അഞ്ച് കേന്ദ്ര സർവ്വകലാശാലകളുൾപ്പെടെ അറുപത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം നൽകി യു.ജി.സി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കറാണ് സ്വയംഭരണ പദവി നൽകിയ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചത്. അഞ്ച് കേന്ദ്ര സർവ്വകലാശാലകൾ, 21 സ്റ്റേറ്റ് സർവ്വകലാശാലകൾ, 24 കൽപിത സർവ്വകലാശാലകൾ, 2 സ്വകാര്യ സർവ്വകലാശാലകൾ അടക്കം 52 സർവ്വകലാശാലകൾക്കും 8 കോളേജുകൾക്കുമാണ് പുതുതായി സ്വയംഭരണ പദവി നൽകിയിട്ടുള്ളത്.
ജെ.എൻ.യു, ഹൈദരാബാദ് സർവ്വകലാശാല, ബനാറസ് ഹിന്ദു സർവ്വകലാശാല, അലിഗഢ്, ഇഫ്ലു എന്നിവയാണ് സ്വയംഭരണാധികാര പദവി ലഭിച്ച കേന്ദ്ര സർവ്വകലാശാലകൾ.
പദവി ലഭിക്കുന്നതോടെ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പുതിയ കോഴ്സുകൾ, വകുപ്പുകൾ, റിസേർച്ച് പാർക്കുകൾ, ഓഫ് കാമ്പസുകൾ, സ്കിൽ കോഴ്സുകൾ തുടങ്ങിയവ ആരംഭിക്കാനാവും. കൂടാതെ വിദേശ രാജ്യങ്ങളിലെ അധ്യാപകരെ നിയമിക്കുക, വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുക, ഓൺലൈൻ വിദൂരപഠന സംവിധാനം ആരംഭിക്കുക തുടങ്ങിയവയ്ക്കുള്ള അധികാരവും സ്ഥാപനങ്ങൾക്ക് ലഭ്യമാവും.
കുരുക്ഷേത്ര സർവ്വകലാശാല, ഗുരു നനക് ദേവ് സർവ്വകലാശാല, ജമ്മു സർവ്വകലാശാല, മൈസൂർ സർവ്വകലാശാല, അണ്ണ സർവ്വകലാശാല, ഉസ്മാനിയ സർവ്വകലാശാല, പഞ്ചാബ് സർവ്വകലാശാല, മദ്രാസ് സർവ്വകലാശാല തുടങ്ങിയവയാണ് പദവി ലഭിച്ച പ്രധാന സ്റ്റേറ്റ് സർവ്വകലാശാലകൾ. ജിൻഡാൽ യൂണിവേർസിറ്റി, പണ്ഢിറ്റ് ദീൻ ദയാൽ പെട്രോളിയം യൂണിവേർസിറ്റി എന്നിവയാണ് പദവി ലഭിച്ച സ്വകാര്യ സർവ്വകലാശാലകൾ.
കേരളത്തിൽ ഒരു സ്ഥാപനത്തിനും പദവി ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. നിലവാരം പുലർത്താത്ത മൂന്ന് കൽപിത സർവ്വകലാശാലകൾക്ക് ഷോക്കോസ് നോട്ടീസ് നൽകുവാനും യു.ജി.സി തീരുമാനമെടുത്തിട്ടുണ്ട്.
വിശദമായ റിപ്പോര്‍ട്ട്: Autonomous Universities