പൂമണങ്ങൾ

0
192

കഥ
സൗമിത്രൻ   

“പോക്രോം പോക്രോം
 ഹൊയ് ഹൊയ്
 പോക്രോം പോക്രോം
 ഹൊയ് ഹൊയ്”
പാടവരമ്പത്ത് മാക്കാച്ചിത്തവളയുടെ വായ്ത്താരി ഏറ്റുചൊല്ലി ജെറി പെരു മഴയത്ത്  തുള്ളിത്തിമിർത്തു.ഇടത്കാലു കൊണ്ടും വലത്കാലു കൊണ്ടും തെപ്പിത്തെറുപ്പിച്ച വെള്ളം ആഹ്‌ളാദഭേരിയായി ചിതറിയുയർന്ന് മഴ നനഞ്ഞ് തണുത്തുവിറച്ചു നിൽക്കുന്ന പച്ചപ്പുല്ലിനുമീതെ പെയ്തിറങ്ങും മുമ്പേ ജെറിയുടെ ചെവിയിലോരു ഞണ്ടിറുക്കി.
ഷവറിൽ നിന്ന് തുമ്പിക്കൈവണ്ണത്തിൽ പെയ്ത മഴയും തോർന്നു. തലയും മുഖവും മൂടി വീണ ടർക്കിട്ടൗവ്വൽ അമർത്തിയമർത്തി തലതോർത്തുന്നതിനൊപ്പം ക്യൂടെക്സിട്ട് മനോഹരമാക്കിയ പെരുവിരൽ നഖമൊരെണ്ണം ജെറിയുടെ പാദത്തിലാമർന്ന് വേദനയുടെ വടുവിട്ട് പിന്മാറി.
“സ്റ്റുപ്പിഡ്…. ഇഡിയറ്റ് ….നീരാട്ടിന് എത്ര നേരമാ വേണ്ടതെന്നറിഞ്ഞില്ല. പനിപിടിച്ച് കിടന്നാലതിൽപ്പരം സന്തോഷമുണ്ടോ….കഴുത”

തലയിൽ നിന്ന് താഴേക്ക് നീങ്ങി തോളും പുറവും വയറും കടന്ന് ടർക്കിട്ടൗവ്വൽ സൈക്കിളിൽ നിന്ന് വീണു പൊട്ടിയ വലതു കാൽമുട്ടിലെ മുറിവിലൂടെ നിർദാക്ഷിണ്യം പാദങ്ങളിലേക്ക് പോയപ്പോഴും ജെറി കരഞ്ഞില്ല.

ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ഒരു മൂന്നാം ക്ലാസ്സുകാരൻ സാധാരണ കരയേണ്ടതാണ്.

പക്ഷെ ജെറി കരഞ്ഞതേയില്ല.

ചൂട് ചായയും ശർക്കരയും തേങ്ങയും വച്ചു പുഴുങ്ങിയ ഇലയടയും തിന്നുകൊണ്ടിരുന്നപ്പോൾ ഒട്ടു സന്തോഷിച്ചതുമില്ല.
“ജെറി , ഡൂ യൂ ലൈക് ഇറ്റ് ?”
അതെയെന്ന് ജെറി തലയാട്ടിയപ്പോൾ മമ്മിക്ക് പിന്നെയും മുഷിപ്പായി .
“നോഡിങ്ങ് ? നോ വേ ജെറി . സേ യെസ് മോം ഐ ലൈക് ഇറ്റ് “
“യെസ് മോം ….”
ജെറി അത് പറഞ്ഞുതീരും മുൻപേ ക്ലോക്കിൽ ആറരയുടെ അപായമണി മുഴങ്ങി .
ടേബിൾ ലാമ്പ് തെളിഞ്ഞു .
സീൽക്കാരത്തോടെ സിബ്ബ് തുറന്ന് സ്കൂൾബാഗ് വാ പൊളിച്ചു.
മൂല മടങ്ങിയതും കുത്തഴിഞ്ഞു തുടങ്ങിയതുമായ പുസ്തകങ്ങൾ മേശപ്പുറത്ത് നിരന്നു.
അലമാരിയുടെ അകത്തളത്തിൽ നിന്ന് വിരൽവണ്ണത്തിൽ മെലിഞ്ഞുനീണ്ടൊരു ചൂരലും മേശപ്പുറത്ത് വന്നിരുന്നു, എണ്ണമിനുപ്പുള്ള ഇളം തവിട്ടു നിറത്തിൽ ഇരുതലയ്ക്കലും ചുവന്ന റബ്ബർവള്ളിയുടെ ചുറ്റിക്കെട്ടുമായി .

