ആയിഷ

0
492
athmaonline-aayisha-zainudheen-khuraishi

സൈനുദ്ധീൻ ഖുറൈഷി

ചിത്രീകരണം : സുബേഷ് പത്മനാഭൻ
ശബ്ദം : റാഫി പാവറട്ടി

ഇന്നും കരിപ്പ് നേരത്ത് കയ്യൊമത്താടെ മോൾ ആയിഷാക്ക് എളക്കം വന്നിട്ടുണ്ട്. ഉച്ചത്തിലുള്ള കാറലും ഇടക്കിടെയുള്ള ചിഹ്നം വിളിയും ഉയർന്നു കേൾക്കുന്നുണ്ട്.
ഉപ്പയില്ലാത്ത കുട്ടിയാണ്.

ക്ഷയക്കൂട് പോലെ ചുമച്ചു തീരുന്ന കയ്യൊമത്ത രാവും പകലും ബീഡി തെറുത്താണ് ആയിഷയെയും അനിയത്തി ഉമ്മുകുൽസുവിനെയും പോറ്റുന്നത്. അതിനിടയ്ക്കാണ് ആയിശുവിന് പെട്ടെന്നൊരു ദിനം ദീനം കണ്ടത്.

ആയിശുവിന് വയസ്സ് ഇരുപത്തി രണ്ട് കഴിഞ്ഞു കാണും. ഉമ്മു കുൽസുവിന് പതിനാറെ ആയിട്ടുള്ളൂ.
ബീഡി തെറുപ്പിൽ കയ്യൊമത്തയെ ഒപ്പത്തിനൊപ്പം സഹായിച്ചിരുന്ന ഒരു പെൺ കൊച്ചായിരുന്നു. അതിനിപ്പോ എന്തായീ പറ്റീക്കണത് എന്ന് നാല് പുറക്കാരൊക്കെ മൂക്കത്ത് വിരൽ വെച്ചു.

കയ്യൊമത്തയുടെ തൊട്ട അയൽവാസി ബീരാൻ ഹാജിയുടെ ഇരുനില മാളികയിലെ പെണ്ണുങ്ങൾ ആദ്യമാദ്യം ഈ നിലവിളികളെ ഭയത്തോടെയാണ് കേട്ടിരുന്നത്.
ബീരാൻഹാജി പൂമുഖത്തെ ചാരുകസേരയിൽ നീണ്ടു കിടന്ന് നിലവിളിയുടെ സ്വരഭേദങ്ങൾ വേർതിരിച്ചെടുത്ത് അകത്തെ പെണ്ണുങ്ങൾക്ക് തഫ്സീർ പറഞ്ഞ് കൊടുക്കും.
“ഇത് മുന്തിയ ഇനമാണ്. കയ്യൊമാടെ മുറ്റത്തിനതിർത്തിയിലെ ഇമ്മിണി ബല്യ ആ പന ഓൾക്കും കുട്ട്യോൾക്കും ഫലത്തിനല്ലാന്ന്… എത്ര തവണ ഞാൻ പറഞ്ഞി… ഊ.. ഹും…
ആര് കേക്കാൻ….?
ഓൾടെ വാപ്പാന്റെ ഓർമ്മേണത്രേ.. അത്.
ഓരോ അന്തക്കെട്‌… ല്ലാ ണ്ടെന്താ..
ബയ്യീക്കൂടി പോണ സകല ജിന്നും ശെയ്ത്താനും കേറിക്കൂടണ പനേണത്.. ”

മോന്ത്യായാ ബീരാനാജിയുടെ വടക്കേ പുറത്ത് ഒരു നില വിളക്ക് കത്തിച്ചു വെക്കും. കാറ്റിൽ കെടുന്നത് വരെ അല്ലെങ്കിൽ എണ്ണ തീർന്ന് കെട്ട് പോകും വരെ കോലായിലിരുന്ന് നില വിളക്ക് കത്തും.
ബീരാനാജിയുടെ വടക്കേ അതിരിലാണ് പന.
ആയിഷയോടൊപ്പം കളിച്ചു വളർന്ന ബീരാനാജിയുടെ മകൾ ആമിനക്ക് ആയിശയുടെ ഈ പ്രത്യേക രോഗം വിശ്വസിക്കാൻ ആവുന്നില്ല. തന്നെക്കാൾ ധൈര്യവതിയും തന്റേടവുമുള്ള ആയിഷ ഒരു മറുതയുടെയും ജിന്നിന്റെയും വാസത്തിന് നിന്ന് കൊടുക്കുന്നവൾ അല്ല തന്നെ.

രണ്ടാഴ്ച മുമ്പ് കുപ്പിവളക്കാരൻ വന്നപ്പോൾ ഒരുമിച്ചാണ് വളകൾ വാങ്ങിയത്. വളകളുടെ കിലുക്കവും അത്തറിന്റെ സുഗന്ധവും അന്യ പുരുഷൻമാരെ ആകർഷിക്കുമെന്നാണ് ബാപ്പ പറയാറ്.
ബാപ്പയെ ഒളിച്ചാണ് ആമിന വളകൾ വാങ്ങാറുള്ളതും അണിയാറുള്ളതും. ആയിഷാക്ക് ഇതൊന്നും ബാധകമല്ല. അവൾ രണ്ടു കൈകളിലും ചുവപ്പും കറുപ്പും കുപ്പിവളകൾ ഇട കലർത്തി ഇടും. വെളുത്ത കൈകളിൽ ഭംഗിയോടെ അവ ഓടിക്കളിക്കും.

athmaonline-aayisha-002

ആയിഷയെ പെണ്ണ് കാണാൻ കൂട്ടുങ്ങലിൽ നിന്ന് ചെക്കനും മൂന്നാനും വരുന്നതിന്റെ തലേന്ന് ആണ് ഒടുവിൽ വളകൾ വാങ്ങിയത്.
സുന്ദരിയാണ് ആയിഷ.
വെളുത്ത ചോര രാശിയുള്ള മുഖമാണ്.
ഇടത്തെ കണ്ണിന് ചെറിയൊരു കോങ്കണ്ണ് ഉണ്ട്. അതൊരു വൃത്തികേട് അല്ല എന്നാണ് ഞങ്ങളുടെ നിലപാട്.
കയ്യൊമത്ത പറയുന്നത് അത് ഭാഗ്യമാണെന്നാണ്. ആയിഷയെ പെറ്റതിൽ പിന്നെയാണത്രെ ഓൾടെ ഉപ്പ കൊളമ്പിൽ പോയത്.
ആയിഷക്ക് ആകെയുള്ള ഒരു കുറവ് ഇടത്തെ കാലിലെ മുടന്താണ്.
പക്ഷെ ആയിഷക്ക് അതൊരു കുറവേ അല്ലായിരുന്നു.
ആയിഷ വേലി ചാടും..
അമ്മുട്ടിയുടെ പാണ്ടൻ നായയെ പിന്നാലെ ഓടി കല്ലെറിയും..
ഞങ്ങടെ വീട്ടിൽ വിരുന്നാര് വന്നാൽ പറമ്പിൽ കൊത്തിപ്പെറുക്കി നടക്കുന്ന പൂവനെ ഓടിച്ചിട്ട് പിടിക്കും ആയിഷ.
നിരത്തിലൂടെ മുറുക്കുമായി പോകുന്ന കൊച്ചാപ്പുവിന്റെ തലയിലെ കൊട്ടയിൽ നിന്ന്, ഉയർന്ന പറമ്പിന്റെ മാട്ടത്ത് നിന്ന് മുറുക്ക് കയ്യിട്ടെടുത്ത് ഓടി മറയും.

ഇതിപ്പോ എന്ത് സൂക്കേടാ ഓള്ക്ക് എന്ന് ആമിന ബീരാനാജിയോട് ഒഴികെ എല്ലാവരോടും ചോദിച്ചു.
അവരൊക്കെ പറയുന്നത് ശെയ്ത്താനിയത്ത് ആണെന്നാണ്.
ചോരയും നീരുമുള്ള പെണ്ണുങ്ങളെ മേല്, അതും മംഗലം കഴിയാത്തോരുടെ മേല് കേറിക്കൂടുന്ന ശെയ്ത്താനിയത്ത്.

ആയിഷയുടെ ജനനം ഭാഗ്യം കൊണ്ട് വന്നപ്പോൾ ഉമ്മു കുൽസുവിന്റെ ജനനം ദൗർഭാഗ്യം കൊണ്ട് വന്നു എന്നുമാണ് കയ്യൊമത്ത പരിതപിക്കാറുള്ളത്.
ഉമ്മുകുൽസുവിനെ കണ്ട് പോയതിൽ പിന്നെ മൂപ്പര് തിരിച്ചു വന്നിട്ടില്ല.
കത്തുമില്ല, കാശുമില്ല.
മേലെപുരക്കലെ കുഞ്ഞമ്മുക്ക കൊളമ്പിൽ നിന്ന് വന്നപ്പോൾ കയ്യോമ ഓടിക്കിതച്ച് പോയി കണ്ടു.

“ഒരു ഒന്നൊന്നര കൊല്ലം മുൻപ് കണ്ടതാ ഓനെ. ഇജ്ജ് ബേജാറാകണ്ട. ഓന്ക്ക് ആടെ ഒരു കെട്ട്യോളൊക്കെണ്ട്. അയിന്റെ പൊറകേ ഓനെ ഞമ്മ കണ്ടിക്കില്ല. ”

പിന്നെയും രണ്ടര വർഷം കഴിഞ്ഞാണ് കയ്യോമ മൂപ്പർ മരിച്ച വിവരം അറിഞ്ഞത്.
എന്നെങ്കിലും ചുമച്ചു കുത്തിയെങ്കിലും ഈ വേലിപ്പടി കടന്ന് മൂപ്പര് വരുമെന്ന നേരിയ പ്രതീക്ഷയിലേക്ക് ചന്ദനത്തിരിയുടെ പുക മൂടിയ ഒരു യാസീൻ നീട്ടി ഓതി കയ്യോമ.
നല്ല കാലത്തിന്റെ യൗവ്വന തീക്ഷ്ണതയിലേക്ക് സ്നേഹത്തിന്റെ വിത്തുകൾ പാകിയ ബലിഷ്ഠമായ ആൺ തുണയുടെ ഓർമ്മകളിലൂടെ കയ്യോമ കിതച്ചോടി.
വിയർപ്പും കണ്ണീരും കലർന്ന മുഖം മക്കന കൊണ്ട് തുടച്ച് തൊട്ടടുത്ത് കൈതോലപ്പായയിൽ കിടക്കുന്ന ആയിഷയെയും ഉമ്മു കുൽസുവിനെയും നോക്കി നെടുവീർപ്പിട്ടു.

ഇടത്‌ കാലിലെ മുടന്തും ഇടത്‌ കണ്ണിലെ കോങ്കണ്ണും ആയിഷയുടെ വൈകല്യങ്ങൾ ആണെങ്കിലും കാഴ്ചക്ക് അവൾ സുന്ദരിയാണ്. എന്നിട്ടും പത്തിരുപത്തിരണ്ട് വയസ്സായിട്ടും നിക്കാഹ് ആയില്ലല്ലോ എന്ന സങ്കടം തെല്ലൊന്നുമല്ല കയ്യൊമക്ക്.

കൂട്ടുങ്ങലിൽ നിന്ന് വന്ന പുതിയാപ്പള കറുത്തിട്ടായിരുന്നു. പരുക്കൻ.
ഒറ്റ നോട്ടത്തിൽ ആയിഷക്ക് ബോധിച്ചില്ല. അരി മാർകെറ്റിൽ ചുമട്ട് തൊഴിലാളിയായിരുന്നു. കണ്ണുകൾക്ക് ചോര ചുവപ്പായിരുന്നു.
“നിക്കൊന്നും വേണ്ട ആ ചെമ്പോത്തിനെ.
കാക്കന്റെ കറുപ്പും ചെമ്പോത്തിന്റെ കണ്ണും….”

ആയിഷ പറഞ്ഞത് കേട്ട് ആമിന പൊട്ടിച്ചിരിച്ചു.
“ഓള് അങ്ങനൊക്കെ പറേം..
ചെക്കനും കൂട്ടർക്കും പിടിച്ചാ… ഞാനതങ് നടത്തും.”

കയ്യൊമത്താക്ക് മറ്റൊരു തീരുമാനമില്ല.

ഇതിനിടക്കാണ് കൂട്ടുങ്ങൽ പാട്ട് പുസ്തകം വിൽക്കുന്ന മമ്മത്ക്ക പറഞ്ഞ് അറിയാൻ കഴിഞ്ഞത്, ആയിശാനെ പെൺകേട്ടാലോചിച്ച ചെമ്പോത്തിന് ഇത് രണ്ടാം കെട്ടാണ് പോലും. ആദ്യ ഭാര്യ പിണങ്ങി പോയിട്ട് എട്ട് മാസം. അവളെ ഇനി ചെമ്പോത്തിന് വേണ്ടാന്ന്.

ഇതു കൂടി കേട്ടപ്പോൾ ആയിഷാക്ക് ഒട്ടും നിപ്പെരിങ്ങില്ലാത്ത അവസ്ഥയായി.
ആൾമറയില്ലാത്ത കൽക്കിണറിന്റെ കരയിൽ കിണറ്റിലേക്ക് ചാഞ്ഞു നിൽക്കുന്ന കര മരത്തിൽ ചാരി അന്തമില്ലാതെ നിന്നിട്ട് രണ്ട് തവണ കിണറ്റിൽ വീഴേണ്ടതായിരുന്നു.
ഉമ്മയോട് ആവതും പറഞ്ഞ് നോക്കുന്നുണ്ട് ആയിഷ.

“കൂട്ടുങ്ങക്കാർക്ക് സമ്മതാച്ചാ ഈ കാര്യം നടക്കട്ടെ മോളെ….. ”
കയ്യോമ അത്രേം ഉറപ്പിലാണ്.

പ്രസരിപ്പില്ലാതെ ദൈനംദിന പണികളിൽ യാന്ത്രികമായി ചലിക്കുന്ന ആയിഷ മഴച്ചാറലിൽ ചേമ്പില പോലും ചൂടാതെ ആമിനയെ കാണാൻ പോകും. നനഞ്ഞൊട്ടിയ ജമ്പർ തട്ടമിട്ട് മറയ്ക്കാതെ അലസമായി ബീരാനാജിയുടെ മുന്നിലൂടെ കൂസാതെ അകത്തോട്ട് കയറും. ആമിനയുടെ ഉമ്മ അവളെ വഴക്ക് പറഞ്ഞ് തലമുടി തോർത്തിക്കൊടുക്കും.
“അനക്കെന്താ പറ്റിയേക്കണത് ഹിമാറെ.. ”

അടുക്കളപ്പുറത്തെ ആനച്ചെവി പോലുള്ള ചേമ്പിലകളിലൂടെ പിടി കൊടുക്കാതെ പായുന്ന മഴത്തുള്ളികളെ നോക്കി ആയിഷ ചിരിക്കും. ഉറക്കെയുറക്കെ ചിരിക്കും.
“ഇതിന് നൊസ്സാ… മുഴുത്ത നൊസ്സ്. ”

athma creative

ആമിനയുടെ ഉമ്മ നിസ്കാരപ്പായയുമെടുത്ത് മണ്ടകത്തേക്ക് പോകും. കട്ടിളക്കപ്പുറം ചാരു കസേരയിൽ ഇരുന്ന് ബീരാനാജി ആയത്തുൽ ഖുർസി ഉറക്കെ ഓതും.
അടക്കി പിടിച്ച സ്വരത്തിൽ ആയിഷ ആമിനയോട് പറയും..

“നിക്കീ… കല്ല്യാണം വേണ്ട.. ആമി. ”

ഒന്നുമുരിയാടാതെ ആയിഷയുടെ മുഖത്ത് നോക്കി നിസ്സംഗയായി ഇരിക്കുമ്പോൾ ആയിഷ വിമ്മിഷ്ടത്തോടെ പിന്നെയും ചോദിച്ചു…
“അന്റെ ജബ്ബാറിക്ക…. എപ്പഴാ വരാ…? ”

ആമിന മാറാല തട്ടി മാറ്റി ഗോവണിപ്പടിയിലൂടെ തട്ടിൻ പുറത്തേക്ക് ഒച്ചയില്ലാതെ കയറി. ഇടവപ്പാതിയുടെ ഇരുട്ട് പരന്ന നടുവകത്ത് ജബ്ബാറിക്ക കിടക്കാറുള്ള പഴയ പത്തായത്തിന്റെ മുകളിൽ ലെനിന്റെ മുഖചിത്രമുള്ള ചുവന്ന പുസ്തകം പൊടി പിടിച്ച് കിടക്കുന്നു.
ബാപ്പയോട് പിണങ്ങി നാല് വർഷം മുൻപാണ് ഇക്ക നാട് വിട്ടത്.
കാരണം കൃത്യമായി അറിയില്ലെങ്കിലും ഇക്കയുടെ ചിന്തകളിലെ ആകാശത്തിന് മാളികയുടെ മേൽക്കൂര തടസ്സമായിരുന്നു.

“ആ.. വിക്കൻ നമ്പൂരിശ്ശന് ഇങ്കിലാബ് വിളിക്കണ ഒരുത്തന് ബീരാനാജിടെ പെരേൽ ചോറില്ല. അത്രന്നെ…. ”

ചൂരൽ പാടുകൾ തിണർത്തു കിടക്കുന്ന നടുപ്പുറത്ത് ഖാളിയാറോഡ് ജാറത്തിലെ വിളക്കിലെ എണ്ണ തേച്ച് ഉമ്മ തടവി കൊടുത്തു. ഉമ്മയുടെ കണ്ണീര് വീഴുന്നത് മുറിവിലെ നീറ്റലിൽ നിന്ന് ജബ്ബാർ തിരിച്ചറിഞ്ഞു.
അന്നേക്ക് രണ്ട് ദിവസത്തിന് ശേഷമാണ് ജബ്ബാർ നാട് വിട്ടത്.

കൂട്ടുങ്ങൽക്കാരുടെ വിവരം ഒന്നും അറിഞ്ഞിട്ടില്ല. കയ്യോമ ആകാംക്ഷയിലാണ്. കയ്യൊമയുടെ പ്രതീക്ഷയുടെ നെടുവീർപ്പുകൾ ആയിഷയിലേക്ക് കൂടുതൽ ശക്തിയോടെ ശെയ്ത്താനിയത്ത് ആയി സന്നിവേശിക്കുന്നുണ്ട്.

ആയിഷക്ക് എളക്കം കൂടുതലാണ്. അവളുടെ കാറൽ പത്ത് വീട് അപ്പുറത്തേക്ക് കേൾക്കാൻ തുടങ്ങിയിരിക്കുന്നു. മഗ്‌രിബിന്റെ മയപ്പിലേക്ക് ചിവീടുകളുടെ കൂട്ടനിലവിളികളെ ഭേദിച്ച് അത് സഞ്ചരിച്ചു.

കേട്ടവരൊക്കെ അവളെ പത്തിരിപ്പാലയിലേക്കോ ഏർവാടിയിലേക്കോ കൊണ്ട് പോകാൻ ഉപദേശിച്ചു. ഒരു ആൺതുണയില്ലാതെ ഇത്രയും അകലേക്ക്‌ ഒരു വാല്യക്കാരി പെണ്ണിനേയും കൊണ്ട് പോവുക അസാധ്യമായിരുന്നു.
ആധി മൂത്ത് തളർന്നു പോയ കയ്യോമയോട് കുറുന്തോട്ടിയുമായി വരുന്ന പതിയങ്കരയാണ് പറഞ്ഞത്..
“ഉമ്മാര് അയിനെ ഫത്താ മൊയ്ലേരെ വര്ത്തി ഒന്ന് കാണിക്ക്… മൂപ്പര് ഇപ്പൊ ഭീമാ പള്ളീന്ന് വന്നട്ട് പെരിങ്ങാട്ടെ പള്ളീല്ണ്ട്… ”
“ഊം… ! ഞാന്… കൊട്ടുക്കലെ ഗുല്ലാവാനെ കാത്തിരിക്കേര്ന്നു… ബാവ.. മദിരാശീന്ന് വന്നട്ടൂല്ലാ… ”

ബാവ എപ്പോ തിരിച്ചു വരുമെന്ന് ഒരു അറിവും ഇല്ല. ഫത്താഹ് മൊയ്ലേരോട് കാര്യങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ വിവരിച്ചു.
“മുന്നം എപ്പളാ ഇജ്ജാതി എളക്കം കണ്ടത്..? ”
“മതിലകത്തൂന്ന് ഒരു കല്ല്യാണക്കാര്യം വന്നിനു… ഏതാണ്ട് ഒറച്ചതായിനു…
അന്നേരോം ഇതന്നെ ചേല്… ”

“ഊം… ”

athmaonline-aayisha-zainudheen-khureshi

മൊയ്ലേര് ഒന്ന് നീട്ടി മൂളി. ഇടത്‌ കയ്യിലെ മോതിര വിരലിലെ വലിയ പച്ചക്കല്ലുള്ള മോതിരത്തിൽ വലത് കൈ കൊണ്ട് തലോടി മൗനമായി ഇരുന്നു.
തലയിലെ തട്ടത്തിൻ തല കൊണ്ട് കണ്ണ് തുടച്ച് കയ്യോമ പറഞ്ഞു.
“ഓൾടെ നിക്കാഹ് വരുമ്പളാണ് ഈ ദണ്ണം മുയ്മനും ണ്ടാവണത്. ഗന്ധർവ്വൻ കൂടണതാന്നാ അയ്യപ്പേട്ടൻ പറഞ്ഞത്. ”

ഫത്താഹ് മൊയ്ലേര് കണ്ണ് തുറന്നു. രൂക്ഷമായി കയ്യൊമയെ നോക്കി.

“നാളെ വെള്ള്യാഴ്ച രാവ്. നാളെ ഞാൻ വരാം. ഒരു കരിങ്കോഴിയെ മുറിയുടെ മൂലക്ക് നട്ടുച്ച മുതൽ കെട്ടിയിടണം. കേട്ടാ.. ”
“ഓ… ചെയ്യാം. ”
ജനലുള്ള മുറിയാവണം. പിന്നെ ഒരു പാവലിന്റെ നീര്, പത്ത് കാ‍ന്താരി അരച്ചതും എടുത്ത് വെക്കണം.. കുറച്ച് കുന്തിരിക്കോം…
കേക്കണില്ലേ.. കയ്യോമ..? ”

“കേട്ടു. ഒക്കെ ഒരുക്കാം… മൊയ്ലേരെ.. ”

കയ്യോമ ആത്മ വിശ്വാസത്തോടെ കുടിലിലേക്ക് നടന്നു.

athma creative

ഇതിന് മുമ്പും മന്ത്രവാദങ്ങളുടെയും ഉഛാടനങ്ങളുടെയും അതിര് വിട്ട പ്രയോഗങ്ങളിൽ ആയിഷയുടെ ശരീരത്തിൽ പതിഞ്ഞ പാടുകൾ ഇപ്പോഴും പൂർണ്ണമായി മാഞ്ഞിട്ടില്ല.
എന്താണ് തന്റെ മോൾക്ക് പറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും കയ്യോമക്ക് മനസ്സിലായിട്ടില്ല. അഞ്ച് നേരം നമസ്കരിക്കുന്ന മോളാണ്.

ബിസ്മിയും ഹംദും സ്വലാത്തും നൽസലാമും മുന്നെ
ബിള്ളി നഫീസത്ത്മാല ഞാൻ തുടങ്ങീടൂന്നേ……………………
ഖാദിറോൻ അതിന്റെ ദെണ്ണം മാറ്റിഡേയ് ക്ഷണത്തെ
അജലലദയ് അല്ലാതെയുള്ള മാരളുകൾ അണയ്ത്തെ
ആണ്ടവൻ ഈ ബീവിയാലേ നീക്കിടും നിജത്തെ….

നഫീസത്ത് മാല ഈണത്തിൽ ചൊല്ലി ഇടക്കിടക്ക് മുന്നിലെ കപ്പിലെ വെള്ളത്തിൽ ഊതിക്കൊണ്ടിരുന്നു കയ്യോമ. ബൈത്ത് ചൊല്ലിത്തീർത്ത് കപ്പിലെ വെള്ളം ആയിഷാക്ക് കുടിക്കാൻ കൊടുത്തു കയ്യോമ.
ആധി പൂണ്ട് ക്ഷീണിതയായ ഉമ്മയുടെ മുഖത്ത് നോക്കാൻ കെൽപ്പില്ലാതെ ആയിഷ വെള്ളം വാങ്ങി കുടിച്ചു.

