ടൈം മെഷീൻ

0
694
Seena Joseph athmaonline

കവിത

സീന ജോസഫ്

മഴയെത്ര
വേഗത്തിലാണൊരു
ടൈം മെഷീനാകുന്നത് !

മധ്യവയസ്സിന്റെ
വെള്ളിനൂലുകൾ
തൂവാനം നനയുമ്പോൾ
മനസ്സോടുന്നു,
ഓട്ടിൻപുറത്തെ മഴത്താളം കേട്ട്,
മഴക്കുമിളകളുടെ
അൽപായുസ്സിൽ നൊന്ത്,
പടിഞ്ഞാറ്റു മുറ്റത്ത്
മഴയിലേക്ക്
കാലുനീട്ടിയിരിക്കുന്ന
പെറ്റിക്കോട്ടുകാരിയിലേക്ക്!

മുറ്റത്തെ
സാൽവിയയും* ബീബാമും*
മുറിച്ചൊതുക്കുമ്പോൾ
മിന്റ് മണക്കുന്ന
കാറ്റിലുമുണ്ടൊരു
സമയയന്ത്രം!

മനസ്സിൽ
സ്വർണ്ണക്കുണുക്കിട്ട
വിശറിഞൊറി
മുണ്ടിന്റെ മിന്നലാട്ടം.
പനിക്കൂർക്കയുടെ,
കറുകപ്പുല്ലിന്റെ,
നറുമണം.

തൊണ്ടക്കുഴിയിൽ
കുറുകുന്നു
ഗദ്ഗദപ്പിറാവുകൾ !

ഡാലിയയിലും
സീനിയയിലും
പൂക്കാലം വരച്ചിടുന്നു
നിറമേളങ്ങളുടെ
മറ്റൊരു സമയയന്ത്രം!

ഒരു വളകാലൻ കുട
മനസ്സിൽ നിവർത്തുന്ന
കരുതൽത്തണൽ.

“എന്റെ കുഞ്ഞേ
നിനക്കൊരു കാന്താരിയോ
പച്ചമുളകോ നട്ടൂടെടി ”
എന്ന ചോദ്യം,
“അത് വേണേൽ
അപ്പച്ചി നട്ടോളൂ”
എന്നു തർക്കുത്തരം.

ചെവിയിൽ
അലിയുന്നു
വാത്സല്യം പുരണ്ട
കിഴുക്കലിന്റെ
മധുരനൊമ്പരം!

മഴയും മണവും നിറവും
ടൈം മെഷീനുകളാകുമ്പോൾ
പോയകാലങ്ങളൊന്നും
പോയിട്ടില്ലെന്നും
പോവുകയേ ഇല്ലെന്നുമുള്ള
ഉറപ്പിന്റെ പേരല്ലേ ജീവിതം !

** മിന്റ് വർഗ്ഗത്തിൽപ്പെട്ട പൂച്ചെടികൾ

സീന ജോസഫ്

കവി,ഡെന്റിസ്റ്റ്‌. അമേരിക്കയിലെ മാസച്യുസെറ്റ്സിൽ താമസം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here