എൻ്റെ മോന് ബുദ്ധിസാമർഥ്യവും  ഓർമ്മശക്തിയും പരീക്ഷയിൽ നല്ല മാർക്കും റാങ്കും  നൽകണമേ എന്ന പ്രാർത്ഥന ഉപസംഹരിക്കുമ്പോഴേക്കും പഠനമേശയ്ക്കരുകിൽ കണ്ണുകളടച്ച് ചെറുകൈകൾ കൂപ്പി അമ്മയ്ക്കരുകിൽ ചേർന്നു നിന്ന ജെറിയുടെ ഉള്ളിൽ ചിലന്തിക്കൂട്ടങ്ങൾ ഇളകിത്തുടങ്ങി.
“ശരി, നമുക്ക് അരിത്തമാറ്റിക്‌സിൽ തുടങ്ങാം.”
“യെസ് മോം .”
ഒരു ബ്രിട്ടൻ കുട്ടിയായി ജെറി സോപ്പിട്ടപ്പോൾ അമ്മയുടെയുള്ളിൽ  അപ്പൻെറ മോനെന്നൊരു കുളിര് നിറഞ്ഞു .
ടെൻഷനൊഴിഞ്ഞ മനസ്സിലേക്ക് മുമ്പെങ്ങോ വായിച്ച മനഃശ്ശാസ്ത്രജ്ഞൻ്റെ പംക്തിയിൽ നിന്ന് ഒരുകുടന്ന പൂക്കളും വീണു :

രസിച്ച് പഠിക്കണം.

“ടേബിൾസ് ഫസ്റ്റ് . ലെറ്റസ്‌ സേ ദ ടേബിൾസ് ഓഫ് ……” 
അമ്മയുടെ ഇമ്പമുള്ള വാക്കുകൾ നാടകീയതയുടെ പുള്ളിപ്പുതപ്പിനടിയിലൂടെ ഊർന്ന് പുറത്ത് വന്നു :
“ഫാ …..യവ് …..”
ഭാഗ്യം . ജെറിയുടെ മനസ്സൊന്നു തണുത്തു.അഞ്ചിൻ്റെ  ഗുണനപ്പട്ടിക പറഞ്ഞാൽ മതി .മൂന്നിൻ്റെയോ നാലിൻ്റെയോ ആയിരുന്നെങ്കിൽ …..! ജെറിയുടെ ചങ്ക് ഒന്നിടിച്ചു .
“ഫൈവ് വൺസ് ആർ ഫൈവ് ….”
ജെറി ഈണത്തിൽ ചൊല്ലിത്തുടങ്ങി.
ചൊല്ലലിൻ്റെ ഈണത്തിൽ സ്‌പൈഡർമാൻ ഊഞ്ഞാലാടി .
പിന്നെപ്പിന്നെ സ്പൈഡർമാൻ്റെ ഊഞ്ഞാലാട്ടത്തിൻ്റെ താളത്തിലായി ചൊല്ലൽ. ഇരുണ്ട ആകാശത്തിലേക്ക് ഉയർന്ന് നിൽക്കുന്ന പള്ളിഗോപുരത്തിലെ കുരിശും കടന്ന് മേഘങ്ങളിലെങ്ങോ കൊളുത്തിയ വലയിഴയിൽ തൂങ്ങി സ്‌പൈഡർമാൻ ആടിവന്നതിൻെറ ഹുങ്കാരം ഒടുങ്ങിയത് അമ്മയുടെ അങ്കലാപ്പിലാണ് . 

