കഥ
അഭിജിത്ത് കെ.എ
വെയിൽ
“എത്താറായോ ?” “ജോൻപൂരിൽ നിന്ന് പുറപ്പെടുന്നതേയുള്ളൂ” . ജോൻപൂരിലെ ചന്തകളിൽ അന്ന് തിരക്ക് നന്നേ കുറവായിരുന്നു. അക്ബറി പാലത്തിനടിയിലൂടെ*1 എന്നത്തേയും പോലെ ശാന്തമായി ‘ഗോമതി’യൊഴുകി. പാലവും കടന്ന് ദൂരങ്ങൾ പിന്നിട്ടു. ഉച്ചവെയിലിന് ചൂട് കൂടുകയാണ്. അയാൾ കിതച്ചു കൊണ്ട് സൈക്കിളിൽ നിന്നും റോഡരികിലേക്ക് മറിഞ്ഞു വീണു. എഴുന്നേൽക്കാനാകാത്ത വിധം അയാൾ തളർന്നിരുന്നു. നരച്ച താടിയിൽ നിന്ന് വീണ വിയർപ്പ് തുള്ളികൾ മണ്ണിലലിഞ്ഞുചേർന്നു.
മഞ്ഞ്
“ദാദാ ഞാനും വരുന്നൂ”. “എന്തിനാ മോളേ ? നല്ല മഞ്ഞുണ്ട്, ദാദാ വേഗം വരില്ലേ..” ഒരു കുസൃതി നിറഞ്ഞ ചിരിയോടെ ഉറക്കച്ചടവ് വിട്ടുമാറാത്ത അവൾ അകത്തേക്ക് പോയി. മണ്ണിലലിഞ്ഞുചേരുന്ന വിയർപ്പ് തുള്ളികളെ അയാൾ നോക്കാതിരുന്നില്ല. പാടത്തെ കൃഷി കഴിഞ്ഞ പ്രാവശ്യത്തേക്കാൾ മോശമായാൽ ആരുഷിയുടെ കാര്യമെന്താകും, അയാൾ മനസ്സിലോർത്തു. “അദ്ധ്വാനത്തിന്റെ ഫലം ലഭിക്കാതിരിക്കില്ല”. പാടത്തിനരികിലായി ഒരു ഞാവൽമരമുണ്ട്. നിറയെ കായ്ച്ചു നിൽക്കുന്ന ആ മരത്തെ വെയിലേറ്റത്തിൽ അയാൾ ആശ്രയിക്കും. ചവർപ്പ് കണങ്ങൾ അയാളിഷ്ടപ്പെട്ടിരുന്നോ !
“ദാദാ” “മോളേ ദേഹം മുഴുവൻ അഴുക്കല്ലേ.. ദാദ ഇപ്പോ വരാം”. അധികം വൈകാതെ അയാൾ തിരികെ മകളുടെ അടുത്തെത്തി. ഒരു ചെറിയ പൊതിതുറന്ന് ഏതാനും ഗുഡ് റെവ്രികൾ*2 അവളുടെ കൈയിലേക്ക് വെച്ചു.
“ദാദാ, എനിക്കിത് ഇഷ്ടാ”
“ദാദയ്ക്കതറിയാം”
“എനിക്ക് ആ പുതിയ സൈക്കിളിൽ കേറണം, എന്നെയും കൂടെയിരുത്തി ഓടിക്കില്ലേ..?”
മഴ
പാടത്ത് അയാൾ പണിയിലാണ്. സഹായിക്കാൻ കൂടെ ഒരാളുമുണ്ട്, കിഷൻബാൽ. ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ ഒരു ഘട്ടം മുതൽ അയാൾ മാത്രമായിരുന്നു ലാൽചന്ദിന്റെ കൂടെയുണ്ടായിരുന്നത്. അമ്പതിലേറെ പ്രായമുള്ള ലാൽചന്ദിന്റെ വിവാഹം നാൽപ്പതാം വയസ്സിലായിരുന്നു. അതിന് പല കാരണങ്ങളും നാട്ടുകാർ പരസ്പരം പറയാറുണ്ട്. ഇനി കിഷൻബാലിലേക്കു തിരിച്ചു വരാം. കിഷൻബാൽ കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരനാണ്. മറ്റൊരിടത്ത് നിന്നും ജഗൽവാരയിലേക്ക് വർഷങ്ങൾക്ക് മുമ്പ് വന്ന കുടിയേറ്റക്കാരിൽ അയാളും ഉൾപ്പെടുന്നു. ഗ്രാമത്തിൽ എഴുത്തും വായനയും അറിയാവുന്ന ചുരുക്കം ചിലരിലൊരാൾ കൂടിയാണ് കിഷൻബാൽ. “ചാച്ചാ, ആഷിയ്ക്ക്
ഇപ്പോൾ എങ്ങനെയുണ്ട്” “കിഷൻ വീട്ടിലേക്ക് വരൂ, ആരുഷിയെ കണ്ടിട്ട് ഏറെ നാളായില്ലേ”
“വരണമെന്നുണ്ട്, അവളുടെ മുഖം കാണുമ്പോൾ മനസ്സിലൊരു…”
“ആഷിയ്ക്ക് ഭേദമാകുന്നുണ്ട്, ഇന്നലെ സൈക്കിളിൽ കേറണമെന്ന് പറഞ്ഞു”
“എന്നിട്ട് ആ ആഗ്രഹം സാധിപ്പിച്ചു കൊടുത്തോ ?” കിഷൻബാലിന്റെ മുഖത്തേക്ക് അയാൾ നോക്കി നിന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. “ചാച്ചാ ഞാൻ ഇന്ന് വൈകുന്നേരം കാൺപൂരിലേക്ക് പോകും”.
