രേവതി വീണ്ടും സംവിധാനരംഗത്ത് സജ്ജീവമാകുന്നു. ബോളിവുഡ് ക്ലാസിക് ആയി വിലയിരുത്തപ്പെടുന്ന മഹേഷ്ഭട്ട് ചിത്രം അർഥ‌് (1982) റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് രേവതി. വിവാഹവും വിവാഹപൂർവ പ്രണയവും ചർച്ചചെയ്യുന്ന ചിത്രം പുതിയകാലഘട്ടത്തിന്റെ രൂപമാറ്റത്തോടെ അവതരിപ്പിക്കാനാണ് ശ്രമം. സ്മിത പാട്ടീലും ശബാന ആസ്മിയുമാണ് അർഥിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.
പരസ്യസംവിധായകനായ ഭർത്താവ് തന്റെ ചിത്രങ്ങളിലെ നായികയുമായി പ്രണയത്തിലാകുന്നതോടെ ഒറ്റപ്പെടുന്ന ഭാര്യയുടെ അതിജീവനമാണ് പ്രമേയം.
ഒറ്റയ്ക്കുള്ള ജീവിതം തെരഞ്ഞെടുക്കുന്ന ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശബാനയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1993-ൽ മറുപടിയും എന്ന പേരിൽ ഭാരതിരാജ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. ചിത്രത്തിൽ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചത് രേവതിയായിരുന്നു. രോഹിണിയാണ് ചലച്ചിത്രതാരമായെത്തിയത്.
ബോളിവുഡ് റീമേക്കിൽ സ്മിതപാട്ടീൽ അവതരിപ്പിച്ച വേഷം ചെയ്യാൻ ബോളിവുഡ് മുഖ്യധാര ചിത്രങ്ങളിൽ ഇടംനേടിയ ശ്രീലങ്കൻനടി ജാക്വിലിൻ ഫെർണാണ്ടസിനെയാണ് രേവതി സമീപിച്ചത്. ശബാന ആസ്മി അവതരിപ്പിച്ച വേഷം ചെയ്യാൻ സ്വരഭാസ്കർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബോളിവുഡ് മുഖ്യധാര ചിത്രങ്ങളിൽ പങ്കാളിയാകുമ്പോൾ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുള്ള നടിയാണ് സ്വര. തനു വെഡ്സ് മനു, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, വീരേ ദി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലെ സ്വരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയുടെ തിരക്കഥ പുതുക്കുന്ന ജോലിയിലാണ് ഇപ്പോൾ രേവതി. ഈവർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം. ചിത്രത്തിലെ നായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രേവതി 2002ൽ സംവിധാനം ചെയ്ത് മിത്ര് മൈ ഫ്രണ്ട് ദേശീയപുരസ്കാരം നേടി. ഫിൽ മിലേംഗെയും(2014) ശ്രദ്ധിക്കപ്പെട്ടു.
കേരള കഫെ, മുംബൈ കട്ടിങ് എന്നീ ചിത്രസമാഹാരങ്ങളിലും രേവതി സംവിധാനമികവ് തെളിയിച്ചു. ആഷിക് അബുവിന്റെ വൈറസ് ആണ് രേവതി അവസാനം അഭിനയിച്ച ചിത്രം