“ങേ ? അഞ്ചിൻെറ ടേബിൾസും മറന്നോ ? ഫൈവ് എയ്റ്റ്‌സ് എത്രാന്നാ പറഞ്ഞേ? ഫോർട്ടി എയ്റ്റോ ?”
“അല്ല മോം. ഫോർട്ടിഫൈവ്.” 
പതറിപ്പരുങ്ങി ജെറി തപ്പിയെടുത്ത ഉത്തരം കേട്ട് അമ്മയുടെ നെയിൽ പോളീഷിട്ട് മിനുക്കിയ കൂർത്തനഖങ്ങൾ ജെറിയുടെ ചെവിയിലേക്ക് പാതിവഴിയോളം നീങ്ങിയപ്പോഴേക്കും മനഃശ്ശാസ്ത്രജ്ഞൻെറ പംക്തി ഇടപെട്ടു .

ക്ഷമ . സ്നേഹം .അതാണ് കുട്ടികളോട് വേണ്ടത് .

“മോനൊന്നാലോചിച്ചേ. ഫൈവ് എയിറ്റ്സ് എത്രയാ ? ഫോർ ….ട്ടി. മോനത് പത്തു പ്രാവശ്യം എഴുതിക്കേ . പിന്നെ ഒരിക്കലും മറക്കത്തില്ല. അപ്പോഴേക്കും മമ്മിയിങ്ങു വരാം.”

ജെറി ശ്രദ്ധയോടെ എഴുതിത്തുടങ്ങി. 

വളരെ വളരെ ശ്രദ്ധയോടെ .

