ജീവനും മുമ്പ് ആത്മാവിനും മുമ്പ് എഴുതപ്പെട്ട കവിതകൾ (കെ. എ. ജയശീലന്റെ കവിതകൾ)

0
644

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ. രോഷ്‌നി സ്വപ്ന

“Always be a poet
even in prose”

Charles Baudelire

ഒരു കടലിനു മുന്നിൽ നിന്നാണ് കെ എ ജയശീലൻ കവിതകൾ എഴുതുന്നത് എന്നു തോന്നുന്നു. അത്രമേൽ ചലനാത്മകമായ
ഒരു വിശാലതയെ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ മാത്രമേ ജയശീലനെപ്പോലൊരു കവി ജനിക്കൂ. മൗലിക ആഖ്യാനം
കൊണ്ടും അവതരണം കൊണ്ടും ഈ കവിയുടെ കവിതകൾ കാലത്തെ അതിജീവിക്കുന്നു. ചില വരികൾ വായിക്കുമ്പോൾ അവ സംഭവിക്കുന്ന ഇടങ്ങൾ നമ്മെ വല്ലാതെ കൊതിപ്പിക്കുന്നു. അല്ലെങ്കിൽ ജീവിച്ചിരിക്കുന്നുവെന്ന് നമ്മെ നിരന്തരം കുത്തിനോവിക്കുന്നു.
മനുഷ്യനെ ഇത്രയേറെ നഗ്നമായി, ജീവിതത്തെ ഇത്രമേൽ ആഴത്തിൽ, പച്ചയായി എങ്ങനെ ആവിഷ്കരിക്കാൻ ആവും എന്ന് നമ്മെ
അത്ഭുതപ്പെടുത്തുന്നു.

സർഗ്ഗാത്മകതയുടെ പലരീതിയിലുള്ള അന്വേഷണങ്ങൾ വാക്കിനെ അടിസ്ഥാനപ്പെടുത്തി നടന്നിട്ടുണ്ട്. പക്ഷേ വാക്കിൽ ഒളിപ്പിച്ചുവെച്ച കവിതയിൽ ജീവിതത്തിൻറെ സൂക്ഷ്മ സമസ്യകൾ ഒളിപ്പിച്ചു വെക്കുന്ന നൈപുണ്യം കെ എ ജയശീലൻ കവിതകളിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്.

“I hve no need to the ear of to-day
i am the voice of the poet of tomorrow

എന്ന് മുഹമ്മദ് ഇഖ്ബാലിൻറെ കവിതയിൽ പറയുമ്പോലെ നാളേക്കുള്ള കവിതകളായി ഇവ സ്വയം മറഞ്ഞു നിൽക്കുകയായിരുന്നു.

സമയകാല സ്ഥലങ്ങളിൽനിന്നുള്ള മാറിനിൽപ്പ് ഈ കവിതകളെ ഖനിയിൽ അടക്കപ്പെട്ട നിധിയാക്കുന്നു.

“ഒരു ചുംബനത്താൽ
എൻ കിനാവിൻ
രഹസ്യം കവർന്നെടുത്തേതോ
വ്യോമ മൗനത്തിൽ
ഉൾച്ചേർന്ന താരകത്തിനെ
തേടി നടന്നേൻ”

എന്ന എൻറെ കഥ എന്ന കവിതയിൽ ആർ രാമചന്ദ്രൻ സൃഷ്ടിയുടെ കവിതയുടെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. യഥാർത്ഥത്തിൽ ഒരു കവിത എന്താണ് ചെയ്യുന്നത്? അത് സംവദിക്കുന്നത്തിന്റെ
പാരിമാണിക അളവുകൾ എന്താണ്?
യഥാർത്ഥത്തിൽ അത്തരം അളവുകൾ നിലനിൽക്കുന്നുണ്ടോ?

വലിപ്പം, ആഴം, വിശാലത തുടങ്ങിയ തുറസ്സുകൾ വിട്ട്ആത്മപരതയുള്ള അന്വേഷണങ്ങളിലേക്കാണ് ജയശീലന്റെ
കവിതകൾ കേന്ദ്രീകരിക്കുന്നത്.

