“ഞങ്ങളും നിങ്ങളും ഒന്നല്ല” ; പോസ്റ്റ്‌ വൈറലാവുന്നു

0
421

റോബിന്‍ ഇടിക്കുള രാജു എഴുതുന്നു:

ഞാനൊരു ആദിവാസി യുവാവാണ് . ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല!

നിങ്ങൾ ഇന്നുവരെ ഒരു കോമഡി സിനിമ കണ്ടു കരഞ്ഞിട്ടുണ്ടോ ? ഞാൻ കരഞ്ഞു ആ അനുഭവത്തിലാണ് ഇതെഴുതുന്നതു.

ഈ എഴുത്തിൽ ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു. എൻ്റെ കേരളം എന്നെനിക്ക് ഇന്ന് വരെ പറയാൻ തോന്നിയിട്ടില്ല . കാരണം കേരളവും സിനിമയും കലയും ഒകെ നിങ്ങളുടേതാണ് വെളുത്തവരുടെ . കറുത്തതും പുഴുത്തതും ഒക്കെ ഞങ്ങളുടേതും.
പട്ടിണി മരണം പേടിച്ചാണ് എല്ലിന്കൂട് തള്ളിയ നെഞ്ചുമായി സ്കൂളിൽ പോയിരുന്നത്. പക്ഷെ ‘മൗഗ്ലി’ വിളികളേക്കാൾ ഭേദം പട്ടിണി മരണമെന്ന് പിന്നീട് തോന്നിയിട്ടുണ്ട് . ഈ വരികളിൽ പട്ടിണി മരണം എന്ന് വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലായെന്നു വരില്ല കാരണം നിങ്ങളുടെ അറിവിലോ പരിചയത്തിലോ ആരും പട്ടിണി കിടന്നു മരിച്ചിരിക്കില്ല . അതെ ‘ഞങ്ങളും’ ‘നിങ്ങളും’ ഒന്നല്ല .
സ്കൂളിൽ വച്ചാണ് ‘വെളുത്ത കേരളത്തെ’ പറ്റി അറിയുന്നത് , അതിൻ്റെ ക്രൂരമായ തമാശകൾ അറിയുന്നത് അതിനോട് പോരടിച്ചു തുടങ്ങുന്നത്.
സ്കൂളിൽ വന്നവർക്കൊക്കെ രാമനെ അറിയാം അവരുടെ ദൈവം അദ്ദേഹ മായിരുന്നു ! .അവരുടെ ദൈവമെന്താ ഞങ്ങളുടെ ദൈവമാകാത്തതു എന്നൊക്കെ നിഷ്കളങ്കത മൂത്ത്‌ ചോദിച്ചിട്ടുണ്ട് വെളുത്ത ദൈവങ്ങൾക്ക് വെളുത്ത മക്കൾ കറുത്ത ദൈവങ്ങൾക്ക് കറുത്ത മക്കൾ എന്നൊക്കെ ആയിരുന്നു ഉത്തരം .

വെളുത്ത കേരളം അമേരിക്ക പോലെ ഒരു സാധനം ആണെന്ന് അന്ന് തോന്നിയിട്ടുണ്ട് . പട്ടിണിയോട് പൊരുതിയും വെളുത്ത ദൈവങ്ങളെ ,അവരുടെ ചെയ്തികളെ കാണാപാഠം പഠിച്ചുമാണ് അതിജീവിച്ചത് .