ജെറിയുടെ ശ്രദ്ധയിലേക്ക് വളരെ വളരെ ശ്രദ്ധയോടെ പൂജ്യത്തിനുള്ളിൽ നിന്നും ഒരെലിമീശ നീണ്ടു.പുറത്തേക്ക് വട്ടം പിടിച്ച കണ്ണുകൾക്കും ചെവിക്കുമിപ്പുറം പതുങ്ങി നിന്ന തൊമ്മിപ്പൂച്ചയുടെ ചുണ്ടിലൊരു കുഞ്ചിരി വിടർന്നു.മരണപ്പാച്ചിലിനെ ടോമും ജെറിയും ആഹ്ളാദത്തിലേക്ക് തകിടം മറിക്കവേ   പാത്രങ്ങൾക്കും പിഞ്ഞാണങ്ങൾക്കുമൊപ്പം പുസ്തകത്താളിലെ അക്കങ്ങൾ ചിലതും തകിടം മറിഞ്ഞു.
ഫൈവ് എയിറ്റ്സ് ഫോർട്ടി എയിറ്റായി. എയിറ്റി ഫോറായി. 
സീരിയലിൻെറ ഇടവേളയിൽ കതക് തുറന്ന് മുറിക്കുള്ളിലേക്ക് വന്ന അമ്മ നോട്ടുപുസ്തകത്തിൽ തകർന്ന പൂപ്പാത്രങ്ങൾ കണ്ടില്ല.തരിപ്പണമായ പോർസിലിൻ ഡിഷുകൾ കണ്ടില്ല.എലിപ്പൂട പോലും കണ്ടില്ല.
ആകെ കണ്ടത് ചാത്തനാടിയ കളമാണ്.
മനഃശ്ശാസ്ത്രജ്ഞൻ എങ്ങോട്ടെന്നില്ലാതെ ഓടി രക്ഷപ്പെട്ടു . 
മേശപ്പുറത്തേക്ക് വലിച്ചെറിയപ്പെട്ട പുസ്തകം പെൻസിൽബോക്സും ചിതറിക്കിടന്ന ചായപ്പെൻസിലുകളും കട്ടറുമൊക്കെ തെറിപ്പിക്കുന്നതിനിടയിൽ ജെറിയുടെ തലയ്ക്ക് അമ്മയുടെ വലതുകൈപ്പടം കൊണ്ടുള്ള അടിയും കൊണ്ടു .
“എൻെറ ദൈവമേ എന്നതാടാ ഇത് ?കണ്ടെഴുതാനും നിനക്കറിയാമ്മേലേ ?”
ഇത്തവണ മമ്മിയുടെ വലതു കൈയ്യിലെ നെയിൽപോളിഷിട്ട നഖങ്ങൾ ജെറിയുടെ ചെവിയെ നുള്ളിപ്പിടിച്ചു വട്ടംകറക്കി .
“ഇഡിയറ്റ് , ഈ മന്ദബുദ്ധിയൊക്കെ  എൻെറ വയറ്റിത്തന്നെ വന്നു പിറന്നല്ലോ! “
തലയ്ക്ക് വീഴാവുന്ന മമ്മിയുടെ അടുത്ത തല്ലിനെ തടയാനായി ജെറി കരച്ചിലിൻെറ ആക്കം കൂട്ടി .
“മിണ്ടിപ്പോകരുത് .കരയുന്നോ ? കഴുത .”
മമ്മിയുടെ ഫോണിൽ നിന്നും പഴയൊരു സിനിമാപ്പാട്ടിൻെറ കാതരമായ ഈണം വന്നില്ലായിരുന്നെങ്കിൽ തലമണ്ടയ്ക്കിട്ട് പിന്നെയും കിട്ടിയേനെ .
മമ്മി വളരെയേറെ അന്വേഷിച്ചിട്ടും കിട്ടാതെ നിരാശപ്പെട്ടപ്പോൾ ഒരു കൂട്ടുകാരി കംപോസ് ചെയ്യിച്ച് കൊടുത്ത റിങ്ടോണാണത്.
പിന്നെ മമ്മി മറ്റൊരു റിങ്ടോൺ കൂടെ കംപോസ് ചെയ്യിച്ചു.
പഴയ ടെലിഫോണിൻെറ മൂക്കടച്ച ടുർർർർ   ടുർർർർ ശബ്ദം .
പപ്പയുടെ ഫോൺകോളുകൾക്കായി.
“ഹെലോ ..”
മമ്മിയുടെ ശബ്ദത്തിലിപ്പം ശകാരത്തിൻെറ കരുകരുപ്പില്ല .
വാക്കുകൾ മധുരലായിനിയിലെ ചെറിപ്പഴം പോലെ .
“എൻെറ മോളെ , ദെ ഞാൻ പെടയ്ക്കാൻ തുടങ്ങിയിട്ട് നേരമൊത്തിരിയായി.നേരമൊട്ട് നീങ്ങുന്നതുമില്ല പയ്യൻെറ ഡാൻസൊട്ട്  തുടങ്ങുന്നതുമില്ല .”
സ്വന്തം ശരീരത്തിൻെറ കാൽനഖം മുതൽ ഓരോരോ ഇടങ്ങളിൽ ആണറിയാനായി അഴകെഴുതിയ കൂട്ടുകാരികളിലാരെങ്കിലുമാകാം മമ്മിയോടൊപ്പം അഭൗമതയിൽ .
ജെറിയെ അക്കങ്ങൾക്കിടയിലേക്ക് ഞെരിച്ച് വച്ചിട്ട് മമ്മി റിയാലിറ്റിഷോയുടെ താളങ്ങളോർത്ത് തരളിതയായി .
“തളർന്ന് വിയർക്കുമ്പം ആ മുഖം കാണാനെന്ത് ചന്തമാ “
മമ്മിയുടെ ശബ്ദം വല്ലാതങ്ങ് ഒതുങ്ങിപ്പോയി “അവനപ്പോഴും പഴയ നിക്കറുപൊലീസിൻെറ ഗെറ്റപ്പാ. “
കവിളിനോട് ചേർത്ത് വച്ച സെൽഫോണിൽ നീണ്ട വിരലുകൾ കൊണ്ട് മൃദുവായി തടവിയും കൊലുസ്സിളക്കിയും ചിരിച്ചും മമ്മി നടുമുറ്റത്തിൻെറ അരഭിത്തിയിലെ കൽത്തൂണിൽ ചാരിയിരുന്നു.
പഠനമുറിയുടെ ഭംഗിയുള്ള ഡോർക്കർട്ടനപ്പുറത്ത്  നിന്നു കേട്ട ചിരികുഴമ്പായും ഇടതുചെവിയിലെ നീറ്റലായും മമ്മി ജെറിയെ തൊട്ടു.
പുസ്തകത്താളിലെ നാലുവരിപ്പെരുവഴിയിലേക്ക് പാഞ്ഞു വന്ന മുട്ടകൾ അക്ഷരവടിവിൽ ഉന്തപ്പെടുകയായിരുന്ന പെൻസിൽത്തുമ്പിൽ കൊണ്ടുകൊണ്ടില്ല എന്ന് ചിതറി.
പെൻസിൽത്തുമ്പിനെ ഉന്നംവച്ച കണ്മുനയും കുസൃതിച്ചിരിയുമായി ജപ്പാൻകാരനൊരപ്പൂപ്പൻ .ഒപ്പം ആയോധനകലയുടെ അങ്കവസ്ത്രമണിഞ്ഞ് മൂന്ന് പേരക്കിടാങ്ങൾ.
ഓ , ത്രീ നിൻജാസ് !*
ഒറ്റക്കുതിപ്പിന് ജെറിയും നിൻജാസിനൊപ്പം കൂടി.

