വടകര: ഏഴാമത് സര്‍ഗാലയ അന്താരാഷ്ട്ര കല – കരകൌശല മേളക്ക് ഇരിങ്ങല്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ പ്രൌഡഗംഭീര തുടക്കം. കേരളത്തിന്റെ കരകൌശല തനിമ ആഗോള തലത്തില്‍ പരിചയപെടുത്തുന്ന മേള തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിശിഷ്യാ മലബാറിന്റെ അനന്തമായ ടൂറിസം സാധ്യതകള്‍ക്ക് സര്‍ഗാലയക്ക് നിര്‍ണ്ണായക പങ്ക് കൈവന്നിരിക്കുകയാണെന്ന് മന്ത്രി കടകമ്പള്ളി പറഞ്ഞു. പുതിയ ടൂറിസം നയത്തില്‍ മലബാറിന്റെ ടൂറിസം വികസനം പ്രഥമ പരിഗണയില്‍ ഉള്ള വിഷയമാണ്. ടൂറിസം വികസനത്തില്‍ അവഗണിക്കപെട്ട ഒരു പ്രദേശമാണ് മലബാര്‍. ആയതിനാല്‍ മലബാര്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപെടുത്തുന്നത്തില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണ്. വിദേശികളെ അടക്കം ഉത്തരമലബാറിലേക്ക് ആകര്‍ഷിപ്പിച്ച് ടൂറിസം സ്വദേശവാസികള്‍ക്ക് കൂടി ഉപകരിക്കുന്ന രീതിയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഇരിങ്ങല്‍ സര്‍ഗാലയയില്‍ ജനുവരി എട്ട് വരെ നീളുന്ന പത്തൊമ്പത് ദിവസത്തെ മേളയാണ് സംഘടിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്ക, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്കാ എന്നീ നാലു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യയിലെ ഇരുപത്തിയെഴ് സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാര ജേതാക്കളായിട്ടുള്ള നാനൂറോളം കരകൗശല വിദഗ്ധരും, സര്‍ഗാലയയിലെ നൂറോളം സ്ഥിരം കരകൗശല വിദഗ്ധരുമുള്‍പ്പെടെ അഞ്ഞൂറിലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാസൃഷ്ടികളാണ് കുറ്റ്യാടിപ്പുഴയുടെ തീരത്ത് പ്രകൃതി സുന്ദരമായ ഭൂമികയില്‍ സംഘടിപ്പിക്കുന്ന മേളയിലുണ്ടാവുക. രാജ്യമെമ്പാടുമുള്ള കരകൌശല വൈവിധ്യം ടൂറിസം വികസനവുമായി ഇഴചേര്‍ത്തു സാംസ്‌കാരിക പൈതൃകം ഉയര്‍ത്തി പിടിക്കുക എന്നതാണ് ലക്ഷ്യം.
തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നമ്മുടെ പരമ്പരാഗത കരകൌശല വൈവിധ്യങ്ങള്‍ നിലനിര്‍ത്താനും അതിലൂടെ തൊഴിലും ടൂറിസവും സാംസ്കാരിക വിനിമയവും ഒരു പോലെ സാധ്യമാക്കുന്ന ചെറിയ രീതിയില്‍ തുടങ്ങി വലിയ രീതിയില്‍ വളര്‍ച്ച കൈവരിച്ച പദ്ധതിയാണ് സര്‍ഗാലയ എന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കാനും ഊരാലുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുടെ നടത്തിപ്പിലുള്ള സര്‍ഗാലയക്ക് സാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സിനിമാ താരം നവ്യാ നായര്‍ മുഖ്യാഥിതി ആയിരുന്ന ചടങ്ങില്‍ കൊയിലാണ്ടി MLA കെ ദാസന്‍ സ്വാഗതം പറഞ്ഞു. ULCCS ചെയര്‍മാന്‍ പലേരി രമേശന്‍ അതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് കേരളാ കൈത്തറി ഗ്രാമം പവിലിയന്‍ ഉല്‍ഘാടനം ചെയ്തു. പയ്യോളി നഗരസഭ അധ്യക്ഷ പി. കുല്‍സു ടീച്ചര്‍ കളരി ഗ്രാമം ഉല്‍ഘാടനം ചെയ്തു. സിനിമാ താരം നവ്യാ നായരാണ് ഹോളോഗ്രാഫിക്ക് ക്രാഫ്റ്സ് ഫിലിം ഷോ ഉല്‍ഘാടനം ചെയ്തത്. മലബാറിലേക്ക് ഏത് പരിപാടിക്ക് വരാനും സന്തോഷം മാത്രമേ ഉള്ളുവെന്നും ഏറ്റവും നല്ല ആതിഥേയത്വമുള്ള ജനങ്ങളും ഏറ്റവും നല്ല ഭക്ഷണവും കോഴിക്കോട് മുതല്‍ വടക്കോട്ട് ആണുള്ളതെന്നും നവ്യാ നായര്‍ അഭിപ്രായപെട്ടു. കലക്കും സാഹിത്യത്തിനും ഇത്രയേറെ പ്രോത്സാഹനം നല്‍കുന്ന മറ്റൊരു പ്രദേശമില്ലയെന്നും കൂട്ടിചേര്‍ത്തു.