വെയിൽ
ആരുഷിയുടെ അഥവാ ആഷിയുടെ അമ്മയാണ് ബാർഖ*3. ഒറ്റപ്പെട്ട ഏതാനും വീടുകൾ മാത്രമുള്ള ഗ്രാമത്തിലെ മറ്റു വീടുകളുമായി ബാർഖയ്ക്ക് വലിയ സമ്പർക്കമില്ല. അവരുടെ ജീവിതാനുഭവങ്ങളാണ് അതിന് കാരണമെന്ന് കിഷൻബാൽ ഇടയ്ക്ക് പറയാറുണ്ട്. മാനസിക വളർച്ചയില്ലാത്ത ആഷിയുടെ കാര്യത്തിൽ എപ്പോഴും അമ്മയുടെ ശ്രദ്ധ വേണം. ആഷിയെ മറ്റ് ചില അസുഖങ്ങളും തളർത്തിയിരുന്നു. ബാർഖ അവൾക്ക് മേൽ മഴയായി പെയ്തു. പൊതുവെ അസുഖങ്ങൾ പിടിപെടാത്ത ബാർഖയുടെ ജീവിതത്തിൽ പെട്ടെന്നാണത് സംഭവിച്ചത്. “ആഷീ.. ദാദായെ വിളിക്കൂ.. എനിക്ക് വയ്യാ”
പകർച്ചവ്യാധി ജഗൽവാരയേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ബാർഖയ്ക്കുമേൽ അതെങ്ങനെ ആധിപത്യം സ്ഥാപിച്ചു ! ലാൽചന്ദ് സൈക്കിളിൽ ബാർഖയേയും കയറ്റിക്കൊണ്ട് ജോൻപൂരിലേക്ക് പുറപ്പെട്ടു. സമയം കഴിയുന്തോറും ബാർഖയുടെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നു. കൈകൾ വിറച്ചു കൊണ്ട്, ചുട്ടുപൊള്ളുന്ന വഴികളിലൂടെ അയാൾ സഞ്ചരിച്ചു.“എന്താണ് ഭാര്യയ്ക്ക് സംഭവിച്ചത്”
മൗനത്തിന്റെ നേർത്ത ഭാഷ്യങ്ങൾ അയാളിലുണർന്നു. ഡോക്ടർ വീണ്ടും ചോദ്യമാവർത്തിച്ചു. ഏതാനും സമയത്തിനകം ബാർഖയെ ഒരു ഇടനാഴിയോട് ചേർന്നുള്ള ഒരു ഭാഗത്തേക്ക് മാറ്റി. റിസൾട്ട് വന്നു, പകർച്ചവ്യാധി തന്നെ. നിസ്സഹായതയുടെ വിറങ്ങലിച്ച സ്വരം ഇടനാഴിയിൽ മുഴങ്ങി. വീണ്ടും അകലങ്ങളിലേക്ക് ഒരു യാത്ര. നിലവിളികളാത്മാവിൽ അഭയം തേടി. ആംബുലൻസ് സർവീസ് പരിമിതമാണത്രേ ! വെളുത്ത വസ്ത്രം ധരിച്ച ഒരാൾ പറഞ്ഞിട്ട് പോയി. ലാൽചന്ദ് സൈക്കിളിൽ ബാർഖയേയും കയറ്റിക്കൊണ്ട് ജഗൽവാരയിലേക്ക് പുറപ്പെട്ടു. എന്തൊക്കെയോ ചോദ്യങ്ങൾ അയാളെ അലട്ടി. ജോൻപൂരിലെ മാർക്കറ്റിനടുത്തെത്തി. സൈക്കിൾ നിർത്തി. ബാർഖ ഒന്നും ആവശ്യപ്പെട്ടില്ല. കലംകാരി*4 തുണിത്തരങ്ങൾ അവളാശിച്ചിരുന്നല്ലോ… സൈക്കിൾ ചക്രങ്ങൾ കറങ്ങി. “എത്താറായോ”
“ജോൻപൂരിൽ നിന്ന് പുറപ്പെടുന്നതേയുള്ളൂ” ഉച്ച സൂര്യൻ തലയ്ക്കു മുകളിൽ. നീണ്ട പാതകൾ താണ്ടണം, ആഷിയുടെ അരികിലെത്തണം. അയാളോർത്തു…
1, അക്ബറി പാലം*
ഉത്തർപ്രദേശിലെ ജോൻപൂരിൽ ഗോമതി നദിയ്ക്ക് കുറുകെയുള്ള പാലം.
2, ഗുഡ്റെവരി*
ഗുഡ്റെവ്റി, റെവ്ഡി എന്നെല്ലാം അറിയപ്പെടുന്ന ഒരു മധുരപലഹാരം.
3, ബാർഖ*
മഴ എന്നും അർത്ഥമുണ്ട്.
4, കലംകാരി*
ചിത്രപ്പണികളുള്ള ഒരിനം പരുത്തി തുണി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല