മഞ്ഞും മഴയും താമസിക്കുന്നത്…

0
421
athmaonline-sreeja-sreenivasan-travelogue

ശ്രീജ ശ്രീനിവാസൻ

നോക്കിനോക്കി നിൽക്കെ മഴ… പിന്നെ മഞ്ഞ്. മഴയും മഞ്ഞും തണുപ്പും താമസിക്കുന്നതിവിടെയാണെന്നു തോന്നും. വഴിയില് കയറ്റത്തിൽ, വളവുകളിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ. തണുപ്പിനെ താഴ്വരയിലെത്തിക്കാൻ, കുറേ സന്ദേശങ്ങളെത്തിക്കാൻ മലയുടെ മെസെഞ്ചർ.
ലോക്ക് ഡൗൺ കാലമാണ്. പോകും വരെ പോകാം. ആരെങ്കിലും തടയുംവരെ പോകാം എന്നു കരുതിയാണ് ഇറങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലുള്ള മലയെ ആർക്കാണ് പൂട്ടിയിടാനാകുക! ആളും തിരക്കുമില്ലാതെ, നീണ്ട വാഹന നിരകളില്ലാതെ, ബഹളവും ഒച്ചയും ആരവവുമില്ലാതെ ഒന്നു കാണണം… മുഖാമുഖം. തണുപ്പിന്റെ, ആകാശത്തിന്റെ മലയിറക്കം.

മല കയറവെ വണ്ടി പലയിടത്തും നിർത്തി. ഇടതു വശത്ത്, ഇറങ്ങി പറക്കാൻ തോന്നുന്ന കാഴ്ചയുടെ പൂരം. നിബിഡവന ചാരുത. മരത്തലപ്പുകൾ ചേർന്ന് പൈതൽമലയുടെ പ്രതിബിംബം തീർത്ത പോലെ. വലതു വശത്ത് പിന്നെയും മതിലുയരങ്ങൾ. നിറയെ വയലറ്റ് പൂക്കൾ ചൂടിയ മതിലുകൾ. കുറേ ഉയരത്തിൽ കൊച്ചു കൊച്ചുവീടുകൾ! ഈ സ്ഥലം ആരുടെതാണ്? ഇവർക്കെങ്ങനെ ഈ സ്ഥലം സ്വന്തമായീ… വീടിന്റെ രൂപം മാത്രമുള്ള കൊച്ചുമുറികൾ പോലെയും അവിടെ താമസക്കാരെയും കണ്ടു. റോഡരികിൽ കുറച്ചു കുട്ടികൾ. ആ വീടുകളിൽ താമസിക്കുന്നവരാണെന്നു തോന്നുന്നു. കണ്ടപ്പോൾ നന്നായി ചിരിച്ചു. വഴിപറഞ്ഞു തന്നു. പോയിക്കാണാൻ തോന്നുന്ന വിധം പ്രോത്സാഹിപ്പിച്ചു. അതങ്ങനെയാണ് ഉയരം കൂടുന്തോറും സ്നേഹം കൂടുന്നു.

പിന്നെയും കാറിൽ നിന്ന് ഇറങ്ങിയും കയറിയും കുറേ തണുപ്പിനെ കൈകളിലും മുഖത്തും കോരിയെടുത്ത്, മൂക്കിന്റെ തുമ്പിൽ നിന്നു മാത്രം തണുപ്പിനെ ഇടയ്ക്ക് വകഞ്ഞു മാറ്റിയും കുറേ ഉയരത്തിലേക്ക്. സഞ്ചാരികൾക്ക് താമസിക്കാനുള്ള ഇടം, റിസോർട്ട് ഒഴിഞ്ഞുകിടക്കുന്നു. അവിടെ താമസിക്കുന്നതും അവിടുത്തെ പുലരിയും ഒന്നോർത്തു നോക്കി. എന്തായാലും വിരുന്നുവന്നു പോകാൻ തന്നെയാണ് രസം. കുറേ കാഴ്ചകളെ കണ്ണിലും ഹൃദയത്തിലും കോരിയെടുത്ത് മടക്കം. അതിനാണ് ഭംഗി. റോഡവസാനിക്കുന്നിടത്ത് ഒരു കൊച്ചു ഗേറ്റ്. ഉയർന്ന ഒരു വലിയ ലോകത്തിന് ഒരു കൊച്ചു പൂട്ട്!എണ്ണമില്ലാത്ത മരങ്ങളുടെയും മഞ്ഞിന്റെയുമുള്ളിൽ കാട്ടാനക്കൂട്ടങ്ങളും കാട്ടുമൃഗങ്ങളും പേരറിയുന്നതും അല്ലാത്തതുമായ പൂക്കളും പക്ഷികളും പൂമ്പാറ്റകളും… ഒരു ലോക്കുമില്ലാതെ… ഉന്മാദം.. ഉല്ലാസം .. ഒരു കൊച്ചു ചവിട്ടുപോലുമേൽക്കാതെ നിറങ്ങളുടെ ചിരി.. മനുഷ്യൻ മൃഗമാകരുതെന്നു പറയും.എന്നാൽ ശരിക്കും മനുഷ്യൻ മൃഗമായാൽ പ്രകൃതിക്ക് യാതൊരു ദോഷവുമില്ലെന്നതാണ് സത്യം .. ആരാണ് മനുഷ്യനെ മൃഗമെന്ന് ആദ്യമായി വിളിച്ചത്… എന്തിനാവാം…

മലയിറങ്ങുമ്പോൾ… കയറ്റത്തെക്കാൾ വിഷമം ഇറങ്ങാനാണ്. അകലെ ആകാശവും മലയും അതിർത്തിയില്ലാതെ മഴ നനഞ്ഞ്… പിന്നെ മഞ്ഞുപുതച്ച് … ആനയുടെ രൂപവുമായി ഒട്ടും പൈതൽ അല്ലാത്ത പൈതൽമല …

athmaonline-sreeja-sreenivasan-travelogue-1

LEAVE A REPLY

Please enter your comment!
Please enter your name here