കരുണ വറ്റാത്ത ഹൃദയങ്ങൾ

0
537

ശരണ്യ. എം ചാരു

മനുഷ്യന്‍ അവനവനിസത്തിലേക്കും കരിയറിസത്തിലേക്കും മൊബൈല്‍ ഫോണിലേക്കും ചുരുങ്ങുന്ന പുതിയ കാലത്ത് സാമൂഹ്യ സേവനത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച് നാടിന് മാതൃകയാവുകയാണ് കണ്ണൂർ ജില്ലയിലെ ഷേണായ് സ്മാരക ഗവഃഹയര്‍സെക്കന്ററി സ്കൂള്‍ എൻഎസ്എസ് യൂണിറ്റ്.

മഹാനായ സുബ്രഹ്മണ്യ ഷേണായിയുടെ നാമധേയത്തിലുള്ള സ്കൂളിലെ എൻ എസ് എസ് യൂണിറ്റ്, സാമൂഹ്യ പരിഷ്കര്‍ത്താവും സമര നായകനുമായ ഷേണായിയുടെ നാമം അന്വര്‍ത്ഥമാക്കുകയാണ് വിവിധ പ്രവര്‍ത്തനങ്ങളിലൂടെ.

എല്ലാ സ്കൂളുകളിലും എൻ എസ് എസ് യൂണിറ്റുകൾ എങ്കിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം സാമൂഹ്യ സേവനരംഗത്ത് നിറഞ്ഞ് നില്‍ക്കാന്‍ ഷേണായ് സ്മാരക ഗവഃ ഹയര്‍സെക്കന്ററി സ്കൂളിന് സാധിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികൾ A+ നേടിയ ഗവഃ സ്കൂളുകളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തോടൊപ്പം, പഠനത്തില്‍ മാത്രമല്ല സാമൂഹ്യ സേവന രംഗത്തും ജില്ലക്ക് മാതൃകയാവുകയാണ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റ് പ്രവര്‍ത്തനങ്ങൾ. ചുറ്റുമുള്ള നിരാലംബര്‍ക്കും, രോഗികള്‍ക്കും അശരണര്‍ക്കും കൈത്താങ്ങായി സേവന പ്രവര്‍ത്തന രംഗത്ത് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം.

സാമൂഹ്യസേവനം വെറും ചടങ്ങുകള്‍ മാത്രമാവുന്ന പുതിയ കാലത്ത്, സ്കൂളിന് സമീപത്തെ രോഗികളും നിരാലംബരുമായ കുഞ്ഞികൈപ്രത്ത് വീട്ടില്‍ വിമല, ലീല എന്നിവര്‍ക്ക് 150 ദിവസം കൊണ്ട് സ്നേഹവീട് ഒരുക്കുവാന്‍ എൻ എസ് എസ് യൂണിറ്റിന് സാധിച്ചു. സ്നേഹവീടിന്റെ പ്രവര്‍ത്തനം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വളണ്ടിയര്‍മാര്‍.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുത്തന്‍ തലമായി മാറിയ ‘ഒരു രൂപയ്ക് ഒരു ജീവിതം’ എന്ന പ്രൊജക്ട് സംസ്ഥാനത്തെ മുഴുവന്‍ യൂനിറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എൻ എസ് എസ് സംസ്ഥാന സെല്‍. സ്കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലും കോയിന്‍ ബോക്സുകള്‍ സ്ഥാപിക്കുകയും, വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം കുറഞ്ഞത് ഒരു രൂപയെങ്കിലും ബോക്സില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരു ദിവസം കലക്ട് ചെയ്യുന്ന തുക പ്രത്യേക രജിസ്റ്ററില്‍ സുതാര്യമായി രേഖപ്പെടുത്തുന്നു. പ്രസ്തുത തുകയിലൂടെ 30 രോഗികള്‍ക്ക് വാക്കിംഗ് സ്ററിക്, ചെയര്‍, ഐആർപിസി ക്ക് മൂന്ന് വാട്ടര്‍ ബെഡ്, പയ്യന്നൂര്‍ താലൂക് ആശുപത്രിക്ക് ഒരു വീല്‍ചെയര്‍, ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം, പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും സിനിമ പ്രദര്‍ശനവും എത്തിച്ചു നൽകാൻ ഇവർക്ക് കഴിഞ്ഞു.