“നാളെ ഫത്താഹ് മൊയ്ലെര് വരും. മൂപ്പര് ഷിഫാക്കി തരും.. ഒക്കെ. ന്റെ കുട്ടി കെടന്നോ… ”

രാത്രി മുഴുവൻ കോരിച്ചൊരിയുന്ന മഴയായിരുന്നു. കാറ്റിൽ വീണ വാഴ കോഴിക്കൂടിന്റെ ഓട് പൊട്ടിച്ചിരുന്നു. മഴ നനഞ്ഞ കോഴികൾ കൂട് തുറന്നതും ഇറയത്തേക്ക് ചേക്കേറി. കരിങ്കോഴിയെ കൂട്ടിൽ തന്നെ അടച്ചിട്ടു.

സൂര്യൻ തലക്ക് മുകളിൽ എത്തിയപ്പോൾ കരിങ്കോഴിയെ പിടിച്ചു മണ്ടകത്തിന്റെ മൂലക്ക് കെട്ടിയിട്ടു. മൊയ്ലേര് പറഞ്ഞതൊക്കെ ഒരുക്കി വെച്ചു.

മഗ്‌രിബ് നിസ്കാരം കഴിഞ്ഞിട്ടുണ്ടാകും പള്ളിയിൽ.
ഫത്താഹ് മൊയ്ലേരുടെ വരവ് അറിയിച്ച് ജന്നാത്തുൽ ഫിർദൗസ് അത്തറിന്റെ സുഗന്ധം കാറ്റിലൂടെ ഒഴുകിയെത്തി.
തലയിൽ പച്ച തുർക്കി തൊപ്പിയും കയ്യിൽ ഒരു ചൂരലും ഉണ്ട്. ഉമ്മറത്തെ സ്റ്റൂളിൽ ശ്രദ്ധയോടെ ഇരുന്നു കൊണ്ട് മൊയ്ലേര് ചോദിച്ചു..
“ഞമ്മ പറഞ്ഞ സാനങ്ങളൊക്കെ ഒരുക്കിയോ…? ”
“ണ്ട്… മൊയ്ലേരെ.. ഒക്കെണ്ട്.”
അകത്ത് നിന്ന് ആയിഷയുടെ മൂളക്കം പതിയെ ഉച്ചത്തിലായി.

” ന്റെ മോളെ വല്ലാണ്ട് ഭേദ്യം ചെയ്യാണ്ട്.. ഈ മുസീബത്ത് ഒന്ന് ഒയിവാക്കണം ട്ടോ.. ”

മൊയ്ലേര് കടുപ്പിച്ചൊന്ന് നോക്കി കയ്യൊമയെ. ഉള്ളിൽ നിന്ന് ആയിഷയുടെ നിലവിളിയും അലർച്ചയും കൂടുതൽ ഉച്ചത്തിലായി.
” അവ്‌ത്തുക്ക് ആരും വരണ്ട. ഞാനും ദീനക്കാരീം മാത്രം… ”
കയ്യൊമയുടെ ഉള്ളൊന്ന് കാളി.
മൊയ്ലെർക്ക് അത് മനസ്സിലായി.

“ബേജാറാവണ്ട. ഓളെ ഈ ജനലക്ക് പിന്നിൽ ഇങ്ങക്ക് കാണാൻ പാകത്തിൽ ഇരുത്തും. ന്നെ…. ങ്ങള് കാണാൻ പാടില്ല. അത് ശർത്താണ്. ”

കയ്യോമ തലയാട്ടി.

“ഒരു പിഞ്ഞാണത്തിൽ മൂന്ന് ഗ്ലാസ്സ് വെള്ളം എടുത്തോ… ”

കയ്യോമ നൽകിയ പിഞ്ഞാണത്തിലെ വെള്ളവും ചൂരലുമായി ഫത്താഹ് മൊയ്ലേര് അകത്തേക്ക് കയറി വാതിൽ ഓടാമ്പലിട്ടു.
ആയിഷയുടെ ഇളക്കവും അട്ടാതിക്കലും കൂടുതൽ ഉച്ചത്തിലും വേഗത്തിലുമായി.
ജനലിനപ്പുറത്ത് കയ്യൊമാക്കും ഉമ്മു കുത്സുവിനും കാണാൻ പാകത്തിൽ ആയിഷ തഴപ്പായിൽ ഇരുന്നു. മുടിയഴിച്ചിട്ട് ഭീതിജനകമായ രൂപത്തിലായിരുന്നു ആയിഷ. ഇടക്ക് ഈണത്തിൽ ബദർ ഖിസ്സപ്പാട്ടിലെ വരികളും പാടിക്കൊണ്ടിരുന്നു.

