ശിൽപ നിരവിൽപുഴ
ജനിച്ചു വീണിടത്തു നിന്ന് തന്നെ ഒരാളുടെ തലക്ക് മീതെ ഇന്നും അയാളുടെ കുലവും ജാതിയും മതവും എഴുതപ്പെടുന്നു. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ അസമത്വം നേരിടേണ്ടി വരുന്നു.
ഏത് കുലത്തിൽ, ജാതിയിൽ, മതത്തിൽ, വർണത്തിൽ ജനിക്കണം എന്നത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പ് അല്ല. മനുഷ്യൻ ജനിക്കുന്നത് ഒരേ പോലെയാണ്. മാറ്റമുണ്ടാവുന്നത് വളരുന്ന സാഹചര്യങ്ങളിലും സമൂഹം നോക്കിക്കാണുന്ന രീതികളിലും മാത്രമാണ്.
ഇനിയും ഈ പ്രഹസനം അവസാനിപ്പിക്കാൻ ഉള്ള കാലം ആയിട്ടില്ല എന്നു തോന്നുന്നെങ്കിൽ ദയവ് ചെയ്ത് പ്രബുദ്ധരായ മലയാളികൾ എന്ന് ഊറ്റം കൊള്ളരുത്.
ജനിച്ചു വീണിടത്തു തന്നെ പെണ്ണെന്നോ ആണെന്നോ ഭേദമില്ലാതെ ഒരു കുഞ്ഞിനെ താലോലിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, (ഭ്രൂണഹത്യ കേരളത്തിൽ കുറവാണ് എന്ന വിശ്വാസത്തിൽ)
പിന്നീട് അങ്ങോട്ട് ആ കുഞ്ഞിന്റെ വളർച്ചയിലും അത് തുടരാൻ കഴിഞ്ഞേ മതിയാവൂ. അതല്ലെങ്കിൽ ഇനിയും ദയവ് ചെയ്ത് സമ്പൂർണസാക്ഷരതയെ കുറിച്ച് നിങ്ങൾ വീമ്പിളക്കരുത്.
ഇരുത്തി മേലിരുത്തി നിങ്ങൾ ജാതിമതഭേദമന്യേ ഏതൊരുവനെയും ഏതൊരുവളെയും ഒരേപോലെ ഊട്ടുമെന്ന് അഭിമാനിക്കുന്നുവെങ്കിൽ, സ്വന്തം മകനോ മകളോ തനിക്കിഷ്ടമുള്ള ഒരുവനെയോ ഒരുവളെയോ ജീവിത പങ്കാളി ആയി തിരഞ്ഞെടുത്താൽ മേൽപ്പറഞ്ഞ ജാതിമതഭേദചിന്ത ഉടലെടുക്കുകയാണെങ്കിൽ ഇനിമേലാൽ ദയവ്ചെയ്തു നിങ്ങൾ മതസൗഹാർദത്തെ കുറിച്ച് വാചാലനാവരുത്.
ഈ അടുത്ത് മലയാളികൾ ഇടനെഞ്ചിലേറ്റി ടൈംലൈനുകളിൽ ആഘോഷിച്ച ഒരു ഡയലോഗ് ഉണ്ട്. ക്യൂൻ എന്ന സിനിമയിലെ,
“ഏതാണാ സമയം? ഒരു പെൺകുട്ടിക്ക് ഏതാണ് അസമയം?”
എന്ന സലിം കുമാറിന്റെ ഡയലോഗ്. രാത്രി 12 മണി പോട്ടെ, ഒരു 8 മണിക്ക് ശേഷമെങ്കിലും രാത്രി ഒരു പെൺകുട്ടി തനിച്ച് നിൽക്കുന്നത് കണ്ടാൽ ചെന്നു മുട്ടിനോക്കാം ഇത് മറ്റേ കേസ് ആണ് എന്ന് ഉറപ്പിക്കുന്നുവെങ്കിൽ മേൽപ്പറഞ്ഞ പോസ്റ്റുകൾ ആഘോഷിച്ചു വീണ്ടും ദയവുചെയ്ത് സ്വയം നാണം കെടരുത്.
