ശബ്ദമുഖരിതമാണ് നഗരം. ഇന്നലെയുള്ളതിനേക്കാള്‍. ഇനി മുതലെന്നും അങ്ങനെ തന്നെയാവും. വേനലവധി കഴിഞ്ഞ് ഇന്നാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും സ്കൂളുകള്‍ തുറക്കുന്നത്. നിപ്പ സൃഷ്ടിച്ച ഭീതിയെ അതിജീവിച്ചു നമ്മള്‍ തിരിച്ചു നടക്കുകയാണ്, പഴയ സാധാരണ ജീവിതത്തിലേക്ക്.
നിപ്പ വൈറസിൽനിന്നും മോചിതയായ നേഴ‌്സിങ‌് വിദ്യാർഥിനി അജന്യ ഇന്നലെ മെഡിക്കൽ കോളേജ‌് ആശുപത്രി വിട്ടു. രോഗം മാറിയ മലപ്പുറം സ്വദേശി ഉബീഷ‌് വ്യാഴാഴ‌്ച ആശുപത്രി വിടും. തുടർച്ചയായി പതിനൊന്നാം ദിവസവും നിപ്പ റിപ്പോർട്ട‌് ചെയ‌്തില്ല. തിങ്കളാഴ‌്ച പുതുതായി ആരേയും പനിബാധിച്ച‌് പ്രവേശിപ്പിച്ചിട്ടില്ല. ഇനിയുണ്ടാവില്ല എന്ന് തന്നെയാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന പ്രതീക്ഷ.
ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ മുന്നില്‍ നിന്ന് നയിച്ചു. പേരാമ്പ്ര മണ്ഡലം എം. എല്‍. എയും മന്ത്രിയുമായ ടി. പി രാമകൃഷ്ണന്‍, സമീപപ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, സ്വകാര്യ‐സർക്കാർ വ്യത്യാസമില്ലാതെ ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യവകുപ്പിലെ എല്ലാതലങ്ങളിലുമുള്ള ഉദ്യോഗസ്ഥർ, സാമൂഹ്യ‐ സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, ബഹുജനങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹമാകെ ഒന്നിച്ചു നിന്നു. ലോകം മാതൃകയായി പഠിക്കും, പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഈ കേരള മോഡല്‍.
വില്ലന്മാര്‍ സമൂഹമാധ്യമങ്ങളും മുറിവൈദ്യന്മാരും ആയിരുന്നു. വാട്സ്ആപ് വഴിയുള്ള അനാവശ്യ സന്ദേശ കൈമാറ്റങ്ങളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. വില്ലന്മാരെ ആദ്യഘട്ടത്തിൽതന്നെ നിയന്ത്രിക്കാൻ പൊലീസ് ജാഗ്രത കാട്ടി. മുറിവൈദ്യന്മാരെ വിലക്കാനും ആരോഗ്യവകുപ്പ് നടപടിയെടുത്തു. നേട്ടങ്ങളുടെ കൂടെ തന്നെ നമ്മള്‍ ഇരുന്നു ചിന്തിക്കേണ്ട പലതുമുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കിട്ടുന്ന ലഹരി എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ മരുന്ന് കൊടുക്കണം. ആരോഗ്യ രംഗത്ത് നമ്മള്‍ മുന്നിലാണ്. പക്ഷെ, രോഗങ്ങള്‍ക്ക് കുറവൊന്നുമില്ല. കരിമ്പനി, ഡെങ്കി, ചിക്കുൻ ഗുനിയ, എലിപ്പനി തുടങ്ങി അപകടകാരികളായ പകർച്ചവ്യാധികൾക്ക് ശമനമില്ല. വൃത്തിഹീനമായ അന്തരീക്ഷമാണ് പ്രധാന വെല്ലുവിളി.
മറ്റൊരു മഴക്കാലം എത്തിക്കഴിഞ്ഞു. കെട്ടികിടക്കുന്ന മലിനജനം ഇനി സ്ഥിരം കാഴ്ചയാവും. മതിയായ ഡ്രൈനേജ് സംവിധാനങ്ങള്‍ നമുക്കില്ല. സ്ഥലം വിട്ടു കൊടുക്കാന്‍ നമ്മളില്‍ പലരും തയ്യാറല്ല. മതിയായ നഷ്ടപരിഹാരങ്ങള്‍ നല്‍കി സ്ഥലം നഷ്ടപ്പെടുന്നവരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്ഷമ കാണിക്കാറുമില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷൻ വാർഡ് അടക്കം യുദ്ധകാല അടിസ്ഥാനത്തില്‍ നമ്മളുണ്ടാക്കി. പക്ഷെ, പര്യാപ്തമാണോ നമ്മുടെ സംവിധാനങ്ങള്‍. രോഗ നിര്‍ണ്ണയങ്ങള്‍ക്ക് മണിപ്പാലിലേക്ക് ഓടേണ്ട അവസ്ഥ വരുന്നു. ആരോഗ്യ കേരളം, ഹരിത കേരളം, മാലിന്യ മുക്ത കേരളം തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ട്.
പൊതുജന പങ്കാളിത്വത്തോട് കൂടി മേല്‍പറഞ്ഞ പദ്ധതികള്‍ വിജയിപ്പിച്ചാല്‍ നമുക്കിനിയും ഒരുപാട് മുന്നേറാന്‍ കഴിയും. ശുഭ പ്രതീക്ഷയോടെ നമുക്ക് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാം. ഒപ്പം, ഈദ് ആഘോഷങ്ങളെയും.