ഫത്താഹ് മൊയ്ലേര് ചൂരൽ കൊണ്ട് തലങ്ങും വിലങ്ങും നിലത്തടിച്ചു.
മൺചട്ടിയിൽ കുന്തിരിക്കം പുകഞ്ഞു. കുന്തിരിക്കത്തിന്റെ സുഗന്ധത്തിനും പുകക്കുമൊപ്പം മൊയ്ലേരുടെ ചോദ്യങ്ങളും ആയിഷയുടെ തർക്കുത്തരങ്ങളും പുറത്തേക്ക് വമിച്ചു കൊണ്ടിരുന്നു.

ഇലാ ഹളറത്ത് റൂഹ്……. അൽ ഫാത്തിഹ.

മന്ത്രങ്ങൾ ഉറുക്കഴിച്ചു മൊയ്ലേര് കയ്യിലെ പച്ച പട്ടിന്റെ അറ്റത്ത് കെട്ടുകളാക്കി.
പുകമറയിൽ അതാര്യമായ കാഴ്ചക്കപ്പുറം ആയിഷ നിഴൽ പോലെ കാണായി.
പുകയെല്ലാം ഒതുങ്ങി.
ആയിഷ മാത്രം അടങ്ങിയിട്ടില്ല.
പുറത്ത് ഉമ്മു കുൽസുവിനെ ചേർത്ത് പിടിച്ച് മുഹിയുദ്ദീൻ മാല ഉരുവിട്ട് അക്ഷമയോടെ കയ്യോമ നിന്നു.

മൂലയിൽ കെട്ടിയിട്ടിരുന്ന കരിങ്കോഴി ഭയത്തോടെ ഇടക്ക് പിടയുന്നുണ്ട്.
ഇപ്പോഴും ഇളക്കവും വരത്തവും മാറാത്ത ആയിഷക്ക് മുന്നിൽ, ആയിഷക്ക് മാത്രം കാണാവുന്ന തരത്തിൽ മൊയ്ലേരും മാന്ത്രിക കർമ്മങ്ങളും ഉണ്ട്.

athmaonline-ayisha-002

പിഞ്ഞാണത്തിലെ വെള്ളത്തിലേക്ക് അരച്ച് വെച്ച കാന്താരിയിട്ട്‌ മരക്കയിൽ കൊണ്ട് ഇളക്കി മൊയ്ലേര്.
ആയിഷ അല്പം നിശബ്ദയായി. സാകൂതം മൊയ്ലേരുടെ ചെയ്തികൾ വീക്ഷിച്ചു.
പിന്നെ പച്ച നിറത്തിലുള്ള കയ്പ്പക്ക നീര് ചേർത്തു പിഞ്ഞാണത്തിലേക്ക്. ഒപ്പം ചില ദിക്റുകളും ഉച്ചത്തിൽ ചൊല്ലുന്നുണ്ട്.
ആയിഷയുടെ ഇളക്കവും കാറലും ഒക്കെ യാന്ത്രികമായി നിന്നിരിക്കുന്നു.
ഇങ്ങനെ ഒരു മന്ത്രവാദം അല്ല ഇതു വരെ നടന്നിരുന്നത്. നിർദ്ധയമുള്ള ചൂരൽ പ്രഹരവും മുട്ടയിലും തേങ്ങയിലുമുള്ള ബാത്തിലിന്റെ പണികളും ആണ് കണ്ടിട്ടുള്ളത്.
ആയിഷ മൊയ്ലേരുടെ കർമ്മങ്ങൾ അതീവ ശ്രദ്ധയോടെ നോക്കി കൊണ്ടിരിക്കുകയാണ്.
ഉച്ചത്തിൽ ഔറാദുകൾ ചൊല്ലിക്കൊണ്ട് മൊയ്ലേര് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. അരപ്പട്ടയിൽ നിന്ന് ചെറിയ പിച്ചാത്തി എടുത്തു.
ആയിഷ ഭയത്തോടെ കണ്ണുകൾ അടച്ചു.
കത്തി കുന്തിരിക്ക ചട്ടിക്കടുത്ത് വെച്ച് കയ്യിൽ മരക്കയിലുമായി കരിങ്കോഴിയുടെ അടുത്തെത്തി.
നട്ടുച്ച മുതൽ കെട്ടിയിട്ടിരുന്ന കരിങ്കോഴി അവിടമാകെ കാട്ടമിട്ടു നിറച്ചിരുന്നു. മൊയ്ലേര് അടുത്ത് ചെന്നപ്പോൾ കോഴിയൊന്നു ഉയർന്ന് ചാടി ഒരു മൂലയിലേക്ക് ഒതുങ്ങി.
ആയിഷ ജിജ്ഞാസയോടെ ഓരോ ചലനവും നോക്കി നിശബ്ദമായി ഇരുന്നു.
മൊയ്ലേര് സാവധാനം മരക്കയിൽ കൊണ്ട് കോഴിക്കാഷ്ടം കോരിയെടുത്തു പിഞ്ഞാണത്തിലെ വെള്ളത്തിൽ ചേർത്ത് ഇളക്കി.
കരിങ്കോഴിയുടെ കറുത്ത കോഴിക്കാട്ടം പിഞ്ഞാണത്തിൽ ഇട്ട് ഇളക്കുന്നത് കണ്ട് ആയിഷക്ക് ചർദ്ധിക്കാൻ വന്നു. അവൾ ശക്തിയായി ഓക്കാനിച്ചു. മൂക്ക് പൊത്തി.
പുറത്ത് നിന്നിരുന്ന കയ്യോമ അറിയാതെ റബ്ബിനെ വിളിച്ചു. ഏതോ കൂടിയ കൈവിഷമാണ്. മൊയ്ലേരുടെ മന്ത്രം ഫലിച്ചിട്ടുണ്ട്. അതാണ്‌ ഓക്കാനിക്കുന്നത്.

