കുടുംബശ്രീയുടെ ‘ശ്രീ’ യായി എഴുപത്തിമൂന്നാം വയസ്സിലും നാട്ടിപ്പാട്ടുപാടി സൗമിനിയേടത്തി താരമാകുന്നു…
അഡ്വ. വി. പ്രദീപൻ
പൊൻമല കോട്ടോട കുഞ്ഞിക്കണ്ണൻ , കണ്ണൻ കിടന്നങ്ങുറങ്ങുന്നേരം, ഓരോരോ ഇങ്കിനാവ് കാണുന്നല്ലോ….. സ്വയം മറന്ന് സൗമിനി ഏടത്തി പഴയ നാട്ടിപ്പാട്ടിലെ ഈരടികൾ ഈണത്തിൽ പാടുകയാണ്. “വീട്ടിൽ ഇരുന്ന് ശീലമില്ല മോനേ എത്രകാലമാ ഇങ്ങനെ വെറുതെ ഇരിക്കുക ” കഴിഞ്ഞവർഷം തൊഴിലുറപ്പിൽ 100 ദിവസവും പണിക്കുപോയി എഴുപത്തിമൂന്നാം വയസ്സിലും പതിനെട്ടിന്റെ പ്രസരിപ്പോടെ ഓടിനടന്ന സൗമിനിയേടത്തിക്ക് കൊറോണകാലത്തെ വീട്ടിലിരുത്തം സഹിക്കാതെ ആയിട്ടുണ്ട്. അതുകൊണ്ട് പതിനെട്ടാം വയസ്സിൽ വടക്കുമ്പാട്ടെ അമ്മവീട്ടിലെ പാലേരി വയലിൽ പോയ സമയത്ത് ഹൃദിസ്ഥമാക്കിയ നാട്ടിപ്പാട്ട് വീണ്ടും ഒന്ന്കൂടി പാടി നോക്കുകയാണ് കോളാട് ചന്ദ്രോത്ത് പറമ്പിലെ വീടിന്റെ കോലായിൽ ഇരുന്ന് സൗമിനിയേടത്തി.
പണ്ട് പാടി പിന്നെ മറന്നുപോയ നാട്ടിപ്പാട്ട് ഓർത്തെടുത്ത് ഇവരെകൊണ്ട് വീണ്ടും പാടിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ രൂപം കൊണ്ടത് മുതൽ സ്വാശ്രയ കുടുംബശ്രീയിലെ സജീവ പ്രവർത്തകയാണ് ഇവർ. വാർഡ് തല കുടുംബശ്രീ മത്സരത്തിൽ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് ഇവർക്കാണ്. PSC ക്ക് പഠിക്കുന്ന പെൺകുട്ടികളെ തോൽപ്പിച്ച ഇവർ ആൾ മോശക്കാരിയല്ല, 1969 ലെ പാലയാട് സ്കൂളിൽ എസ്എസ്എൽസി ബാച്ചിൽ പഠിച്ച ആളാണ്. കുടുംബശ്രീയുടെ പഞ്ചായത്തുതല മത്സരത്തിൽ പ്രച്ഛന്നവേഷത്തിലും നാട്ടിപാട്ടിലും ഒന്നാം സ്ഥാനം നേടിയത് ഈ കലാകാരി ആയിരുന്നു . കുടുംബശ്രീയുടെ കർഷക കൂട്ടായ്മയായ J .L. Y ഗ്രൂപ്പുകളുടെ ജില്ലാതല സംഗമം ‘സമൃദ്ധി ‘എന്ന പേരിൽ പെരളശ്ശേരിയിൽ സംഘടിപ്പിച്ചപ്പോൾ നാട്ടിപ്പാട്ടിൽ രണ്ടാംസ്ഥാനം ജില്ലയിൽ നേടിയത് ഇവർ നേതൃത്വം കൊടുത്ത ടീമായിരുന്നു.
കുടുംബശ്രീ പഞ്ചായത്തുതല മത്സരം പിണറായി വച്ച് നടന്നപ്പോൾ നാട്ടിപ്പാട്ട് വിധികർത്താവായ അനിൽകുമാർ വടക്കുമ്പാട് മത്സരം കഴിഞ്ഞ് അവരെ പരിചയപ്പെട്ടു . അദ്ദേഹം പിന്നീട് തൃശൂരിൽ നടന്ന കേരള നാടൻകലാ അക്കാദമി സംഘടിപ്പിച്ച 14 ജില്ലകളിലെയും നാട്ടു കലാകാരന്മാരുടെ സംഗമമായ ‘നാട്ടുപച്ച ‘യിൽ പങ്കെടുക്കാൻ അവസരം നൽകി. അങ്ങനെ അപ്രതീക്ഷിതമായി എഴുപത്തിമൂന്നാം വയസ്സിൽ ലഭിച്ച ഈ അംഗീകാരം ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം ആയി ഇവർ മനസ്സിൽ സൂക്ഷിക്കുന്നു. നാട്ടുകാരനായ സജീവൻ മാസ്റ്ററുടെ പ്രേരണയാൽ കഴിഞ്ഞ രണ്ടുമാസം മുമ്പ് പാലയാട് ഡയറ്റിൽ വിസിറ്റിംഗ് പ്രൊഫസറായി നാട്ടിപ്പാട്ടിനെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്ത ഈ കലാകാരി വൈലോപ്പിള്ളിയുടെ ‘വാഴക്കുല ‘ എന്ന കവിതയും കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു അവിടെവച്ച് അധ്യാപകർ സാരി സമ്മാനമായി നൽകി.