അപ്പൂപ്പൻ എറിഞ്ഞു കൊടുത്ത മുട്ടകൾ ഓരോന്നും മാറിമാറിപ്പിടിച്ചെടുത്ത് അവർ പുസ്തകത്താളിനെയും പെൻസിലിനെയും ലക്ഷ്യമാക്കി എറിഞ്ഞു.
അക്കങ്ങളുമക്ഷരങ്ങളും മുട്ടക്കരുവിൽ കൂടിക്കുഴഞ്ഞ് താളാകെ പരന്നു .
മുട്ടക്കുഴമ്പിൽ മുങ്ങിയ പെൻസിലിൻെറ ശ്വാസംമുട്ടൽ കണ്ട് നിൻജാസുകൾക്കൊപ്പം ജെറിയും ചിരിച്ചാർത്തു.
ടെലിഫോൺ മണിയുടെ അപായച്ചങ്ങലക്കിലുക്കത്തിൽ അപ്പൂപ്പനും കൊച്ചുമക്കളും കാറ്റിൻെറ കണികകളിലൊളിച്ചു .
അറിവിൻെറ പൂമരങ്ങളുതിർത്ത പൂമണങ്ങളൊന്നും മണക്കാതെ മുട്ടയുടെ നാറ്റത്തിൽ പുതഞ്ഞ ജെറി ഫോൺബെല്ല്‌ കേട്ടിട്ടും അനങ്ങിയില്ല.
ഫോൺബെല്ല്‌ കെട്ടു .
ഇനി ഒന്നുകൂടെ റിങ് ചെയ്താലിത് പപ്പയുടെ ഫോണാണെന്ന് ഉറപ്പ്.
ഞൊടിയിടയിൽ ഫോൺ പിന്നെയും ഉണർന്നു.
“യെസ് ലിറ്റിൽ കാൽക്കുലസ് , വാട്ട് ആർ യൂ ഡൂയിങ് ?”
പപ്പയുടെ കുഴയുന്ന വാക്കുകളിൽ വാത്സല്യത്തിൻെറ തെളിനീർ.
“ഞാൻ കാൽക്കുലസ്സല്ല . ഐ ആം ടിൻടിൻ .”
ജെറിയുടെ മറുപടി കേട്ട് പപ്പാ പൊട്ടിച്ചിരിച്ചു.പൊട്ടിച്ചിരിക്കിടയിൽ എവിടെനിന്നോ ചിയേഴ്സിൻെറ ഭേരീരവങ്ങൾ .
“യെസ് , ബട്ട് ടിൻടിൻ ഷുഡ് സ്റ്റോം ഹിസ് ബ്രയിൻസ് .”
ജെറി പിന്നെയും പഠനമേശയ്ക്കരികിൽ എത്തി. പുസ്തകത്താളുകൾക്കിടയിൽ നിന്ന് പൂമണങ്ങളും വരവായി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here