മഴ പ്രണയത്തിലെഴുതിയത്

0
508
VR Sudheesh

വി. ആര്‍. സുധീഷ്

ഒന്ന്

കാലമെന്ന രാക്ഷസന്റെ ചെറുവിരല്‍ പിടിച്ച് നമ്മള്‍ ഒരു ചെറിയ ദൂരമേ നടക്കുന്നുള്ളൂ. അപ്പോഴൊക്കെയും നമ്മള്‍ പ്രണയികളാണ്. യാത്രകഴിഞ്ഞ് പോകുമ്പോള്‍ തിരിഞ്ഞുനോക്കില്ല. കാലം നമ്മെയും നാം കാലത്തെയും!

രണ്ട്

മഴനൂലുകള്‍കൊണ്ട് നെയ്ത ഒരു മന്ത്രകോടി നീ സ്വപ്‌നംകണ്ടിരുന്നു. ആ സ്വപ്‌നത്തില്‍ ഞാനാകണമേ എന്ന് ഞാനും സ്വപ്‌നംകണ്ടിരുന്നു. എല്ലാ സ്വപ്‌നങ്ങളും മഴയിലൊഴുകിപ്പോയി. മന്ത്രകോടി പുതച്ചുറങ്ങുന്ന നിന്നെ ഞാന്‍ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരുവിധം കണ്ടു.

മൂന്ന്

നീ നിവര്‍ത്തിപ്പിടിച്ച കുടയില്‍ ഞാന്‍ എന്തെല്ലാം സ്വപ്‌നംകണ്ടുനിന്നു! കാറ്റ് ആഞ്ഞുപൊട്ടി. മഴ ഉലഞ്ഞപ്പോള്‍ കുട മുകളിലേക്ക് തുറന്നുപോയി. പിന്നെയത് പാറിപ്പോയി. ഞാന്‍ ഒറ്റയ്ക്ക് നനഞ്ഞു.

നാല്

മഴക്കാലത്ത് നീ പനിച്ചുകിടന്നു. നിന്റെ അരികില്‍വന്ന് നെറ്റിച്ചൂടില്‍ ചുണ്ടമര്‍ത്താന്‍ ഞാന്‍ കൊതിച്ചു. ആരും കാണാതെ പതുങ്ങിവന്ന എന്നെ മഴ നിര്‍ദയം തള്ളിയിട്ടു. ഞാനിപ്പോള്‍ പനിച്ചുകിടക്കുന്നു. പ്രണയിക്കുമ്പോള്‍ കൊടും പനിയാകുമെന്ന് പറഞ്ഞതാകും മഴ!

അഞ്ച്

ഋതുഭേദങ്ങളാണ് പ്രണയമുണ്ടാക്കിയത്. വെയിലാണ് മാടിവിളിച്ചത്. നിലാവാണ് ഓമനിച്ചുകിടത്തിയത്. മഴയാണ് ചുംബിച്ചുറക്കിയത്. പ്രണയമുണ്ടാക്കിയത് രതിഭേദങ്ങള്‍.

ആറ്

ചിലപ്പേള്‍ നീയെന്നെ മറന്നുപോയേക്കും. കാലങ്ങളോളം മറവി നീണ്ടുപോയേക്കും. ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ അത് തെഴുത്തെന്നിരിക്കും. ഒരിടിനാദത്തില്‍ മണ്ണില്‍ പൂക്കൂടപോലെ. എത്രമേല്‍ നാം പ്രണയിച്ചിരുന്നു എന്ന് ഓര്‍മപ്പെടുത്തുന്നതുപോലെ!

ഏഴ്

ഇന്നലെവന്ന നിന്റെ എഴുത്തിന് വേറൊരു മുഖച്ഛായ, വാക്കുകള്‍ എന്റെ കണ്ണിലേക്ക് നോക്കുന്നതേയില്ല. വിരാമങ്ങളില്‍ നീ മുഖം തിരിക്കുന്നതുപോലെ. അഭിമുഖം നീ പതറുന്നതുപോലെ. എന്റേതല്ലാത്ത ഒരു വിരല്‍പ്പാടില്‍ നീ ശങ്കിച്ചു നില്‍ക്കുന്നതുപോലെ. പറയുക, നിന്റെ സ്വച്ഛന്ദതയില്‍ ആരാണ്…? ഒന്നു പറയൂ വേഗം… ആരാണ്…?

ഏട്ട്

പരിസ്ഥിതിദിനമായിരുന്നു. നമ്മള്‍ പരസ്പരം മരത്തൈകള്‍ കൈമാറി. നിന്റെ ഓര്‍മയ്ക്ക് ഒരു മരം. എന്റെ ഓര്‍മയ്ക്ക് ഒരു മരം. നമ്മള്‍ ഒന്നാകുന്നതിന്റെയും ഓര്‍മയ്ക്ക്! കാലത്തില്‍ നിന്റെ മരം പട്ടുപോയി. എന്റെ മരം മാമരമായി പടര്‍ന്നപ്പോള്‍ നിനക്ക് രണ്ട് കുഞ്ഞുങ്ങള്‍. ഞാന്‍ ഒറ്റയായി നടക്കുന്നു!

ഒമ്പത്

അനാഥയാണ് പെണ്ണ്, പുരുഷനും അനാഥനാണ്. അനാഥ അനാഥനെ തിരിച്ചറിയുന്നതാണ് പ്രണയം. പ്രണയവും അനാഥമാണ്! അത് സ്വയം തിരിച്ചറിയുന്നില്ലെന്നുമാത്രം.

പത്ത്

ജന്മം കിട്ടുന്നതിനുമുമ്പ് നമ്മള്‍ എവിടെയായിരുന്നു? ഈ പ്രണയം എവിടെയായിരുന്നൂ! ജന്മാന്തരം ഇത് എവിടെപ്പോയി മറയും? അതോര്‍ക്കുമ്പോഴാണ് പ്രേമമേ, ഇത്രയും ആകുലത!

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here