കേരളത്തിന്റെ കരകൗശല പാരമ്പര്യത്തെ അനാവരണം ചെയ്യുന്ന വിവിധ ഗ്രാമങ്ങളിലെ പരമ്പരാഗത കരകൗശല വിദഗ്ധര്‍ ഒരുക്കുന്ന പ്രത്യേക പവലിന്‍ ആണ് ‘കേരള കരകൗശല പൈത്യക ഗ്രാമം. അതില്‍ ആറന്മുള കണ്ണാടി നിര്‍മിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായകള്‍ നിര്‍മിക്കുന്ന തഴവ ഗ്രാമം, മൃദംഗം, മദ്ദളം എന്നിവ നിര്‍മിക്കുന്ന പെരുവമ്പ ഗ്രാമം, കഥകളി കലാരൂപങ്ങളുടെ ചമയങ്ങള്‍ തയ്യാറാക്കുന്ന വെള്ളിനേഴി ഗ്രാമം, നിലമ്പൂരിലെ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ ഗ്രാമം, മരത്തടിയില്‍ കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ചേര്‍പ്പ് ഗ്രാമം, സങ്കരലോഹകരകൌശല നിര്‍മാണം നടത്തുന്ന കുഞ്ഞിമംഗലം ഗ്രാമം, കേരള കയര്‍ ഗ്രാമം തുടങ്ങിയവ ഉണ്ടാകും.
വ്യവസായ വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലും ടെക്‌നോളജിയാണ് കൈത്തറി ഗ്രാമത്തിന് നേതൃത്വം നല്‍കുന്നത്. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് മേളയുടെ ഭാഗമാണ്. ഭാരത സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള സൌത്ത് സോണ്‍ കള്‍ച്ചറല്‍ തഞ്ചാവൂരിന്റെ നേതൃത്വത്തില്‍ വൈവിധ്യമേറിയ കലാപരിപാടികള്‍ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മേള കാണാന്‍ എത്തിയത്. നാലു വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം, മേളയുടെ വൈവിധ്യം, കലാപരിപാടികളുടെ നിലവാരം എന്നിവ ഇത്തവണ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഒരുകോടി രൂപയുടെ വസ്തുക്കളാണ് കഴിഞ്ഞ തവണ വിറ്റഴിഞ്ഞു പോയത്. ഇത്തരത്തില്‍ കരകൌശല നിര്‍മാണ ആസ്വാദന മേഖലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് വടക്കന്‍ മലബാറിലെ വിനോദ സഞ്ചാര സാധ്യതകളെ വര്‍ധിപ്പിക്കും. അതിനാലാണ് ഇത്തവണ മേള, കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ, സാംസ്‌കാരിക, കയര്‍ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്. മേള തീര്‍ത്തും പരിസ്ഥിതി സൗഹാര്‍ദ്ദപരമാണ്. സന്ദര്‍ശകര്‍ ഏറിയാല്‍ മൂരാട് പാലത്തിലും ദേശീയ പാതയിലും ഉണ്ടായേക്കാവുന്ന തിരക്ക് പരിഹരിക്കാന്‍ പോലീസും നാട്ടുകാരും ഒറ്റകെട്ടായി രംഗത്തുണ്ട്.