“പാപ്പാത്തിപ്പുഴുവിന്റെ
ചെറിയ മനസ്സിൽ
പൂവിനെക്കുറിച്ചുള്ള
അറിവ് കാണാൻ
നിഷ്ഫലമായി ശ്രമിച്ചുനോക്കി.
എൻറെ തോളിൽ
ഇരിക്കുന്ന മാലാഖ പറഞ്ഞു
ചിറക് മുളക്കുന്നതോട് കൂടിയാണ്
ആ അറിവ് ഉണ്ടാകുന്നത്”

പ്രപഞ്ചത്തിലെ ഏറെ ചെറിയ പാപ്പാത്തി പുഴുവിൽ നിന്ന് മനുഷ്യനിലേക്ക് സംക്രമിക്കുന്ന അറിവാണ് ഇവിടെ കവിതയെ നയിക്കുന്നത്.

“ആത്മാവ്
അവയവങ്ങൾക്ക്
മുമ്പ്
രൂപപ്പെടുന്നില്ല “

എന്ന അറിവിലേക്ക് കവി എത്തുകയാണ് കവി.
ദർശനങ്ങളുടെ ഭാരമില്ലാതെ….ആലങ്കാരികതകൾ ഇല്ലാതെ….വിവാദങ്ങളില്ലാതെ നിശബ്ദനായി ഈ കവി എഴുതുന്നു.പ്രപഞ്ചത്തിന്റെ
തീരെ ചെറുതുകളിൽ ജീവൻറെ രഹസ്യമന്വേഷിക്കൽ ആണ് ജയശീലന്‍റെ കവിത.

ആധുനികതയുടെ പ്രചാര കാലത്തു നിന്നും മാറി നിന്ന് ജയശീലൻ കവിതകൾ സൃഷ്ടിച്ചെടുത്ത പുതുമകളുടെ സംവേദന ചലനങ്ങൾ ഏതുകാലത്തും സ്വീകാര്യമാണ്. സ്വന്തം കവിതയുടെ ആന്തരികതയെ നിർവഹിച്ചു കാണുന്ന അകക്കണ്ണ് ജയശീലന്റെ
ഉള്ളിൽ ഉണ്ട്. അതുകൊണ്ടാണ് മരം മരത്തിന്റെ സ്വപ്നങ്ങളിൽ ആഴ്ന്നു നിൽക്കുന്നത്. കിളികൾ തൊടുന്നതും
അണ്ണാൻ ഓടുന്നതും മരം അറിയാത്തത്. മരത്തിൻറെ അറിവ് ഇലകൾ പൊടിക്കുന്നതും കായകൾ കനക്കുന്നതിന്റെയും
ആണെങ്കിൽ, മനുഷ്യൻറെ അറിവ് വ്യത്യസ്തമാണ് എന്ന് ഈ കവിതകൾ തിരിച്ചറിയുന്നു. “മരത്തിനു പിന്നിൽ ഉള്ള പക്ഷി ഇപ്പോൾ അവിടെ ഉണ്ട് എന്നത് ഒരു വിശ്വാസം മാത്രമാണ്” എന്നതു പോലെയാണ്അത്. പതുക്കെ അത് മരത്തിൻറെ
ഇപ്പുറത്ത് പ്രത്യക്ഷപ്പെടുമ്പോൾ അതേ പക്ഷിയാണ് അത് എന്നത് ഒരു വിശ്വാസം മാത്രമായി തന്നെ ഇടർന്നു
നിൽക്കുന്നുണ്ട്. ജീവിതത്തെയും കവിതയേയും നിർണയിക്കുന്ന ഇത്തരം പല സന്ദർഭങ്ങളും ജയശീലൻ കവിതയിലുണ്ട്.

“ഈ കാവിൽ
ഏതോ നഗരപരിസരത്തിൽ പോലെ,
തീരെ പരിചിതമായ വഴികളിൽ
അത്രയ്ക്ക്
പ്രത്യേയത്തോടെ പോകുന്ന
നീ ഓർക്കുന്നുണ്ടാവുമോ
നിൻറെ ഒരു പാത
നാല് വെവ്വേറെ മരങ്ങളിൽ ആണെന്ന്?
ഓർക്കുന്നുണ്ടാവുമോ
വൃക്ഷങ്ങൾ
എന്നത്
ഭൂമിയിൽ
ഭൂമിയിലൂന്നുള്ള
സൃഷ്ടികളാണെന്ന്? “”

(അണ്ണാൻറെ വഴികൾ )

“പുഴ പക്ഷിയാകുന്നതാണ്
പുഴുവിനെ മരണം
പക്ഷിയാകലാണോ
നമുക്കും സംഭവിക്കുന്നത്”?