ഈ ചടങ്ങിൽ പങ്കെടുത്ത പഞ്ചായത്ത് മെമ്പർ ഇവരുടെ അവതരണം കണ്ട് അത്ഭുതപ്പെട്ട് സമ്മാനമായി വസ്ത്രങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചു കൊടുത്തു. എഴുപത്തിമൂന്നാം വയസ്സിൽ കിട്ടിയ ഈ സമ്മാനങ്ങൾ പണ്ട് സ്കൂളിൽ നിന്ന് കിട്ടിയ സമ്മാനപ്പൊതിപോലെ നിധിപോലെ സൂക്ഷിക്കുകയാണ് ഈ കലാകാരി. കോളാട് സ്കൂളിലും വടക്കുമ്പാട് ശ്രീനാരായണ സ്കൂളിലും പാലയാട് ഹൈസ്കൂളിലും പഠിക്കുന്ന സമയങ്ങളിൽ കലാമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങിയ ഇവർ പാലയാട് ഹൈസ്കൂളിൽ വെച്ച് നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്കുശേഷം ഇപ്പോൾ സജീവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഒരു നാടകം തൊഴിലുറപ്പ് കാരെ സംഘടിപ്പിച്ചുകൊണ്ട് അവതരിപ്പിക്കാനായി റിഹേഴ്സൽ ആരംഭിച്ചിരുന്നെങ്കിലും കൊറോണ കാരണം നിർത്തിവെക്കേണ്ടിവന്ന സങ്കടത്തിലാണ് ഇവർ.
ഗ്രാമസഭയിലും മറ്റു പരിപാടികളിലുമെല്ലാം സ്ഥിരമായി പങ്കെടുക്കുന്ന സൗമിനിയേച്ചിയെക്കുറിച്ച് വാർഡ് മെമ്പർ നവ്യക്ക് ഏറെ അഭിമാനമാണ്. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യം ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയാൻ മടികാണിക്കാത്ത പ്രകൃതക്കാരിയാണ് ഇവർ. തന്റെ ജീവിത അനുഭവങ്ങൾ ആണ് ഇവർക്ക് ഈ മാനസിക കരുത്ത് നൽകിയത്. 23 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതിനുശേഷം തളരാതെ ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതി ആണ് ഇവർ മക്കളെ വളർത്തിയത്. ബീഡി പണി, കർഷകതൊഴിലാളി, നൂല് ചുറ്റൽ, നെയ്ത്ത് തുടങ്ങി ജീവിതത്തിൽ ഒരുപാട് വഴികളിലൂടെ നടന്നാണ് ഇവർ ഈ സായന്തനത്തിൽ എത്തിനില്ക്കുന്നത് . ആദ്യം നെല്ല് മൂരാൻ പോയപ്പോൾ കിട്ടിയത് അഞ്ചിടങ്ങഴി നെല്ലായിരുന്നു എന്ന് പഴയകാലം ഓർത്തെടുത്ത് ഇവർ പറഞ്ഞു .
നാട്ടിപ്പാട്ടിലൂടെ ശ്രദ്ധേയമായ ഈ കലാകാരിയെ ഇതിനകം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. നാട്ടുകലാകാരകൂട്ടം പയ്യന്നൂരിൽ വെച്ച് ഇവരെ ആദരിച്ചു. പഞ്ചായത്തിലെ കുടുംബശ്രീയും ഇവർക്ക് അനുമോദനം നൽകിയിട്ടുണ്ട്. മുഴപ്പിലങ്ങാട് മഹാദേവ ക്ഷേത്രത്തിലും പിണറായി N.E ബാലറാം ലൈബ്രറിയിലും വെച്ചും ഇവർക്ക് അനുമോദനം ലഭിച്ചിട്ടുണ്ട് . പിണറായി പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ പഠന കേന്ദ്രമായ ബഡ്സ് സ്കൂളിൽ കുട്ടികളുടെ വാർഷികാഘോഷത്തിൽ പാടാൻ അവസരം ലഭിച്ചത് ഇവരുടെ മനസ്സിന് ഏറെ സന്തോഷം നൽകി. ഇതിനകം നിരവധി സ്ഥലങ്ങളിൽ നാട്ടിപ്പാട്ട് അവതരിപ്പിച്ച സൗമിനിഏടത്തിക്ക് കൊറോണ ഒന്ന് കഴിഞ്ഞിട്ട് തൊഴിലുറപ്പ് കാരുടെ നാടകം തയ്യാറാക്കണം, നാട്ടിപ്പാട്ട് കൂടുതൽ വേദിയിൽ പാടണം, തൊഴിലുറപ്പിൽ 100 ദിവസം തികക്കണം. ഇങ്ങനെഎഴുപത്തിമൂന്നാം വയസ്സിലും ലോക്കൗട്ട് കഴിഞ്ഞാൽ തിരക്കുപിടിച്ച ദിവസങ്ങളിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി. ഈ സായന്തനത്തിൽ ഇവർക്ക് താങ്ങും തണലുമായി മക്കളായ സലമോനും തുഷാരനും അവരുടെ കുടുംബവും കൂടെയുണ്ട്…
…