കനോലി കനാലിന്റെ ചരിത്രം ഹ്രസ്വചിത്രമായെത്തുന്നു

0
542

1850 ല്‍ കൊണൊലി സായിപ്പ് നിര്‍മ്മിച്ച കനാലിന്റെ ചരിത്രമാണ് ജില്ലാ ഭരണകൂടത്തിന്റെയും, കോഴിക്കോട് കോര്‍പ്പറേഷന്റെയും, വേങ്ങേരി നിറവിന്റെയും, ഹരിത കേരള മിഷന്റെയും, ഡി.എല്‍.എസ്.എയുടെയും നേതൃത്വത്തില്‍ വി.കെ.സി ഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. പരസ്യചിത്ര സംവിധായകനായ പ്രഗ്‌നേഷ് സി.കെയാണ് കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറില്‍ ഈ ബോധവത്കരണ ഹ്രസ്വചിത്രം ഒരുക്കുന്നത്. സേവ് കനാലി സേവ് ഹെറിറ്റേജ് എന്ന ടാഗ് ലൈനിലാണ് ഈ ചിത്രം അവസാനിക്കുന്നത്.

‘ദിശ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നൂറിലധികം ആളുകള്‍ അഭിനയിച്ചിട്ടുണ്ട്. യാത്രാ ആവശ്യങ്ങള്‍ക്കും, വാണിജ്യ ആവശ്യങ്ങള്‍ക്കുമായായിരുന്നു കനോലി കനാല്‍ നിര്‍മ്മിച്ചിരുന്നത്. ഒരു കാലത്ത് ഏറ്റവുമധികം ജലഗതാഗത യോഗ്യമായി ഉപയോഗിച്ചു പോന്ന കനാല്‍ ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഉപയോഗ ശൂന്യമായി. വര്‍ഷങ്ങള്‍ക്കിപ്പുറം പുനര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചരിത്രവും ഈ കാലഘട്ടവും സമന്വയിപ്പിച്ചാണ് സംവിധായകന്‍ തിരക്കഥ ഒരുക്കിയിട്ടുള്ളത്.

കനോലി സായിപ്പായി വേഷമിട്ടിരിക്കുന്നത് പ്രശസ്ത വിദേശിയായ ഗായകന്‍ ഗ്രാഡി ലോങ്ങ് ആണ്. ആയിരം കണ്ണുമായ് എന്ന ഗാനം പാടി മലയാളികള്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ഗ്രാഡി. ഒരു മുത്തശ്ശന്‍ രണ്ട് കുട്ടികള്‍ക്ക് കൊണൊലി സായിപ്പിന്റെയും കനോലി കനാലിന്റെയും കഥ പറഞ്ഞ് കൊടുക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. മുത്തശ്ശനായി പ്രൊഫസര്‍ ശോഭീന്ദ്രന്‍ മാഷും, ഒപ്പം ബേബി ദേവ നന്ദയും, മാസ്റ്റര്‍ പ്രത്യതുമാണ് അഭിനയിച്ചിരിക്കുന്നത്. ആസാദ് കണ്ണാടിക്കല്‍, സുനില്‍ ശങ്കര്‍, രാജന്‍ അടിമാലി തുടങ്ങിയവര്‍ക്കൊപ്പം നൂറോളം കലാകാരന്മാര്‍ ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരം ഈ ബോധവത്കരണ ഹ്രസ്വചിത്രം പ്രദര്‍ശനത്തിനെത്തും. ക്യാമറ ചന്ദ്രന്‍ സ്വാമി, എഡിറ്റിങ് രജീഷ് ഗോപി, സംഗീതം സാജന്‍ .കെ. റാം, കളറിങ്ങ് ഹരി .ജി. നായര്‍, അസോസിയേറ്റ് ഡയറക്ഷന്‍ രാജു സമഞ്ജസ, കലാ സംവിധാനം അഖില്‍ രാജ് ചിറയില്‍, ചമയം സുകേഷ് താനൂര്‍, മേക്കപ്പ് റഷീദ് അഹമ്മദ്, ഹെയര്‍ സ്‌റ്റെല്‍ കുമാര്‍ സപൈക്ക്, ഫൈനാന്‍സ് കണ്‍ട്രോളര്‍ രഞ്ജിത്ത് എം.പി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ആസാദ് കണ്ണാടിക്കല്‍, ഡിസൈന്‍ സിബി വി ശാന്ത് തുടങ്ങിയവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here