(പക്ഷിയാകൽ)

“സ്വത്വത്തിൻ
ശൃംഖലയിൽ
ഏതു കണ്ണിയിൽ
ഏതു തലത്തിൽ
ഈ “ഞ” നിൻറെ സ്ഫോടം”

(സ്ഫോടം)

“തമ്മിൽ അറിയാത്ത
സമാന്തര സമയത്തിൽ
മുടി, നഖം, അസ്ഥി
ഒക്കെ
ജീവിക്കുന്നു
വർദ്ധിക്കുന്നു
ക്ഷയിക്കുന്നു “

(മുടി, നഖം. മനസ് )

പല ആമകൾ നീങ്ങുമ്പോൾ കൂടെ നീങ്ങും ആമ പോലെ, ഇവയുടെ
നടുവിലായി സഞ്ചരിക്കുന്നു ഈ മനസ്സും എന്ന് എഴുതുമ്പോൾ ഉള്ള
ക്ഷണികതാനുഭവവും ആത്മ സംഘർഷവും ജയശീലൻ കവിതകളിൽ
ആകമാനം കലർന്നിരിക്കുന്നു.
മേശയിൽ വീഴുന്ന വെള്ളത്തുള്ളികൾ നദിയായി മാറുന്നതിന്റെ
ദർശനവ്യാപ്തി ഈ കവിതകൾക്കുണ്ട്. ഭാഷയുടെ അർത്ഥത്തെയും
ആശയത്തെയും കൂടി ഉൾക്കൊള്ളുകയാണ് ഈ ദർശനം.

“അർത്ഥം
അനുസ്യൂതമായ
കാണലാണ്
അപ്പുറമില്ല”

കവിതയിലൂടെ പകരുന്നതിന്റെ ആകത്തുകയാണ് ഞാൻ എന്ന തിരിച്ചറിയലിൽ പ്രാപഞ്ചികതയുടെ ഒരു അംശം എന്ന നിലയിൽ
മാത്രം മനുഷ്യനും പ്രാണികളും സംവദിക്കപ്പെടുന്നു. ഒരുപോലെ.

“ദൈവത്തിൻ കാരുണ്യം എങ്ങനെ ഭാഗിക്കും ജീവജാലങ്ങളിൽ?

എന്ന് പറയുമ്പോഴേക്കും ഈ സംവേദനം അതിൻറെ വിശാലതയിൽ എത്തി കഴിയുന്നു.
പുഴുവിനെയും തുമ്പിയുടെയും കിളികളുടെയും സഞ്ചാരപാത തന്നെയാണ് മനുഷ്യന്റേതും എന്ന തിരിച്ചറിവിലാണ് ഈ കവിതകൾ വളരുന്നത്. അസ്പഷ്ടമായ സംസാരമെങ്കിലും, ആനയ്ക്ക് പിന്നിൽ നടക്കുന്ന നമ്മൾ ലോകത്തിൻറെ ധാരണകളെ തലയാട്ടി കേൾക്കുകയാണ് എന്ന ക്രമത്തെ “ആചാര്യൻ” എന്ന കവിത ശക്തമായി എതിർക്കുന്നുണ്ട്.

Breth പറയുന്നത് മനുഷ്യൻറെ അടിസ്ഥാന ആർജവങ്ങളെല്ലാം തിയട്രിക്കൽ ആണെന്നാണ്. വായനയുടെ സ്വാഭാവികതകളിലാണ് ഇവ വെളിപ്പെടുന്നത്. പലപ്പോഴും കവിതാ വായനയുടെ പല ഘട്ടങ്ങളിൽ പല ചോദ്യങ്ങളും മനസ്സിൽ കടന്നു വരും. വൈകാരികാംശം,
അഭിസംബോധന, സൂചനകൾ(implication ) ലക്ഷ്യാർത്ഥ(connotations) ബോധാബോധതലങ്ങൾ, അലങ്കാര ബാഹുല്യം(rhetorical ) എന്നിവയെല്ലാം ഇത്തരത്തിൽ വായനയിൽ വെളിപ്പെടുന്നു. “അർധവിരാമം” എന്ന കവിത ഈ ഘടകങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന
കവിതയാണ്.

