സുരേഷ് നാരായണൻ
ഹയർ ചെയ്ത ഉബർ ടാക്സി പാലാരിവട്ടം പിന്നിട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ആഷയ്ക്ക് പെട്ടെന്ന് ഒരു കാര്യം സ്ട്രൈക്ക് ചെയ്തത്. ‘വടക്കൻ’ ആയ ടാക്സിഡ്രൈവർ ഗൂഗിൾ ‘ലേഡി’യുടെ വോയ്സ് നാവിഗേഷൻ അനുസരിച്ച് വണ്ടിയോടിച്ചുകൊണ്ടിരുന്നത് ശ്രദ്ധിച്ചപ്പോളായിരുന്നു അത്.
‘Go through service road, Turn left in 300 meters’ എന്നൊക്കെ ധർമ്മജന്റെയോ സാക്ഷാൽ പപ്പുവിന്റെയോ ശബ്ദത്തിൽ വന്നിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമായിരിക്കും എന്നാലോചിച്ച് അവൾക്ക് ചിരിപൊട്ടി. വൈറ്റിലയിൽ നിന്ന് ജീവ വണ്ടിയിൽ കയറുമ്പോഴേ ഇതു പറയണം എന്ന് തീരുമാനിച്ചു.
മില്യൺ ഡോളർ തമാശയാണ്! എങ്ങാനും മറന്നു പോകുമോ എന്നുപേടിയായിട്ട് കൈകൾ മുറുക്കിപ്പിടിച്ചു കൊണ്ടിരുന്നൂ അവൾ.
ചിരിയുടെ ശബ്ദം കേട്ടതുകൊണ്ടാകണം താടിക്കാരൻ ഡ്രൈവർ തിരിഞ്ഞു നോക്കി. മടുപ്പോടെ മുഖം തിരിക്കുകയും ചെയ്തു.
അപ്പോൾ തന്നെ ആഷ ഒരുകാര്യം മനസ്സിലുറപ്പിച്ചു.
അയാളെ ശരിക്കൊന്ന് പ്രവോക് ചെയ്യണം ! എങ്ങനെയെന്നല്ലേ, ജീവ കേറിയ ഉടനെ തോളിൽ കൈയിട്ട്, ചെവിയോടു ചുണ്ടുചേർത്ത് വലിയൊരു രഹസ്യം പറയുന്ന നാട്യത്തിൽ ഈ തമാശ പൊട്ടിക്കണം. മിററിലൂടെ അതു കാണുന്ന അയാളുടെ കണ്ണുകൾ ഞെട്ടിത്തുറിക്കുമെന്ന് തീർച്ച. കൃഷ്ണമണികൾ രണ്ടും വെളിയിൽ ചാടിപ്പോകുന്ന രീതിയിലായിരിക്കണം ആ ഞെട്ടൽ!
ഹോ! അവൾ കൈകൾ കൂട്ടിത്തിരുമ്മി, ചുണ്ടുകൾ കടിച്ചു.
അങ്ങനെ വൈറ്റില എത്തി. “അത്തിമരത്തിലെ കൊച്ചുകിളിക്കൂട്ടിൽ” എന്ന് അലസമായ് പാടിക്കൊണ്ട് ജീവയും.. വരികളുടെ അവസാനമായപ്പോഴേക്കും അവന്റെ കണ്ണുകൾ തന്റെ നെഞ്ചിലേക്ക് തെന്നിയിറങ്ങിയതായി തോന്നി.. കോപ്പൻ!..
രണ്ടുപേരുടെയും കൈകൾ ഒരേസമയത്താണ് പരസ്പരം തോളുകളെ ചേർത്തു പിടിച്ചത്.. ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് ആഷ പറഞ്ഞു; “അതേ, ഒരു കാര്യംണ്ട്.”
ജീവയുടെ കണ്ണുകൾ വിടർന്നുവരുമ്പോഴേക്കും അവളത് ചെയ്തിരുന്നു.. അവന്റെ ചെവി തൻറെ കൈക്കുമ്പിളിലാക്കി ചുണ്ടു ചേർത്തതും “ഹൗ” എന്നൊരു ശബ്ദത്തോടെ ജീവ മുകളിലേക്ക് പൊങ്ങി.. ഇത്രയും നാൾ ഇല്ലാത്ത ഇക്കിൾ ഇപ്പോൾ എവിടെ നിന്നു വന്നു എന്ന് ആഷ ആലോചിച്ചു തുടങ്ങുമ്പോൾത്തന്നെ അതു സംഭവിച്ചിരുന്ന ..
കാറ് വലിയൊരു ഹമ്പിൻറെ മുകളിൽ കൂടി കുതിച്ച് ചാടി! തല ശക്തിയായി മേലേ ഇടിച്ചതും വണ്ടി ഏതോ ടണലിനുള്ളിലേക്കു കയറിപ്പോകുന്നതുപോലെ അവൾക്കു തോന്നി.
ജീവയുടെ ശബ്ദം ആഷ അപ്പോൾ അവ്യക്തമായിക്കേട്ടു: “പുല്ലേ, ഡ്രൈവറല്ല വണ്ടിയാണെടീ പ്രോവോക്ഡ് ആയത്!”.
നന്നായിട്ടുണ്ട്! പ്രത്യേകിച്ചും കഥയുടെ അവസാനം. അത് തീരെ പ്രതീക്ഷിച്ചില്ല. ഈ കഥ മനസ്സിൽ കോരിയിടുന്ന ആഷയുടെയും ജീവയുടെയും പ്രതിബിംബങ്ങൾ എന്നെ ഏറെ ചിരിപ്പിച്ചു. തുടർന്നും എഴുതുക. ആശംസകൾ!
വളരെ വളരെ വളരെ നന്ദി പ്രിയ ശ്രീ!