കവിത
സീന ജോസഫ്
മരണത്തിലേക്കെന്നപോലെയാണ്
അയാൾ അടിതെറ്റി വീണത്
വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്
അയാൾ കണ്ണുകൾ തുറന്നത്
പ്രേതാലയം പോലെ പാതി പണിതീർന്ന വീട്
കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശം
ഞെട്ടിവിറച്ച് ഓടിമറയുന്ന മിന്നൽപ്പിണരുകൾ
ചേറിൽപ്പുതഞ്ഞ് അയാളുടെ പാതിമെയ്!
ഇനിയെന്തു വേണമെന്നറിയാതെ മരവിച്ച പ്രജ്ഞ
നെഞ്ചിനുമേലെ ഭാരമുള്ള കല്ലുപോലെ, നിലച്ചുപോയ സമയം
ഇറങ്ങിപ്പോയവൾ പെരുവഴിയിലുപേക്ഷിച്ച
പുരയ്ക്കുള്ളിലെ വെളിച്ചം ദിക്കുമുട്ടി കെട്ടുപോകുന്നു!
അയൽപ്പക്കത്ത് അവൾ മറന്നു വച്ച
കുരുന്നിന്റെ ഏങ്ങൽ അമ്മയെത്തേടുന്നു
ആർത്തലച്ചുപെയ്ത് മഴ അരിശം തീർക്കുന്നു
അന്നോളം അമ്മയാവാൻ അറിയാതിരുന്നവൻ
ആ മഴയിൽ വെന്തുപാകമാവുന്നു!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.