ഫത്താഹ് മൊയ്ലേര് കോഴിക്കാട്ടവും കാന്താരിയും കൈപ്പക്കയും ചേർത്ത് ഇളക്കി മന്ത്രിച്ചൂതിയ വെള്ളവുമായി ആയിഷക്ക് അടുത്തെത്തി.
ഇപ്പോൾ കയ്യൊമക്ക് ആയിഷയെയും മൊയ്ലേരെയും കാണാം.
“കയ്യോമാ…. ഒരു ഗ്ലാസ്സ് ഇങ്ങെടുക്ക്.. ”
കയ്യോമ വേഗം ഗ്ലാസ്സെടുത്ത് മൊയ്ലേർക്ക് കൊടുത്തു.
പിഞ്ഞാണത്തിലെ വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് ആയിഷക്ക് നേരെ നീട്ടി.
” കുടിക്ക്… ”
“പടച്ചോനേ…. ഈ വെള്ളം ഞാൻ കുടിക്കൂലാ…. ”
” കുടിക്കാനാ… പറഞ്ഞത്…. കുടിക്ക്. ”
“ഇല്ലാ…. നിക്കൊരു കൊയപ്പോല്ലാ… ഞാൻ കുടിക്കൂലാ.. ”
“ശെരി. ഈ പെണ്ണിനെ വിട്ടു പൊയ്ക്കോളോ….? ”
“പോകാം… ”
“ഒറപ്പല്ലേ.. ”
“ഒറപ്പ് ”

ഫത്താഹ് മൊയ്ലേര് ആയിഷയുടെ ശിരസ്സിൽ കൈ വെച്ച് എന്തൊക്കെയോ ഓതി. അനുസരണയോടെ ആയിഷ പായയിൽ ഇരുന്നു.
വാതിൽ തുറന്ന് മൊയ്ലേര് പുറത്ത് വന്നു. കിണ്ടിയിലെ വെള്ളമെടുത്ത് കൈയും മുഖവും കഴുകി.

” ഈ വെള്ളം കളയണ്ട. എപ്പോ സൂക്കേട് വന്നാലും ഇതീന്നൊരു ഗ്ലാസ്‌ കൊടുക്കണം. ഇത് കാണുമ്പയ്ക്കും ഓളെ കേട് മാറും. ”

കയ്യോമ തലയാട്ടി. കയ്യോമ കൊടുത്ത കൈമടക്ക് ജൂബ്ബയുടെ കീശയിൽ തിരുകി ഫത്താഹ് മൊയ്ലേര് പടിയിറങ്ങി.

ആയിഷയുടെ സൂക്കേട് മാറ്റാൻ മൊയ്ലേര് വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവളെ കാണാൻ ആമിന വന്നിരുന്നു.
സമാധാനിപ്പിച്ചു പിരിയുമ്പോൾ ഒരു തുണ്ട് കടലാസ് ആയിഷക്ക് നൽകി അവളുടെ ചുവപ്പ് രാശിയുള്ള വെളുത്ത കവിളിൽ ഉമ്മ നൽകി ആമിന.
“അന്നെ സമ്മയ്ച്ചിക്ക്ണ്‌ ട്ടാ… ”
തഴപ്പായക്കടിയിൽ നിന്ന് ആ തുണ്ട് കടലാസെടുത്ത് ആയിഷ പിന്നെയും പിന്നെയും വായിച്ചു.

പ്രിയപ്പെട്ട ചെണ്ണക്കാലി,
പ്രണയ നിർഭരവും യൗവ്വന തീക്ഷ്ണവുമായ ഒരു നീണ്ട കാലയളവ്‌ ഈ ഭീരുവിന് വേണ്ടി ഹോമിച്ച നിന്നെ സകല ദുരിതങ്ങളിൽ നിന്നും കര കയറ്റാൻ ഞാൻ വരുന്നു.
രണ്ട് പകലിരവുകൾക്കപ്പുറം നമ്മുടെ ലോകമാണ്. ജബ്ബാറിന്റെയും ആയിഷയുടെയും.
പ്രിയത്തോടെ
ജബ്ബാർ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here