ബൈക്കിൽ കൂട്ടുകാരനുമൊത്ത് നടത്തിയ യാത്രയാണ് ചെഗുവേരയുടെ ജീവിതം മാറ്റിമറിച്ചത്. യാത്രയെക്കുറിച്ചുള്ള ചെയുടെ കുറിപ്പ് മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പേരിൽ പ്രശസ്തമായി. ബാഹുബലിക്കുശേഷമുള്ള തന്റെ സിനിമയുടെ പ്രചോദനം മോട്ടോർ സൈക്കിൾ ഡയറീസ് ആണെന്ന് രാജമൗലി വെളിപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിനായി ചോരചിന്തിയ രണ്ട് ധീരന്മാരുടെ ജീവിതമാണ് പുതിയ സിനിമയ്‌ക്ക് ആധാരം. ആർആർആർ എന്ന് പേരിട്ട ചിത്രം ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പുള്ള പ്രക്ഷുബ്ധമായ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ അല്ലൂരി സീതരാമ രാജുവിന്റെയും ഹൈദരാബാദ് നിസാമിന്റെ തീട്ടൂരങ്ങൾക്കെതിരെ പോരിനിറങ്ങിയ ഗോത്രവർഗനേതാവ് കൊമ്മാരം ഭീമിന്റെയും ജീവിതമാണ് സിനിമ. കൊമ്മാരം ഭീമിന്റെ ജീവിതകഥ ആദ്യമായി പ്രസിദ്ധീകരിച്ചത് കമ്യൂണിസ്റ്റ് ആചാര്യനായ പി സുന്ദരയ്യ ആയിരുന്നു.
കാട്ടിലൂടെ സഞ്ചരിക്കാനുള്ള ഗോത്രജനതയുടെ അവകാശം കവർന്ന ബ്രിട്ടീഷുകാരുടെ വനനയത്തിനെതിരെ അല്ലൂരി സീതാരാമ രാജുവിന്റെ നേതതൃത്വത്തിൽ ഗോത്രജനത നയിച്ച മന്യംപ്രക്ഷോഭം (1922–- -24) ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടാണ്. ജലം, വനം, ഭൂമി എന്ന മുദ്രാവാക്യമുയർത്തി ഹൈദരാബാദ് നിസാമിനെതിരെ ഇതേ കാലഘട്ടത്തിൽ പോരാടിയ നേതാവായിരുന്നു കൊമ്മാരം ഭീം. ഇരുവരും പരസ്പരം കാണാനും പരിചയപ്പെടാനുമുള്ള സാധ്യതയാണ് രാജമൗലി സിനിമയ്ക്കായി കണ്ടെത്തുന്നത്.
കൊമ്മാരം ഭീമിനെ ജൂനിയർ എൻ ടി ആറും അല്ലൂരി സീതാരാമ രാജുവിനെ രാം ചരണും അവതരിപ്പിക്കുന്നു. അജയ് ദേവഗൺ, ആലിയഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ പുതിയ ഷെഡ്യൂൾ ബൾഗേറിയയിൽ ആരംഭിച്ചു. ഒരുമാസത്തോളം അവിടെ ചിത്രീകരണം ഉണ്ടാകും. 300 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രം 2020 ജൂലൈ 30ന് റിലീസ് ചെയ്യാനാണ് നീക്കം. പത്ത് ഭാഷയിൽ റിലീസ് ചെയ്യും.