കൂകി പായാത്ത തീവണ്ടികാലം

0
250
kookippayatha-theevandikkalam-wp

ഓർമ്മക്കുറിപ്പുകൾ

വിദ്യ. എം

റെയിൽവേ സംവിധാനം ആരംഭിച്ചിട്ട് ഏകദേശം 165 വർഷങ്ങൾ കഴിഞ്ഞു കാണും… കേരളത്തിലെ തന്നെ ഏറ്റവും ഹരിത സുന്ദര റെയിൽ പാത… ഷൊർണൂർ -നിലമ്പൂർ സർവീസ് തുടങ്ങിയിട്ട് 92വർഷങ്ങളും കഴിഞ്ഞ കാണണം. ഒരു ഏകദേശ കണക്കാണിത്… 1927ഓടുകൂടിയാണ് പാത വരുന്നത്.. ശേഷം പലമാറ്റങ്ങൾ.. പാത ഇരട്ടിപ്പിക്കൽ, ബലപ്പെടുത്തൽ, ചട്ടി സ്ലീപ്പർ ൽ നിന്നും കോൺക്രീറ്റ് സ്ലീപ്പറിലേക്കുള്ള മാറ്റം അങ്ങനെ പലതും. ഈ കണക്ക് തെറ്റാൻ വഴിയില്ല… അച്ഛനോടൊക്കെ ചോദിച്ചു കിട്ടിയ അറിവാണ്.. പഴയ ഒരു റെയിൽവേ ജീവനക്കാരനാണ്.. ട്രെയിനിനൊപ്പം ജീവിതം കെട്ടിപ്പടുത്ത ഒരു മനുഷ്യൻ..

ഊണും ഉറക്കവും എല്ലാം ട്രെയിൻ സമയം കണക്കാക്കി ആണ്. അതെന്റെ വീട്ടിൽ മാത്രം അല്ല.. ഒരു വിധം മേലാറ്റൂരുകാർക്കെല്ലാം അങ്ങനാണ്.. ക്ലോക്ക് നോക്കി സമയം പറയണ രീതി ഒന്നുല്ല.. ട്രെയിൻ ആണ് സമയം.. എന്റെ ആദ്യകാല ഓർമയിൽ ആകെ രണ്ടു നേരമേ വണ്ടി ഉണ്ടായിരുന്നുള്ളു. ഷൊർണൂർ ന്ന് രാവിലെ 6. 50നോ7നോ മറ്റോ പുറപ്പെട്ട് 8നു മേലാറ്റൂരെത്തി 9ഓടുകൂടി നിലമ്പൂരിലും തിരിച്ചു വൈകീട്ട് 5മണിയയോടുകൂടി തിരിക്കുന്ന പാലക്കാട് വണ്ടി. വണ്ടിടെ കൂക്ക് എവിടെന്ന് കേക്കാന്നറിയോ…. ഇപ്പോ ഇടക്ക് കൂക്കാണ്ടെ വരണ ഒരു സ്വഭാവംണ്ട് ന്ന് എനിക്ക് പലപ്പഴും തോന്നാറുണ്ട്. പിന്നീട് അത് നാലു സർവീസ് ആക്കി ഉയർത്തി. രാവിലെ നിലമ്പൂരെത്തുന്ന ട്രെയിൻ തിരിച്ചു ഞങ്ങളുടെ 10മണീടെ വണ്ടിയായി ഷൊര്ണൂര്ക്കും , 2. 45 നു നിലമ്പുർക്കും അവിടന്ന് അഞ്ചര വണ്ടിയായി നേരെ പാലക്കാട്ടേക്കും..

railway

ഞാനൊക്കെ ബസിൽ സഞ്ചരിച്ചതിനേക്കാൾ കൂടുതൽ യാത്ര ചെയ്തത് ട്രെയിനിലാണ്.. അച്ഛൻ റെയിൽവേലായിരുന്നതുകൊണ്ട് യാത്ര പാസ്‌മുഖേന സൗജന്യമാണ്. മറ്റെല്ലാവരും പലപ്പഴും ക്യു ഒക്കെ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ വണ്ടീടെ സമയത്തിനെത്തി നേരെ ട്രെയ്‌നിലേക്ക് കയറുന്നു… തെല്ലൊരു ഗമയോടെ ആസ്വദിച്ച കാലം… പാസിന്റെ കാലാവധി തീരുമ്പോൾ പരിചയത്തിന്റെ പുറത്തു തിരക്കിൽ നിൽക്കാതെ പ്രീതി ചേച്ചിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. രണ്ടിൽ നിന്നും നാലിൽ നിന്നും സർവീസ് മാറി ഇന്നിപ്പോ തിരുവന്തപുരം രാജ്യറാണി അടക്കം പതിനാലു നേരം ആ കൂക്ക് കേൾക്കുന്നുണ്ട്.

