വിപ്ലവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

0
62

ബെംഗളൂരു: തെലങ്കാനയിലെ മുന്‍ നക്‌സലൈറ്റും പ്രശസ്ത വിപ്ലവ നാടോടി ഗായകനുമായ ഗദ്ദര്‍ (74) അന്തരിച്ചു. കഴിഞ്ഞ പത്തു ദിവസമായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം രണ്ടു ദിവസം മുന്‍പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഗുമ്മാഡി വിത്തല്‍ റാവു എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ വിപ്ലവ ഗായകന്‍, കവി എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു.

ഹൈദരാബാദിനടുത്ത തൂപ്രാന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ഗദ്ദര്‍ ഏറെനാള്‍ ബാങ്കില്‍ ജോലി ചെയ്തു. സജീവ നക്സലൈറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1980-കളില്‍ ഒളിവുജീവിതം നയിച്ചിട്ടുണ്ട്.

സി.പി.ഐ. (മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ്) അംഗമായിരുന്നു ഗദ്ദര്‍. ഇദ്ദേഹമാണ് സി.പി.ഐ.(എം.എല്‍) സാംസ്‌കാരിക വിഭാഗമായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകന്‍. ചില സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

വിമലയാണ് ഭാര്യ. മക്കള്‍: സൂര്യ, വെണ്ണില. ഗദ്ദറിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഭൂദേവി നഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്.

2022-ല്‍ കെ.എ. പോളിന്റെ പ്രജാശാന്തി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത അദ്ദേഹം, കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2018-ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു അദ്ദേഹത്തിന്റെ പിന്തുണ.

1997-ലുണ്ടായ വധശ്രമത്തെ അദ്ദേഹം അത്ഭുതകരമായി ജീവിച്ചിരുന്നു. അന്ന് ഗദ്ദറിന്റെ ദേഹത്ത് ആറ് വെടിയുണ്ടകളാണ് തുളച്ചു കയറിയിരുന്നത്. അതില്‍ അഞ്ചെണ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നട്ടെല്ലില്‍ തുളച്ചുകയറിയ ഒരു വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുമായാണ് പിന്നീട് അദ്ദേഹം ജീവിച്ചത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here