പന്തിനൊപ്പം എങ്കിൽ അവൾക്കും ഒപ്പം !

0
642

ഷഹബാസ് അമന്‍

നിലവിലുള്ള ചുവപ്പ് കാർഡ് കൂടാതെ ആകെ കിട്ടിയ മഞ്ഞക്കാർഡുകളും കൂടി ഒത്ത് നോക്കിയപ്പോൾ റ്റീം എ.എം.എം.എ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി എന്നതിൽ ഏറെ ആഘോഷിക്കാനൊന്നും ആയിട്ടില്ല.

ഇഷ്ട ടീം കപ്പടിക്കണമെങ്കിൽ ഇനിയും കടമ്പകളേറെയുണ്ട്. പ്രത്യേകിച്ചും ഉരുണ്ട പന്താണ്. ആ കോർട്ടിലും ഈ കോർട്ടിലുമൊക്കെ വന്ന് വീണെന്നിരിക്കും. ജയിച്ചാലും തോറ്റാലും സ്ഥിരതയും കെട്ടുറപ്പുമുള്ള ഒരു ടീമായിരിക്കുക എന്നതാണ് ഒന്നുകിൽ പ്രധാനം. ബ്രസീലിനെയോ അർജന്റീനയെയോ പോലെ! അല്ലെങ്കിൽ മെസ്സിയെപ്പോലെ വിജയപരാജയങ്ങൾ ബാധിക്കേണ്ടതില്ലാത്ത വിധം പ്രതിഭയും അന്തസ്സുമുള്ള ഒരു ഫുട്ബോളർ ആയിരിക്കുക എന്നുള്ളതാണ്! പൃത്ഥ്വിരാജിന് അത് നന്നായി മനസ്സിലാകുന്നുണ്ട്. പെൺസംഘം അതിനും എത്രയോ മുന്നേ അക്കാര്യം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു!

വാൽഡറാമയെയും ഹിഗ്വിറ്റയെയും ശ്രദ്ധിച്ചില്ലേ? ഒരുമിച്ച്‌ ഇരുന്ന് അവർ കളി കാണുന്നത് കാണാൻ തന്നെ ആളുകൾക്ക്‌ എന്തൊരു ആവേശമാണ്! തങ്ങളുടെ കാലത്ത്‌ മുത്ത്പോലെ കളിച്ചതിന്റെ പ്രതിഫലനം! അതേ സമയം മലയാള സിനിമയിലെ വെറ്ററൻ നടീനടന്മാരും സംവിധായകരുമൊക്കെ വീഐപി ഗാലറിയിൽ ഇരുന്ന് ഒരക്ഷരം മിണ്ടാതെ ഈ കളിയൊക്കെ കാണുന്നുണ്ടല്ലൊ എന്നത് ഒരു വൈരുദ്ധ്യവും ഒരു യാഥാർത്ഥ്യവും കൂടിയാണ്! മിണ്ടാത്തത്‌ വിരോധം വാങ്ങിവെക്കാൻ പേടിച്ചിട്ടോ ഇനി അവസാന കാലത്ത്‌ ‘മാനം കെടാൻ’ ഇഷ്ടമില്ലാത്തത്‌ കൊണ്ടോ ആവാം. അതൊക്കെ ‘യുവ നടി’മാർക്ക്‌‌ പറഞ്ഞിട്ടുള്ളതാണല്ലൊ! ആൺ പെൺ ഭേദമന്യേ ഇപ്പോഴുള്ള താരങ്ങളുൾപ്പെടെ മറ്റു കലാകാരന്മാരും അതേ നിശബ്ദത തന്നെ പിൻപറ്റുന്നു! അവരെ ഇഷ്ടപ്പെടുന്ന ജനം മാത്രം ആണോ ഇതിനൊക്കെ ഉത്തരവാദികൾ? സാധാപ്രേക്ഷകർ? ഫാൻസ്‌? അപ്പോൾ (സ്പൊണ്ടാനിയസ്‌ ആയിട്ടെങ്കിലും) സ്വധർമ്മം എന്നൊന്നില്ലേ? സ്വന്തം ഉത്തരവാദിത്തം? നമ്മളെ ‘ഉണ്ടാക്കുന്നത്’‌ മുഴുവനായും മറ്റുള്ളവർ ആണോ?