“ഷമ്മി ഹീറോ ആടാ ഹീറോ”
എന്ന് ഫഹദ് പറയുമ്പോൾ സൈക്കോ കഥാപാത്രത്തെ തമാശയോടെയും സഹതാപതോടെയും നമ്മൾ അപലപിക്കുന്നുണ്ട്. എന്നിട്ടും എന്റെ ഭാര്യക്ക് ആവശ്യത്തിനൊക്കെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന ഭർത്താവാണ് നിങ്ങൾ എന്ന് ഇടക്കെങ്കിലും അഭിമാനിക്കുന്നുണ്ടെങ്കിൽ നിങ്ങളും ചെറിയ രീതിയിൽ ഒരു മാനസികരോഗി ആണെന്ന് തിരിച്ചറിയണം. പെട്ടിയിൽ സൂക്ഷിച്ചു വച്ച് ആവശ്യം വരുമ്പോൾ മുറിച്ചും പകുത്തും ഇടക്കിടെ സമയാനുസരണം എടുത്തു കൊടുക്കാൻ അവളുടെ സ്വാതന്ത്ര്യം ആരോ എഴുതി കൊടുത്ത, നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്ന ഗുളിക അല്ല. നിങ്ങൾ അനുഭവിക്കുന്ന അതേ അളവിൽ സ്വാതന്ത്ര്യം അവൾക്കും ഉണ്ട്, അത് നിങ്ങൾ ‘കൊടുക്കേണ്ട’ ഒന്നേ അല്ല.
‘ഞാൻ മേരിക്കുട്ടി’ കണ്ട് നിങ്ങളുടെ കണ്ണു നിറഞ്ഞെന്ന് പറയുമ്പോൾ ഇനിയും കൂട്ടത്തിലൊരുവനെ ചാന്തുപൊട്ടെന്നു വിളിച്ച് പൊട്ടിച്ചിരിച്ചു വലിയ തമാശ ആയി കരുതാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങളൊരു വിഡ്ഢിയാണ് എന്ന് മനസിലാക്കുക.
377ഉം മഴവില്ലും അഭിമാനമായി കൊണ്ടുനടന്ന് ആഘോഷിച്ച നിങ്ങൾക്ക് ഒരു പെണ്ണും പെണ്ണും അതല്ലെങ്കിൽ ഒരാണും ആണും ജീവിതത്തിൽ അത് പ്രാവർത്തികമാക്കുമ്പോൾ അയ്യേ എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് വ്യക്തിത്വം എന്നൊന്നില്ല എന്ന് ഉൾക്കൊള്ളുക.
ഒരു വ്യക്തിക്ക് അയാൾ ഇഷ്ടപ്പെട്ട മേഖലയെ തന്റെ ജോലിക്കായി തിരഞ്ഞെടുക്കാം (മറ്റൊരാളെ ദ്രോഹിക്കാത്ത രീതിയിൽ) എന്നും അതിലൊന്ന് നല്ലതും മറ്റൊന്ന് മോശവും എന്നില്ല എന്നും അത് പൂർണമായും ആ വ്യക്തിയിൽ അധിഷ്ഠിതമാണ് എന്നതും തിരിച്ചറിയുക.
നടുറോഡിൽ തടഞ്ഞു നിർത്തി നാമം ജപിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ, അത് ചെയ്തില്ലെങ്കിൽ തല്ലിക്കൊല്ലുന്ന ഫാസിസത്തെ ചെറുതായെങ്കിലും ന്യായീകരിക്കാൻ നിങ്ങളുടെ വായ പൊന്തുന്നുണ്ടെങ്കിൽ മറ്റൊരുവന്റെ\ഒരുവളുടെ തീൻമേശയിൽ വരെ എത്തിനിൽക്കുന്ന വർഗീയതയുടെ കടന്നു കയറ്റത്തെ സംസ്കാരവും പൈതൃകവും പറഞ്ഞു ശരിയാണെന്ന് തെളിയിക്കാൻ തോന്നുന്നുണ്ടെങ്കിൽ, ഒരുവൻ\ഒരുവൾ ഒന്നു നൃത്തം ചെയ്യുമ്പോൾ, ഉറക്കെ പാട്ടു പാടുമ്പോൾ, വിരൽ ചൂണ്ടി പ്രതിഷേധിക്കുമ്പോൾ സ്വസ്ഥമായി ജീവിക്കാൻ ഉള്ള അവസരം നിഷേധിക്കുമെന്ന ധാർഷ്ട്യം നിങ്ങളിൽ പൊട്ടിമുളക്കുന്നുണ്ടെങ്കിൽ, ദയവ് ചെയ്ത് വീണ്ടും സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് നിങ്ങൾ കൊട്ടി ഘോഷിക്കരുത്.
