നിറഞ്ഞു തുളുമ്പുന്നവർ; ദി മദർ

1
385
athmaonline-shana-nasrin-wp

ലേഖനം

ഷാന നസ്‌റിൻ

മദേർസ്‌ ഡേ ഒക്കെ ഒരു പ്രഹസനമല്ലേ സജീ എന്നു പറയുന്നവരോട്‌, ഞാൻ ശീതീകരിച്ച മുറിയിൽ പുസ്തകങ്ങൾക്ക്‌ നടുവിലിരുന്ന് ഈ കുറിപ്പ്‌ എഴുതുമ്പോഴും ‘ദി മദർ’ ഓരോ ജോലികളും ചെയ്ത്‌ അടുക്കളയിലും വീടിനകത്തും ഓടിനടക്കുന്നുണ്ട്‌ ( അല്ലാത്തപക്ഷം നോമ്പുതുറ നേരത്ത്‌ വായും പൊളിച്ച്‌ ഇരിക്കെണ്ടെ വരൂലെ ഞാൻ അടങ്ങുന്ന മക്കൾ പക്ഷം)!!

അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക്‌ എന്നും മദേഴ്സ്‌ ഡേ ആണെന്നൊക്കെ ആദർശം പറയാമെങ്കിലും, അതിന്റെ വസ്തുത വിലയിരുത്താനുള്ള ഒരു സാധുതയായി ഈ ദിനം വേണമെന്നു തന്നെയാണു എന്റെ ഒരിത്‌ എന്ന് ആദ്യമേ വ്യക്തമാക്കി കൊള്ളട്ടെ!

എല്ലാ ദിവസവും മദേഴ്സ്‌ ഡേ തന്നെയാ എന്നു പറയുന്നവർ, അമ്മയുടെ മുഖത്ത്‌ സന്തോഷത്തിന്റേയും അത്ഭുതത്തിന്റെയും സർപ്പ്രൈസ്ഡ്‌ ആയതിന്റെയും നിറഞ്ഞ ചിരികൾ എല്ലാ ദിവസവും ഉറപ്പുവരുത്തുന്നവരാണെങ്കിൽ അത്‌ അഭിനന്ദനീയവും സ്തുത്യർഹവുമാണു.

എന്നെ സംബന്ധിച്ചിടത്തോളം, സ്വന്തമെന്നു തോന്നുന്നതിനോടും വിട്ടുപോവില്ല എന്ന് ഉറപ്പുള്ളിടത്തുമാണു ഞാൻ ഏറ്റവും Genuine ആയിട്ട്‌ പെരുമാറുകയുള്ളൂ. അതുകൊണ്ടു തന്നെ ഞാൻ ഏറ്റവും കംഫർട്ടബിൾ ആവുന്നതും എന്റെ ഉമ്മയുടെ അടുത്ത്‌ തന്നെയാണു. നമ്മൾ ഒരാളുടെ അടുത്ത്‌ കംഫർട്ടബിൾ ആവുക എന്നത്‌ യഥാർത്ഥത്തിൽ അവർ നമ്മളോട്‌ പൊരുത്തപ്പെട്ട്‌ മനസിലാക്കി അഡ്ജസ്റ്റ്‌ ചെയ്യാൻ തയ്യാറാവുന്നത്‌ കൊണ്ട്‌ തന്നെയാണു എന്നതാണു മറ്റൊരു വശം. അങ്ങനെ നോക്കുമ്പോൾ അമ്മമാരുടെ അടുത്ത്‌ കംഫർട്ടബിൾ ആവുന്ന ഓരോ മക്കളും അവരെ സ്മരിക്കാൻ ഒരു ദിവസം മാറ്റി വെക്കുന്നതിൽ യാതൊരു തെറ്റുമില്ല. അങ്ങനെ ചെയ്താലും ഇല്ലെങ്കിലും അമ്മമാർക്ക്‌ ഇത്‌ എന്നത്തേയും ഒരു ദിവസം പോലെ കടന്നുപോവും.. അത്രേയുള്ളൂ!!

കവികൾ വർണ്ണിക്കും പോലെ അനിർവ്വചനീയം ഒക്കെ തന്നെയാണു മാതൃസ്നേഹം, പക്ഷേ ഓരോ കുഞ്ഞും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെയും കടന്നുപോവുമ്പോൾ ഇടയ്ക്കൊന്ന് നിന്ന് തിരിഞ്ഞു നോക്കാറുണ്ട്‌, പിന്നിലേയ്ക്ക്‌! അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ആദ്യം ഓടിയെത്തുന്ന മുഖങ്ങളിൽ അച്ഛൻ, അമ്മ, ജീവിതത്തിൽ ചേർന്നു നിന്നവർ, അകറ്റി നിർത്തിയവർ ഓരോരുത്തരായി മിന്നിമായും. ആശ്രയങ്ങളിലേക്ക്‌ ഓടി എത്താൻ ആഗ്രഹിക്കുന്നവരാണു ഓരോ മനുഷ്യരും, അത്‌ ഏതു പ്രായമായാലും ഏതു ഇടമായാലും! ‘അമ്മ’ എന്നത്‌ യൂണിവേഴ്സലായ ഒരു ആശ്രയസ്ഥാപനമായി കാലാകാലങ്ങളായി നിലകൊള്ളുകയും ചെയ്യുന്നു.

ബൈ ദ ബൈ, ഫിലോസഫി എന്തൊക്കെ എങ്ങനൊക്കെ പറഞ്ഞാലും , എനിക്ക്‌ നേരത്തേ പറഞ്ഞ തിരിഞ്ഞു നോക്കുന്ന അസുഖം ഇടയ്ക്ക്‌ ഇടയ്ക്ക്‌ ഉള്ളതു കൊണ്ടും, എന്റുമ്മ എന്നതിനെ കൃത്യമായി നിർവചിക്കുക അസാധ്യമാണു. പക്ഷേ, ഈ നിമിഷം വരെ എനിക്ക്‌ ജീവിതത്തിൽ എന്ത്‌ കോംപ്ലിമെന്റുകൾ ലഭിച്ചാലും അതിനെ ഉമ്മയിലേക്ക്‌ ബന്ധിപ്പിക്കാതിരിക്കാൻ എനിക്ക്‌ സാധിക്കില്ല, കാരണം എന്റെ ഓരോ ചലനത്തിനു പോലും ഉമ്മയുടെ സ്വാധീനമുണ്ട്‌.

നിറഞ്ഞു ചിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ; സന്തോഷമായാലും സങ്കടമായാലും നിറഞ്ഞു തുളുമ്പുന്നവ!, സഹജീവികളോട്‌ തോന്നാറുള്ള കരുണ, നിമിഷങ്ങൾക്കകം തണുക്കുന്ന ദേഷ്യം, ആർക്കായാലും പൊറുത്തു കൊടുക്കാനുള്ള മനസ്‌, ഇതൊന്നും ഉമ്മ പറഞ്ഞു പഠിപ്പിച്ചതല്ല, ചേർത്തു നിർത്തി കണ്ടു പഠിക്കാൻ ഇടയുണ്ടാക്കി പകർന്നു നൽകിയതാണു, എനിക്ക്‌ എന്റെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ കരുതലും അതു തന്നെയാണു.

പരീക്ഷകളിൽ എ പ്ലസുകൾ വാങ്ങിയപ്പോഴും, മത്സരവേദികളിൽ സമ്മാനങ്ങൾ നേടി പത്രങ്ങളിൽ നിറഞ്ഞു നിന്നപ്പോഴും പ്രസംഗവേദികളിൽ പലരും അനുമോദനങ്ങളിൽ മൂടിയിരുന്നപ്പോഴും മോട്ടിവേഷണൽ സ്പീക്കറായി വേദികളിൽ സ്വീകരണങ്ങൾ ലഭിക്കുമ്പോഴും കാണുന്നവരൊക്കെ ഉയർന്ന ഭാവിയെപ്പറ്റി ആശിർവ്വദിച്ച്‌ എന്നെപറ്റിയുള്ള പ്രതീക്ഷകൾ പങ്കുവെയ്ക്കുമ്പോഴും ഒന്നും ഒരിക്കലും അമിതാഹ്ലാദമോ കെട്ടിപ്പിടിക്കലോ ഉമ്മവെയ്ക്കലോ ഒന്നും കാട്ടി കൊഞ്ചിച്ചിട്ടേയില്ല ഉമ്മ; പക്ഷെ, ഞാൻ മത്സര വേദികളിൽ നിൽക്കുമ്പോൾ തണുത്തു ഐസുപോലെയായിരിക്കും ഉമ്മാടെ കൈകൾ!

