ലൈംഗീകതയും സ്വാതന്ത്ര്യവും

0
618

 

ഷൗക്കത്ത്

പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ് അതിന്ന് സജീവമായിട്ടുള്ളൂ.

അതിലേക്കുള്ള യാത്രകളാണ് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യസമൂഹത്തില്‍ ഒരു പ്രാക്ടീസായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്ന് അതിന്റെ പരിശ്രമഘട്ടത്തിലാണെന്നേ പറയാനാവൂ. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നാം ഇനിയും കാത്തിരിക്കേണ്ടി വരും.

ലൈംഗീകസ്വാതന്ത്ര്യമല്ല സ്ത്രീപുരുഷബന്ധത്തെ ആരോഗ്യകരമാക്കുന്നത്. അത് ഒരു അളവുവരെ പങ്കു വഹിക്കുന്നുണ്ടെന്നു മാത്രം.

പാശ്ചാത്യലോകത്ത് പലയിടത്തും ലൈംഗീകസ്വാതന്ത്ര്യമുണ്ടെങ്കിലും അവി‌ടെയും സ്ത്രീപീഢനങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് കാണാനാകും. മാത്രമല്ല സ്ത്രീ എന്നത് ഒരു ലൈംഗീകവസ്തുവായി തന്നെയാണ് കണക്കാക്കുന്നതും. പുറത്തു പറയുന്നില്ലെന്നുമാത്രമെയുള്ളൂ.

അതില്‍നിന്നും മനസ്സിലാകുന്നത് ലൈംഗീകസ്വാതന്ത്ര്യത്തിലല്ല സ്ത്രീപുരുഷബന്ധങ്ങളുടെ സൗഹൃദം ഇരിക്കുന്നതെന്നുതന്നെയാണ്. അത് തികച്ചും സര്‍ഗ്ഗാത്മകമായ മറ്റൊരു ധാരയാണ്. അവിടെ ലൈംഗീകതയും കടന്നു വന്നേക്കാം എന്നു മാത്രം.

ജീവിതത്തെയും അതിന്റെ ആനന്ദത്തെയും ലൈംഗീകതയെ കേന്ദ്രമാക്കി മാത്രം ചിന്തിക്കുന്ന ജൈവികമായ ഗതികേടുകൂടി കാണാതെ പോകരുത്. ഗതികേട് എന്ന് പറയേണ്ടി വരുന്നത് ലൈംഗീകതയെ കുറച്ചു കണ്ടുകൊണ്ടല്ല. മറിച്ച് അവിടെമാത്രം വട്ടം കറങ്ങിനില്ക്കുന്നതുകൊണ്ടാണ്.

ആ ജൈവികതാല്പര്യത്തില്‍മാത്രം ഉടക്കിക്കിടക്കാതെ അതിനുമപ്പുറത്തും ഇപ്പുറത്തും ജീവിതാനന്ദങ്ങളുണ്ടെന്നും സ്ത്രീപുരുഷന്മാര്‍ വെറും ലൈംഗീകസംവേദനത്തെ മാത്രം ഉള്‍വഹിക്കുന്നവരല്ലെന്നും അറിയാനും അതിനനുസരിച്ച് ബോധത്തെ സര്‍ഗ്ഗാത്മകമാക്കാനും കഴിയുന്നിടത്തേ സ്ത്രീപുരുഷസൗഹൃദം ആരോഗ്യപരമാവുകയുള്ളൂ. സ്ത്രീപുരുഷപീഡനങ്ങള്‍ കുറഞ്ഞു വരികയുള്ളൂ…

അത് മനുഷ്യവംശം ഒന്നിച്ച് യാത്ര ചെയ്തെത്തേ​ണ്ട സര്‍ഗ്ഗാത്മകഭൂമിയാണ്. അല്ലാതെ ഏതെങ്കിലും മതത്തിന്റെയോ മറ്റു പൗരോഹിത്യങ്ങളുടെയോ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടേണ്ടതോ കൂടുതല്‍ ലൈംഗീകസ്വാതന്ത്ര്യത്തിലൂടെ തേടേണ്ടതോ അല്ല എന്നുതന്നെയാണ് തോന്നിയിട്ടുള്ളത്…

ഒരു ആനുഭവം ഓര്‍ക്കുന്നു. എനിക്കേറെ പ്രിയപ്പെട്ട ഒരു സ്ത്രീസുഹൃത്തുണ്ട്. അവളോടുള്ള എന്റെ താല്പര്യം ലൈംഗീകത തന്നെയായിരുന്നു. ഒരു ദിവസം അവള്‍ എന്നോടു പറഞ്ഞു‍‍‌: ഷൗക്കത്ത്, നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം. നീ ആ താല്പര്യത്തെ അങ്ങ് കുടഞ്ഞുകളഞ്ഞാല്‍ കുറച്ചുകൂടി ഹൃദ്യമായി നമുക്ക് പരസ്പരം അനുഭവിക്കാനാകും.

മുഖത്തടിയേറ്റതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷം ആ സമ്മര്‍ദ്ദം കൊഴിഞ്ഞുവീണു. ഞങ്ങളന്ന് ഒരുപാട് ചിരിച്ചു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞങ്ങളുടെ സൗഹൃദം തുടരുന്നു. അവള്‍ ലൈംഗീകവിരോധിയോ സദാചാരവാദിയോ അല്ല. എന്നാല്‍ അതിനുമപ്പുറത്ത് സ്ത്രീപുരുഷന്മാര്‍ക്ക് സംവദിക്കാന്‍ ഇടങ്ങളുണ്ടെന്ന് അനുഭവിച്ചവളും അനുഭവിപ്പിക്കുന്നവളുമാണ്.

ലൈംഗീകതയ്ക്കുമപ്പുറം സ്ത്രീപുരുഷസൗഹൃദത്തിന് ഊഷ്മളഭാവങ്ങളുണ്ടെന്ന് ആഴത്തില്‍ അനുഭവിപ്പിക്കുന്ന ഒരുപാടു സൗഹൃദങ്ങള്‍ ഇന്നെനിക്കുണ്ട്. അതിന്റെ സൗമ്യമായ തുടക്കം അവളിലൂടെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here