ജനങ്ങൾ എന്ന ഗാലറി ഒരു വലിയ സ്വാധീന ശക്തിയാണെന്ന കാര്യം ശരി തന്നെയാണ്! സ്വന്തം രാജ്യത്ത്‌ നിന്ന് കൊണ്ട്‌ മറ്റൊരു രാജ്യത്തിന്റെ വിജയം പ്രവചിക്കാൻ ശ്രമിച്ചപ്പോൾ ഫുട്ബോൾ ഇതിഹാസം പെലെ തെറി കേട്ടിട്ടുണ്ട്‌! പക്ഷേ പെലെ അതിൽ ഉറച്ച്‌ നിന്നു! തന്റെ അഞ്ച്‌ ഇഷ്ടനടന്മാർ ആരൊക്കെ എന്ന് വെളിപ്പെടുത്തിയപ്പോൾ ജഗതിശ്രീകുമാർ അതേ തെറി തന്റെ ഭാഷയിൽ കേട്ടത്‌ പോലെത്തന്നെ! അദ്ദേഹവും വിട്ടില്ല! തിലകൻ ‘അ’പ്രിയ സത്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴൊക്കെ അയാളും ഒരു ‘മഹാനടൻ’ ആണെന്നതിനു പുറമേ അയാളും കൂടി ഉൾപ്പെട്ട ഒരു കളിപ്പറമ്പിലെ കാര്യമാണീ പറയുന്നത്‌ എന്നത്‌ പോലും ‌വിസ്മരിക്കപെട്ടു. ഒറ്റപെടുത്തപ്പെട്ടു! എല്ലാം കെട്ടുകഥകൾ എന്ന് പറഞ്ഞു! മാഫിയകളാൽ “കൊല്ലപ്പെടുകയായിരുന്നു” നടൻ ശ്രീനാഥ്‌ എന്നൊക്കെ അദ്ദേഹം ആരോപിക്കുന്ന വീഡിയോകൾ ഇപ്പോൾ അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്നുണ്ട്‌! ആർക്കറിയാം സത്യാവസ്ഥ? രണ്ടാളും ജീവിതത്തിൽ നിന്നു തന്നെ വിരമിച്ചു! ഇനി ആരന്വേഷിക്കുന്നു ആ ‘സെൽഫ്ഗോളിന്റെ’ കളിക്കഥ?! എസ്കോബാർ ഇന്നും ഫുൾബോളിലെ നീറുന്ന ഒരു ഓർമ്മയാകുന്നു!

WCC കളിക്കുന്ന ദിവസം ആക്ടർ മുരളിയും തിലകനും ഗാലറിയിൽ ഉണ്ടായിരുന്നെങ്കിൽ മാധ്യമങ്ങൾ ഇന്ന് തീർച്ചയായും അതൊരു സെൻസേഷണൽ ന്യൂസ്‌ ആക്കിയേനെ! പണ്ട്‌ ചെഗുവേര സൈക്കിൾ ചവിട്ടി നടന്ന മെക്സിക്കോക്ക്‌ വേണ്ടി ലാറ്റിൻ കളി കളിച്ചിരുന്നു എന്ന് പറയപ്പെടുന്ന നടന്മാരൊക്കെ ഇപ്പോൾ ഇംഗ്ലണ്ടിന്റെയോ ബെൽജിയത്തിന്റെയോ ഭാഗമായി യൂറോപ്യൻ തന്ത്രങ്ങൾ പയറ്റുന്നു! എല്ലാം ‘കളി’ തന്നെയല്ലേ എന്ന് സ്വയം ആശ്വസിച്ച്‌ കൊണ്ട്‌!