ഒരു വിധിയുടെ അപ്പുറവും ഇപ്പുറവും ഒരേ ‘സ്വാതന്ത്ര്യ’ത്തിന്റെ പേരും പറഞ്ഞ് വാദം ഉണ്ടാവുമ്പോൾ (ഈ അടുത്ത് ഇറങ്ങിയ ‘ആചാര സംരക്ഷണ’ വാദവും, ലിംഗസമത്വവും) നിങ്ങൾ ഇനിയെങ്കിലും മനസിലാക്കണം. നിങ്ങളുടെ കൈ വീശാനുള്ള സ്വാതന്ത്ര്യം മറ്റൊരുവന്റെ\അവളുടെ മൂക്കിൻ തുമ്പത്ത് അവസാനിക്കുന്നുണ്ട്.
നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് ഉള്ളത് തന്നെയാണ്, അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താത്തിടത്തോളം. ആചാരവും വിശ്വാസവുമൊക്കെ വ്യക്തിപരമാണ്. നിയമവും ഭരണഘടനയും അങ്ങനെയല്ല, അതെല്ലാർക്കും ഒന്ന് തന്നെയാണ്.
രണ്ടു പേർ ഒരുമിച്ചിരിക്കുന്നത് കണ്ടാൽ ഉടനെ ഉള്ളിലെ കപടസദാചാര ബോധം ഉറഞ്ഞുതുള്ളി അവരുടെ സ്വകാര്യതയിലേക്ക് വലിഞ്ഞുകേറി അഭിപ്രായം പറയാതെ ഉറക്കം വരുന്നില്ല എന്നാണെങ്കിൽ, അതിന് സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും കൂട്ടുപിടിച്ച് ദയവുചെയ്ത് സ്വയം അപഹാസ്യനാവരുത്.
മറ്റൊരാളുടെ വസ്ത്ര രീതിയോ സംസാര രീതിയോ ഭാഷയോ ശൈലിയോ നിങ്ങളെ ഇനിയും വേദനിപ്പിക്കുന്നുണ്ടെങ്കിൽ, അതിന്റെ പേരിൽ ഒരാളെ ജഡ്ജ് ചെയ്യാൻ വീണ്ടും കഴിയുന്നുവെങ്കിൽ നിങ്ങളിനിയും ദൂരമൊരുപാട് മുന്നോട്ട് പോവാൻ ഉണ്ടെന്ന് ദയവ് ചെയ്തു തിരിച്ചറിയണം.
ഒരേ കാര്യം ഒരേ പോലെ ചെയ്യുന്നത് ഒന്ന് ആണായത് കൊണ്ട് അത് ഹീറോയിസവും മറ്റൊന്ന് പെണ്ണായത് കൊണ്ട് അത് അഴിഞ്ഞാട്ടവും ആയി ഇനിയും വേർതിരിവ് തോന്നുന്നുവെങ്കിൽ നിങ്ങളൊരു അസാമാന്യ തോൽവിയാണെന്ന് ദയവ് ചെയ്തു മനസിലാക്കണം.
മറ്റൊരാളുടെ ടൈംലൈനിൽ കാണുന്നതൊക്കെ എന്താണെന്നറിയാൻ അവിടെ പെറ്റുകിടന്നിട്ട് ഒടുവിൽ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്ന് വരുമ്പോൾ വായിൽ തോന്നിയ എന്തും വിളിച്ചു പറയാൻ ഉള്ള അധികാരമോ അവകാശമോ ഒരു സോഷ്യൽ മാധ്യമവും നിങ്ങൾക്ക് എഴുതി തന്നിട്ടില്ല എന്ന് ഉൾക്കൊള്ളുക.
ഒരാളുടെ വണ്ണമോ മുടിയോ നിറമോ നിങ്ങൾക്ക് ഒരാളുടെ സൗന്ദര്യം നിർണയിക്കാൻ ഉള്ള ഘടകം ആണെന്നിരിക്കട്ടെ, നിങ്ങളുടെ കാഴ്ചയിൽ ആണ് സൗന്ദര്യമിരിക്കുന്നത് എന്ന് മനസിലാക്കാതെ എല്ലാവർക്കും അങ്ങനെയാണ് എന്ന മിഥ്യാ ധാരണയിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞു സ്വയം ചെറുതാവരുത്.
ആരെ വേണമെങ്കിലും ആരാധിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. എന്നാൽ അതേ അളവിൽ, അവരെ മാന്യമായി വിമർശിക്കാനുള്ള അവകാശം മറ്റൊരാൾക്കും ഉണ്ടെന്ന് അംഗീകരിക്കുക. നിങ്ങൾ ആരാധിക്കുന്നവർ ചെയ്യുന്നതൊക്കെ ശരിയാണെന്നും, മറ്റുള്ളവരൊക്കെ തെറ്റാണെന്നുമുള്ള നിങ്ങളുടെ പൊള്ളയായ വാദത്തെ കൊണ്ടുപോയി കിണറ്റിൽ ഇടുക.