എട്ടുമണിടെ വണ്ടി പോയോ.. പന്ത്രണ്ടരടെ വണ്ടി വടക്കോട്ട് പോയോ…. ആ… ഇന്ന് വണ്ടിക്ക് നേരം വൈക്യോ … മഴ കാലല്ലേ വണ്ടി വലിക്കുണ്ടാവില്ല.. എവിടേലും റെയില് പൊട്ടിട്ടുണ്ടാകും… ഇതൊക്കെ സ്ഥിരം വർത്താനങ്ങളാണ്… നമ്മള് വൈകി ഇറങ്ങി യാലും കുറ്റം വണ്ടിക്കാന്…” ഇന്ന് നേരത്തെ ആണെന്ന് തോന്നുന്നു “. ഏതു പുതിയ സമയക്രമത്തിൽ വണ്ടിവന്നാലും എല്ലാത്തിലും ആളുണ്ടാകും… അങ്ങാടിപ്പുറം പൂരകാലമായാൽ പറയണ്ട തിരക്ക്… കൊട്ടി ഇറക്കും കെറ്റോം കണ്ടു പന്ത്രണ്ടര വണ്ടിക് കൃത്യം പോരാം.. ഇനി ഇപ്പോ രാത്രി പൂരത്തിന് പോവച്ചാലും സൗകര്യം ണ്ട്…2 രൂപക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് (അതിലും ചെറിയ തുകക്ക് യാത്ര ചെയ്തവർ കാണും ) പിന്നെയുള്ളത് അവധി കാല തിരക്കാണ്. ഇപ്പോ സ്കൂൾ-കോളേജ് കുട്ടികൾ കൂടി ട്രെയിനിനെ ആശ്രയിക്കുന്നു.

vidya-m
വിദ്യ എം

ഞാനും ഒരു വർഷത്തോളം SNDP കോളേജിൽ ജോലി നോക്കിയപ്പോ ട്രെയ്‌നിലായിരുന്നു പോക്ക്.. രാജ്യ റാണി പോയി കുറച്ചൂടെ കഴിഞ്ഞാൽ ബാഗെടുത്ത് ഇറങ്ങാം. ട്രെയിനിന്റെ കൃത്യ സമയത്തിന് ഇറങ്ങനത് കണ്ടാൽ അച്ഛൻ ദേഷ്യപ്പെടും… “ആ കൃത്യത്തിനെ ഇറങ്ങു.. വണ്ടി അങ്ങനെ കാത്തു നിൽ ക്കൊന്നും ഇല്ല… “പക്ഷേ എത്ര ചീത്ത കേട്ടാലും ആ സമയത്തിനിറങ്ങുന്നതിന്റെ ഒരു സുഖം… !

ട്രെയിൻ യാത്രയിൽ കുറെ സൗഹൃദങ്ങളൊക്കെ ഉണ്ടാക്കിയെടുക്കാം…  പല മേഖലയിൽ പല ജോലികൾ ചെയ്യുന്നവർ… ഒന്നിച്ചു ഒരു കംപാർട്മെന്റിൽ… ചില ആളുകൾ ഇരിക്കുന്ന സീറ്റിനോട് ചേർന്ന് വേണമെങ്കിൽ രണ്ടോ മൂന്നോ പേർക്ക് സുഖമായിരിക്കാവുന്ന ബെർത്തിൽ ബാഗൊക്കെ വെച്ചു വിസ്തരിച്ചൊരിരുത്തം ഉണ്ട്.. എന്നിട്ടൊരു ഉറക്കം… ചെലര് കേറിയാൽ ഉറങ്ങുന്നോരെ ഉണർത്തി സീറ്റ് ഉറപ്പിക്കും..  മറ്റു ചിലർ ഇനി കേറാനുള്ള സൗഹൃദങ്ങൾക്ക് വേണ്ടി വെറും സ്നേഹത്തിന്റെ പുറത്തു സീറ്റ് ഉറപ്പിച്ചിട്ടുണ്ടാകും…. പിന്നെ കുറെ പേർ തിരിക്കിനിടയിലൂടെ ആവശ്യമില്ലെങ്കിലും അച്ചാലും പിച്ചാലും നടക്കുന്നുണ്ടാകും.. ഇതൊക്കെ ട്രെയ്നല് മാത്രേ സാധിക്കു…. മഴക്കാലത്തുള്ള ഈ നടത്താന് വയ്യാത്തത്….