എനിക്കോർമ്മയുണ്ട്‌, ഞാൻ പ്ലസ്‌ ടു പഠിക്കുന്ന കാലത്ത്‌ കാസർകോട്‌ ജില്ലാ കലോൽസവത്തിൽ പ്രസംഗ മൽസരത്തിൽ കടുത്ത മൽസരം നടക്കുന്നു, എനിക്ക്‌ ആണെങ്കിൽ കോഡ്‌ നമ്പർ ഒന്ന്!! എന്റെ ഊഴത്തിനു ശേഷം വന്ന പന്ത്രണ്ടോളം ആൺകുട്ടികളുടെ പ്രകടനം കണ്ട്‌ ധൈര്യം സംഭരിച്ച്‌ തോൽവി ഉറപ്പിച്ച്, ‌ ഉരുണ്ട്‌ വീഴാൻ സാധ്യതയുള്ള കണ്ണുനീർ അടക്കിപ്പിടിച്ച്‌ ഞാൻ ഉമ്മാടെ അടുത്ത്‌ ചെന്നിരുന്നു. മത്സരം കഴിഞ്ഞു, ജഡ്ജസ്‌ എഴുന്നേറ്റ്‌ നിന്ന് ഓരോ മത്സരാർത്ഥിയേയും കീറിമുറിച്ച്‌ ഒടുവിൽ ഫലം പ്രഖ്യാപിച്ചു, “സംസ്ഥാനതല മത്സരത്തിലേക്ക്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌ കോഡ്‌ നമ്പർ ഒന്ന്!!” ഞാൻ ചെസ്റ്റ്‌ നമ്പർ ഒന്നൂടെ നോക്കി, ഒന്ന് തന്നെ! അടുത്തിരിക്കുന്ന ഉമ്മയുടെ കണ്ണുകളിൽ നിന്ന് കുടുകുടാ വെള്ളം വരുന്നു.. സന്തോഷത്തിന്റെ, അഭിമാനത്തിന്റെ..! ഞാൻ മെല്ലെ കൈ തൊട്ട്‌ നോക്കിയപ്പോൾ ഐസു പോലെ തണുത്തിരിക്കുന്നു!! ആ നിമിഷം വരെ എന്തായിരുന്നു എന്റെ മനസിലൂടെ കടന്നു പോയിരുന്നത്‌, അതേ ആകാംക്ഷയും വെപ്രാളവും തന്നെയായിരുന്നു ഉമ്മാക്ക്‌ എന്ന് മനസിലാക്കാൻ ആ കൈകൾ ഒന്ന് തൊട്ട്‌ നോക്കിയാമതിയായിരുന്നു! അല്ലെങ്കിലും അവരോളം നമ്മുടെ വിജയം കാണാൻ ആഗ്രഹിക്കുന്ന മറ്റാരുണ്ടാവും ലേ ഈ ഭൂമിയിൽ!!

ചിലരങ്ങനെയാണു, കെട്ടിപ്പിടിക്കലും ഉമ്മവെയ്ക്കലും കൊഞ്ചിക്കലും, ചെയ്യുന്ന ഫേവറുകൾ മഹത്വവൽക്കരിക്കലും ഒന്നും ഉണ്ടാവില്ലാ.. പക്ഷേ അവരോളം നമുക്ക്‌ ആയി ജീവിക്കുന്ന മറ്റാരും ഭൂമിയിൽ ഉണ്ടാവില്ല, എന്റെ ഉമ്മയെപ്പോലെ!!

ജീവിതത്തിൽ സ്വപ്നങ്ങളുടെ പിറകേ പോവാൻ പ്രേരിപ്പിച്ചതിനു, സ്നേഹത്തിന്റെ പേരിൽ പോലും ഒന്നും അടിച്ചേൽപ്പിക്കാതിരുന്നതിനു, വലിയ സ്വപ്നങ്ങൾ നിറച്ചു തന്നതിനു, യാത്രകളിൽ കൂട്ടായതിനു, അടുക്കള പെണ്ണിനുള്ളതാണെന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്തതിനു, ഏത്‌ നേട്ടങ്ങൾക്കും മുകളിലേക്ക്‌ മുകളിലേക്ക്‌ വീണ്ടും നോക്കാൻ പകരുന്ന ധൈര്യത്തിനു, നിരന്തരമായ പഠനത്തിലേക്ക്‌ തന്നെ ഊളിയിടാൻ പ്രേരിപ്പിക്കുന്നതിനു, അടുക്കളയും പുസ്തകങ്ങളും വേർത്തിരിക്കാത്തതിനു, ആൺ പെൺ എന്നില്ലാതെ ഞങ്ങളെ മൂന്നുപേരെയും മക്കൾ എന്നു മാത്രമായി കണ്ടതിനു, എന്റെ തിരഞ്ഞെടുപ്പുകളെ കണ്ണും പൂട്ടി വിശ്വസിച്ചതിനു, പരിധിയില്ലാതെ പറക്കാൻ ശക്തിയുള്ള ചിറകുകൾ നൽകിയതിനു.. നന്ദി അല്ലാ.. പക്ഷേ ഒരു ഉറപ്പ്‌ നൽകാം, ജീവിതത്തിൽ എവിടെയായിരുന്നാലും എങ്ങനെ ആയിരുന്നാലും എന്റെ ഉമ്മയെ പോലെ എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ മക്കൾക്ക്‌ എന്നല്ല, എന്റെ കൈകളിലൂടെ കടന്നുപോവുന്ന എല്ലാ മക്കൾക്കും ഞാൻ എന്റെ ഉമ്മ പകർന്നു നൽകിയ ജീവിതപാഠങ്ങൾ തന്നെയേ കൈമാറുകയുള്ളൂ.. അത്‌ നന്മയുടെ വെളിച്ചം നിറച്ചു വെച്ച ഒരു മാന്ത്രിക ചെപ്പാണെന്ന് ഉറപ്പുണ്ടെനിക്ക്‌!!

സ്നേഹം,

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here