മലബാറിന്റെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുവാനും സംരക്ഷിക്കുവാനും ലക്ഷ്യമിടുന്ന ‘ മലബാർ സാംസ്കാരിക പൈതൃകോത്സവം 2018 ‘ ഭാഗമായി മാർച്ച് 24 ശനി രാവിലെ പത്ത് മണിക്ക് “തെയ്യം -കലയും കാലവും ” ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മ്യൂസിയം – മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ എ.ആർ പോലീസ് സഭാഹാളിൽ വെച്ചാണ് ഏകദിന സെമിനാർ നടത്തപ്പെടുന്നത്.
കെ.കെ മാരാർ മോഡറേറ്റർ ആവുന്ന സെമിനാറിൽ മലയാള സർവ്വകലാശാല പൈതൃക പഠനവിഭാഗം മേധാവി ഡോ: കെ.എം ഭരതൻ, തലശ്ശേരി ബ്രണ്ണൻ കോളേജ് അസി. പ്രൊഫസർ ഡോ: ദിനേശൻ വടക്കിനിയിൽ എന്നിവർ പ്രബന്ധമവതരിപ്പിക്കും.
പൈതൃകോത്സവം 2018 ഭാഗമായി മലബാറിന്റെ തനതുകലാരൂപങ്ങള്‍, ആയോധനമുറകള്‍, സാംസ്‌കാരിക പരിപാടികള്‍, സാഹിത്യ സദസ്സുകള്‍, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെയും ആറന്‍മുള വാസ്തുവിദ്യാഗുരുകുലത്തിന്റെയും ചരിത്രപൈതൃക ചിത്രപ്രദര്‍ശനങ്ങള്‍, വിദ്യാര്‍ഥികളുടെ ചിത്രരചനാ മത്സരങ്ങള്‍, പ്രശ്‌നോത്തരി, ജനകീയ ക്വിസ്, സെമിനാറുകള്‍, ഭക്ഷ്യമേളകള്‍, കരകൗശലമേളകള്‍ തുടങ്ങിയവയും സംഘടിക്കപ്പെടുന്നുണ്ട്.
സാംസ്‌കാരിക വകുപ്പ്, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, ഭാരത് ഭവന്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മാർച്ച് 24 മുതല്‍ 26 വരെ കണ്ണൂരിലെ വിവിധ വേദികളിലായാണ് പൈതൃകോത്സവം നടത്തപ്പെടുന്നത്.