ശരിയാആണ്. ഫുട്ബോൾ മഹത്തായ ഒരു കായിക വിനോദമായിരിക്കുമ്പോൾത്തന്നെ അതിനെ ഒരു പരിധിക്കപ്പുറം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചാൽ പെട്ടുപോവും! കാരണം വളരെ ലളിതമാണ്. ആൺ പെൺ തുല്യതയോ സമ്മിശ്രതയോ ഒട്ടും (‘ഗാലറിയിൽ” അല്ലാതെ) അവകാശപ്പെടാൻ ഇല്ലാത്ത ഒരു കളിയാണ് ഫുട്ബോൾ! പണ്ടേ അതെ! കേവലം ‘ആൺമനോഭാവം’ തന്നെയാണ് അതിന്റെയും മുഖമുദ്ര എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്! അങ്ങനെയാണത്‌! അത് കൊണ്ടാണ് അതിലും ”വനിതാ ഫുട്‍ബോൾ” ഉണ്ടാകുന്നത്! ഡബ്ലിയുസിസി ഇത് ആവർത്തിച്ച് പറയുന്നുണ്ടല്ലോ, ഒരുമിച്ച് കളിക്കാൻ പറ്റുന്നില്ല, ബോൾപാസ് തരാതെ പ്രയാസപ്പെടുത്തുകയാണ് എന്ന്! അതാണു സത്യം! അതിൽ തീർച്ചയായും കായികമായ അസമത്വം പ്രകടം തന്നെയാണ്. പക്ഷെ, പ്രതിഭകളായ സഹ കളിക്കാരെ അങ്ങനെ കാണാമോ എന്നതാണു പ്രശ്നം! മെസ്സിയും കുടീന്യോയും മൂസയുമൊക്കെ വനിതാ ഫുടബോളിലും ഉണ്ട്! വേറൊരു തരത്തിൽ ആണെന്ന് മാത്രം! അതറിയുവാനോ അങ്ങനെ മനസ്സിലാക്കുന്നതിലേക്ക് സ്വന്തം കളിയാരാധനയെ വിപുലപ്പെടുത്തുവാനോ വ്യത്യസ്തപ്പെടുത്തുവാനോ കളിക്കാർക്കെന്നല്ല വലിയ ഫുട്‌ബോൾ ആരാധകർ എന്ന് അവകാശപ്പെടുന്ന കാണികൾക്ക് പോലും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം! എന്ന് പറഞ്ഞാൽ ഒരു തരം മാസ്ക്കുലിൻ കളിയാസ്വാദനത്തിൽത്തന്നെയാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് എന്ന കാര്യം ഓരോ ആൺകളിയാരാധകരും സമ്മതിക്കേണ്ടി വരും! നോക്കൂ പെൺകളിയാരാധന വേറൊരു തലത്തിലാവാം പ്രവർത്തിക്കുന്നത്! അതെ! ആയിരിക്കും എന്ന് തന്നെ ഉറപ്പിക്കാം! അപ്പോൾ ചോദിച്ചേക്കാം വൈവിധ്യമാർന്ന ലൈംഗികചോദനകളോടെ ജെൻഡർ ഭേദങ്ങളോരാത്ത മനസ്സോടെ കളി കാണാൻ കഴിയില്ലേ എന്ന്! അച്ചോ പാവം, ആര് നിഷേധിക്കുന്നു? തീർച്ചയായും കാണാം. മഴവില്ലിന്റെ ഏഴഴകുകളും വിടർത്തി, വേണ്ട രണ്ടു മഴവില്ലിന്റെ ഈരെഴു പതിനാലു വർണ്ണങ്ങളും വാരിപ്പൂശിക്കൊണ്ട് തന്നെ കളി കാണാം. മെസ്സി ഡ്രിബിൾ ചെയ്ത്‌ പോകുമ്പോൾ കൽക്കത്തയിലെ ഏതോ ഒരു തെരുവിൽ ഒരു ഭദ്രകാളീ നടനം നടക്കുകയാണെന്നു കരുതാം! അല്ലെങ്കിൽ ചുവപ്പ് റിബൺ കെട്ടിയ ഒരു വെളിച്ചപ്പാട്! അല്ലെങ്കിൽ പയ്യന്നൂരിലെ ബാല്യകാല മുറ്റത്ത് വെച്ച് ഇന്ന് ഇല്ലാത്ത ഒരു പെൺ തെയ്യം! ലാറ്റിന ഭഗവതി! പക്ഷെ, എത്ര പേർക്ക് അങ്ങനെ ഇമാജിൻ ചെയ്യാനുള്ള റെയ്ഞ്ച് ഉണ്ട് എന്നൊക്കെ നിങ്ങൾ തന്നെ ആലോചിച്ച് തീരുമാനിച്ചാൽ മതി! സുഹൃത്തേ പ്രേക്ഷരിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും ഇരുപത്തിരണ്ട് പേരുടെ മുട്ടൻ ആൺ പോരാട്ടം കാണാൻ തന്നെയാണ് ഈ ഉറക്കമൊഴിക്കുന്നത്! ആൺകളിയിലെ കലയെക്കുറിച്ചുതന്നെയാണു ഇങ്ങനെ വാഴ്ത്തുന്നത്! എഴുതുമ്പോൾ ‘കവിത’ പോലിരിക്കുന്നു എന്ന് മാത്രമേയുള്ളു! അത്‌ കൊണ്ടാണു ആണുങ്ങൾക്കറിയാവുന്ന കാര്യത്തിൽ ആണുങ്ങൾ ആണുങ്ങളോട്‌ വിശദീകരണം ചോദിക്കാത്തത്! മൃണാളിനി സാരാഭായിയെക്കാൾ കമലിന്റെ ”സാഗരസംഗമം” ആയിത്തീരുന്നു സാമാന്യ പ്രേക്ഷരുടെ ഉലകനൃത്തം! അവരെ ആകർഷിക്കുന്നത് ‘ആൺകമലദളം’ മാത്രം ആകുന്നതും ‌ അത് കൊണ്ട് തന്നെയാവാം !