ആശയങ്ങളെ നേരിടാൻ ആശയങ്ങൾ കൈവശമില്ലാതാവുമ്പോൾ മറ്റൊരു വഴി തേടുന്നത് വെറും ഭീരുത്വം ആണെന്ന് തിരിച്ചറിയുക.
ഒരു ഫ്രണ്ട് റിക്വസ്റ്റ് accept ബട്ടണിൽ ക്ലിക്ക് ചെയ്തു എന്ന ഒരൊറ്റ അവകാശത്തിന്റെ പുറത്ത് മറ്റൊരാളുടെ ഇൻബോക്സിൽ നിരന്തരം മെസേജുകളുടെ പെരുമഴ പെയ്യിക്കാനും, അയാൾക്ക് അതിന് താൽപര്യമില്ല എന്ന് അറിയിച്ചിട്ടും വീണ്ടും തുടരുന്നതും വിവരമില്ലായ്മ ആണെന്ന് തിരിച്ചറിയുക.
നിങ്ങൾ ഒരാൾക്ക് ഓഫർ ചെയ്യുന്നത് എന്തുമാവട്ടെ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് എന്ന പോലെ തന്നെ അത് നിരാകരിക്കാനുള്ള സ്വാതന്ത്ര്യം അതേ അളവിൽ ആ വ്യക്തിക്കും ഉണ്ട് എന്ന് ഉൾക്കൊള്ളുക.
ഇനിയിതെല്ലാം വായിച്ചിട്ട് “അയ്യോ എല്ലാവരും അങ്ങനെ അല്ല.. ഞങ്ങൾ അങ്ങനെയേ അല്ല, ഞങ്ങളെ അങ്ങനെ പറയരുതേ” എന്ന് നിഷ്കളങ്കമായി വിങ്ങാൻ ആരും വരേണ്ടതില്ല. അങ്ങനെ ഉള്ളവരെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നൊന്ന് മനസിലാക്കുക..
നിങ്ങൾ അതെഴുതിയില്ലല്ലോ ഇതെഴുതിയല്ലോ എന്ന് ചോദിക്കുമ്പോൾ ഇതിനെ കുറിച്ചൊക്കെ നിങ്ങൾ എഴുതിയിട്ടുണ്ടോ എന്ന് ആദ്യം ഉറപ്പുവരുത്തുക. ഇനി അഥവാ ഉണ്ടെങ്കിലും ഏത് എഴുതണമെന്നും വേണ്ട എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങളെ പോലെ എനിക്കും ഉണ്ട് എന്നറിയുക.
ഇതൊക്കെ വായിച്ചു സ്വയം ഒന്ന് വിലയിരുത്തി നോക്കുക. നിങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നിങ്ങളുടെ കയ്യിലാണോ എന്നാദ്യം ഉറപ്പുവരുത്തുക.അല്ലെങ്കിൽ അതാദ്യം നേടി എടുക്കുക. ആണെങ്കിൽ അത് പോലെ ഓരോരുത്തരെയും അവരുടെ ജീവിതത്തിന്റെ കടിഞ്ഞാൺ സ്വയം സൂക്ഷിക്കാൻ അനുവദിക്കുക.
എല്ലാം ശരിയാണ് എന്നുറപ്പാണെങ്കിൽ,
എങ്കിൽ മാത്രം,
വരാനിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,
അന്ന് നേരേണ്ട ആശംസകളെ കുറിച്ചും,
പോസ്റ്റ് ചെയ്യേണ്ട എഴുത്തുകളെ കുറിച്ചും,
പാരതന്ത്ര്യത്തിന്റെ ദുരവസ്ഥയെ കുറിച്ചും,
നമുക്ക് സംവദിക്കാം..??
ഒന്നോർക്കുക,
“കൂട്ടിലടച്ച കിളിയെ പറത്തി വിടുന്നത് മാത്രമല്ല സ്വാതന്ത്ര്യം,
ഇനിയൊരിക്കലും ആ കിളി കൂടിലേക്ക് അറിഞ്ഞോ അറിയാതെയോ ചേക്കേറില്ല എന്ന് ഉറപ്പു വരുത്തുന്നത് കൂടിയാണ്.”
?
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.