മായാനദി സിനിമയുടെ വിജയ ചേരുവകളില്‍ ഒന്നായ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുക്കെട്ട് വീണ്ടും വരുന്നു. നവാഗത സംവിധായകനായ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായകന്‍ ആവുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലാണ് ഇത്തവണ ഒന്നിക്കുന്നത്.
“…സിനിമയില്‍ മൂന്ന്‍ പാട്ടുകള്‍ ആണുള്ളത്. ഫുട്ബോള്‍ ഗാനം ആയി വരുന്ന ഒന്ന്‍, രചിക്കുന്നതും ശബ്ദം നല്‍കുന്നതും ഷഹബാസ് ആണ്. മറ്റു രണ്ട് ഗാനങ്ങള്‍ രചിക്കുന്നത് റെക്സ് വിജയനാണ്…” സംവിധായകന്‍ സക്കറിയ പറഞ്ഞു.
മലപ്പുറത്തെ ഒരു സെവന്‍സ് ടീമിലെ നൈജീരിയന്‍ ഫുട്ബോള്‍ താരത്തിന്റെയും മലയാളി മാനേജരുടെയും കഥയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. നൈജീരിയന്‍ നടനായ സാമുവല്‍ എബിയോള റോബിന്‍സണ്‍ ആണ് ഫുട്ബോള്‍ താരത്തെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ആണ് സിനിമ നിര്‍മ്മിക്കുന്നത്. അനീഷ് ജി. മേനോന്‍, ലുഖ്മാന്‍, നവാസ് വള്ളിക്കുന്ന്, ആദ്യകാല നാടക നടിമാരായ സാവിത്രി, സരസ എന്നിവര്‍ തുടങ്ങിയവര്‍ സിനിമയില്‍ അണിനിരക്കുന്നു. കോഴിക്കോട്, മലപ്പുറം, ഘാന എന്നിവിടങ്ങിലായി നടന്ന ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്.