പ്ലാറ്റ്ഫോമോടുകൂടിയ റെയിൽവേ സ്റ്റേഷൻ വന്നിട്ട് അധികകാലമായില്ല… താഴ്ന്നുകിടക്കുന്ന നിലമായിരുന്നു ആദ്യ പ്ലാറ്റ്‌ഫോം.. ഏന്തി വലിഞ്ഞു വേണം ട്രെയ്‌നിലേക് കയറാൻ. ഇപ്പഴും ട്രെയിനിൽ കയറുമ്പോൾ സ്റ്റെപ്പിന്ന് വീഴുമോന്നൊക്കെ തോന്നാറുണ്ട്. എന്റെ ട്രെയിൻ യാത്രകളധികവും ഷൊർണ്ണൂരുള്ള അമ്മയുടെ വീട്ടിലേക്കാണ്. കൊല്ലത്തിൽ ഒന്നോ രണ്ടോ തവണയൊക്കെ പോകു. പക്ഷേ ഏതോ ദൂരയാത്ര ചെയ്യുന്ന മട്ടാണ്. അമ്മടെ വീട്ടിലെത്തിയാലും പാടത്തു നിന്ന് നോക്കിയാൽ ട്രെയിൻ പോകുന്നത് കാണും.. ഗുഡ്സ് വണ്ടി ഒക്കെ പോകുന്നത് നോക്കി എത്ര ബോഗി ഉണ്ടെന്ന് എണ്ണലാണ് പ്രധാനം. എത്ര കണ്ടാലും മതി വരാത്ത അത്ഭുതം. അമ്മടെ വീട്ടീന്ന് തിരിച്ചുള്ള യാത്ര അമ്മടെ വീടിനടുത്തുള്ള “ഭാരതപ്പുഴ “സ്റ്റേഷനിൽ നിന്നാണ്. പാലക്കാട്ന്ന് വരുന്ന രാവിലത്തെ വണ്ടിക്ക് അവിടെ സ്റ്റോപ്പ് ഉണ്ട്.. ഇന്നിപ്പോ ആ സ്റ്റേഷൻ ഉണ്ടേലും വണ്ടികൾക്കൊന്നും സ്റ്റോപ്പ് ഇല്ലെന്ന് തോന്നുന്നു.

railway

ആദ്യമൊക്കെ ബോഗികൾക്ക് ഒരു മെറൂൺ നിറമായിരുന്നു. ഇപ്പോ അത് നീലയാണ്… കൂടാതെ പലവിധ പരസ്യ ചിത്രങ്ങൾ പതിച്ച ട്രെയിനുകളും വന്നു തുടങ്ങി.

അമ്മയുടെ അമ്മാവൻ ‘ലോക്കോ പൈലറ്റ് ‘ ആയിരുന്നു.. ചിലപ്പോ ഷൊർണൂർ -നിലമ്പുർ റൂട്ടിലും വരാറുണ്ട്… റെയിൽ പാളത്തിനോട് അധികം അകലത്തല്ലാതെ നിൽക്കുന്ന വീടിനടുത്തെത്തുമ്പോൾ വണ്ടിയുടെ കൂക്ക് ഒന്നുച്ചത്തിൽ ആക്കാറുണ്ടെന്ന് ‘അമ്മ പൊടിപ്പും തൊങ്ങലും വെച്ചു പറയാറുണ്ട്… പക്ഷേ അത് കേൾക്കുമ്പോൾ ഞാനും ചേച്ചിയും അമ്മയെ കളിയാക്കി ചൊടിപ്പിക്കാറുണ്ട് …. വീട്ടിൽ ബന്ധു ക്കളോ സുഹൃത്തുക്കളോ ആരു വന്നാലും ട്രെയിൻ കാണാൻ പോവല് ഒരു ആഘോഷാണ്…

ഇന്നിപ്പോ ആ വണ്ടിയുടെ കൂക്ക് വിളി കേട്ടിട്ട് അഞ്ചു മാസത്തോളമായി.. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യം. പ്രതികൂല സാഹര്യം മൂലം വണ്ടി തിരിച്ചു വിടുകയോ, 120ഓ 150ഓ മിനുട്ടുകൾ വൈകി ഓടിയോ കാണും.. പക്ഷേ ഇന്ന് ആ കൂകി പായലില്ല… എത്രയോ വർഷമായി പൂത്തുലഞ്ഞു നിന്ന ഗുൽമോഹർ പൂവ് പൊഴിച്ചപ്പോൾ അത് കണ്ണിനു സുഖമുള്ളതാകാൻ ഒരു കോവിഡ് കാലം വേണ്ടി വന്നെന്ന് ഗുൽമോഹർ പരിഭവം പറഞ്ഞു കാണും…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Download Android App.

LEAVE A REPLY

Please enter your comment!
Please enter your name here