അഹ് മദ് മുഈനുദ്ദീൻ
മെലിഞ്ഞൊരു വഴി
രണ്ടായി പിരിയുന്നിടത്ത് തുടങ്ങും
സംശയങ്ങൾ
ഇടത്തോട്ടോ,
വലത്തോട്ടൊ?
എത്രയോ വട്ടം വന്നതാണ്
ഇനിയും വരേണ്ടി വരും
വഴിയടയാളങ്ങൾ
വിരൽ ചൂണ്ടികൾ
കാഴ്ച്ച മറച്ച് എവിടെയെങ്കിലും
തൂങ്ങിക്കിടപ്പുണ്ടാകും
കുറേകൂടി മുന്നോട്ട് പോയപ്പോഴാണ്
സംശയം കനത്തത്
അടയാളങ്ങളിൽ
ഉറപ്പിച്ച് നിർത്തിയിരുന്ന ഞാവൽമരം
ഈ വഴിയിലുമുണ്ട്
മുൻവാതിലുകൾ അടഞ്ഞുകിടക്കുന്ന വീടുകൾ
കുഞ്ഞു കാൽപ്പാദം പതിയാത്ത മുറ്റങ്ങൾ
മരിച്ചുപോയൊരു പുഴയുടെ
വക്കിലാണ് ചെന്ന് നിന്നത്.
യാത്ര മറന്നങ്ങനെ…
ആരാണ് നിങ്ങൾ?
എന്താണിവിടെ കാര്യം?
ചോദ്യം കേട്ട് ചൂളിപ്പോയി
ചുറ്റും ആരുമില്ലല്ലോ
വണ്ടി തിരിച്ചു.
സ്വയം ചോദ്യം ചെയ്തു തുടങ്ങിയാൽ
തീരാവുന്ന സംശയങ്ങളേ
നമുക്കുള്ളൂ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.