നീരജ ടീച്ചറായിരുന്നു എന്നെ മനുഷ്യനായി കണ്ട ഒരേ ഒരാൾ. ഒരിക്കൽ വാവിട്ടു കരഞ്ഞതും മരിക്കാൻ തോന്നിയതും ആരോ ചെയ്‌ത മോഷണം ടീച്ചർ എന്റെ തലയിൽ വച്ചപ്പോളാണ്. എത്രയൊക്കെ സ്നേഹം നടിച്ചാലും ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു ‘നമ്മളില്ല’ എന്ന് പഠിച്ചതും അന്ന് തന്നെയാണ് .
വെളുത്ത കേരളത്തിന്റെ സിനിമളോട് അന്നും ഇന്നും ബഹുമാനമില്ല . കാരണം എന്നെ തലോടിയ കൈകളും എനിക്ക് പ്രേമം തോന്നിയ ഉടലുകളും നിങ്ങൾക്ക് ബസ് സ്റ്റാൻഡുകളിൽ റേറ്റ് ചോദിക്കപ്പെടാൻ മാത്രമുള്ളതാണ് . എൻ്റെ പാവം സുഹൃത്തുക്കളൊക്കെ നിങ്ങൾക്ക് കഞ്ചാവും കോട്ടേഷൻ സംഘങ്ങളുമാണ്. ചോര ചീന്തി പോരടിക്കുന്ന എല്ലുറപ്പുള്ള ‘ഒറോത’മാർ യജമാനത്തിയുടെ സ്വർണമാല കാണാതെ പോകുമ്പോൾ അടി കൊള്ളേണ്ടവളാണ്.
അങ്ങനെ കൃത്യമായി ഞങ്ങളെ കള്ളികൾക്കുള്ളിൽ മാറ്റി നിർത്തിയ , വിചിത്ര സ്വഭാവമുള്ള വെളുത്ത കേരളത്തിന്റെ കോമഡി സിനിമയാണ് ബാംബൂ ബോയ്സ് .

മലം ജാം എന്ന് കരുതി കഴിക്കുന്ന ആദിവാസികൾ . സോപ്പ് തിന്നുന്ന ആദിവാസികൾ എന്തെല്ലാം തമാശകൾ ?

ഞങ്ങൾക്കും കൂടെ അവകാശപ്പെട്ടതൊക്കെ തിന്നു കൊഴുത്തിട്ടും, പ്രിവിലേജുകളിൽ കിടന്നു കുളിച്ചിട്ടും , ‘ആദിവാസി സംസ്കാര സംരക്ഷണം’ എന്ന പേരിൽ ഞങ്ങളെ കൃത്യമായി കാട്ടിൽ തന്നെ നിറുത്തിയിട്ടും അടങ്ങാത്ത സാഡിസം .

ഫ്യൂഡൽ ഹീറോയിസത്തോടും വെളുപ്പിനെ നായികമാരോടും പട പൊരുതിയിരുന്ന കലാഭവൻ മണിക്ക് പോലും ഞങ്ങളോടുള്ള വിവേചനം മനസ്സിലാക്കാൻ സാധിച്ചില്ല. അതാണ് അതിൻ്റെ തീവ്രത . കാരണം ഞങ്ങളെ വെളുത്ത കേരളം മനുഷ്യരായേ കണ്ടിട്ടില്ല.

നിങ്ങളിൽ ഒന്നായ ശ്രീജിത്ത് പട്ടിണി കിടന്നപ്പോൾ തോന്നിയ ധാർമിക രോക്ഷം ഞങ്ങൾ പട്ടിണി കിടന്നു മരിക്കുമ്പോൾ വേണം എന്ന് പറയുന്നില്ല . പക്ഷെ ആ പട്ടിണി പരിഹസിക്കപ്പെടരുത്.
അപ്പോ കാലിപ്റ്റോ പോലെയുള്ള സിനിമകൾ വേണം എന്ന് പറയുന്നില്ല പക്ഷെ ബാംബൂ ബോയ്‌സ് അവർത്തിക്കപ്പെടരുത്. അവർത്തിക്കപ്പെടില്ല എന്ന് നിങ്ങളെനിക്ക് വാക്ക് തരണം.

‘അരുവി’യുടെ ‘എമിലികൾ’ വരുന്ന ഈ കാലത്തു പ്രതീക്ഷകൾ ഏറെയാണ്. വെളുപ്പിന്റെ സാഡിസം ചോദ്യം ചെയ്യപ്പെടണം. സാഡിസം ആഘോഷിക്കുന്നവരായിട്ടല്ല എമിലികളെ അടയാളപ്പെടുത്തുന്നവരായി നിങ്ങൾ മാറണം . ‘ഞങ്ങളും’ ‘നിങ്ങളും’ എന്നെങ്കിലും നമ്മളായി മാറണം . മാറ്റുമെന്നൊരു വാക്കെനിക്ക് തരണം.

റോബിന്‍ ഇടിക്കുള അദ്ധേഹത്തിന്റെ സുഹൃത്തുക്കളുടെ അനുഭവത്തെ തന്റേതാക്കി എഴുതിയതാണ്.

https://www.facebook.com/robinidicula.raju/posts/1487895557990515

 

 

LEAVE A REPLY

Please enter your comment!
Please enter your name here