മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ “മാക്ട സദാനന്ദ പുരസ്കാരം ” എന്ന പേരില്‍ എല്ലാ വര്‍ഷവും ഒരു അവാര്‍ഡ് നൽകാന്‍ തീരുമാനിച്ചു. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടുന്ന വ്യക്തിയ്ക്കാണ് “മാക്ട സദാനന്ദ പുരസ്കാരം “നല്കി ആദരിക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. അന്തരിച്ച പള്ളുരുത്തി അക്കേരി പറമ്പില്‍ എ ആര്‍ സദാനന്ദ പ്രഭുവിന്റെ ഓര്‍മ്മയ്ക്കായി മകന്‍ എ എസ് ദിനേശാണ് എല്ലാ വര്‍ഷവും സദാനന്ദ പുരസ്കാരം നല്കാന്‍ മാക്ടയെ നിയോഗിച്ചിട്ടുള്ളത്.
2018 ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള മാക്ട സദാനന്ദ പുരസ്കാരം “സുഡാനി ഫ്രം നൈജീരിയ” എന്ന ചിത്രത്തിന്റെ സംവിധായകന്‍ സക്കരിയയ്ക്ക്, നവംബര്‍ മൂന്നിന് വൈകീട്ട് നടക്കുന്ന മാക്ടയുടെ വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിന്റെ സമാപന ചടങ്ങില്‍ സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും മെമെന്റോയും അടങ്ങുന്നതാണ് മാക്ടയുടെ ആദ്യത്തെ സദാനന്ദ പുരസ്കാരം.