പറഞ്ഞു വന്നത് ഇത്രേയുള്ളൂ! ജൂലൈ 15 നു റഷ്യയിൽ അവസാനിക്കുന്നത് 2018 ലെ വേൾഡ് കപ്പ് പോരാട്ടം മാത്രമാണ് .അല്ലാതെ ഫുട്‍ബോൾ എന്ന ഗെയിം അല്ല! സുനിൽ ചേത്രി കളി കാണാൻ കൈ കൂപ്പി കാണികളോട് അപേക്ഷിച്ച ഇന്ത്യയിൽ ഇരുന്ന് കൊണ്ട് ഫുടബോളിനെക്കുറിച്ച് നമ്മൾ ആവേശത്തോടെ ഇങ്ങനെ മിണ്ടുമ്പോൾ വേൾഡ് കപ്പ് കഴിഞ്ഞാൽ ഈ ‘ഫുട്‍ബോൾ ആവേശം’ ഉപേക്ഷിച്ച് നമ്മൾ നമ്മുടെ പാട്ടിനു പോകില്ലേ എന്ന ഒരു പ്രധാനപ്പെട്ട ചോദ്യം കൂടി ഉയരുന്നുണ്ട്! ഓരോ പ്രശ്നങ്ങളും നേരിട്ട്‌ അതിൽ ഇല്ലാത്തവരെ സംബന്ധിച്ച്‌ ഒരാഴചത്തേക്ക്‌ മാത്രമാണല്ലൊ! അല്ലെങ്കിൽ ഒരു സീസൺ! സിനിമയായാലും ശരി ഫുട്ബോളായാലും ശരി! മെസ്സിയുടെ കളി വീണ്ടും കാണാൻ ക്ലബ്ബ് ഫുട്‍ബോൾ ഉണ്ട് എന്നത് പോലെത്തന്നെ മലയാളത്തിലെ വലിയ താരങ്ങളുടെ വിവിധ പടങ്ങൾ വേറെയും ഉണ്ട് വരാൻ കിടക്കുന്നു! അതേ സമയം വനിതാ ലോകകപ്പ് കാണാൻ എത്ര പേർ ഉറക്കമൊഴിക്കും എന്നത് ഫുട്‍ബോളിലെ ഒരു പ്രധാന വെല്ലുവിളി തന്നെയാണ്! എത്ര വനിതാ ഫുടബോൾ ടൂർണമെന്റുകൾ ഇവിടെ സംഘടിപ്പിക്കപ്പെടും എന്നതും! എത്ര വീടുകളിൽ നിന്ന് എത്ര ‘പ്രസൂന’ എന്നത് ഒരു വലിയ പ്രശ്‌നം തന്നെയാണ്! ഡബ്ലി യൂ സീ സി ഉയർത്തുന്ന സീരിയസ് ചോദ്യവും അതാണെന്ന് കരുതുന്നു! അല്ലാതെ ഇപ്പോൾ നടക്കുന്ന വേൾഡ് കപ്പ് ആരുയർത്തും എന്ന പ്രൈസ് മണി ക്വസ്റ്റിൻ അല്ല!

അടിസ്ഥാനപരമായി വിഷയം ഫുട്‍ബോൾ എങ്കിൽ, വനിതാ ടീമും ഒരേപോലെ പ്രിയപ്പെട്ടതും വിലപ്പെട്ടതുമാണ്! അല്ലാതെ അത് മാത്രം ഒരു മാഞ്ഞാളക്കളിയല്ല! മുടി പിടിച്ച് വലിക്കലല്ല! ഇത് ഒരു ‘ആൺ ഫെമിനിസ്റ്റ്’ പ്രസ്താവനയുമല്ല! ഫുട്‍ബോൾ പാഷൻ ആയ പന്തിനൊപ്പം ഇഷ്ടം പോലെ ഉരുണ്ട് പോയിട്ടുള്ള ഉണ്ട പെറുക്കി ഈയ്യമാക്കി ഉരുക്കി വിറ്റ്‌ ‘ഇരുമ്പഴികളൊക്കെ’ കണ്ടിട്ടുള്ള ഒരു സാധാരണക്കാരന്റെ ബോധ്യമാണ്! ഡയറക്ടായിട്ട്‌‌ രാഷ്ട്രീയ പ്രസ്താവനകൾ നടത്തി ശീലമില്ല. അത് കൊണ്ട്‌ ഇഷ്ടമുള്ള രീതിയിൽ തോന്നിയ ശൈലിയിൽ കാര്യം പറയാൻ ഒന്നും നോക്കേണ്ടതില്ല! ആരെയും പേടിക്കേണ്ടതുമില്ല! വേറൊരാൾക്ക് മനസ്സിലാകുന്നുണ്ടോ എന്നത് പോലും പ്രശ്നമല്ല!

എല്ലാവരോടും സ്നേഹം …

LEAVE A REPLY

Please enter your comment!
Please enter your name here