ആര്‍. ജെ സാലിം
സൗബിൻ അതിശക്തനായ നടനാണ്. സൗബിന്‍റെ പ്രതിഭ കിടക്കുന്നതു അയാളുടെ വൈകാരിക സംവേദന ക്ഷമതയിലാണ്. കഥാപാത്രം പ്രതിനിധീകരിക്കുന്ന അന്നേരത്തെ ഇമോഷൻ എന്തായാലും കണുകിട ചോർന്നുപോകാതെ, സൗബിൻ അത് സ്‌ക്രീനിൽ നിന്ന് നമ്മുടെ മനസ്സിലേക്കെത്തിക്കും. കുമ്പളങ്ങിയിൽ ഏറ്റവും ആഴത്തിൽ കോറി വരയ്ക്കുന്നതും സൗബിൻ തന്നെയാണ്.
സാമ്പ്രദായിക മട്ടിലെ മികച്ച നടനേയല്ല സൗബിൻ. അയാളിലെ ഒരുപക്ഷെ എല്ലാ ഭാവങ്ങളും ചേഷ്ടകളും ശരീര ഭാഷയും സംസാര ശൈലിയും അങ്ങനെ ഏതാണ്ടെല്ലാം എല്ലാ സിനിമയിലും ആവർത്തിക്കുന്നുണ്ട്. പക്ഷെ കഥാപാത്രത്തിന്റെ ഇമോഷണൽ പ്ലേസ്മെന്റ് ഒന്നിനോടൊന്നു സാമ്യം ഇല്ലാത്തവയാണ്. സുഡാനിയിലെ മജീദിന്റെ വൈകാരിക സ്ഥാനത്തല്ല കുമ്പളങ്ങിയിലെ സജി നിൽക്കുന്നത്.
സജിക്ക് മൂന്നു ഘട്ടങ്ങളുണ്ട്. അച്ഛൻ മരിച്ചു, വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങുന്നതുവരെയുള്ള ഘട്ടമാണ് ആദ്യത്തേത്. സജിയുടെ അച്ഛൻ ബോണിയുടെ അമ്മയെ വിവാഹം കഴിച്ച ദിവസം സജിയും ബോണിയും ഒരുമിച്ചു തിമിർത്താഘോഷിച്ചിരുന്നു എന്ന് ബോബി പറയുന്നുണ്ട്. ഞാൻ എന്ത് പറഞ്ഞാലും കേൾക്കുന്നവനായിരുന്നു ബോണിയെന്നു സജിയും ഓർത്തെടുക്കുന്നുണ്ട്. അച്ഛന്റെ മരണം മുതൽ തമിഴന്റെ മരണംവരെയുള്ള ഘട്ടമാണ് രണ്ടാമത്തേത്. ഈ രണ്ടാമത്തെ ഘട്ടത്തിൽ വീട്ടിൽ നിന്ന് അമ്മ ഇറങ്ങി പോകുന്നു, ബോണിയുമായി വഴക്കിലാകുന്നു, സംസാരം പോലും നിന്നു. സജിയാണ് അമ്മ ഇറങ്ങിപ്പോയതിന്റെ പിന്നിലെന്നു പറയപ്പെടുന്നുണ്ട്. അച്ഛൻ മരിച്ച വീട്ടിൽ തന്റേതായി ഇനി ഒന്നുമില്ലെന്ന തോന്നലിന്റെ അരക്ഷിതാവസ്ഥയിൽ സജിക്ക് അമ്മയുമായി പ്രശ്നങ്ങൾ ഉണ്ടായിക്കാണണം. അമ്മയ്ക്കും അവരുടെ സ്വന്തം മക്കൾക്കും മുന്നിൽ പക്ഷാഭേദങ്ങളുടെ തോന്നലുമുണ്ടായിക്കാണും.
മുരുഗൻ തനിക്കു വേണ്ടി അറിയാതെ മരിക്കുന്നിടത്തുവെച്ചാണ് മൂന്നാം ഘട്ടം ആരംഭിക്കുന്നത്. മരണമാണ് തന്റെ വഴിയെന്ന് സജി അതിനു മുന്നേ തീരുമാനിച്ചിരുന്നു. മുരുഗന്‍റെ മരണ ശേഷം സജി പൂർണ്ണമായും മരണത്തിനു കീഴ്‌പെടുന്നുണ്ട്. സ്റ്റേഷനിൽ വെച്ചുള്ള പോലീസുകാരന്റെ കരണം പുകച്ചുള്ള അടി വരെ സജി ആസ്വദിക്കുകയാണ്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവന് എല്ലാ വേദനയും അതിൽ താഴെയേ വരൂ. പോസ്റ്റിൽ തലയിടിക്കുന്നതൊക്കെയും അതുപോലെയാണ്. ഞാൻ മുരുഗന്‍റെ അടുക്കലേക്കു പോകുന്നു എന്ന് സജി തികഞ്ഞ ബോധ്യത്തോടെയാണ് മുരുഗന്‍റെ വിധവയോടു പറയുന്നത്. അവരുടെ പ്രസവ വേദനയാണ് മരണത്തിന്റെ മുഖത്ത് നിന്നും സജിയെ ജീവിതത്തിലേക്ക് തള്ളിയിടുന്നത്. ഒരു ജീവൻ ഒരു മരണത്തെ രക്ഷിച്ചിരിക്കുന്നു. അങ്ങനെയൊരു രക്ഷകന് ജന്മം നൽകിയതുകൊണ്ടാകണം അവർക്ക് പിന്നീട് മാതാവിന്റെ ഭാവം കൈ വരുന്നത്. ആ പുതു ജീവന് തണലാവാൻ സജി തീരുമാനിക്കുന്നതിൽ എത്രയോ അർഥങ്ങൾ നമുക്ക് കണ്ടെത്താം. അവിടം മുതലാണ് മൂന്നാം ഘട്ടം.
കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രങ്ങൾക്കിടയിൽ ഏറ്റവും വളർച്ചയുള്ളതും വികാസമുള്ളതും സജിക്കാണ്. അത്രയും ഉയർച്ച താഴ്ചകളിൽക്കൂടി കടന്നുപോയാണ് സജി ഒടുവിലെ തന്‍റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുന്നത്. ജീവിതവുമായി സന്ധി ചെയ്യുന്നത്. മറ്റാർക്കും ഈ വളർച്ചയില്ല. അതുകൊണ്ടു തന്നെ നായക സ്ഥാനവും സ്വാഭാവികമായി സജിക്ക് അവകാശപ്പെട്ടതാണ്. എന്‍റെ കിളി പോയിരിക്കേണ് എന്ന് പറയുമ്പോ സജി ഭ്രാന്തിന്‍റെ വക്കോളമെത്തിയതാണ്. അങ്ങനെ മരണത്തിൽ നിന്നും ഭ്രാന്തിൽ നിന്നുമുള്ള സജിയുടെ തിരിഞ്ഞു നടത്തമാണ് എന്നെ സംബന്ധിച്ച് കുമ്പളങ്ങി നൈറ്റ്സ്.
ഷമ്മിയെ കാരിക്കേച്ചറൈസ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായ കോമിക് ഫ്ലേവറുണ്ട് ആ കഥാപാത്രത്തിന്. യവനികയിലെ അയ്യപ്പനുമായുള്ള സാമ്യമൊക്കെ കുറച്ചു കടന്ന കൈയ്യാണ്. നമുക്ക് പാർക്കാമിലെ തിലകനുമായുമാണ് കുറെയെങ്കിലും അടുപ്പമുള്ളത് എന്ന് തോന്നുന്നു. അത് തന്നെ കൂടുതലാണ്. ഷമ്മി പിണങ്ങി ചുമരിനോട് ചേർന്ന് നിൽക്കുമ്പോ പ്രേക്ഷകർക്ക് ആദ്യമൊരു ചിരി വരുന്നുണ്ട്. അതിന്‍റെ ആവശ്യമില്ല അവിടെ. ഭയവും ഉദ്വെഗവുമാണ് അവിടെ ഉണ്ടാകേണ്ടത്. കുമ്പളങ്ങിയിൽ പല സ്ഥലത്തും ഷമ്മിക്ക് ഈ പ്രശ്നമുണ്ട്. ഷമ്മി ഒരു ടൈം ബോംബാണെന്ന് ആദ്യമേ വെളിവാക്കുന്നുണ്ട്. അതിങ്ങനെ ടിക് ടിക് അടിക്കുന്നത് നമുക്ക് കേൾക്കാം. ഏത് നിമിഷവും അത് പൊട്ടിയേക്കാം എന്ന അവസ്ഥയിൽ ചിരി ഉണർത്തേണ്ട കാര്യമില്ലല്ലോ.
സൗബിനെയും തീയേറ്റർ റെസ്പോൺസിനെയും കുറിച്ച് ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. തീയേറ്ററിലെ അഞ്ഞൂറ് പേരും അഞ്ഞൂറ് തരത്തിലാണ് സിനിമ കാണുന്നത് എങ്കിലും ചില പ്രധാനപ്പെട്ട സ്ഥലത്തു ഈ സിനിമയുടെ ഇമോഷൻ നമ്മൾ വേറെ തരത്തിലാണ് വായിച്ചെടുക്കുന്നതെങ്കിൽ അത് ആകെ സിനിമയെ തന്നെ ബാധിക്കും. അത്രയും ബോധം പ്രേക്ഷകർക്ക് ഉണ്ടാകേണ്ടതുണ്ട്. കുമ്പളങ്ങിയിലെ ഏറ്റവും മികച്ച സീനാണ് സജി ഡോക്റ്ററോട് തുറന്നു പറയുന്ന രംഗം. ക്രമേണ തുറന്നു തുറന്നു വരുന്ന സജിയെ പിന്നെ കാണിക്കുന്നത് ഡോക്ടറിന്റെ ഉടുപ്പിനെപ്പോലും നനയിച്ചു, നെഞ്ചിൽ കെട്ടിപ്പിടിച്ചു കരയുന്നതായാണ്. അത്രയ്ക്കും ആ മനുഷ്യൻ അത്രയും കാലം മറച്ചു പിടിച്ചിട്ടുണ്ടാവണം. അത് കാണുമ്പോൾ ഞാനിരുന്ന തീയേറ്റർ പകുതി മുക്കാലും ചിരിയിലായിരുന്നു. അത് സൗബിന്‍റെ ഹാസ്യ കഥാപാത്രങ്ങളുടെ ഹാങ്ഓവറാണ്. അത് സിനിമയുടെയോ സൗബിന്റെയോ തെറ്റല്ല, പ്രേക്ഷകന്റെ പിശകാണ്. നമ്മൾ കഥാപാത്രങ്ങളെ കുറേക്കൂടി നന്നായി മനസ്സിലാക്കേണ്ടതുണ്ട്. കാരണം നല്ല സിനിമകൾ കിട്ടാൻ നമ്മളും വളരേണ്ടതുണ്ട്.