പുതു മഴ, പുതു മണം, പുതിയ ക്ലാസ്!

0
839

അനഘ സുരേഷ്

പരക്കുന്ന നറുമണത്തോടെയും ചാറ്റല്‍ മഴയോടെയും വേനലവധിക്ക് ശേഷം സ്‌കൂള്‍ അങ്കണം വീണ്ടും സജീവമായി. ആശങ്കകള്‍ക്കെല്ലാം വിടചൊല്ലി സാധാരണഗതിയിലേക്ക് കോഴിക്കോടും കാല്‍വെച്ചു. പതിവിന് വ്യത്യസ്തമായി രണ്ടര മാസത്തെ അവധി കഴിഞ്ഞാണ് കോഴിക്കോടും സമീപ ജില്ലകളിലെയും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിയത്. എല്ലാവരും വൈകിയാരംഭിച്ച പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ സന്തോഷത്തിലാണ്. ആകെയൊരു ബഹളമയം തന്നെ.

ഇത്തവണയും സ്ഥിരം പ്രവേശനോത്സവ കാഴ്ചകളെയാണ് സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്. അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെയ്ക്കാനെത്തിയ കുരുന്നുകള്‍ക്കായുള്ള ബാന്റ് മേളം, കുട്ടി കുറുമ്പന്‍മാരുടെ ഭാവവ്യത്യാസങ്ങള്‍, ഞങ്ങള്‍ വലിയ കുട്ടികളായി എന്ന് വിളിച്ചോതുന്ന കുറേ കുട്ടിമുഖങ്ങള്‍, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരുമിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നതിനായുള്ള സന്തോഷ നയനങ്ങള്‍…. ഇങ്ങനെ നീളുന്നു കാഴ്ചകള്‍.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുഖത്ത് ആധിയുടെയും സന്തോഷത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാവപകര്‍ച്ചകള്‍. ഒരു പുതു തലമുറക്ക് കൂടി ശിക്ഷണം നല്‍കാനുള്ള ആവേശത്തിലും, ഇനിയുള്ള ദിനങ്ങള്‍ ഇവരുടെ കുറുമ്പുകള്‍ തീര്‍ക്കാനും അവയ്ക്ക് ദൃക്‌സാക്ഷിത്വം വഹിക്കാനുമുള്ളതിന്റെ സന്തോഷത്തിലുമാണ് അധ്യാപകരെന്ന് അവരുടെ ശരീരവും മുഖവും ഒരേപോലെ വിളിച്ചോതുന്നു. ഒരുകാലത്ത് കാരാഗൃഹംപോലെ തോന്നിയ ഇടത്തേക്ക് എന്തൊക്കെയോ പ്രതീക്ഷിച്ചും നഷ്ടബോധത്തോടെയും കൗതുകത്തോടെയും നോക്കി നില്‍ക്കുകയാണവര്‍.

സ്വകാര്യ വിദ്യാലയങ്ങളില്‍ സീറ്റ് കിട്ടാന്‍ തിരക്ക് കൂട്ടിയിരുന്ന കാലം മാറി. പതിവിന് വിപരീതമായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുക എന്നത്  അഭിമാനത്തിന്റെ കൂടി ലക്ഷണമായി. നല്ല മാറ്റങ്ങള്‍ നല്ല സന്ദേശങ്ങള്‍ നല്‍കുന്നു.

ഇനിയുള്ള പത്ത് മാസം, പഠിത്തത്തിന്റെയും കലാപ്രകടനങ്ങളുടെയും ആരോഗ്യകരമായ മത്സരങ്ങളുടെയും ഉന്നമനത്തിന്റെയും…

(ഫോട്ടോ: മിഥുന്‍ ശ്യാം, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും)

LEAVE A REPLY

Please enter your comment!
Please enter your name here