിക്ക് പേടിയാടോ”അയാളെന്നെ മുറുക്കി കെട്ടിപ്പിടിച്ചു. “ഞാൻ ണ്ടാവും. പേടിക്കണ്ട” എന്റെ കഴുത്തിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി. പതിയെ ആ വിയർപ്പാകെ എന്റെ ദേഹം വിട്ട് അയാളുടെ ദേഹത്തേക്ക് ഗതി മാറിയൊഴുകി.
പിറ്റേന്ന് രാവിലെ തന്നെ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച് ഒരു ചെമ്പൻ നായകുഞ്ഞിനെ അയാളെനിക്ക് തന്നു.ഞാൻ തൊട്ടില്ല. പെട്ടിക്കുള്ളിലേക്ക് തലയിട്ട് നോക്കി.അവൻ എന്നെയും നോക്കി. അത്രമാത്രം… വിഷ്ണു അവന് സ്ക്കൂബി എന്ന് പേര് ഇട്ടു. ഒരു കുസൃതികുട്ടൻ. എവിടെയെങ്കിലും ഒളിച്ചിരിക്കുക എന്നുള്ളതാണ് ആളുടെ വിനോദം. പതിയെ വീട്ടിൽ നിന്ന് ഓരോ സാധനങ്ങളായി അപ്രത്യക്ഷമായി. ചെരുപ്പുകൾ, ചീർപ്പ്, ബ്രഷ്, തുടങ്ങി പലതും. ശരിക്കും ടെസ്സക്ക് കളിക്കാൻ ഒരു കൂട്ടായി. രണ്ടുപേരും ആർത്തുല്ലസിച്ചു. മത്സരിച്ചോടി. ഞാൻ ആ സന്തോഷത്തിൽ പങ്ക് ചേർന്നില്ല. ഒരു ദിവസം വിഷ്ണു ദൂരെയെവിടെയോ പോയ സമയത്താണ് എനിക്കും രണ്ടു നായകൾക്കുമിടയിൽ സ്നേഹമുണ്ടാവുന്നത്. ഉച്ചയായപ്പോൾ രണ്ടും വിശന്ന് കരയാൻ തുടങ്ങി. കുറെ നേരം ഞാൻ കേൾക്കാത്തത് പോലെ ഇരുന്നു.കരച്ചിലിന്റെ തീവ്രത കൂടി വന്നു. നിർത്താനുള്ള ഉദേശമേ ഇല്ല. രണ്ടു പ്ലേറ്റുകളിൽ ചോറും മുട്ടയും വെച്ച് ഞാൻ കൂടിനടുത്തേക്ക് പോയി. സ്ക്കൂബി എന്നെ കണ്ടതും പെട്ടിക്കുള്ളിൽ നിന്ന് പരാക്രമം കാണിക്കാൻ തുടങ്ങി. പ്ലേറ്റ് പെട്ടിക്കുള്ളിൽ വെച്ച് ഞാൻ മാറിനിന്നും. ഒറ്റനിമിഷം! അവനത് അകത്താക്കി. ഈ കുഞ്ഞി ഉടലിന് ഇത്രക്കും  വിശപ്പോ. കൊതിയനാണെന്ന് വിഷ്ണു പറയുന്നത് വെറുതെയല്ല. കഴിച്ചതിന് ശേഷം അവനെന്നെ നോക്കി. ഞാൻ മെല്ലെ കൈകൾ നീട്ടി. അതെന്റെ കൈകൾ നക്കി കൊണ്ടേയിരുന്നു.ഞാൻ അവനെ പുറത്തെടുത്തു. എന്റെ കവിളുകളിൽ അതിന്റെ  മുഖമുരസി.ഞങ്ങൾ അമ്മയും കുഞ്ഞുമായി. എന്റെ ഹൃദയം ഇടിച്ചില്ല.പകരം സ്നേഹത്തിന്റെ താളത്തിൽ ഹൃദയം മിടിച്ചു. എന്നെ ടെസ്സയുമായി പരിചയപ്പെടുത്തുന്നതും സ്ക്കൂബിയാണ്.എങ്കിലും ടെസ്സയെ ഒന്ന് തൊടാൻ പിന്നെയും ഏറെ നാളെടുത്തു. വിഷ്ണു അത്ഭുതപ്പെട്ടു.
എന്റെ ഒച്ച കേട്ടാൽ, നിഴലനങ്ങിയാൽ, ഏത് ദൂരത്തുന്നും രണ്ട് ജീവികൾ ഓടി വന്നു. വിഷ്ണുവിന് ഇത്രക്ക് സ്നേഹം എന്നോടില്ലെന്ന് ഇടക്ക് ഞാൻ പ്രേമത്തോടെ പരിഭവിച്ചു. എന്നും ഞങ്ങൾ നാല് പേരും ഒരുമിച്ചുറങ്ങി.
ഇപ്പോഴിതാ അംഗസംഖ്യ അഞ്ചിലേക്ക് എത്തിയിരിക്കുന്നു! നായപ്രേമം കൂടിക്കൂടി വീട്ടിൽ നിന്ന് തിരിയാൻ സ്ഥലമില്ലാതായിരിക്കുന്നു. പലനിറങ്ങളിലുള്ള രോമങ്ങൾ വീട്ടിലാകെ പറക്കുന്നു…. എപ്പോഴും തറച്ചുകേറാൻ പാകത്തിൽ പകുതി ചവച്ചിട്ട മീൻമുള്ളുകൾ തറയിലാകെ നിറയുന്നു. ആരുമില്ലെന്ന് ഓർത്തു പുതപ്പിനുള്ളിൽ ഇരുന്നു കരയുമ്പോൾ മൂന്ന് വാലുകൾ എന്നെ ഇക്കിളിപ്പെടുത്തും. എന്റെ വിരലുകളെ വേദനിപ്പിക്കാതെ കടിക്കും. കിടക്കയിലേക്ക് എന്നെ ചെരിച്ചു കിടത്തി കാലു മുതൽ തല വരെ  മൂന്ന് നായകൾ ഇരുന്നു തൊട്ടു തലോടും. മനുഷ്യരെക്കാളും എളുപ്പത്തിൽ ഞങ്ങൾക്ക് പരസ്പരം കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്ന് ഞാൻ സമാധാനിക്കും. മനുഷ്യനിൽ പേടി ഉണ്ടാക്കാൻ മറ്റൊരു മനുഷ്യനെ കഴിയൂ. മനസിനോടും മനുഷ്യരോടും നിരന്തരം യുദ്ധം ചെയ്ത് മടുത്തിരിക്കുന്നതിനൊടുവിൽ ലോകം സുന്ദരമാവുന്നത്  നായകളുടെ തൊട്ടുരുമ്മൽ ഉണ്ടാവുമ്പോൾ മാത്രമാണെന്ന്  ഉറച്ചു പറയാൻ ഞാൻ വളർന്നിരിക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here