“തലങ്ങൾ
അടുക്കിയെടുക്കി
വച്ചുണ്ടാക്കിയ
സൃഷ്ടികളാണ് നമ്മൾ.
ചിലപ്പോൾ തലങ്ങൾ
തമ്മിൽ ബാധിക്കുന്നു.
ചർച്ചയ്ക്ക്
ഒരു തുമ്മൽ
അല്ലെങ്കിൽ
ഒരു അധോവായു
അർദ്ധവിരാമമിടുന്നു ‘”

ഒരിക്കലും വെളിച്ചം കണ്ടിട്ടില്ലാത്ത അറകളിൽ ആഗിരണവും സംക്രമണവും സംഭവിക്കുന്ന നമ്മുടെ കൽപ്പനകൾക്കൊന്നും
കാത്തുനിൽക്കാതെ നടക്കുന്ന ചർച്ചകളെ പരിഹസിക്കുകയല്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ ഈ ചർച്ചകളുടെ
പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നു കവിത.

ചിലപ്പോൾ കവി കണ്ണാടിയിൽ മുഖം കാണിക്കാതെ വളർത്തിയ കുട്ടി ആവുന്നു. ചിലപ്പോൾ കാലവും സ്ഥലവും നീളവും വീതിയും ആയ ഈ ഫലകത്തിൽ ആരാണ് കാക്കയെ വരച്ചത് എന്ന് ആശങ്കപ്പെടുന്ന സന്ദേഹിയാകുന്നു.

“നോക്കുമ്പോഴൊക്കെ
ഞാൻ നിൻറെ
അകത്താണ് ”
(കണ്ണാടി )
എന്ന് ആനന്ദിക്കുന്ന
പ്രണയിയാണ്.”

ഏതു വിതാനമാണ് നേര് എന്ന ചോദ്യത്തിന്റെ വേര് പിഴുതിടാമോ എന്ന് വെല്ലുവിളിക്കുന്ന ചോദ്യകർത്താവാകുന്നു.

കവി, സർഗ്ഗ ചേതനയുടെ സാന്നിധ്യം മനസ്സിലാക്കുന്നത് സ്വന്തം ആത്മസത്തയെ തിരിച്ചറിയുന്നതിലൂടെയാണ്. കാഴ്ചയുടെയും കേൾവിയുടെയും അപൂർണതകളെ സ്വന്തം സൃഷ്ടികളിലൂടെ പൂർണ്ണമാക്കുകയാണ് കവി.
കണ്ണ് കണ്ണിനെ കാണുന്നില്ലെന്നതാണ് കാഴ്ചയുടെ വലിയൊരു പ്രശ്നം അത് കാരണം നമ്മൾ എന്നും ഒരു വശത്തേക്ക് അന്ധരായിരിക്കുo” എന്ന് തികച്ചും സ്വാഭാവികമായിത്തന്നെ ജീവിതത്തിൻറെ പരിമിതികളെക്കുറിച്ചും ആവിഷ്കരണത്തിലെ അപര്യാപ്തതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് കവി.

മനുഷ്യൻറെ സംവേദനാത്മകതയുടെ തടസ്സങ്ങളെ കുറിക്കുന്ന ഒരു ആശങ്ക ജയശീലന്റെ കവിതകളിൽ ചർച്ചയ്ക്ക് വരുന്നുണ്ട്.
ഭആത്മീയമായ അംശങ്ങളെ മറികടന്ന് ഭൗമികവും ഭൗതികവുമായ പക്ഷി പ്രാണികളുടെ സംവേദനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
വെളിച്ചത്തിന്റെ ചെറിയ വൃത്തത്തിന് പിന്നാലെ സഞ്ചരിച്ച് കവി എത്തുന്ന ജീവിതസായാഹ്നത്തിൽ
“അറിവിനെ തടുക്കുന്നത് ലോകമാണ് “”
” പ്രപഞ്ചം എന്നത് ഒരു തോന്നൽ ആണെന്നും ഒരു കണ്ണാടി പോലെ അത് നമ്മുടെ കാഴ്ചയെ നമ്മിലേക്ക് തന്നെ പരിമിതപ്പെടുത്തുന്നു എന്നും സ്വയം വെളിപ്പെടുന്നത് അപ്പോഴാണ്..

