കുട്ടികളുടെ സാമൂഹ്യശാസ്ത്രാഭിരുചിയും സാമൂഹ്യാവബോധവും പരിപോഷിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി ‘സ്റ്റെപ്‌സ്’ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) സംഘടിപ്പിക്കുന്നു. ആറാം ക്ലാസുമുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികളാണ് പരിധിയിൽ വരിക. ആറാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാഥമികതല തിരഞ്ഞെടുപ്പ് ജനുവരി 11ന് ഉച്ചയ്ക്ക് ശേഷം നടക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പ്രവർത്തനത്തിലൂടെ സാമൂഹ്യശാസ്ത്രത്തിൽ മികവു പുലർത്തുന്ന നാലു കുട്ടികളെ ഓരോ സ്‌കൂളിൽ നിന്നും തിരഞ്ഞെടുക്കും. ഇവരിൽ പൊതുവിഭാഗത്തിൽ നിന്നും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്ന് ഓരോ കുട്ടിയുമുണ്ടായിരിക്കും. ഉപജില്ലാ, ജില്ലാതലങ്ങളിലും സമാനമായ തിരഞ്ഞെടുപ്പുകൾ ഉണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അതത് തലങ്ങളിൽ പരിപോഷണ പരിപാടികൾ നടത്തും. ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 84 കുട്ടികളെയാണ് സംസ്ഥാനതല പരിപാടിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാകും വരെ തുടർച്ചയായി എല്ലാ വർഷവും ആവശ്യമായ അവധിക്കാല പരിപോഷണപരിപാടി നൽകും. വിവിധ തലങ്ങളിലുള്ള തിരഞ്ഞെടുപ്പിനാവശ്യമായ വിഭവങ്ങൾ രൂപപ്പെടുത്തി പരിശീലകരെ തയ്യാറാക്കുന്നതിന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ കൺവീനറായുള്ള സംസ്ഥാനതല വിദഗ്ധസമിതി നേതൃത്വം നൽകും.