നിരാകരിക്കപ്പെടുന്ന നരകലോകം

0
614

സോമൻ പൂക്കാട്

ലോകത്തുള്ള ഏതാണ്ട് എല്ലാ പ്രമുഖ മതങ്ങളും സ്വർഗ്ഗ-നരക സങ്കൽപനങ്ങളാൽ പടുത്തുയർത്തപ്പെട്ട ദന്തഗോപുരങ്ങളാണ്. നിങ്ങളുടെ നന്മതിന്മകളാണ് പരലോക കവാടങ്ങളിൽ ഏതാണ് തുറക്കപ്പെടേണ്ടത് എന്ന് നിശ്ചയിയ്ക്കപ്പെടുന്നത് എന്നാണ് മതം അനുശാസിക്കുന്നത്. നരകം ആ പേരുകൊണ്ടുതന്നെ ഭയം ജനിപ്പിക്കുന്നതാണെങ്കിൽ സ്വർഗ്ഗം തേനും പാലുമൊഴുകുന്നതും അതി സുന്ദരികളായ സ്ത്രീകൾ സദാ എന്തിനും സന്നദ്ധമായി ചുറ്റിലും ചിരിച്ചുല്ലസിക്കുന്ന അത്യന്തം ചേതോഹരമായൊരു കാല്പനിക വിസ്മയലോകമാണ്. ഈ കാല്പനിക ലോകത്തിന്റെ അലകും പിടിയുമാണ് ഈയിടെ വത്തിക്കാനിലെ പോപ് ഉടച്ചെറിഞ്ഞിരിക്കുന്നത്. മൗലികമതവിശ്വാസികളെ അത് തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. പാവപ്പെട്ട വിശ്വാസികൾ ഇനി നരകത്തിലെ കൊടും തീയിൽ വെന്തുരുകേണ്ടതില്ലെന്നും എല്ലാ കണക്കുകളും ഏറ്റി പെറുക്കി ഭൂമിയിൽ നിന്ന് തന്നെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാമെന്നും അദ്ദേഹം ഉപസംഹരിച്ചിരിക്കുന്നു. പാവപ്പെട്ട വിശ്വാസികളെ ഭയപ്പെടുത്തി ‘പാപവിമോചന പത്രിക’ വാങ്ങിപ്പിച്ച് അരമനകൾ അങ്ങനെ കൊഴുത്തു തടിക്കേണ്ട എന്ന് ക്രൈസ്തവ ആത്മീയ ഗുരു തന്നെ തീരുമാനിച്ചതിൽ സന്തോഷമുണ്ട് . ഇത് എല്ലാ മതങ്ങൾക്കുമുള്ളൊരു ഉപദേശം കൂടിയാണ്. ഇത് മറ്റു മതങ്ങൾക്കും മാതൃകയാക്കാവുന്നൊരു മഹത്തായ തീരുമാനമാണ്. നേരായപാതപറ്റി ജീവിച്ചാൽ അഥവാ കർമ്മം ശുദ്ധമായാൽ ഏതൊരാൾക്കും മോക്ഷം ലഭിക്കുമെന്നും അതിനായി ജീവിതക്രമം പാലിക്കാനായി അഷ്ടാംഗ മാർഗ്ഗം അനുഷ്ഠിച്ചാൽ മതിയെന്നും ബി സി ആറാം നൂറ്റാണ്ടിൽ ഉപദേശിച്ച ബുദ്ധൻ തന്നെയാണ് ഈ രംഗത്തെ മുൻഗാമി. ഏതു മതത്തിലേയും പൗരോഹിത്യത്തിന് താങ്ങും തണലുമായി വർത്തിച്ച സ്വർഗ്ഗ- നരക ആശയം ഇല്ലാതായാൽ തന്നെ ഭൂമി സ്വർഗ്ഗമായി മാറും. പാപം ചെയ്യുന്ന മനുഷ്യനെ തടയിടുവാനാണ് സ്വർഗ്ഗ-നരക വിശ്വാസമെങ്കിൽ വിശ്വാസികൾ ഒരിക്കലും കുറ്റക്കാരും തെറ്റുകാരുമായി മാറില്ലായിരുന്നു. പൗരോഹിത്യം തെറ്റ് ചെയ്യില്ലായിരുന്നു. ഭയപ്പെടുത്തി ഒരു സമൂഹത്തെയും നേര് വഴിക്കു നടത്താനാകില്ല എന്നതല്ലേ സത്യം. അതിന് സമൂഹം തന്നെ അടിമുടി ധാർമ്മികമായ ഉന്നമനം നേടണം. അതിന് അടിസ്‌ഥാപരമായി ഭൗതിക സാഹചര്യം തിരുത്തപ്പെടണം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കപ്പെടണം.’എന്റേത്’ എന്ന ചിന്ത നിരാകരിക്കാനാകണം. സ്വാർത്ഥപരമായ ഏതൊരു ചിന്തയും സ്പർദ്ധ വളർത്തും. കുറ്റവാളികൾ സ്വയം ജനിക്കുന്നതല്ല അത് സമൂഹം സൃഷ്ടിക്കുന്ന ഉപോല്പന്നമാണ്. മാറ്റം വരുത്തേണ്ടത് സമൂഹത്തെയാണ്. മൂല്യച്യുതിയില്ലാത്ത സമൂഹം ക്രമപ്പെട്ടുവന്നാൽ പിന്നെ നരകത്തിലെ തിരക്ക് തുലോം കുറഞ്ഞു കിട്ടും.
തെറ്റു ചെയ്യുന്നവനെ നരകത്തിലെ ആളുന്ന തിയ്യിലേക്കു എടുത്തെറിയപ്പെടുമെന്ന വ്യാജയുക്തി ബോധം പാവപ്പെട്ട ജനതയുടെ ഉള്ളിൽ ജനിപ്പിച്ച്‌ അവരെ അടിമകളാക്കി മാറ്റുന്ന പാരമ്പര്യ ശീലം ഇനിയെങ്കിലും നിർത്തലാക്കണം. സ്വർഗ്ഗനരക സങ്കൽപങ്ങളെ നിരാകരിക്കുന്ന കോടിക്കണക്കായ ആളുകൾ മനുഷ്യനെയും സകല ചരാചരങ്ങളെയും സഹജീവിബോധത്തോടെ സ്നേഹിച്ചും സഹായിച്ചും ഭൂമിയെ സ്വർഗ്ഗതുല്യമാക്കി മാറ്റുന്ന കാഴ്ച പൗരോഹിത്യവും അവരെ താങ്ങി നിർത്തുന്ന ഉപജാപ സംഘവും ഇനിയെങ്കിലും തിരിച്ചറിയണം. വയറ്റുപിഴപ്പിന് മറ്റു വല്ല മാർഗ്ഗവും തേടേണ്ടകാലം അതിക്രമിച്ചില്ലേയെന്ന് പൗരോഹിത്യവും അവരുടെ മൂടുതാങ്ങികളും സ്വയം ചോദിക്കേണ്ട കാലമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here