ബസ് അപകടത്തില്‍ പെട്ട കൂട്ടുകാര്‍ക്ക് കൈത്താങ്ങായി എൻ എസ് എസ് യൂണിറ്റ് ഒരു ദിവസം കൊണ്ട് ശേഖരിച്ച് നല്‍കിയത് മൂന്നരലക്ഷം രൂപയാണ്. പരിസ്ഥിതി സംരക്ഷത്തിന്റെ കാവലാളാകാന്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ യൂണിറ്റിന് സാധിച്ചു. പെരുമ്പ പുഴയെ അറിയാന്‍ യാത്രയും, പുഴസംരക്ഷണ പ്രതിജ്ഞയും പുഴയോര ശുചീകരണവും മാതൃകാപരമായിരുന്നു. സ്കൂളിന് സമീപത്തെ വീടുകളില്‍ തുണിസഞ്ചി വിതരണം ചെയ്തും കുട്ടികൾ മാതൃക കാണിച്ചു.

കണ്ടോത്ത് സ്കൂളിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി ഒരു ഏക്കർ സ്ഥലത്ത് ഒരുക്കിയ മാതൃകാ പച്ചക്കറി തോട്ടം പ്രശംസനീയമായ പ്രവര്‍ത്തനമായിരുന്നു. ശിശുദിനത്തില്‍ കുന്നപ്പാട് അംഗന്‍വാടിക്ക് 250 കളിപ്പാട്ടം വിതരണം ചെയ്തത് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.

വായനയുടെ ലോകത്ത് ആര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന പ്രവര്‍ത്തനങ്ങളായിരുന്നു എൻ എസ് എസ് യൂണിറ്റ് ഈ വര്‍ഷം നടത്തിയത്. ഒരു ലക്ഷം രൂപയുടെ 1000 പുസ്തകങ്ങള്‍ കണ്ടങ്കാളി വായനശാലക്ക് കൈമാറിയത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആയിരുന്നു. 50000 രൂപയുടെ 500 പുസ്തകങ്ങള്‍ പാട്യം വായനശാലക്ക് സി.കൃഷ്ണന്‍ എം എൽ എ കൈമാറി. തങ്ങളുടെ ജന്മദിനത്തില്‍ സ്കൂള്‍ ലൈബ്രറിക്ക് ഓരോ പുസ്തങ്ങള്‍ കൈമാറാന്‍ 100 വളണ്ടിയര്‍മാരും ശ്രദ്ധിച്ചിരുന്നു.

യൂണിറ്റിന്റെ പാലിയേറ്റീവ് ക്ലബ്ബ് സാന്ത്വന പരിചരണ രംഗത്ത് നിരവധിയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. രോഗികളുള്ള വീടുകളിലേക്ക് സാന്ത്വന യാത്രകളും മരുന്നുകളും എത്തിക്കാന്‍ കഴിഞ്ഞു. ക്യാൻസര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് നിര്‍മിക്കാന്‍ എൻ എസ് എസ് വളണ്ടിയര്‍മാര്‍ മുടിദാനം ചെയ്തത് തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തമായിരുന്നു.

ആരോഗ്യമേഖലയില്‍ 5 മെഡിക്കല്‍ ക്യാമ്പുകൾ കണ്ടങ്കാളിയിലും പരിസരങ്ങളിലുമായി നടത്തി.2500 പേരുടെ രക്തഗ്രൂപ്പും ഫോണ്‍ നമ്പറും അഡ്രസ്സും അടങ്ങിയ ഡയറക്റ്ററി പുറത്തിറക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ സ്കൂള്‍ രക്തഗ്രൂപ്പ് ഡറക്റ്ററികളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ളതാണിത്.
സമാനതകളില്ലാത്ത നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയം കൈവരിച്ച എൻ എസ് എസ് യൂണിറ്റില്‍ 100 വളണ്ടിയര്‍മാര്‍ ആണ് ഉള്ളത്.

ഏപ്രില്‍ ആദ്യ വാരത്തില്‍ സ്നേഹവീട് നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വഹിക്കാനാകും എന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗം പൊളിറ്റിക്സ് അധ്യാപകനും പ്രോഗ്രാം ഓഫീസറുമായ വി.വി.ബിജു പ്രവർത്തങ്ങളുടെ എല്ലാം മുന്നിൽ.

LEAVE A REPLY

Please enter your comment!
Please enter your name here