“ഞാനറിയുന്നില്ലെങ്കിലും കാക്കുന്നു.
ജീവിതമാകുമനാഥശവത്തെ ഞാൻ “

എന്ന് ആർ രാമചന്ദ്രൻ എഴുതുമ്പോൾ സ്വന്തം കവിതകളുടെ ആന്തരികസ്വത്വത്തെ വെളിപ്പെടുത്തുക കൂടി ആകുന്നതുപോലെ, അപാരതയുടെ ഒരു ചിമിഴിൽ കൂടി തുറക്കുന്നുണ്ട്. കവിതയിൽ മാത്രം സാധ്യമാകുന്ന ഒന്ന്. സ്ഥലകാലങ്ങളെ നിർവ്വചിക്കുമ്പോൾ മുന്ന് പിന്ന് തുടങ്ങിയ അവസ്ഥകളെ നിർണയിക്കാനും നിർവചിക്കാനും കവിത പ്രാപ്തമാകുന്നു.
മനുഷ്യൻ കണ്ണാടി മാളികയിൽ തട്ടി വീഴുന്ന പക്ഷികളാണ് എന്ന തിരിച്ചറിവാണ് കവിതയെ പിന്നീട് മുന്നോട്ടു നയിക്കുന്നത്.
പ്രപഞ്ചത്തിലെ ഏത് സൂക്ഷ്മ ബിന്ദുവിനും ജീവൻറെ പൊരുൾ കണ്ടെത്താൻ ജയശീലന്റെ കവിതകൾ ശ്രമിക്കുന്നുണ്ട്.
ഏതൊരു നഗരത്തിരക്കിലുംപെട്ട് ഉഴലുമ്പോഴും തന്നിൽ അവശേഷിച്ച നിലവിനെയാണ് ഈ കവി കണ്ടെടുക്കാൻ ശ്രമിക്കുന്നത്..

“”മാറ്റം ശ്രമത്താൽ മുതലെടുത്തില്ലെങ്കിൽ
മറ്റോരെ ഞാൻ അതിജീവിച്ചിരിക്കില്ല “”

എന്ന, ജീവിതത്തിൻറെ രാഷ്ട്രീയം ഈ കവിതകൾക്ക് അറിയാം. ലോകം അവസാനമില്ലാത്ത ഒരു കണ്ണാടി ആണെന്നും. തന്നെ, തന്നെത്തന്നെ മാത്രം കാണുക എന്നത് ഒരു വ്യത്യസ്തമായ ആ അസ്വതന്ത്രതയാണ് എന്നും തിരിച്ചറിയുന്ന കവിതകൾ സ്വാതന്ത്ര്യത്തെ
കുറിക്കുന്ന പുതിയ മാനിഫെസ്റ്റോ രചിക്കുകയാണ്. ജീവിതത്തിൻറെ വ്യത്യസ്ത ഇടങ്ങളിൽ ഭാഷ എപ്പോഴാണോ ഒരേസമയം
ആത്മീയ-ഭൗതിക സൈദ്ധാന്തിക ഇടങ്ങളെ പ്രതിഫലിപ്പിക്കുന്നത്, അപ്പോൾ മാത്രമേ കവിത സംഭവിക്കുകയുള്ളൂ.
അപ്പോൾമാത്രമേ കവിത വ്യാഖ്യാനങ്ങൾക്കപ്പുറത്തേക്ക് നിലനിൽപ്പിന്റെ പാഠങ്ങൾ രചിക്കുകയുള്ളു.
“കവിതേ
നീ
ഇത് പോലാക
വെറും തനിമ
തഥാ രൂപം “

എന്ന് കവിത തന്നെ സ്വയം നിർവ്വചിക്കുന്നു. ക്ഷണികമാണ് ജീവിതവും കവിതയുമെന്നറിയാം. എങ്കിലും “പെട്ടെന്നത് പാറിപ്പോകും “(വേനൽക്കാലത്തെ ആട്ടിടയൻ )
ഞാനും നീയും എന്ന പാരസ്പര്യം ചിലപ്പോൾ വൈരുദ്ധ്യാത്മക സൗന്ദര്യദർശനമാ യും കടന്നുവരുന്നുണ്ട്. മൗനമായും നിശബ്ദതയായും നിരാസമായും ഈ വൈരുദ്ധ്യത്തെ കണ്ടെടുക്കാം.
“ഞാൻ നോക്കി നില്ക്കവേ ഞാൻ നിന്റെ പേരേ മറന്നു”
(തോട്ടത്തിൽ ആടുകൾ)

എന്നപോലെ വേറിട്ട് നിൽക്കുകയും ചെയ്യുന്നു
ഇങ്ങനെ ഒതുങ്ങിയും പടർന്നും കിടക്കുന്ന ഒരു കവിയുടെ
കാവ്യ ലോകത്തെ പഠിക്കലല്ലല്ലോ അറിയുക എന്നത് പോലും ആനന്ദം.

https://athmaonline.in/roshniswapna/

LEAVE A REPLY

Please enter your comment!
Please enter your name here